SignIn
Kerala Kaumudi Online
Friday, 19 April 2024 5.30 PM IST

നേരറിഞ്ഞ് സി.ബി.ഐ

periya

കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിൽ, ആസൂത്രകരെക്കൂടി കണ്ടെത്തി പുതിയ കുറ്റപത്രം നൽകി, സി.ബി.ഐ വീണ്ടും താരമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം യൂണിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ട് ടി.പി.അനന്ദകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രീയ എതിർപ്പുകളെല്ലാം മറികടന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. നേരത്തേയുണ്ടായിരുന്ന 14പ്രതികളെക്കൂടാതെ മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമനടക്കം പത്തുപേരെക്കൂടി സി.ബി.ഐ പ്രതികളാക്കി. 2019നവംബർ 30ന് ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടിട്ടും കേ​സ് ഡ​യ​റി​യും​ ​ഫോ​റ​ൻ​സി​ക് ​റി​പ്പോ​ർ​ട്ടുമടക്കം സി.ബി.ഐയ്ക്ക് നൽകാതെ ഒളിച്ചുകളിക്കുകയായിരുന്നു ക്രൈംബ്രാഞ്ച്. സി.ബി.ഐ അന്വേഷണത്തിനെതിരായ സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതിയും തള്ളിയതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. നാലുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി സി.ബി.ഐയ്ക്ക് നി‌ർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അതിവേഗത്തിലുള്ള അന്വേഷണമാണ് സി.ബി.ഐ നടത്തിയത്.

2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത്‌ലാൽ(24) എന്നിവരെ വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥപോലുള്ള പ്രതികളുടെ മൊഴിയനുസരിച്ച് രാഷ്ട്രീയ ചായ്‌വുള്ളതും വിശ്വാസ്യതയില്ലാത്തതുമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തിയതെന്ന് അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചാണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്. ഹൈക്കോടതി വിമർശിച്ചതു പോലെ അടിമുടി പാകപ്പിഴകളായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലുണ്ടായിരുന്നതെന്ന് സി.ബി.ഐ കണ്ടെത്തി. ഒരു കേസ് എങ്ങനെ വിദഗ്ദ്ധമായി അട്ടിമറിക്കാം എന്നതിന്റെ ഉദാഹരണമായിരുന്നു പെരിയ ഇരട്ടക്കൊലക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം. സി.ബി.ഐ അറസ്റ്റ് ചെയ്ത ഹരിപ്രസാദ്, റെജി വർഗീസ്, രാജേഷ് എന്നിവർ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ സാക്ഷികളാണ്. പ്രതികളുടെ വസ്ത്രങ്ങൾ കത്തിക്കാൻ നിർദേശം നൽകിയ സി.പി.എം അനുഭാവിയായ അഭിഭാഷകനെയും കൊലപാതകത്തിനു മുൻപു കല്യോട്ട് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ മന്ത്രി എം.വി.ഗോവിന്ദന്റെ പ്രൈവ​റ്റ് സെക്രട്ടറി വി.പി.പി.മുസ്തഫയെയും സംഘം ചോദ്യം ചെയ്തിരുന്നു. മുസ്തഫയുടേത് വെറും രാഷ്ട്രീയ പ്രസംഗം മാത്രമാണെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.

കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ക്രൈംബ്രാഞ്ച് നടത്തിയ നീക്കങ്ങൾ സംസ്ഥാന പൊലീസിന് നാണക്കേടാണ്. പൊലീസിന്റെ എഫ്.ഐ.ആറിൽ രാഷ്ട്രീയ കൊലയെന്നായിരുന്നെങ്കിലും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ അത് വ്യക്തിവൈരാഗ്യമെന്നായി. പൊലീസ് കേസ് ഡയറിയിൽ കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയത് സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് ഓഫീസിലാണെന്നായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇത് ബസ് വെയി​റ്റിംഗ് ഷെഡ് എന്നായി. ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന രാജേഷ് ക്രൈംബ്രാഞ്ചിന്റെ സാക്ഷി മാത്രമായിരുന്നു. സി.ബി.ഐ ഇയാളെ അറസ്​റ്റ് ചെയ്തു. ബൈക്കിൽ വരുമ്പോൾ ശരത് ലാലിനെയും കൃപേഷിനെയും അടിച്ചു വീഴ്ത്താൻ ഇരുമ്പ് പൈപ്പ് നൽകിയതു റെജി വർഗീസാണ്. പക്ഷേ, ഇയാളെ ക്രൈംബ്രാഞ്ച് സാക്ഷിയാക്കി. ആയുധം നൽകുമ്പോൾ കൊല നടക്കുമെന്ന സൂചന ഇയാൾക്കുണ്ടായിരുന്നു എന്ന് അന്വേഷണത്തിൽ സി.ബി.ഐ കണ്ടെത്തി. കേസിൽ ആദ്യം ലോക്കൽ പൊലീസ് കസ്​റ്റഡിയിലെടുത്ത രണ്ടാം പ്രതി സജി ജോർജിനെ ബലമായി മോചിപ്പിച്ചു കൊണ്ടുപോയതിനാണ് മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമനെ സി.ബി.ഐ പ്രതി ചേർത്തത്. ഇത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മുൻ എം.എൽ.എയ്ക്കെതിരായി സി.ബി.ഐ കണ്ടെത്തിയ കുറ്രങ്ങൾ ഇവയാണ്- കൊലപാതകത്തിനു ശേഷം പ്രതികളെ സഹായിക്കാൻ നേരിട്ടു രംഗത്തെത്തി. കൊലപാതകത്തിന്റെ പി​റ്റേന്നു രാത്രി ബേക്കൽ പൊലീസ് കസ്​റ്റഡിയിലെടുത്ത രണ്ടാം പ്രതി സജി ജോർജിനെ സ്‌​റ്റേഷനിലേക്കു കൊണ്ടുപോകാൻ വാഹനത്തിൽ കയ​റ്റുന്നതിനിടെ കസ്​റ്റഡിയിൽനിന്നു ബലമായി മോചിപ്പിച്ചു. പൊലീസ് കസ്​റ്റഡിയിലെടുക്കേണ്ടെന്നും പ്രതിയാണെങ്കിൽ പി​റ്റേദിവസം രാവിലെ സ്‌​റ്റേഷനിൽ ഹാജരാക്കുമെന്നും വെല്ലുവിളിച്ചു. പ്രതിയെ പി​റ്റേന്ന് മേലുദ്യോഗസ്ഥന്റെ മുൻപാകെ ഹാജരാക്കി.

മൂന്നുദിവസം മാത്രമാണ് ലോക്കൽ പൊലീസ് കേസന്വേഷിച്ചത്. രാഷ്ട്രീയ ഉന്നതരിലേക്ക് അന്വേഷണം നീണ്ടതോടെ ക്രൈംബ്രാഞ്ചിന് ചുമതല കൈമാറി. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീഖിനായിരുന്നു അന്വേഷണച്ചുമതല. എന്നാൽ, ചുമതലയേ​റ്റ് ഒരാഴ്ചയ്ക്കകം അദ്ദേഹത്തെ 'ആരോഗ്യപരമായ' കാരണങ്ങളാൽ മാ​റ്റി. പിന്നീട് എസ്‌.പി സാബു മാത്യുവിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് കാസർകോട് ഡിവൈ.എസ്.പി എം.പ്രദീപ്കുമാറും സംഘവുമാണ് കേസന്വേഷിച്ചത്. ഒടുവിൽ അദ്ദേഹത്തെയും അന്വേഷണ ചുമതലയിൽ നിന്നു നീക്കി. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം.പ്രദീപായിരുന്നു കേസിൽ കു​റ്റപത്രം സമർപ്പിച്ചത്. കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ സി.ബി.ഐ തള്ളിക്കളയുകയാണ്. വ്യക്തമായ രാഷ്‌ട്രീയകൊലപാതകമെന്ന കണ്ടെത്തലിലാണ് പുതിയ അന്വേഷണമെത്തിയത്. പ്രതിപ്പട്ടികയിൽ ഉന്നത സി.പി.എം നേതാക്കൾ വരെ ഉൾപ്പെട്ടു. സി.ബി.ഐ അവസാനം പ്രതിയാക്കിയ മുൻ എം.എൽ.എ അടക്കം അഞ്ചുപേർ ക്രൈംബ്രാഞ്ചിന്റെ സാക്ഷിപട്ടികയിൽ പോലുമുണ്ടായിരുന്നില്ല.

