SignIn
Kerala Kaumudi Online
Thursday, 25 April 2024 5.40 PM IST

വിജയദാസിന്റെ മകന്റെ രാഷ്ട്രീയ നിയമനവും നിയമക്കുരുക്കിൽ

sec

തിരുവനന്തപുരം: അന്തരിച്ച മുൻ എം.എൽ.എ കെ.കെ.രാമചന്ദ്രൻ നായരുടെ മകന് മരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസി.എൻജിനിയറായി നിയമനം നൽകിയത് ഹൈക്കോടതി റദ്ദാക്കിയതോടെ, നിയമസഭാംഗമായിരിക്കെ മരിച്ച കെ.വി.വിജയദാസിന്റെ രണ്ടാമത്തെ മകൻ കെ.വി.സന്ദീപിന് പാലക്കാട് ജില്ലയിൽ ഓഡിറ്ററായി നിയമനം നൽകിയതും നിയമക്കുരുക്കിലായി.

പാലക്കാട് കളക്ടറുടെ ശുപാർശയിൽ, വിരമിക്കൽ കാരണം ഒഴിവുവന്ന തസ്തികയിലാണ് ബിരുദധാരിയായ സന്ദീപിനെ ജൂലായ് 28ന് ആശ്രിത നിയമനത്തിന്റെ മറവിൽ തിരുകിക്കയറ്റിയത്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയാണ് നിയമനം നടത്തിയത്. 2011ലും 2016ലും കോങ്ങാട് മണ്ഡലത്തിൽ നിന്ന് സി.പി.എം പ്രതിനിധിയായാണ് വിജയദാസ് നിയമസഭയിലെത്തിയത്.

സർക്കാർ സർവീസിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്ക് മാത്രമേ ചട്ടപ്രകാരം സർക്കാർ വകുപ്പുകളിൽ നിയമനം നൽകാനാവൂ. മരിച്ചയാൾ ജോലി ചെയ്തിരുന്ന വകുപ്പിലെ ക്ലാസ്-3, ക്ലാസ്-4 തസ്തികകളിൽ നിലവിലുള്ളതോ അടുത്ത് ഉണ്ടാകാവുന്നതോ ആയ ഒഴിവിലേക്കാണ് നിയമനം നൽകേണ്ടത്. ഓരോ വർഷവും വകുപ്പുകളിലുണ്ടാവുന്ന ആകെ ഒഴിവുകളുടെ അഞ്ച് ശതമാനം മാത്രമായിരിക്കണം അതെന്ന ഹൈക്കോടതി ഉത്തരവുമുണ്ട്. പൊതുതസ്തികകളിൽ അപേക്ഷിച്ചവർക്ക് യോഗ്യതയ്ക്ക് അനുസരിച്ച് സാങ്കേതിക തസ്തികകളിലടക്കം ഇപ്പോൾ നിയമനം നൽകുന്നുണ്ട്.

അഞ്ച് ശതമാനം പരിധി ലംഘിച്ച് ആശ്രിതനിയമനം നടക്കുന്നതായി 2017-2020ലെ നിയമനങ്ങൾ പരിശോധിച്ച് ശമ്പളപരിഷ്കരണ കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം കളക്ടറേറ്റിലെ 515നിയമനങ്ങളിൽ 68ഉം(13.20%), എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിലെ 209നിയമനങ്ങളിൽ 28ഉം(13.40%), സംസ്കൃതസർവകലാശാലയിൽ 35നിയമനങ്ങളിൽ അഞ്ചെണ്ണവും (14.29%), നിയമസഭാ സെക്രട്ടേറിയറ്റിൽ 131നിയമനങ്ങളിൽ 18എണ്ണവും(13.74%) ആശ്രിതനിയമനമായിരുന്നു. ആശ്രിതനിയമനം നേടുമ്പോൾ, ജീവനക്കാരന്റെ മാതാപിതാക്കളെയും അനന്തരാവകാശികളെയും ജീവിതകാലം മുഴുവൻ വരെയും, സഹോദരങ്ങളെ പ്രായപൂർത്തിയാകും വരെയും സംരക്ഷിക്കാമെന്ന് സമ്മതപത്രം നൽകണം.

സർക്കാർ അപ്പീലിന്

ആശ്രിതനിയമനം സർക്കാരിന്റെ അധികാരമാണെന്ന് സുപ്രീംകോടതി ഉത്തരവുകളുണ്ടെന്നും ഇത് ചൂണ്ടിക്കാട്ടി അപ്പീൽ നൽകുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ആശ്രിതനിയമനം ആകെ ഒഴിവുകളുടെ 5 ശതമാനത്തിൽ അധികമാവരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നിലവിലുണ്ട്. അതിക്രമത്തിനിരയായി മരിക്കുന്ന പട്ടികവിഭാഗക്കാരുടെ ആശ്രിതർക്ക് മന്ത്രിസഭാ തീരുമാനപ്രകാരം ജോലി നൽകുന്നുണ്ട്.

ജോലിക്ക് പകരം പെൻഷൻ

ആശ്രിതനിയമനം അവസാനിപ്പിച്ച് 100% പ്രത്യേക കുടുംബപെൻഷൻ നൽകണമെന്നാണ് 11-ാം ശമ്പളകമ്മിഷൻ ശുപാർശ.

കുടുംബവരുമാനം 8 ലക്ഷത്തിൽ താഴെയുള്ളവർക്ക് അഞ്ചുവർഷം വരെ അവസാനത്തെ അടിസ്ഥാനശമ്പളത്തിന് തുല്യമായോ പരമാവധി 50,000 രൂപയോ നൽകാം.

ഈ കാലാവധിക്കുശേഷം നിലവിലെ കുടുംബപെൻഷൻ തുടരാം. ശുപാർശയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല

1968

ഉമ്മൻചാണ്ടി സർക്കാർ ആശ്രിതനിയമനം നൽകിയത്

646

ഒന്നാം പിണറായി സർക്കാർ 2020 ജൂലായ് വരെ നിയമനം നൽകിയത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: APPOINMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.