മുംബയ്: ഇന്ത്യ-ന്യൂസിലാന്റ് രണ്ടാം ടെസ്റ്രിൽ ഇന്ത്യയുടെ പത്ത് വിക്കറ്റും ആദ്യ ഇന്നിംഗ്സിൽ വീഴ്ത്തിയ അജാസ് പട്ടേലിനെ ന്യൂസിലാന്റിന്റെ ഡഗ് ഔട്ടിലെത്തി അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ കൊഹ്ലിയും കോച്ച് രാഹുൽ ദ്രാവിഡും.
രണ്ടാം ദിവസത്തെ മത്സരം തീർന്നയുടനെയാണ് ആദ്യം കൊഹ്ലിയും മുഹമ്മദ് സിറാജും പിന്നാലെ കോച്ച് ദ്രാവിഡും ഡഗ് ഔട്ടിലെത്തി അജാസിനെ അഭിനന്ദിച്ചത്. ടീം ഇന്ത്യയ്ക്ക് വേണ്ടി അഭിനന്ദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വളരെ വേഗം വൈറലായി. മുൻപ് പത്ത് വിക്കറ്റ് നേട്ടം അജാസ് നേടിയ സമയം ഇന്ത്യൻ ബൗളർ അശ്വിൻ എഴുന്നേറ്റ് നിന്ന് അഭിനന്ദനം അറിയിച്ചിരുന്നു.
ചരിത്രത്തിൽ ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റുകളും വീഴ്ത്തുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് അജാസ് പട്ടേൽ. ഇംഗ്ളണ്ടിലെ ജിം ലേക്കർ, ഇന്ത്യൻ മുൻ ടെസ്റ്റ് നായകൻ അനിൽ കുംബ്ളെ എന്നിവർ മാത്രമാണ് ഈ അപൂർവ നേട്ടം കൈവരിച്ചിട്ടുളളത്. 1999ൽ കുംബ്ളെ ചരിത്രനേട്ടം നേടുമ്പോൾ ടീമിലെ സഹതാരമായിരുന്നു ദ്രാവിഡ്.
— Addicric (@addicric) December 4, 2021
1988ൽ മുംബയിൽ ജനിച്ചുവളർന്ന അജാസ് പട്ടേൽ എട്ടാം വയസിലാണ് മാതാപിതാക്കൾക്കൊപ്പം ന്യൂസിലാന്റിലേക്ക് കുടിയേറിയത്. തുടർന്ന് ന്യൂസിലാന്റ് ക്രിക്കറ്റ് ടീമിലെത്തി. ആദ്യ ടെസ്റ്രിൽ ഇന്ത്യയിൽ നിന്നും വിജയം തട്ടിത്തെറിപ്പിച്ച് സമനില നേടാനും ന്യൂസിലാന്റിനെ അജാസിന്റെ ബാറ്രിംഗ് സഹായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |