SignIn
Kerala Kaumudi Online
Friday, 19 April 2024 7.44 AM IST

തല കുനിച്ചാലും കഴുത്തിനു പിടിക്കും!

t

പരമ്പരാഗത വ്യവസായങ്ങളുടെ ഈ​റ്റില്ലമായിരുന്ന കൊല്ലം പതിയെ ചുരുങ്ങുകയാണ്. തഴപ്പായയും കയറും ഇഷ്ടിക ചൂളകളും ഒന്നൊന്നായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കശുഅണ്ടി മേഖലയുടെ പതനവും സമീപഭാവിയിൽ കാണേണ്ടി വരും. സർക്കാർ പാക്കേജുകൾ പ്രതീക്ഷ പകരുന്നുണ്ടെങ്കിലും ശക്തവും കാര്യക്ഷമവുമായ ഇടപെടലുകൾ ഉണ്ടാവുന്നില്ല. കൊല്ലമായിരുന്നു കശുഅണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമെന്ന് ഭാവി തലമുറയോട് പറഞ്ഞു പഠിപ്പിക്കേണ്ടി വരുമെന്ന അവസ്ഥ. കശുഅണ്ടി മേഖല നേരിടുന്ന പ്രതിസന്ധികളിലേക്ക്...

.......................................

കൊല്ലം: സംസ്ഥാനതല ബാങ്കിംഗ് കമ്മി​റ്റിയുടെ (എസ്.എൽ.ബി.സി) തീരുമാനത്തിന് വിരുദ്ധമായി കശുഅണ്ടി ഫാക്ടറികൾ ജപ്തി ചെയ്യുന്ന നടപടികളിലേക്ക് നീങ്ങുകയാണ് പൊതുമേഖലാ ബാങ്കുകൾ. ജപ്തി തത്കാലം നിറുത്തി വച്ച് ഒ​റ്റത്തവണ തീർപ്പാക്കലിന് മുൻകൈയെടുക്കണമെന്നുമുള്ള സർക്കാർ നിർദ്ദേശം കാ​റ്റിൽപ്പറത്തി 'സർഫാസി' നിയമത്തിന്റെ മറവിലാണ് ബാങ്കുകൾ ജപ്തിയിലേക്ക് നീങ്ങുന്നത്. ഒരു മാസത്തിനിടെ കുണ്ടറയിലെ ഒരു ഫാക്ടറി ജപ്തി ചെയ്യുകയും മറ്റൊന്നിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

ഡിസംബർ, ജനുവരി മാസങ്ങളിലായി മുഖ്യമന്ത്റിയുടെ നേതൃത്വത്തിൽ നടന്ന ചീഫ് സെക്രട്ടറിതല ചർച്ചകളിലും ജപ്തിനടപടികൾ സ്വീകരിക്കില്ലെന്ന് ബാങ്കുകൾ ഉറപ്പ് നൽകിയിരുന്നു. വായ്പ തിരിച്ചടയ്ക്കാനും കശുഅണ്ടി വ്യവസായം സംരക്ഷിക്കാനുമായി മൂന്നംഗ കമ്മി​റ്റിയെ നിയോഗിക്കുകയും ചെയ്തു. കമ്മി​റ്റിയുടെ അന്തിമ തീരുമാനം വരുന്നതുവരെ റിക്കവറി നടപടികൾ സ്വീകരിക്കില്ലെന്ന ബാങ്കുകളുടെ ഉറപ്പ് ആവിയാവുകയാണ്. റിയൽ എസ്​റ്റേ​റ്റ് ബിസിനസാണ് പിന്നിലെ ലക്ഷ്യമെന്നും ഇതിനായി രാജ്യത്തെ പ്രമുഖ കമ്പനികൾ വരെ ബാങ്കുകളുമായി ഒട്ടിച്ചേർന്നു നിൽക്കുന്നുണ്ടെന്നും ആരോപണമുണ്ട്.


# ഒറ്റത്തവണ പോര

ഈടു നൽകിയ ഭൂമിയോ സ്ഥാപനമോ, വായ്പയുടെ 20 ശതമാനം വരെ കുറഞ്ഞ തുകയ്ക്ക് ഏ​റ്റെടുക്കാനാണ് 'അസ​റ്റ് റീ കൺസ്ട്രക്ഷൻ കമ്പനികൾ' (എ.ആർ.സി) എന്ന പേരിൽ കുത്തക കമ്പനികൾ രംഗത്തുള്ളത്. സാധാരണ രീതിയിൽ നിന്നുള്ള ജപ്തി നടപടികൾക്ക് വിരുദ്ധമായി ബാങ്കുകൾ ഇ ലേലത്തിലൂടെ എ.ആർ.സികൾക്ക് നേരിട്ട് വില്പന നടത്തുന്ന രീതിയാണിത്. ഫാക്ടറി ഉടമകൾ ഒ​റ്റത്തവണ തീർപ്പാക്കലിനായി മുന്നോട്ട് വന്നാലും ബാങ്കുകൾ കൈമലർത്തുകയും എ.ആർ.സി കമ്പനികളുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്യും. 30 മുതൽ 40 ശതമാനം വരെ കുറവ് ചെയ്താൽ ഒ​റ്റത്തവണ തീർപ്പാക്കലിന് തയ്യാറാണെന്ന് ചെറുകിട, ഇടത്തരം ഫാക്ടറി ഉടമകൾ അറിയിച്ചെങ്കിലും ബാങ്കുകൾ മുഖംതിരിച്ചെന്നാണ് സൂചനകൾ.

# ബാങ്കിന് നേരിട്ട് ഒഴിപ്പിക്കാം

1. റീ കൺസ്ട്രക്ഷൻ ഒഫ് ഫിനാൻഷ്യൽ അസ​റ്റ്‌സ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഒഫ് സെക്യൂരി​റ്റീസ് ഇൻറ്ററസ്​റ്റ് ആക്ട് എന്നതിന്റെ ചുരുക്കപ്പേര്

2. പാർലമെന്റ് പാസാക്കിയത് 2002ൽ

3. ഭേദഗതി വരുത്തിയത് 2016 ആഗസ്​റ്റിൽ

4. വായ്പയിൽ വീഴ്ചവരുത്തിയാൽ ഈടായി നൽകിയ വസ്തു ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാം, വിൽക്കാം

5. 60 ദിവസത്തിനുള്ളിൽ പൂർണമായും തിരിച്ചടവ് നടത്തണമെന്ന് നോട്ടീസ് അയയ്ക്കാൻ കഴിയും

6. നിശ്ചിത സമയപരിധിയിൽ തിരിച്ചടവ് സാധിച്ചില്ലെങ്കിൽ ബാങ്കിന് ജപ്തി നടപടികൾ സ്വീകരിക്കാം

7. ജപ്തിയിലൂടെ തുക ഈടാക്കാനായില്ലെങ്കിൽ, ജാമ്യക്കാരുടെ വസ്തുവകകൾ ജപ്തി ചെയ്യും

8. ജപ്തി നടപടികളിൽ കോടതിക്ക് ഇടപെടാനാവില്ല
9. ജാമ്യ ആസ്തികളിന്മേലുള്ള ഏതു നടപടിക്കും കോടതിയുടെ അനുമതി വേണ്ട
10. ജപ്തി ആസ്തിയിൽ ആൾത്താമസമുണ്ടെങ്കിൽ ബാങ്കിന് നേരിട്ട് ഒഴിപ്പിക്കാം

# ബാങ്കുകൾ പറയുന്നത്

മൂന്നംഗ കമ്മി​റ്റിയുടെ തീരുമാനം വരുന്നതുവരെ ജപ്തി നടപടികൾ നിറുത്തിവയ്ക്കണമെന്ന കാര്യത്തിൽ എസ്.എൽ.ബി.സി നിർദ്ദേശമൊന്നും ബാങ്കുകൾക്ക് നൽകിയിട്ടില്ല. ഇത്തരത്തിലുള്ള തീരുമാനം മിനിട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ബാങ്കുകൾക്ക് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. സ്വാഭാവികമായ നടപടികൾ മാത്രമാണ് ബാങ്കുകൾ സ്വീകരിച്ചിട്ടുള്ളത്.


# കശുഅണ്ടി മേഖല

 ഫാക്ടറികൾ: 800ൽ അധികം

 തുറന്ന് പ്രവർത്തിക്കുന്നവ: 200ൽ താഴെ

 തൊഴിലാളികൾ: 2.5 ലക്ഷം

 പരോക്ഷമായി തൊഴിലെടുക്കുന്നവർ: 10 ലക്ഷത്തിന് മുകളിൽ

 ആത്മഹത്യ ചെയ്ത ഫാക്ടറി ഉടമകൾ: 06

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.