SignIn
Kerala Kaumudi Online
Thursday, 25 April 2024 10.23 AM IST

ജൂതനായ ആ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥന്റെ യുദ്ധതന്ത്രത്തിൽ പാക് സൈന്യം ഇന്ദിരയ‌്ക്ക് മുന്നിൽ അടിയറവ് പറഞ്ഞു: അതീവ ശക്തിശാലിയായി ഇന്ദിരാഗാന്ധി അവതരിച്ച നിമിഷം

indiara-gandhi

1971ലെ ഐതിഹാസികമായ ഇന്ത്യ പാക് യുദ്ധത്തിന്റെ സുവർണ ജൂബിലിയാണ്. ഇന്ത്യയുടെ രാഷ്ട്രീയ, സൈനിക, നയതന്ത്ര ചരിത്രത്തിൽ വളരെ നിർണായകമായ ഒന്നായിരുന്നു ബംഗ്ലാദേശ് യുദ്ധം. കേവലം 13 ദിവസം കൊണ്ട് തെക്കുകിഴക്കേ ഏഷ്യയിൽ ഒരു പുതിയ സ്വതന്ത്രരാജ്യം പിറവിയെടുത്തതും ഉപഭൂഖണ്ഡത്തിന്റെ അതിരുകൾ മാറ്റിയെഴുതപ്പെട്ടതും ഈ യുദ്ധത്താലാണ്. നമ്മുടെ വിദേശനയത്തിലും ബംഗ്ലാദേശ് യുദ്ധം വലിയ ദിശാവ്യതിയാനത്തിന് കാരണമായി.

1947 ആഗസ്റ്റ് 14 വരെ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു കിഴക്കൻ ബംഗാൾ. 1947ൽ ഇന്ത്യയോടൊപ്പം ബംഗാളും വിഭജിക്കപ്പെട്ടു. ഹിന്ദു ഭൂരിപക്ഷമുള്ള പശ്ചിമബംഗാൾ ഇന്ത്യയിൽ തുടർന്നു. മുസ്ളീം ഭൂരിപക്ഷമുള്ള കിഴക്കൻ ബംഗാൾ പാക്കിസ്ഥാന്റെ ഭാഗമായി. ഒപ്പം അസാമിലെ സിൽഹട്ട് ജില്ലയും ചേർക്കപ്പെട്ടു. ആ പ്രദേശം പിന്നീട് കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ടു.

തുടക്കം മുതലേ കിഴക്കും പടിഞ്ഞാറുമുള്ള പാക്കിസ്ഥാൻ പ്രദേശങ്ങൾ രമ്യതയിലല്ല കഴിഞ്ഞിരുന്നത്. കിഴക്കൻ ബംഗാൾ രാഷ്ട്രീയമായും സാമ്പത്തികമായും മറ്റു വിധത്തിലും അവഗണിക്കപ്പെട്ടു. ബംഗാളിഭാഷയും വലിയ അവഗണന നേരിട്ടു. പാക്കിസ്ഥാന്റെ ഏക ഔദ്യോഗിക ഭാഷ ഉറുദു മാത്രമായിരിക്കുമെന്ന ജിന്നയുടെയും പിൻഗാമികളുടെയും ശാഠ്യം വലിയ സംഘർഷത്തിന് വഴിതെളിച്ചു. കേന്ദ്രസിവിൽ സർവീസിലും പട്ടാളത്തിലും പഞ്ചാബികൾക്കും പത്താൻകാർക്കുമായിരുന്നു പ്രാമുഖ്യം. ഉയരവും നിറവും കുറഞ്ഞ ബംഗാളികളെ തങ്ങളേക്കാൾ താണവരായിട്ടാണ് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ പഞ്ചാബികളും പക്തൂൺ വംശജരും സിന്ധികളും കരുതിയിരുന്നത്. 1958ൽ പാക്കിസ്ഥാൻ പട്ടാളഭരണത്തിലേക്ക് വഴിമാറി. ജനറൽ അയൂബ് ഖാൻ അധികാരം പിടിച്ചെടുത്തു. 1965 ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം കിഴക്കൻ ബംഗാളിന്റെ സുക്ഷിതത്വത്തെക്കുറിച്ചു തന്നെ വലിയ ആശങ്ക ഉയർത്തി. ബംഗാളി ഭാഷാസ്‌നേഹവും കിഴക്കൻ ബംഗാളിനോടുള്ള അവഗണനയും പ്രധാന രാഷ്ട്രീയ പ്രശ്നങ്ങളാക്കി ഉയർത്തിക്കാട്ടി ഷേഖ് മുജീബുർ റഹ്മാന്റെ അവാമിലീഗ് വലിയ ജനപ്രീതി നേടി. 1967ൽ മുജീബ് റഹ്മാനെ പട്ടാളം അറസ്റ്റ് ചെയ്തു. കുപ്രസിദ്ധമായ അഗർത്തല ഗൂഢാലോചന കേസിൽ അദ്ദേഹം രണ്ടു വർഷത്തോളം ജയിൽവാസം അനുഭവിച്ചു. പിന്നീട് പ്രോസിക്യൂഷൻ പിൻവലിക്കുകയാണ് ഉണ്ടായത്.

1969ൽ അയൂബ്ഖാനു പകരം യഹ്യാഖാൻ ഭരണമേറ്റെടുത്തു. അതോടെ കാര്യങ്ങൾ പണ്ടത്തേക്കാൾ വഷളായി. പട്ടാളനിയമം ഉടൻ പിൻവലിക്കുമെന്നും തിരഞ്ഞെടുപ്പ് നടത്തുമെന്നുമായിരുന്നു യഹ്യാഖാന്റെ വാഗ്ദാനം. 1970 ജനുവരി ഒന്നിന് പട്ടാളനിയമം പിൻവലിച്ചു.

ആ വർഷം അവസാനം കേന്ദ്രനിയമസഭയിലേക്ക് തിരഞ്ഞെടുപ്പും നടന്നു. ഡിസംബർ ഏഴിന് നടന്ന തിരഞ്ഞെടുപ്പിൽ അവാമി ലീഗ് വൻ ഭൂരിപക്ഷം നേടി. എന്നാൽ അധികാരം കൈമാറാൻ ജനറൽ യഹ്യാഖാനും അദ്ദേഹത്തിന്റെ പ്രധാന കൈയാളായിരുന്ന സുൽഫിക്കർ അലി ഭൂട്ടോയും തയ്യാറായില്ല. അങ്ങനെ കിഴക്കൻ പാക്കിസ്ഥാൻ ആഭ്യന്തര കലാപത്തിലേക്ക് വഴുതിവീണു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബംഗ്ലാ ദേശീയവാദം ശക്തമായി. അവാമി ലീഗുകാർ കിഴക്കൻ പാക്കിസ്ഥാൻ എന്ന വാക്ക് തന്നെ ഉപയോഗിക്കാതായി. പകരം ബംഗ്ലാദേശ് എന്ന് മാത്രം പരാമർശിച്ചു. 'ജയ് ബംഗ്ലാ' എന്ന മുദ്രാവാക്യവും 'അമർ സോനാ ബംഗ്ലാ' എന്നാരംഭിക്കുന്ന ടാഗൂറിന്റെ ഗാനവും വളരെ പെട്ടെന്ന് ജനപ്രീതിയാർജിച്ചു.


1971 മാർച്ച് ഏഴിന് ഡാക്കയിൽ നടന്ന വമ്പിച്ച പൊതുയോഗത്തിൽ പത്തുലക്ഷത്തോളം പേർ തടിച്ചുകൂടി. ഇപ്പോൾ നടക്കുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരമാണെന്ന് മുജീബ് റഹ്മാൻ പ്രഖ്യാപിച്ചു. അധികാരം കൈമാറാൻ വിസമ്മതിക്കുന്ന സൈനിക ഭരണകൂടത്തെ നിശിതമായി വിമർശിച്ചു. നിരന്തര സമരത്തിനും നിസഹകരണ പ്രസ്ഥാനത്തിനും ആഹ്വാനം ചെയ്തു. അവാമിലീഗ് പ്രവർത്തകർ ആവേശഭരിതരായി ജയ് ബംഗ്ലാ മുദ്രാവാക്യം മുഴക്കി. അതോടെ യഹ്യാഖാൻ നിലപാട് കടുപ്പിച്ചു. രക്തദാഹി എന്നുപേരുകേട്ട ല്ര്രഫനന്റ് ജനറൽ ടിക്കാഖാനെ ബംഗാളിലേക്ക് അയച്ചു.


ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്നു പേരിട്ട സൈനിക നടപടി മാർച്ച് 25നും 26 നുമിടയ്ക്കുള്ള രാത്രിയിൽ ആരംഭിച്ചു. മുജീബ് റഹ്മാനടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. പ്രക്ഷോഭകരെ പിടികൂടി കൂട്ടത്തോടെ വെടിവച്ചുകൊന്നു. അതോടെ കിഴക്കൻ ബംഗാളിന്റെ ചെറുത്തുനില്പ്പ് ശക്തമായി. മാർച്ച് 26 ന് മേജർ സിയാവുർ റഹ്മാൻ റേഡിയോയിലൂടെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഈസ്റ്റ് പാക്കിസ്ഥാൻ റൈഫിൾസിലെയും കര നാവികവ്യോമസേനകളിലെയും സൈനികർ കൂട്ടത്തോടെ കൂറുമാറി മുക്തിബാഹിനി രൂപീകരിച്ചു. അതോടെ അടിച്ചമർത്തൽ ശക്തമായി . ജമാ അത്തെ ഇസ്ളാമി പ്രവർത്തകർ പാക്ക് സൈന്യത്തിന് സഹായികളായി വർത്തിച്ചു. അവർ അൽ ബദർ , അൽ ഷംസ് എന്നീ അർദ്ധസൈനിക സംഘടനകളുണ്ടാക്കി ദേശീയവാദികളെ വേട്ടയാടി. ഓപ്പറേഷൻ സെർച്ച് ലൈറ്റിന് പിന്നാലെ ഓപ്പറേഷൻ ബാരിസാൽ എന്നുപേരിട്ട സൈനിക നടപടിയും അരങ്ങേറി. ബംഗ്ലാ ദേശീയവാദികളെയും ബുദ്ധിജീവികളെയും തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി. ബംഗാളി ഹിന്ദുക്കൾ കൂട്ടക്കൊലയ്ക്ക് ഇരയായി. ഓരോദിവസവും പതിനായിരക്കണക്കിന് അഭയാർത്ഥികൾ ഇന്ത്യയിലേക്ക് പ്രവഹിച്ചു.


ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കിഴക്കൻ പാക്കിസ്ഥാനിലെ കൂട്ടക്കൊലയിലും മനുഷ്യാവകാശലംഘനങ്ങളിലും നടുക്കം രേഖപ്പെടുത്തി. ബംഗ്ലാ ദേശീയവാദികളോട് അനുഭാവം പ്രകടിപ്പിച്ചു. പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം കണ്ടെത്തണമെന്ന് ലോക രാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സണും സ്റ്റേറ്റ് സെക്രട്ടറി ഹെൻട്രി കിസിംഗറും പാക്കിസ്ഥാന് ശക്തമായ പിന്തുണ നല്കി. സൈനികസഹായം വർദ്ധിപ്പിച്ചു.


ഏപ്രിൽ അവസാനമാകുമ്പോഴേക്കും അഭയാർത്ഥികളുടെ എണ്ണം ദശലക്ഷങ്ങൾ പിന്നിട്ടു. ഇന്ദിരാഗാന്ധി അസ്വസ്ഥയായി. അവർ സൈനിക നടപടിയെക്കുറിച്ച് ആലോചിച്ചു. എന്നാൽ കിഴക്കൻ ബംഗാളിലേക്ക് സൈന്യത്തെ അയയ്ക്കാൻ പറ്റിയ കാലാവസ്ഥയല്ലെന്ന് കരസേന മേധാവി ജനറൽ മനേക് ഷാ അവരെ ബോദ്ധ്യപ്പെടുത്തി. ഒന്നാമത് സൈന്യം യുദ്ധസന്നദ്ധമല്ല. നാടിന്റെ നാനാഭാഗത്തു നിന്നും ടാങ്കുകളും കവചിത വാഹനങ്ങളും കിഴക്കൻ അതിർത്തിയിൽ കൊണ്ടുവന്നു വിന്യസിക്കുക എളുപ്പമല്ല. മാത്രമല്ല മഴക്കാലം തുടങ്ങിയാൽ പത്മയും ജമുനയും മേഘ്നയും കരകവിഞ്ഞൊഴുകും. കിഴക്കൻ ബംഗാൾ ചതുപ്പുനിലമായി മാറും. സൈനികനീക്കം അസാദ്ധ്യമാകും. പരാജയം സുനിശ്ചിതം എന്നു തുറന്നുപറഞ്ഞു.


