SignIn
Kerala Kaumudi Online
Saturday, 20 April 2024 1.52 AM IST

അവസാന ഭാഗങ്ങളിലെ ഒരു സീൻ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ കാരണത്താൽ മനസിൽ കയറി: മരക്കാർ റിവ്യൂവുമായി ടിഎൻ പ്രതാപൻ

marakkar

മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് റിവ്യുവുമായി കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ എംപി. ആദ്യദിവസം തന്നെ ചിത്രം തിയേറ്ററിൽ പോയി കണ്ടെങ്കിലും പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്ന നിരാശ പ്രതാപൻ പങ്കുവച്ചു. മോഹൻലാൻ എന്ന മഹാനടനെ തന്നെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൽ തിരക്കഥ പരാജയപ്പെട്ടു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം-

'പ്രിയദർശൻ സംവിധാനം ചെയ്ത, 'മരക്കാർ അറബിക്കടലിന്റെ സിംഹം' ആദ്യ ദിവസം തന്നെ കണ്ടിരുന്നു. പാർലമെന്റ് നടക്കുന്നതിനാൽ ഡൽഹിയിലെ ആദ്യ ഷോ കാണാൻ കഴിഞ്ഞില്ല. എങ്കിലും വൈകുന്നേരം സുഹൃത്തുക്കളുമായി ജനക്പുരിയിലെ സിനിയോപോളിസിൽ ചിത്രം കണ്ടു. വലിയ കാത്തിരിപ്പായിരുന്നു ഈ സിനിമക്ക് വേണ്ടി ഉണ്ടായിരുന്നത്. എന്നാൽ ആ പ്രതീക്ഷക്ക് വേണ്ട നിലവാരം ചിത്രത്തിനില്ലാതെ പോയി എന്നുതോന്നി. കുഞ്ഞാലി മരക്കാർ എന്ന വീര പുരുഷനെ, പോർച്ചുഗീസ് അധിനിവേശത്തെ, കേരളത്തിലെ അന്നത്തെ രാഷ്ട്രീയത്തെ, സംസ്‌കാരത്തെ, സാമുദായിക സൗഹാർദ്ധത്തെ ഒക്കെ വളരെ നന്നയി അവതരിപ്പിക്കാനുള്ള അവസരം ശരിയായി ഉപയോഗിച്ചില്ലെന്ന് തോന്നി.


മോഹൻലാൻ എന്ന മഹാനടനെ തന്നെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൽ തിരക്കഥ പരാജയപ്പെട്ടു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതേസമയം, മലയാള സിനിമക്ക് വലിയ ഒരു ആത്മവിശ്വാസം നൽകുന്ന ചിത്രമായി മരക്കാർ മാറി. വലിയ ചിലവിലുള്ള സിനിമാ നിർമ്മാണത്തിന് മരക്കാർ വഴിയൊരുക്കുകയാണ്. വി എഫ് എക്‌സ് പോലുള്ള സാങ്കേതിക മികവിലും മരക്കാർ മാതൃകയായി.


ചിത്രം കണ്ടിറങ്ങുമ്പോൾ മനസ്സിൽ തങ്ങുന്ന കുറെയധികം സീനുകൾ ഉണ്ടാവുക എന്നത് ലാൽ സിനിമകളുടെ ഒരു പ്രത്യേകതയാണ്. വിശേഷിച്ചും ഒരു വീരപുരുഷനെ സംബന്ധിച്ച ചരിത്രം പറയുന്ന സിനിമയാകുമ്പോൾ അത് എന്തായാലും ഉണ്ടാവേണ്ടതായിരുന്നു, എന്നാൽ അങ്ങനെ പറയത്തക്ക സീനുകളുടെ അഭാവം വല്ലാതെ നിരാശപ്പെടുത്തി. അതേസമയം, അവസാന ഭാഗങ്ങളിലെ ഒരു സീൻ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ കാരണത്താൽ മനസ്സിൽ കയറി .
കുഞ്ഞാലി മരക്കാരെ ചതിച്ചു കീഴ്‌പ്പെടുത്തി വിചാരണക്ക് എത്തിച്ചിരിക്കുകയാണ്. ഗോവയിലാണ് പോർച്ചുഗൽ രാജാവിന്റെ നിർദേശ പ്രകാരം കോടതി വിചാരണ. മാപ്പെഴുതി നൽകിയാൽ വെറുതെ വിടാമെന്ന് രാജാവിന്റെ ഉറപ്പുണ്ടെന്ന് കോടതി മരക്കാറിനെരെ അറിയിച്ചു. മേഴ്‌സി പെറ്റിഷൻ! മാപ്പപേക്ഷ! ഒരു കടലാസിൽ ഒപ്പുവെച്ചാൽ, മാപ്പ് അപേക്ഷിച്ചാൽ കുറ്റവിമുക്തനായി തിരികെ ചെല്ലാം. മരണത്തിന്റെ മുന്നിൽ നിന്ന് വീണ്ടും ജീവിതത്തിലേക്ക് മടങ്ങാം. പക്ഷെ, കുഞ്ഞാലി മരക്കാർ രാജമുദ്രയുള്ള കടലാസ് വാങ്ങി രണ്ടായി കീറിയെറിഞ്ഞു. പിറന്ന മണ്ണിനെ കട്ടുമുടിക്കാനും അടക്കി വാഴാനും വന്ന വൈദേശിക ശക്തികളോട് മാപ്പ് പറയുന്നതിനേക്കാൾ മരക്കാർ ചെയ്തത് ധീരമായി മരണത്തെ പുൽകലായിരുന്നു.


അതെ, പോർച്ചുഗീസുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരും, ബ്രിടീഷുകാരും മാറിമാറിവന്നപ്പോൾ അവരോട് മാപ്പപേക്ഷ നടത്താതെ പോരാടിയ കുഞ്ഞാലി മരക്കാറിനെ പോലെയുള്ള ധീരരായ സ്വാതന്ത്ര്യ സമര സേനാനികളാണ് നമ്മുടെ ചരിത്രത്തിന്റെ അഭിമാനം. അല്ലാതെ പലതവണ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സവർക്കറെ പോലുള്ളവരല്ല.
കുഞ്ഞാലി മരക്കാർ എന്ന ധീരദേശാഭിമാനിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ കാണിച്ച പരിശ്രമങ്ങൾക്ക്, താല്പര്യത്തിന് ഈ രാജ്യം പ്രിയദർശനോടും മോഹൻലാലിനോടും മറ്റു അണിയറ പ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരക്കാരെ സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് മോഹൻലാലിൻറെ ഭാഗ്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. നന്ദി'.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TN PRATHAPAN, MARAKKAR REVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.