ക്രൈംബ്രാഞ്ച് അന്വേഷണം അപൂർണവും, വസ്തുതാപരമല്ലാത്തതുമെന്നാണ് അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് വിലയിരുത്തിയത്. ഗൂഢാലോചന സംബന്ധിച്ച പല നിർണായക വിവരങ്ങളും വേണ്ട രീതിയിൽ അന്വേഷിച്ചില്ല. പല കണ്ടെത്തലുകളിലും ആഴത്തിലുള്ള അന്വേഷണം നടത്തണ്ടതായിരുന്നു. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ പല സാക്ഷികളെയും വേണ്ട രീതിയിൽ ചോദ്യം ചെയ്തില്ല. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും വീഴ്ചയുണ്ടായി. സംശയാസ്പദമായ പല കാര്യങ്ങളിലും വേണ്ട രീതിയിൽ അന്വേഷണം നടന്നില്ലെന്നും ഇത് കേസിന്റെ നിലനില്‌പിനെ തന്നെ ബാധിക്കാവുന്ന വീഴ്ചയാണെന്നും ഡിവിഷൻബഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകൾ നിർദ്ദേശിച്ചിട്ടും കേസ് രേഖകൾ കൈമാറാതെ സി.ബി.ഐയോട് നിസഹകരിക്കുകയായിരുന്നു സർക്കാർ.

ലക്ഷങ്ങൾ വാരിയെറിഞ്ഞു

പെരിയ കേസിലെ സി.ബി.ഐ. അന്വേഷണം തടയാൻ എൽ.ഡി.എഫ് സർക്കാർ ചെലവിട്ടത് 90.92 ലക്ഷം രൂപയായിരുന്നു. ഇരട്ടക്കൊലക്കേസിലെ സി.ബി.ഐ. അന്വേഷണം സി.പി.എം. നേതാക്കളിലേക്ക് നീങ്ങുമെന്ന് കണ്ടാണ് അന്വേഷണത്തിന് തടയിടാൻ സർക്കാർ ശ്രമിച്ചത്.

അന്വേഷണം സി.ബി.ഐ.ക്ക് കൈമാറുന്നത് തടയാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരെ അണിനിരത്തിയാണ് സർക്കാർ പ്രതിരോധം തീർത്തത്. മുതിർന്ന അഭിഭാഷകൻ മനീന്ദർസിങ്ങിനും കൂടെവന്ന മൂന്ന് അഭിഭാഷകർക്കും പ്രതിഫലമായി 88 ലക്ഷം രൂപ നൽകി. കേസിന്റെ അന്തിമഘട്ട വിചാരണയ്ക്കിടെ നാലുദിവസങ്ങളിൽ അഭിഭാഷകരുടെ വിമാനയാത്ര, താമസം എന്നിവയ്ക്കായി 2.92 ലക്ഷം ചെലവിട്ടു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ ഡിവിഷൻ ബെഞ്ചിലും സുപ്രീം കോടതിയിലും സംസ്ഥാനസർക്കാർ അപ്പീൽ നൽകിയിരുന്നു. സുപ്രീംകോടതിയും അപ്പീൽ തള്ളിയതോടെയാണ് സി.ബി.ഐയ്ക്ക് അന്വേഷണം തുടങ്ങാനായത്.

രേഖകൾ പിടിച്ചെടുക്കാൻ സി.ബി.ഐ ഒരുങ്ങി

ഹൈക്കോടതി കേസന്വേഷണം കൈമാറിയിട്ടും കേസ് ഡയറിയും ഫോറൻസിക് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ക്രൈംബ്രാഞ്ച് സി.ബി.ഐയ്ക്ക് നൽകിയിരുന്നില്ല. രേഖകൾ പിടിച്ചെടുക്കാനുള്ള അസാധാരണ നടപടിയുമായി സി.ബി.ഐ മുന്നോട്ടുപോയി. കേസ് രേഖകൾ കൈമാറിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയ സി.ബി.ഐ സി.ആർ.പി.സി 91 പ്രകാരം ക്രൈംബ്രാഞ്ചിന് നോട്ടീസ് നൽകിയിരുന്നു. ആറു തവണ കത്ത് നൽകിയിട്ടും കേസ് രേഖകൾ കൈമാറാത്തതിനെ തുടർന്നാണ് അപൂർവ നടപടി. രാഷ്ട്രീയചായ്‌വുള്ളതും വിശ്വാസ്യതയില്ലാത്തതുമായ അന്വേഷണമാണെന്ന രൂക്ഷമായ വിർമശനത്തോടെയാണ് ഹൈക്കോടതി കേസന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. സിംഗിൾബഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയിരുന്നെങ്കിലും അപ്പീലിൽ കുറ്റപത്രം നിലനിറുത്തി. എന്നാൽ എഫ്.ഐ.ആർ, കേസ് ഡയറി, ഫോറൻസിക് രേഖകൾ, കുറ്റപത്രം എന്നീ വിവരങ്ങളൊന്നും സി.ബി.ഐയ്ക്ക് കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറാവുന്നില്ല. ഫയലുകൾ കൈമാറാൻ ഉന്നതതലത്തിൽ നിന്ന് അനുമതി കിട്ടിയില്ലെന്നാണ് ന്യായം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.