ലണ്ടൻ: ഏത് രാജ്യത്താണ് ഏറ്റവും കൂടുതൽ 'കുടിയന്മാർ' ഉള്ളതെന്നറിയാമോ? ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഗ്ലോബൽ ഡ്രഗ്. 22 രാജ്യങ്ങളിൽ നിന്നുള്ള 32,000ത്തിലധികം പേരെ സംഘടിപ്പിച്ച് നടത്തിയ 2021 ലെ സർവേ പ്രകാരം ഓസ്ട്രേലിയയിലാണ് ഏറ്റവും കൂടുതൽ മദ്യപാനികൾ ഉള്ളത്.
ഡെൻമാർക്ക് ആണ് തൊട്ടുപിന്നിൽ. യു കെയും കാനഡയുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ന്യൂസീലാൻഡിലുള്ളവരാണ് ഏറ്റവും കുറച്ച് മദ്യപിച്ചത്.വർഷത്തിൽ ശരാശരി 10 തവണ മാത്രമാണ് സർവേയിൽ പങ്കെടുത്ത ന്യൂസീലാൻഡുകാർ മദ്യപിച്ചത്.
ഓസ്ട്രേലിയക്കാരിൽ നിന്ന് ശേഖരിച്ച കണക്കുകൾ പ്രകാരം ഇവർ വർഷത്തിൽ 26.7 തവണയെങ്കിലും മദ്യപിക്കുന്നു. ഇത് ആഗോള ശരാശരിയുടെ രണ്ടിരട്ടിയാണെന്നാണ് സർവേയിൽ പറയുന്നത്. 26.7 തവണയെന്നു പറയുമ്പോൾ വളരെ കുറവല്ലേ എന്ന് ചിന്തിക്കാൻ വരട്ടെ സർവേയിൽ മദ്യപിച്ച അവസ്ഥയ്ക്ക് കൃത്യമായ നിർവചനമുണ്ടായിരുന്നു. അതുപ്രകാരം കുടിച്ചു ബോധം നഷ്ടമായ അവസ്ഥയാണ് രേഖപ്പെടുത്തിയത്.
ഓസ്ട്രേലിയക്കാർ രണ്ടാഴ്ചയിലൊരിക്കൽ അമിതമായി മദ്യപിക്കുന്നു. ഇവിടെ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് മദ്യപിക്കുന്നതെന്നതും സർവേയിൽ കണ്ടെത്തി. ബീയറും വൈനുമാണ് അവരുടെ ഇഷ്ടമദ്യമെന്നും സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കി.
കൊവിഡ് കാലത്ത് മിക്ക രാജ്യങ്ങളും മദ്യശാലകളെല്ലാം അടച്ചുപൂട്ടിയിരുന്നു. എന്നാൽ ഡെൽറ്റാ വകഭേദം വ്യാപിച്ച രണ്ടാം ഘട്ടത്തിൽ മാത്രമാണ് ഓസ്ട്രേലിയയിൽ മദ്യശാലകൾ അടച്ചത്. ഇക്കാരണത്താലാകാം ഏറ്റവുമധികം മദ്യപിച്ചവർ ഈ രാജ്യത്തുനിന്നുള്ളവരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |