SignIn
Kerala Kaumudi Online
Saturday, 20 April 2024 3.11 AM IST

സുതാര്യം, വിനയാന്വിതം

dronar

പ്രധാനമന്ത്രി ന.മോ.ജി അങ്ങേയറ്റം സുതാര്യനാണ്. അദ്ദേഹം ജനിച്ചതേ വിനയാന്വിതനായിട്ടായിരുന്നു. അദ്ദേഹം ജനിച്ചതിൽപ്പിന്നെയാണ് നാട്ടിൽ വിനയൻ എന്ന പേര് പോലും ഉദ്ഭവിച്ചതെന്ന് മാലോകർ പറയുന്നു. പളുങ്കുപാത്രം പോലെയാണ് അദ്ദേഹത്തിന്റെ മനസും ശരീരവും. മുൻവശത്ത് നിന്ന് ആ വെളുത്ത താടിയിലേക്ക് സൂക്ഷിച്ച് നോക്കിയാൽ ആ തലച്ചോറിനകത്തെ മെഡുല ഒബ്ലാംഗട്ടയും 56 ഇഞ്ച് നെഞ്ചളവിലേക്ക് സൂക്ഷിച്ചു നോക്കിയാൽ ആ ദേഹത്തിനകത്തുള്ള ചെറുകുടലും വൻകുടലും വരെ തെളിഞ്ഞ് കാണും. അത്രയ്ക്ക് സുതാര്യമാണ് ശരീരം. മനസിന്റെ കാര്യമാണെങ്കിൽ പറയേണ്ട. പിറന്നുവീണപ്പോൾ തന്നെ സുതാര്യമായ മനസും ശരീരവും പേറുന്നയാളായതിനാൽ സുതാര്യൻജി എന്ന പേരിട്ടാൽ മതിയെന്ന അശരീരി അപ്പോൾ ഉണ്ടായത്രെ. പക്ഷേ അശരീരികളെ മാനിക്കാത്ത അദ്ദേഹത്തിന്റെ മാതാ-പിതാക്കൾ സുതാര്യൻജിക്ക് ഒരു ഗുമ്മില്ല എന്ന് കണ്ടെത്തുകയും പകരം ന.മോ.ജി എന്ന ഗുമ്മുള്ള പേര് ഇടുകയുമായിരുന്നു. ആർക്ക് നഷ്ടം, മാതാ-പിതാക്കൾക്ക്.

അതുകൊണ്ട് സുതാര്യൻജി സുതാര്യനല്ലാതാകുന്നില്ലല്ലോ. അത് പക്ഷേ ആളുകൾ പലരും നാളിതുവരെയായിട്ടും തിരിച്ചറിഞ്ഞില്ലെന്ന് മാത്രം. ഇതൊന്നും എല്ലായിടത്തും പറഞ്ഞു നടക്കുന്ന ശീലം ന.മോ.ജിക്കില്ലായിരുന്നു. അതുകൊണ്ട് നാട്ടുകാരിൽ പലരും ഈ ദേഹപ്രകൃതിയെ തിരിച്ചറിയാതെ പോയി.

എത്രകാലം ഇങ്ങനെ ആളുകളറിയാത്ത സ്വഭാവവിശേഷവുമായി നടക്കുമെന്ന് ചിന്തിച്ചപ്പോൾ മറ്റൊരു അശരീരി ന.മോ.ജി കേൾക്കാനിടയായി എന്നു പറയുന്നു. ആ അശരീരി ന.മോ.ജിയല്ലാതെ മറ്റാരും കേട്ടിട്ടില്ലെന്നാണ് പറയപ്പെടുന്നത്. അതിലദ്ദേഹം കേട്ടത് എന്തുതന്നെയായാലും കേട്ടപ്പോളൊരു ഞെട്ടലും വിറയലുമൊക്കെ വന്നിരുന്നുവെന്ന് അന്ന് ആ പരിസരത്തുണ്ടായിരുന്ന ചിലരൊക്കെ അടക്കം പറയുന്നത് കേട്ടിട്ടുണ്ട്. എന്തായാലും, പിറ്റേന്ന് നേരം വെളുക്കും മുമ്പുതന്നെ ന.മോ.ജി ചിലതെല്ലാം വെളിപ്പെടുത്താൻ തീരുമാനിക്കുകയുണ്ടായി. അങ്ങനെയാണ് ന.മോ.ജി തന്റെ സ്വന്തം മൻകീ ബാത്തിൽ അതങ്ങ് തുറന്നുപറഞ്ഞത്. അശരീരികൾ കേട്ടുകേട്ട് ശീലിച്ചത് കൊണ്ടാണ് ന.മോ.ജിയും നാട്ടുകാർക്ക് അശരീരി പോലെ അനുഭവപ്പെടാറുള്ള മൻകീ ബാത്ത് മാത്രം കേൾപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇന്നാട്ടിൽ എത്ര പേർക്കറിയാം?

തനിക്ക് അധികാരം വേണ്ടെന്നും ജീവിതകാലം മുഴുവൻ ജനസേവകനായി കഴിഞ്ഞുകൂടിയാൽ മതിയെന്നും ന.മോ.ജി പറഞ്ഞു. സുതാര്യവും വിനയാന്വിതവുമായ തന്റെ ദേഹപ്രകൃതിയെ അതിലൂടെ അദ്ദേഹം മാലോകർക്ക് മുന്നിൽ വരച്ചിട്ട് കൊടുക്കുകയായിരുന്നു. 56 ഇഞ്ച് നെഞ്ചിൻകൂട് അപ്പോളൊന്ന് കുലുങ്ങിയോ! ആ മൻകീബാത്ത് കേട്ടുകൊണ്ടിരുന്ന മാലോകരുടെ കണ്ണുനീർ ആ സമയത്ത് ധാരധാരയായി ഒഴുകിപ്പരന്നു. അതൊരു ചെറുന്യൂനമർദ്ദത്തിന്റെ ഇഫക്ട് നാട്ടിൽ സൃഷ്ടിച്ചെന്നും പറയുന്നു.

നാട്ടിലെ കർഷകന്മാർ അവിടവിടെയായി കൊടിയും കുത്തി സമരമിരിക്കുന്നത് ന.മോ.ജി കുറേ നാളുകളായി കാണുന്നുണ്ടായിരുന്നു. അതിനെ അദ്ദേഹം അത്രയ്ക്കങ്ങ് ഗൗനിച്ചിട്ടില്ലായിരുന്നു. ഒരു സുപ്രഭാതത്തിൽ ന.മോ.ജി വേറെ എന്തോ അശരീരി കേട്ട് ഞെട്ടിയുണരുകയും സമരക്കാർ പറയാതെ തന്നെ ആ കാർഷികബില്ലുകളത്രയും പിൻവലിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. അതൊക്കെ ന.മോ.ജിക്ക് മാത്രം അറിയാവുന്ന ഓരോരോ വെളിപാടുകളുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്നതാണെന്നാണ് പറയുന്നത്.

ഒന്നിന് പിറകേ ഒന്നായി വന്നുകൊണ്ടിരിക്കുന്ന അശരീരികളാണ് ഇത്തരത്തിൽ ന.മോ.ജിയെക്കൊണ്ട് അതുമിതുമൊക്കെ ചെയ്യിക്കുന്നത്. അങ്ങനെയാണ് കാർഷിക ബില്ലുകൾ പിൻവലിക്കാനുള്ള ബില്ലുമായി ന.മോ.ജി ആൻഡ് കോ. ഇന്ത്യൻ പാർലമെന്റിലേക്ക് എത്തിയത്.

അവിടെ വച്ചും അദ്ദേഹം തന്റെ മനസ് മറയില്ലാതെ തുറന്നിടുകയുണ്ടായി. ഏത് വിഷയവും ആരുമായും ചർച്ച ചെയ്യാൻ തനിക്കൊരു ബുദ്ധിമുട്ടുമില്ലെന്ന് അദ്ദേഹം മറയില്ലാതെ വ്യക്തമാക്കി. ഏത് ചോദ്യങ്ങൾക്കും മറുപടി നൽകിക്കോളാമെന്ന് അദ്ദേഹം വിനയപുരസരം വെളിപ്പെടുത്തി. ഇത്രയുമൊക്കെ വിനയം വേണ്ടതുണ്ടോ എന്ന് അത് കേട്ടുനിന്ന പലരും അപ്പോൾ അടക്കം പറയാതിരുന്നില്ല.