അങ്ങനെ കാലവസ്ഥയും ഭൂപ്രകൃതിയും അനുകൂലമാകുന്ന മുറയ്ക്ക് യുദ്ധത്തിനൊരുങ്ങാൻ ഇന്ദിരാഗാന്ധി സൈന്യത്തിന് നിർദേശം നല്കി. ബംഗ്ലാദേശിലേക്കുള്ള സൈനിക നീക്കത്തിന്റെ രൂപരേഖ തയ്യാറാക്കാൻ കിഴക്കൻ കമാൻഡിലെ മേജർ ജനറൽ ജെ.എഫ്.ആർ ജേക്കബിനെ ഏല്പിച്ചു. തീവ്രമതവിശ്വാസിയായ ഒരു യഹൂദനായിരുന്നു ജേക്കബ്ബ്. അദ്ദേഹം മൂന്നാഴ്ച കൊണ്ട് ഡാക്ക കീഴടക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചു. മഴക്കാലം അവസാനിച്ചശേഷം ഡിസംബർ ആദ്യവാരത്തിൽ സൈനികനടപടി ആരംഭിക്കാമെന്ന് കണക്കുകൂട്ടി. അമേരിക്കയും ചൈനയും മുസ്ളീം രാജ്യങ്ങളും പാക്കിസ്ഥാനൊപ്പം ഉറച്ചുനില്ക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ശക്തമായ ദേശാന്തരീയ പിന്തുണ ആവശ്യമായിരുന്നു. ഇന്ദിരാഗാന്ധി സോവിയറ്റ് യൂണിയനെ ആശ്രയിച്ചു. 1971 ആഗസ്റ്റ് ഒൻപതിന് ഇന്തോസോവിയറ്റ് സമാധാന സൗഹൃദ സഹകരണ ഉടമ്പടി ഒപ്പുവച്ചു. സെപ്തംബറിൽ ഇന്ദിര റഷ്യ സന്ദർശിച്ചു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി എൽ.ഐ.ബ്രഷ്‌നേവുമായി കൂടിക്കാഴ്ച നടത്തി. അടിയന്തരഘട്ടത്തിൽ സോവിയറ്റ് യൂണിയന്റെ നയതന്ത്ര പിന്തുണയും സൈനികസഹായവും ഉറപ്പുവരുത്തി.


1971 നവംബറാകുമ്പോഴേയ്ക്കും അഭയാർത്ഥികളുടെ എണ്ണം 90 ലക്ഷം കവിഞ്ഞു. ബംഗ്ലാദേശിൽ കൊലചെയ്യപ്പെട്ടവരുടെ എണ്ണം 30 ലക്ഷത്തോളമായി. ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിക്കണമെന്ന ആവശ്യം ഭരണ പ്രതിപക്ഷഭേദമന്യേ കക്ഷികൾ ആവർത്തിച്ച് ഉന്നയിച്ചു. ഇന്ത്യയെ തകർക്കണം, മുജീബിനെ തൂക്കിലേറ്റണമെന്ന വികാരം പാക്കിസ്ഥാനിലും ശക്തമായി. ഈ ഘട്ടത്തിൽ ഇന്ദിരാഗാന്ധി 21 ദിവസം നീണ്ടുനിന്ന വിദേശപര്യടനത്തിന് പുറപ്പെട്ടു. വിവിധ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും സന്ദർശിച്ചു. കിഴക്കൻ ബംഗാളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അഭയാർത്ഥി പ്രവാഹം സൃഷ്ടിക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും വിശദീകരിച്ചു. പ്രസിഡന്റ് നിക്സണുമായി നടന്ന കൂടിക്കാഴ്ച തീർത്തും നിരാശാജനകമായിരുന്നു. സമാധാനപരമായ പരിഹാരം കണ്ടെത്താനാകാതെ പ്രധാനമന്ത്രി തിരിച്ചുവന്നു.


