മുണ്ടക്കയം : മുണ്ടക്കയം ഗ്രാമ പഞ്ചായത്തിൽ നടൻ തിലകന്റെ സ്മരണയ്ക്കായി സാംസ്കാരിക നിലയം നിർമിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് അനുബന്ധിച്ചുള്ള പഞ്ചായത്ത് വക സ്ഥലത്താണ് സ്മാരകം നിർമ്മിക്കുക. സാമൂഹിക, സാംസ്കാരിക പരിപാടികൾക്കും, അനശ്വര നടൻ തിലകന്റെ സ്മരണ നിലനിർത്തുന്ന വിവിധ പരിപാടികൾ നടത്തുന്നതിനുമായിരിക്കും സാംസ്കാരിക നിലയം ഉപയോഗിക്കുക. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണം ആരംഭിക്കുമെന്നും തുടർന്ന് ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സാംസ്കാരിക നിലയം വിപുലീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.