പക്ഷേ, എല്ലാവരെയും അസ്തപ്രജ്ഞരാക്കിക്കൊണ്ടാണ് മൂന്ന് കാർഷികബില്ലുകളും ഒറ്റയടിക്ക് പിൻവലിക്കുന്ന ബില്ലങ്ങ് ലോക- രാജ്യ സഭകളിൽ കൊണ്ടുവന്ന് പാസാക്കിയെടുത്തത്. ബില്ലിന്റെ ഭാരം താങ്ങാനാവാത്തതിനാലും ഏറെനേരം ആ കനത്ത ഭാരവുംപേറി നില്‌ക്കാൻ സാധിക്കാത്തതിനാലും മാത്രമാണ് രണ്ട് സഭകളിലും ആ വിഷയത്തിൽ ചർച്ച ചെയ്യാൻ ന.മോ.ജി പരിവാർ കൂട്ടാക്കാതിരുന്നത്. ബില്ലിന്റെ ചർച്ചയ്ക്കിടയിൽ ശ്ലഥകാകളി വൃത്തത്തിന്റെ ലക്ഷണം പ്രതിപക്ഷം ചോദിച്ചാൽ, ബില്ലിന്റെ ഭാരത്താൽ കൈകുഴയുകയും ബില്ല് പാസാക്കപ്പെടാതെ പോവുകയും ചെയ്യും. ബില്ല് പാസാക്കുക എന്നത് അതിജീവനത്തിനുള്ള പോരാട്ടമായി കാണുന്ന ന.മോ.ജിയുടെ മനസ് ആർക്കും വായിച്ചെടുക്കാവുന്നതേയുള്ളൂ.

അതുകൊണ്ട് മാത്രമാണ് ഏത് ചോദ്യത്തിനും മറുപടി നൽകിക്കോളാമെന്ന വാക്ക് അപ്പോളവിടെ പാലിക്കാൻ സാധിക്കാതെ പോയത്. ന.മോ.ജിയെ മനസിലാക്കുന്ന ആർക്കും ഉൾക്കൊള്ളാവുന്ന ഇഷ്യു മാത്രമേ അതിനകത്തുള്ളൂ. അതുകൊണ്ട് ന.മോ.ജിയെ സത്യത്തിലാരും തിരിച്ചറിയാതിരിക്കരുത് !

  

വഖഫ് ബോർഡും മുസ്ലിംലീഗും തമ്മിൽ നാഭീ -നാള ബന്ധമാണ്. ബോർഡില്ലാത്ത ലീഗോ ലീഗില്ലാത്ത ബോർഡോ നാട്ടിലുണ്ടാവുന്നത് സങ്കല്പിക്കാൻ പോലുമാകില്ല. അവിടെയാണ് ബോർഡിനെ ലീഗിൽ നിന്ന് അടർത്തിയെടുത്ത് പിണറായി സഖാവ് അതിലേക്കുള്ള നിയമനങ്ങളെല്ലാം പി.എസ്.സിക്ക് വിട്ടിരിക്കുന്നത്. പി.എസ്.സി മാനദണ്ഡത്തിൽ 'ലീഗ് വക' എന്നൊരു ഓപ്ഷൻ എവിടെയും എഴുതിവച്ചിട്ടില്ല. അപ്പോൾ പിന്നെ ലീഗെങ്ങനെ ബേജാറാവാതിരിക്കും? ലീഗിന്റെ വ്യഥ ലീഗിന് മാത്രമേ മനസിലാവൂ. പിണറായി സഖാവ് ഇത്രയും ക്രൂരത കാട്ടരുതായിരുന്നു.

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISHESHAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.