പൗർണമി ദിവസമായ ഡിസംബർ നാലിന് സൈനികനീക്കം ആരംഭിക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാൽ ഡിസംബർ മൂന്നിന് വൈകിട്ട് പാക് യുദ്ധവിമാനങ്ങൾ പശ്ചിമേന്ത്യയിലും ഉത്തരേന്ത്യയിലുമുള്ള 11 വ്യോമസേനാ കേന്ദ്രങ്ങളിൽ ബോംബ് വർഷിച്ചു. അപ്പോൾ കൽക്കത്തയിലായിരുന്ന ഇന്ദിരാഗാന്ധി ഡൽഹിക്ക് മടങ്ങി. അടിയന്തരമായി കാബിനറ്റ് യോഗം ചേർന്നു. പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. മേജർ ജനറൽ ജേക്കബ് തയ്യാറാക്കിയ പദ്ധതി അനുസരിച്ച് കരസേന മൂന്നുഭാഗത്തു നിന്നും കിഴക്കൻ ബംഗാളിലേക്ക് ഇരച്ചുകയറി. വ്യോമസേനയും മുക്തിബാഹിനിയും നാട്ടുകാരും സൈന്യത്തിന് പൂർണപിന്തുണ നല്കി. നാവിക സേന ബംഗാൾ ഉൾക്കടൽ പൂർണമായും ഉപരോധിച്ചു.


ഡിസംബർ ഒൻപത് ആകുമ്പോഴേക്ക് ഇന്ത്യൻ സൈന്യം ഡാക്കയുടെ പടിവാതിലിലെത്തി. പാക് സൈനികരോട് കീഴങ്ങാൻ മനേക്ഷാ റേഡിയോ പ്രക്ഷേപണത്തിലൂടെ ആവശ്യപ്പെട്ടു. കടലിലൂടെ വെള്ളയും മലയിറങ്ങി മഞ്ഞയും സഹായത്തിനെത്തുമെന്നാണ് ജനറൽ യഹ്യാഖാൻ സ്വന്തം സൈനികർക്ക് ഉറപ്പുനല്കിയത്. എന്നാൽ ഒന്നും സംഭവിച്ചില്ല. ചൈനയോ അമേരിക്കയോ നിർണായക സമയത്ത് യാതൊരു സഹായവും ചെയ്തില്ല. ഐക്യരാഷ്ട്ര അസംബ്ളിയിൽ വെടിനിറുത്തൽ പ്രമേയം രണ്ട് തവണ പരിഗണനയ്ക്ക് വന്നു. രണ്ടു തവണയും സോവിയറ്റ് യൂണിയൻ വീറ്റോ ചെയ്തു.


ഏഴാം കപ്പൽപടയെ ബംഗാൾ ഉൾക്കടലിലേക്ക് അയയ്ക്കുമെന്ന് ഡിസംബർ 11 ന് പ്രസിഡന്റ് നിക്സൺ ഭീഷണി മുഴക്കി. അപ്പോഴേക്കും വളരെ വൈകിയിരുന്നു. നാല് ഭാഗത്തു നിന്നും ഇന്ത്യൻ സൈന്യം ഡാക്ക വളഞ്ഞു. പാക് സൈനികർ പൊരുതി മരിക്കണോ കീഴടങ്ങണോ എന്നതുമാത്രമായി അവശേഷിച്ച പ്രശ്നം. ഡിസംബർ 11 നും 15 നും ജനറൽ മനേക് ഷാ റേഡിയോ പ്രക്ഷേപണത്തിലൂടെ അന്ത്യശാസനം ആവർത്തിച്ചു. കീഴടങ്ങുകയല്ലാതെ പാക് സേനാനായകന് മുന്നിൽ മറ്റു വഴിയൊന്നും ഉണ്ടായിരുന്നില്ല. ല്ര്രഫനന്റ് ജനറൽ അമീർ അബ്ദുള്ളഖാൻ നിയാസി 1971 ഡിസംബർ ആറ് ഇന്ത്യൻ സമയം വൈകിട്ട് 4.31ന് കീഴടങ്ങൽ രേഖ ഒപ്പിട്ടു.

തന്റെ സർവീസ് റിവോൾവറും സൈനികചിഹ്നങ്ങളും ഇന്ത്യൻ സേനാനായകൻ ലഫ്.ജനറൽ ജഗജിത് സിംഗ് അറോറയുടെ മുന്നിൽ അടിയറവച്ചു. നിയാസിയോടൊപ്പം 79,676 സൈനികരടക്കം 90,000ൽ പരം പാക്കിസ്ഥാനികൾ കീഴടങ്ങി. രണ്ടാംലോക യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സേനാ കീഴടക്കമായിരുന്നു അത്. അതേസമയം പടിഞ്ഞാറൻ യുദ്ധമുന്നണിയിൽ പാക്കിസ്ഥാന്റെ കടന്നാക്രമണത്തെ ഇന്ത്യൻ സൈന്യം അതിശക്തമായി പ്രതിരോധിച്ചു . നാവികസേന കറാച്ചി തുറമുഖം ആക്രമിച്ചു തകർത്തു. വ്യോമസേന പാക് സൈനിക കേന്ദ്രങ്ങൾ ബോംബിട്ടു നശിപ്പിച്ചു. ഡാക്ക കീഴടങ്ങിയതോടെ പടിഞ്ഞാറൻ മുന്നണിയിലും ഏകപക്ഷീയമായി വെടിനിറുത്താൻ ഇന്ദിരാഗാന്ധി തീരുമാനിച്ചു. അതംഗീകരിക്കുകയല്ലാതെ പാക്കിസ്ഥാന്റെ മുന്നിൽ മാർഗമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ യുദ്ധം ഇന്ത്യയുടെ സമ്പൂർണ വിജയത്തിൽ കലാശിച്ചു. യുദ്ധത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ജനറൽ യഹ്യാഖാന് അധികാരമൊഴിയേണ്ടി വന്നു. അദ്ദേഹം സുൾഫിക്കർ അലി ഭൂട്ടോയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരിന് വേണ്ടി വഴിമാറി.


അങ്ങനെ പാക്കിസ്ഥാനിലും ജനാധിപത്യം പുന:സ്ഥാപിതമായി. തുടർന്ന് മുജീബ് റഹ്മാനെ മോചിപ്പിച്ചു. അദ്ദേഹം ഒരു ജേതാവായി ആദ്യം ഡൽഹിയിലും തുടർന്ന് ഡാക്കയിലും തിരിച്ചെത്തി. ബംഗ്ലാദേശായി മാറിയ കിഴക്കൻ പാക്കിസ്ഥാനിൽ ഇന്ത്യയോട് സാഹോദര്യവും സൗഹാർദ്ദവും പുലർത്തുന്ന പുതിയൊരു സർക്കാർ സ്ഥാപിതമായി. 1972 ജൂലായ് മൂന്നിന് പാക്കിസ്ഥാനുമായി ഇന്ത്യ സിംല കരാർ ഒപ്പിട്ടു. കാശ്മീരിലൊഴികെ മറ്റെല്ലായിടത്തും പിടിച്ചെടുത്ത ഭൂപ്രദേശം വിട്ടുകൊടുക്കാമെന്നു ഇന്ത്യ സമ്മതിച്ചു. യുദ്ധതടവുകാരെ മോചിപ്പിക്കാനും തീരുമാനിച്ചു. കാശ്മീർ പ്രശ്നം ഭാവിയിൽ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്നും ഉടമ്പടിയിൽ വ്യക്തമാക്കി. കാശ്മീരിൽ ജനഹിത പരിശോധന നടത്തണമെന്ന ആവശ്യം പാക്കിസ്ഥാൻ എന്നെന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്തു.


ബംഗ്ലാദേശ് യുദ്ധത്തിലെ വിജയം ഇന്ദിരാഗാന്ധിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അജയ്യശക്തിയാക്കി മാറ്റി. 1972 മാർച്ചിൽ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വൻ വിജയം നേടി. ബംഗ്ലാദേശ് യുദ്ധത്തോടെ ഇന്ത്യയുടെ സൈനികശക്തി പരിപൂർണതയിലെത്തി. 1972 സെപ്തംബർ ഏഴിന് അണുപരീക്ഷണവുമായി മുന്നോട്ടുപോകാൻ ആണവോർജ കമ്മിഷൻ ചെയർമാൻ ഹോമി സേത്നയ്ക്ക് പ്രധാനമന്ത്രി അനുവാദം നൽകി. 1974 മേയ് 18 ന് പൊഖ്രാനിൽ ആദ്യ ആണവപരീക്ഷണം നടന്നു. തെക്കുകിഴക്കേ ഏഷ്യയിൽ ഇന്ത്യ അജയ്യ സൈനികശക്തിയായി മാറിയത് അയൽക്കാരെല്ലാവരും തിരിച്ചറിഞ്ഞു. അതിനുപിന്നാലെ ഹിമാലയസാനുക്കളിൽ 2,800 ചതുരശ്രമൈൽ വിസ്തീർണവും രണ്ടു ലക്ഷത്തിൽ താഴെ ജനസംഖ്യയുമുള്ള സിക്കിമിനെ ഇന്ത്യയോട് കൂട്ടിച്ചേർത്തു. ചൈനയ്ക്ക് കടുത്ത പ്രതിഷേധമുണ്ടായെങ്കിലും അതാരും വകവച്ചില്ല. 1962ൽ ചൈനയോടേറ്റ കനത്ത പരാജയവും 1965 ൽ പാക്കിസ്ഥാനോട് വഴങ്ങിയ സമനിലയും മറക്കാനും പുതിയൊരു ഊർജം വീണ്ടെടുക്കാനും 1971ലെ മഹത്തായ വിജയം ഇന്ത്യൻ സൈന്യത്തിന് അവസരം നൽകി. ജനറൽ മനേക് ഷായെ രാഷ്ട്രം പത്മവിഭൂഷൺ നൽകിയും ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകിയും ആദരിച്ചു. ഇന്ദിരാ ഗാന്ധിക്ക് അവർ തികച്ചും അർഹിച്ച ഭാരതരത്നവും ലഭിച്ചു.


ആയിരം കൊല്ലങ്ങൾക്കിടെ മുസ്ളീം ആക്രമണകാരികൾക്കെതിരെ ഒരു ഹിന്ദുരാഷ്ട്രം നേടിയ വിജയമായിട്ടാണ് ബംഗ്ലാദേശ് യുദ്ധത്തെ ചില പാശ്ചാത്യ നിരീക്ഷകർ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ സൈനിക മേധാവി ജനറൽ സാം മനേക് ഷാ ഒരു പാഴ്സിയും കിഴക്കൻ യുദ്ധമുന്നണിയിൽ നായകത്വം വഹിച്ച ലഫ്. ജനറൽ ജഗജിത് സിംഗ് അറോറ സിക്കുകാരനും യുദ്ധതന്ത്രം മെനഞ്ഞ മേജർ ജനറൽ ജേക്കബ് ജൂതനും കറാച്ചിയിലേക്ക് നാവിക വ്യൂഹത്തെ നയിച്ച റിയർ അഡ്മിറൽ കുരുവിള സുറിയാനി ക്രിസ്ത്യാനിയും ബംഗ്ലാദേശ് യുദ്ധത്തിൽ ആദ്യത്തെ പരമവീര ചക്രത്തിന് അർഹനായ ലാൻസ് നായിക്ക് ആൽബർട്ട് എക്ക ആദിവാസി ക്രിസ്ത്യാനിയും ആയിരുന്നു. മതത്തിനും വംശത്തിനും ഉപരിയായായി ഇന്ത്യ എന്ന വികാരമാണ് 1971ൽ പാക്കിസ്ഥാന് മേൽ നിർണായക വിജയം നേടിയത്. കൂടെ ഇന്ദിരാ ഗാന്ധി എന്ന ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതാവും പി.എൻ.ഹക്സർ എന്ന അവരുടെ ഏറ്റവും വിശ്വസ്തനായ ഉപദേശകനും സാം മനേക് ഷാ എന്ന സൈനിക മേധാവിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIARA GANDHI, BANGLADESH WAR, 1971 WAR, PAKISTAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.