SignIn
Kerala Kaumudi Online
Thursday, 28 March 2024 9.20 PM IST

ദുരൂഹത സൃഷ്ടിച്ച് 3 സംശയങ്ങൾ

haq

പാക് പട്ടാളഭരണമേധാവിയും ഭരണാധികാരിയുമായിരുന്ന സിയാ ഉൾ ഹക്കിന്റെ അന്ത്യത്തിനിടയാക്കിയ വിമാനഅപകടത്തെ ഓർമ്മിപ്പിക്കുന്നതാണ്, ഇന്ത്യൻ ചീഫ് ഒഫ് സ്റ്റാഫ് ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിനു നേരിട്ട നിർഭാഗ്യദുരന്തം. അറിഞ്ഞ മാത്രയിൽ തന്നെ ദുരൂഹതയുടെ ഒരു കാർമേഘം സൃഷ്ടിക്കുന്നതാണ് ഇത്തരം അപകടങ്ങൾ. ഒരു കൂട്ടം സംശയങ്ങളുടെ കെട്ടഴിച്ചുവിട്ടുകൊണ്ടാണ് സിയയും മറ്റും സഞ്ചരിച്ചിരുന്ന വിമാനം നിലംപതിച്ചത്. കോപ്റ്റർ ദുരന്തവും സൃഷ്ടിച്ചിരിക്കുകയാണ്, കീറാമുട്ടി പോലുള്ള മൂന്ന് സംശയങ്ങൾ.

1. അന്തരീക്ഷം എത്ര കലുഷിതമാണെങ്കിലും ഒരു കുലുക്കവുമില്ലാതെ പറക്കാനുള്ള ശേഷിയും അപകടസാദ്ധ്യതകൾക്കെതിരായ കവചസംവിധാനവുമുള്ള അത്യാധുനിക ട്രാൻസ്പോർട്ട് ഹെലികോപ്റ്ററായ എം.ഐ 17 വി5 എങ്ങനെ ഒരു ദുരന്തത്തിലേക്ക് കൂപ്പുകുത്തി?

2. അതിപ്രമുഖർക്ക് സഞ്ചരിക്കാൻ സജ്ജമാക്കുന്ന വാഹനങ്ങളിൽ കേടുപാടുകളുടെ തരി പോലുമില്ലെന്ന് വിദഗ്ദ്ധർ ഉറപ്പാക്കും. റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ പുറപ്പെട്ട സുലൂർ വ്യോമത്താവളത്തിൽ ഈ രംഗത്തെ വിദഗ്ദ്ധരുടെ പട തന്നെയുണ്ട്. അവർ അശ്രദ്ധ കാട്ടുമോ?

3. യാത്രാലക്ഷ്യമായ വെല്ലിംഗ്‌ടൺ പ്രതിരോധ സർവീസസ് കോളേജിലേക്ക് സുലൂരിൽ നിന്ന് അധികദൂരമില്ല. 580 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാനും 13 ടൺ ഭാരം വരെ വഹിക്കാനും കെല്പുള്ള കോപ്റ്ററാണ്. 6,000 മീറ്റർ വരെ ഉയരത്തിൽ പറക്കാനാവും. രണ്ട് എൻജിനാണ്. ഇവയൊന്നും പ്രയോജനപ്പെട്ടില്ലേ?

ദുരന്തത്തിലേക്ക് പതിക്കും മുമ്പ് പൈലറ്റ് എന്തെങ്കിലും അപായസൂചന നൽകിയോ? നൽകിയെങ്കിൽ എന്തു സന്ദേശമാണ് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭ്യമായിട്ടില്ല. എന്തൊക്കെ ഉത്തരങ്ങൾ ലഭിച്ചാലും ദുരൂഹതകളുടെ പുകപടലം പൂർണ്ണമായും കെട്ടടങ്ങില്ലെന്നാണ് സിയയുടെ ചരിത്രം നൽകുന്ന പാഠം.

സിയയുടെ അകാലഅന്ത്യത്തിന് ഇടയാക്കിയ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം കൃത്യമായ ഒരു ഉത്തരത്തിലും എത്തിച്ചേരാതെ ആന്റിക്ലൈമാക്സിൽ കലാശിക്കുകയായിരുന്നു. അപകടത്തിനു പിന്നിൽ അട്ടിമറിയാണെന്ന് കണ്ടെത്തി. എന്നാൽ, അട്ടിമറിക്കു പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചില്ല!

ഇന്ത്യ, ഇസ്രയേൽ, സോവിയറ്റ് യൂണിയൻ (ഇപ്പോൾ റഷ്യ) എന്നീ രാജ്യങ്ങളുടെ ചാരസംഘടനകളെ ആയിരുന്നു സംശയം. പാക് ജനത മാത്രമല്ല, ലോകമാകെയും കരുതിയത് ഈ സംശയത്തിൽ കുറച്ച് കഴമ്പുണ്ടെന്നാണ്. പക്ഷേ, ഈ സംശയത്തെ ഒരു പരിധി വരെ നിർവീര്യമാക്കുന്നതായിരുന്നു, അന്വേഷണസംഘത്തിന്റെ ഒരു നിഗമനം. അപകടത്തിനു മുമ്പ് പൈലറ്റ് ഒരു അപായസന്ദേശവും കൺട്രോൾ ടവ്വറിലേക്ക് അയച്ചിരുന്നില്ല. അതിനാൽ, അട്ടിമറിക്ക് ഉപയോഗിച്ചത് കൊടിയ വിഷവാതകമാണെന്നായിരുന്നു നിഗമനം.

വീണ്ടും സംശയമായി. ടൈംബോംബ് പോലെ പ്രവർത്തിച്ച വിഷവാതകപേടകം ഗൂഢമായി വിമാനത്തിൽ എത്തിച്ചത് ആരാണ്? വിദേശചാരന്മാർക്ക് തനിയേ ചെയ്യാവുന്ന ഒരു കൃത്യമല്ല ഇതെന്നിരിക്കെ, കപ്പലിൽ തന്നെയുണ്ടായിരുന്നു, ഒരു കള്ളൻ. അതാര്? സിയയുടെ കണ്ണിലെ കരടുകളിൽ ഒന്നായിരുന്ന മേജർ ജനറൽ മഹമൂദ് അലി ദുറാനി സംശയനിഴലിലായി. പക്ഷേ, കൂടുതൽ അന്വേഷണം നടന്നില്ല! അതിന്റെ കാരണം എന്തെന്ന് ഇനി വേണം വ്യക്തമാകാൻ.

...................................

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BIPIN RAWAT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.