SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.30 PM IST

നോർക്കയ്‌ക്ക് ഇരുപത്തഞ്ച് വയസ്; പ്രവാസ പരിപാലനത്തിന്റെ സാർഥകമായ കാൽ നൂറ്റാണ്ട്- പി ശ്രീരാമകൃഷ്‌ണൻ

norka

നോർക്ക രൂപീകൃതമായിട്ട് 2021 ഡിസംബർ ആറിന് 25 വർഷം പൂർത്തിയാവുകയാണ്. പ്രവാസ പരിപാലനത്തിന്റെ സാർഥകമായ കാൽ നൂറ്റാണ്ട് പിന്നിടുന്ന ഈ അവസരത്തിൽ കേരളവും പ്രവാസ സമൂഹവുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ട്. പത്തേമാരികളിൽ കടലുകൾ താണ്ടി മരുക്കാടുകളും അപരിചിതമായ ഭൂപ്രദേശങ്ങളും കടന്ന് ലോകമെമ്പാടും വ്യാപിച്ച മുൻകാല പ്രവാസി തലമുറകളെ ഈ അവസരത്തിൽ നമുക്ക് കൃതജ്ഞതയോടെ ഓർക്കാം.

ഇന്ന് മലയാളി ആഗോളതൊഴിൽ കുടിയേറ്റ ഭൂപടത്തിൽ ഗുണമേൻമയും വിശ്വാസ്യതയുമുള്ള സമൂഹമായി ബ്രാൻഡു ചെയ്യപ്പെട്ടിട്ടുള്ളതിന്റെ കാരണക്കാർ, അതിജീവനാർഥം ഇറങ്ങിപ്പുറപ്പെട്ട സാഹസികരായ ആ മുൻഗാമികളാണ്. ചെന്നെത്തുന്ന രാജ്യങ്ങളെ കുറിച്ചോ തൊഴിൽ സാഹചര്യങ്ങളെ കുറിച്ചോ കൃത്യമായ രൂപമില്ലാതെ ഭാഗ്യപരീക്ഷണാർഥം യാത്രയാരംഭിച്ച അവരുടെ കൈമുതൽ നിശ്ചയദാർഢ്യവും തോൽക്കാൻ തയ്യാറല്ലാത്ത മനസ്സുമായിരുന്നു.

വിപുലമാവുന്ന തൊഴിലിടങ്ങൾ

ഇന്ന് പ്രവാസത്തിന്റെ അലകും പിടിയും മാറ്റിപ്പണിയാൻ നമുക്ക് സാധിച്ചിരിക്കുന്നു. യൂറോപ്പിലെ മികച്ച തൊഴിൽ കുടിയേറ്റ കേന്ദ്രങ്ങളിലൊന്നും ലോകത്തിലെ ഏറ്റവും ശക്തമായ വ്യാവസായികവത്കൃത രാജ്യവുമായ ജർമനിയിയുമായി ഇന്ത്യയിലെ ആദ്യത്തെ സർക്കാർതല റിക്രൂുട്ടുമെന്റിന് കേരള സർക്കാരിന് വേണ്ടി കരാർ ഒപ്പിട്ടതിന്റെ നിറവിലാണിപ്പോൾ നോർക്ക റൂട്ട്സ്. ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയെ പ്രതിനിധീകരിച്ച് കരാർ ഒപ്പുവയ്ക്കാനെത്തിയ കോൺസുൽ ജനറൽ അച്ചിംബുക്കാർട്ട് ചരിത്രനിമിഷം എന്നാണ് അതിനെ വിശേഷിപ്പിച്ചത്. വൈദഗ്ദ്ധ്യത്തിലും അർപ്പണബോധത്തിലും ഏറെ മുന്നിൽ നിൽക്കുന്ന മലയാളി നഴ്സുമാർക്ക് തന്റെ രാജ്യത്ത് വിപുലമായ സാധ്യതകളുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ആരോഗ്യമേഖലയിൽ ഏറ്റവും വൈദഗ്ദ്ധ്യമാർന്ന മാനവവിഭവശേഷിയായും അദ്ദേഹം മലയാളികളെ വിശേഷിപ്പിച്ചു. ജർമനയിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും ഹോസ്പിറ്റാലിറ്റി മേഖലകളിലടക്കം വരുംനാളുകളിൽ പ്രതീക്ഷിക്കപ്പെടുന്ന വിപുമായ സാധ്യതകളുടെ ആദ്യപടിയാണ് ഈ പദ്ധതിയിലെ നോർക്ക പങ്കാളിത്തം.

പ്രവാസി പരിപാനത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടത്തെ നമ്മുടെ പ്രയാണം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്ന ഒടുവിലത്തെ ഉദാഹരണമാണ് ട്രിപ്പിൾ വിൻ. നോർക്കയ്ക്ക് രൂപം നൽകുമ്പോൾ ഉണ്ടായിരുന്ന പല സങ്കല്പനങ്ങളും ഇന്ന് യാഥാർഥ്യമായിരിക്കുന്നു. പ്രത്യേകിച്ചും കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വിപ്ലവകരമായ നിരവധി ചുവടുവയ്പ്പുകൾ ഈ മേഖലയിലുണ്ടായി. മലയാളി എവിടെയുണ്ടോ കേരളം അവിടെയുണ്ട് എന്ന സങ്കൽപത്തിൽ ആരംഭിച്ച ലോകകേരള സഭ ഉൾപ്പെടെയുള്ള നവീന ജനാധിപത്യക്രമങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്.

നോർക്ക റൂട്ട്സ് എന്നും പ്രവാസികൾക്കൊപ്പം

കേരളത്തെ പ്രവാസി സമൂഹത്തിന്റെ പ്രത്യേകത പൊതുവേ മധ്യേഷ്യയിലാണ് കൂടുതൽ ആളുകൾ ഉള്ളത് എന്നതാണ്. മധ്യേഷ്യയിലെ പ്രവാസികളിൽ ബഹുഭൂരിപക്ഷവും അവിടെ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നില്ല. മനസ്സ് കേരളത്തിൽ അവശേഷിപ്പിച്ചുകൊണ്ടാണ് അവർ പുറത്തു പോവുന്നത്. പ്രവാസത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് ശിഖരം വീശുമ്പോഴും അവരുടെ വേരുകൾ സ്വന്തം മണ്ണിന്റെ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങുന്നു. 2002ൽ നോർക്കയുടെ ഫീൽഡ് ഏജൻസിയായി രൂപീകരീച്ച നോർക്ക റൂട്ട്സിന്റെ നാമം തന്നെ ആ ആശയത്തെയാണ് ദ്യോതിപ്പിക്കുന്നത്.


തിരിച്ചുവരാനായി യാത്രപുറപ്പെടുന്ന പ്രവാസിക്കു വേണ്ടി രൂപീകൃതമായ നോർക്കയ്ക്ക് മൂന്നു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങൾ സ്വാഭാവികമായും ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു വിജയകരവും സുരക്ഷിതവുമായി പ്രവാസത്തിന് യാത്രികനെ/യാത്രികയെ സജ്ജമാക്കുക, ചെന്നെത്തുന്ന നാട്ടിൽ നേരിടാനിടയുള്ള പ്രതിസന്ധികളിൽ ഒപ്പമുണ്ടാവുക, തിരിച്ചെത്തുന്നവർക്ക് പുനരധിവാസം ഒരുക്കുക. ഇവ മൂന്നും പരസ്പരബന്ധിതമായ പ്രക്രിയയുടെ ഭാഗമെന്നതിനാൽ തന്നെ മൂന്നിനും ഏതാണ്ട് തുല്യപരിഗണന തന്നെ നൽകുകയും ചെയ്തു. പ്രവാസത്തിനു മുമ്പും പ്രവാസത്തിനൊപ്പവും പ്രവാസത്തിനു ശേഷവും എന്നു വ്യക്തമാക്കിക്കൊണ്ട് എന്നും പ്രവാസികൾക്കൊപ്പമെന്ന് മുദ്രാവാക്യമാണ് നോർക്ക റൂട്ട്സ് സ്വീകരിച്ചിട്ടുള്ളത്.


മഹാമാരിയെ മറികടന്ന കരുതൽ

മനുഷ്യരാശിയുടെ തന്നെ എല്ലാ മുൻഗണനാക്രമങ്ങളും തകിടം മറിച്ചുകൊണ്ടെത്തിയ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തിരിച്ചെത്തുന്നവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അടിയന്തിര പ്രാധാന്യം ഇപ്പോൾ സർക്കാർ നൽകിയിട്ടുണ്ട്. കോവിഡു പശ്ചാത്തലത്തിൽ തിരിച്ചെത്തുന്നവർക്കായി സർക്കാർ ആവഷ്‌കരിച്ച പ്രവാസി ഭദ്രത സംരംഭകത്വസഹായ പദ്ധതികൾ വലിയ പ്രതികരണമാണ് ഇതിനകം നേടിയെടുത്തത്. കുടുംബശ്രീ വഴി നടപ്പാക്കുന്ന പ്രവാസി ഭദ്രത പേൾ പദ്ധതിയിൽ രണ്ടു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ സൂക്ഷമ സംരംഭകർക്കായി ലഭ്യമാക്കുമ്പോൾ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾ കെ.എസ്.എഫ്.ഇയും കേരളാബാങ്കും വഴി നൽകുന്നു.

തിരിച്ചെത്തിയശേഷം സ്വയംസംരംഭങ്ങളിലൂടെ സുസ്ഥിരവരുമാനമുണ്ടാക്കാൻ ശ്രമിക്കുന്ന പ്രവാസികളെ പിന്തുണയ്ക്കാൻ നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻ.ഡി.പി.ആർ.എം) പദ്ധതി നേരത്തേ നിലവിലുണ്ട്. 30 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങൾക്ക് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം) മൂന്നു ശതമാനം പലിശ സബ്സിഡിയും ഈ പദ്ധതി വഴി അനുവദിക്കുന്നു. ഈ സാമ്പത്തിക വർഷം ഇതുവരെ 450ഓളം സംരംഭങ്ങൾക്ക് സഹായം ലഭ്യമാക്കി. എട്ടു കോടിയോളം രൂപ വിതരണംചെയ്തു.

പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ തിരികെയെത്തി ദുരിതമനുഭവിക്കുന്ന കേരളീയർക്കായുളള ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിൽ കോവിഡ് കാലത്ത് സഹായധനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി. 2020 21 സാമ്പത്തിക വർഷത്തിൽ 27 കോടി രൂപയും അതിനുശേഷം ഇതുവരെ 12.16 കോടി രൂപയും ഉൾപ്പെടെ ആകെ 39.16 കോടി രൂപയാണ് ഈ പദ്ധതി വഴി വിതരണം ചെയ്തത്. ഇക്കാലയളവിലെ ഗുണഭോക്താക്കളുടെ എണ്ണം 6359 വരും. കോവിഡും ലോക്ഡൗണും ഏറെ പ്രതികൂലമായി ബാധിച്ചത് പ്രവാസികളെയാണെന്നതിനാൽ 2016 17 വർഷത്തിൽ 2200 ഗുണഭോക്താക്കള്ക്കായി 12.70 കോടി രൂപയാണ് ആകെ ചെലവഴിച്ചതെങ്കിൽ 2019 2020 വർഷത്തിൽ ഗുണഭോക്താക്കളുടെ എണ്ണം 4102 ആയും ചെലവഴിച്ച തുക 24.25 കോടിരൂപയായും വർധിച്ചു.

സുരക്ഷാ പദ്ധതികൾ പ്രയോജനപ്പെടുത്തണം

പ്രവാസലോകത്തുള്ളവർക്കായി ആവിഷ്‌കരിച്ചിട്ടുള്ള സമൂഹിക സുരക്ഷാ പദ്ധതികൾ പ്രയോജനപ്പെടുത്താൻ കൂടുതൽ പ്രവാസികൾ മുന്നോട്ടു വരണമെന്നാണ് അഭ്യർഥിക്കാനുള്ളത്. കേവലം 315 രൂപയ്ക്ക് പ്രവാസി തിരിച്ചറിയൻ കാർഡ് ലോകത്തിലെവിടെ നിന്നും നോർക്ക റൂട്ട്സിന്റെ വെബ്‌സൈറ്റ് വഴി തന്നെ സ്വന്തമാക്കാവുന്നതാണ്. നാലു ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ ഇത് തുണയാവും. വിദ്യാർഥി തിരിച്ചറിയൽ കാർഡ്, എൻ.ആർ.കെ. ഇൻഷുറൻസ് കാർഡ്, പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി എന്നിവയിലും കൂടുതൽ പേരെ ഉൾക്കൊള്ളിക്കാൻ നടപടി സ്വീകരിക്കും.

വിദേശത്ത് പ്രവാസികൾക്ക് നിയമസഹായത്തിനായി പ്രവർത്തിച്ചുവരുന്ന പ്രവാസിലീഗൽ എയ്ഡ് സെല്ലുകൾ, പരാതികൾ അറിയിക്കുന്നതിനും സംശയനിവാരണത്തിനും ബന്ധപ്പെടാവുന്ന 24 മണിക്കൂർ പ്രവർത്തിക്കുന്ന ഗ്ലോബൽ കോൺടാക്ട് സെന്റർ എന്നിവ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വർധിച്ചു വരുന്നത് സന്തോഷകരമാണ്. അതോടൊപ്പം വിദേശത്ത് ലേബർ ക്യാമ്പുകളിലടക്കം പണിയെടുക്കുന്നവരുടെ പരിപാലനത്തിനായി പുതിയ പദ്ധതികൾ നടപ്പാക്കുന്ന കാര്യവും പരിഗണിക്കും.

മഹാമാരിയുടെ കാലയളവിൽ ആഗോളതലത്തിലേക്ക് തന്നെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചുകൊണ്ട് പ്രവാസി സമൂഹത്തിന് കൂടുതൽ കൈത്താങ്ങാവാൻ നോർക്കയ്ക്ക് സാധിച്ചു. ഇരുപതിലധികം രാജ്യങ്ങളിൽ ഹെൽപ്പ്‌ഡെസ്‌കുകൾ തുടങ്ങി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും സമാനമായ സംവിധാനങ്ങൾ ഉണ്ടാക്കി. യാത്രാവിലക്കു മൂലം നാട്ടിൽ കുടുങ്ങിയ ഒന്നേകാൽ ലക്ഷത്തിലേറെ പേർക്ക് അയ്യായിരം രൂപ വീതം വിതരണം ചെയ്തു. കോവിഡു വന്നു മരിച്ച പ്രവസികളിൽ ക്ഷേമനിധി അംഗത്വമുള്ളവർക്ക് 10,000 രൂപ വീതം നൽകി. കോവിഡു മൂലം വിദേശത്തോ നാട്ടിലോ മരിച്ച എല്ലാ പ്രവാസികളുടെയും അവിവാഹിതകളായ പെൺമക്കൾക്ക് ഒറ്റത്തവണ സഹായമായി 25,000 രൂപ വീതം നൽകുന്ന പ്രവാസി തണൽ പദ്ധതി ആർ.പി. ഫൗണ്ടേഷന്റെ സഹായത്തോടെ ആവിഷ്‌കരിച്ചു നടപ്പാക്കി.

സുരക്ഷിത കുടിയേറ്റം

സുരക്ഷിതവും ഗുണമേൻമയുള്ളതുമായ തൊഴിൽകുടിയേറ്റം നമ്മുടെ പ്രധാന മുദ്രാവാക്യമാണ്. പലപ്പൊഴും ചതിക്കുഴികൾ നിറഞ്ഞ ഈ മേഖലയിൽ വലിയ ബോധവത്കരണങ്ങൾ നടക്കേണ്ടതുണ്ട്. കോവിഡിനു ശേഷം ആഗോളതലത്തിൽ തൊഴിൽ മേഖലയിലുണ്ടായ മാറ്റങ്ങൾ ഉൾക്കൊണ്ട് പരമാവധി സാധ്യതകൾ കണ്ടെത്താനുള്ള എല്ലാ നടപടികളും നോർക്ക കൈക്കൊള്ളും. പരമ്പരഗാര മേഖലകൾക്കു പറമെ പുതിയ തൊഴിലിടങ്ങളിലെ സാധ്യതകൾ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ജപ്പാൻ, ജർമനി പോലുള്ള രാജ്യങ്ങളിലേക്കുള്ള റിക്രൂട്ടുമെന്റ് നടപടികൾ. പുതിയ റിക്രൂട്ടുമെന്റുകൾക്കായി ജോബ് ഫെയറുകൾ നടപ്പാക്കാനും നോളഡ്ജ് മിഷനുമായി സഹകരിച്ച് ഓവർസീസ് എംപ്ലോയേഴ്സിനെ കേരളത്തിലേക്ക് കൊണ്ടുവരാനും ശ്രമിക്കും. കോവിഡാനന്തര ലോകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത സേവനമേഖലയിൽ ഊന്നിയ തൊഴിൽമേഖലകളുടെ വർധിച്ച പ്രാധാന്യമാണ്. കേരളം സേവനമേഖലകളിൽ ഊന്നിയ ഒരു തൊഴിൽ സമൂഹം കൂടിആയതിനാൽ ആ മേഖലയിൽ നമുക്ക് വലിയ പ്രസക്തിയുണ്ട്. അത് വർധിപ്പിക്കുക എന്നത് പ്രധാനരപ്പെട്ട ഉത്തരവാദിത്വമാണ്.


നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ

സംരംഭകത്വം ലക്ഷ്യം വച്ചുകൊണ്ടു പ്രവർത്തിക്കുന്ന പ്രവാസി ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതുംപരിഗണനയിലാണ്. പ്രവാസികൾ ആരംഭിക്കുകയും വിവിധ കാരണങ്ങളാൽ പ്രവർത്തനം നിലക്കുകയും ചെയ്ത സംരംഭങ്ങൾക്ക് എന്തുസംഭവിച്ചുവെന്ന് അന്വേഷിക്കാൻ വ്യവസായ മന്ത്രി തന്നെ നേരിട്ടു പങ്കെടുക്കുന്ന അദാലത്തുകൾ സംഘടിപ്പിക്കും. പ്രവാസി സംരംഭങ്ങൾക്ക് പ്രത്യേകം പരിഗണന നൽകുന്നതിന് വേണ്ടിയുള്ള ഒരു നോഡൽ ഏജൻസിയായി എൻ.ബി.എഫ്.സി പ്രവർത്തിക്കും.


കേരളത്തെ സംബന്ധിച്ചിടത്തോളം പ്രവാസം കേരളം വിട്ടുള്ള ഒരു ജീവിതമല്ല, കേരളത്തോടൊപ്പമുള്ള ജീവിതമാണ്. ജനതയുടെ അടിസ്ഥാന സ്വത്വം എന്നത് ഭാഷയാണ്. ആ ഭാഷയിലൂടെ രൂപപ്പെട്ടുവരുന്ന സംസ്‌കാരവുമാണ്. അത് സംരക്ഷിക്കാൻ ആവശ്യമായ ആഗോള മലയാള മിഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ കൂടി നോർക്കയുടെ പ്രവർത്തനങ്ങളുമായി ഏകോപിപ്പിക്കും. ആഗോളസാഹിത്യോത്സവം, യുവജനോത്സവം തുടങ്ങിയവ ലോകകേരളസഭയോടനുബന്ധിച്ച് മാത്രമല്ലാതെയും സംഘടിപ്പിക്കും.

സോഷ്യൽ ഹാക്കത്തോൺ


ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അറിവുകൾ കേരളത്തിലേക്ക് വിന്യസിപ്പിക്കാൻ വേണ്ടുന്ന സോഷ്യൽ ഹാക്കത്തോൺ നമ്മുടെ ലക്ഷ്യമാണ്. നമ്മുടെ കുറവുകൾ കണ്ടെത്തുക, അവ പരിഹരിക്കാൻ ലോകത്തിലെ വിവിധ രാജ്യങ്ങൾ സ്വീകരിച്ച മാർഗങ്ങളെ കുറിച്ച് ആരായുക. അവയിൽ വലിയ പങ്കുവഹിച്ച മലയാളികളുടെ സേവനം കേരളത്തിലും കൊണ്ടുവരാൻ ശ്രമിക്കുക. എന്നിവ സോഷ്യൽ ഹാക്കത്തോണിന്റെ ഭാഗമായി നടക്കണം. സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികൾ ഇതിനായി ആവിഷ്‌കരിക്കും.

മഹമാരിക്കു ശേഷം ഉയിർത്തെഴുന്നേൽക്കുന്ന ലോകത്ത് പ്രവാസി മലയാളിയുടെ സ്ഥാനം കൂടുതൽ ഉയരത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഉണ്ടാകേണ്ടത്. അതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യർഥിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: P SREERAMAKRISHNAN, NORKA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.