തൃശൂർ : നേതാക്കൾ രണ്ട് തട്ടിലായതോടെ രൂക്ഷമായ പ്രതിസന്ധിയിലായ എൽ.ജെ.ഡിയുടെ സംസ്ഥാന ഭാരവാഹികളുടെയും സംസ്ഥാന കമ്മിറ്റിയുടെയും യോഗം ഇന്ന് തൃശൂരിൽ ചേരും. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിലേക്ക് വിമത പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ജനറൽ സെക്രട്ടറി ഷേക്ക് പി. ഹാരീസ് ഉൾപ്പെടെയുള്ള ഒമ്പത് പേരെ വിളിച്ചിട്ടില്ല.
ഹോട്ടൽ എലൈറ്റ് ഇന്റർ നാഷണലിൽ രാവിലെ 11ന് ഭാരവാഹി യോഗം ചേരും. വൈകിട്ട് മൂന്നിന് ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ 80 പേരിൽ ഒമ്പത് പേരൊഴികെയുള്ളവർ പങ്കെടുക്കുമെന്ന് നേതാക്കൾ അവകാശപ്പെട്ടു. കെ.പി. മോഹനൻ എം.എൽ.എയും പങ്കെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന ഭാരവാഹി യോഗത്തിൽ, വിമതർക്ക് ഒപ്പം നിൽക്കുന്ന ആലപ്പുഴ, മലപ്പുറം ജില്ലാ കമ്മിറ്റികളെ പിരിച്ചു വിടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തേക്കും. ജെ.ഡി.എസുമായുള്ള ലയനം സംബന്ധിച്ച ചർച്ച ഇന്നത്തെ യോഗത്തിൽ ഉണ്ടാകില്ലെന്നാണ് സൂചന. ദേശീയ രാഷ്ട്രീയത്തിൽ ജെ.ഡി.എസ് ബി.ജെ.പിയുമായി അടുക്കാനുള്ള സാദ്ധ്യത കൂടി കണക്കിലെടുത്ത്, ലയന ചർച്ചകൾ ഇപ്പോൾ വേണ്ടെന്ന തീരുമാനത്തിലാണ് നേതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |