SignIn
Kerala Kaumudi Online
Thursday, 25 April 2024 8.02 PM IST

മിന്നലിന്റെ തേരാളി

bipin

ഇന്ത്യൻ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചാണ്, രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഊട്ടിക്കടുത്ത് കൂനൂരിൽ വ്യോമസേനാ ഹെലികോപ്‌റ്റർ തകർന്ന് ജീവൻവെടിഞ്ഞത്. അതിർത്തി കടന്നുള്ല മിന്നലാക്രമണങ്ങളുടെ സൂത്രധാരനും ബുദ്ധികേന്ദ്രവുമായിരുന്ന ജനറലിന്റെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണ്. മൂന്ന് സായുധ സേനകളുടെയും ഓപ്പറേഷനുകൾ ഏകോപിപ്പിക്കുന്ന മിലിട്ടറി കമാൻഡുകൾ രൂപീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യദൗത്യം. 2023ൽ ഇവ നിലവിൽ വരേണ്ടതാണ്. ശത്രുവിന് അതിവേഗം തിരിച്ചടി നൽകാൻ മിന്നലാക്രമണങ്ങൾക്ക് പ്രാപ്തിയുള്ള ഇന്റഗ്രേ​റ്റഡ് ബാ​റ്റിൽ ഗ്രൂപ്പുകളുടെ രൂപീകരണവും പാതിവഴിയിലാക്കിയാണ് ജനറലിന്റെ അപ്രതീക്ഷിത മടക്കം.

മിലിട്ടറി കമാൻഡുകൾക്ക് കീഴിൽ സേനകളുടെ ആൾബലം, കഴിവ്, ലോജിസ്‌റ്റിക്‌സ് എന്നിവ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി, സേനകളുടെ പ്രവർത്തനം ഏകീകരിക്കാനും ചെലവു കുറയ്‌ക്കാനും ലക്ഷ്യമിട്ടായിരുന്നു പ്രതിരോധ മന്ത്രാലയം തിയറ്റർ കമാൻഡ് രൂപീകരിക്കാൻ ഒരുങ്ങിയത്. വെസ്‌റ്റേൺ തിയറ്റർ കമാൻഡ്, നോർത്തേൺ തിയറ്റർ കമാൻഡ്, ചൈനയുമായി അതിർത്തി പങ്കിടുന്ന ഭാഗത്ത് ഈസ്‌റ്റേൺ തിയറ്റർ കമാൻഡ് എന്നിങ്ങനെയാണ് മിലിട്ടറി കമാൻഡുകൾ. പെനിൻസുല കമാൻഡ്, വ്യോമ പ്രതിരോധ കമാൻഡ്, സ്‌പേസ് കമാൻഡ്, മൾട്ടി സർവീസ് ലോജിസ്‌റ്റിക്സ് കമാൻഡ്, ട്രെയിനിംഗ് കമാൻഡ് എന്നിവയും പരിഗണനയിലായിരുന്നു. ജനറൽ ബിപിൻ റാവത്തിന്റെ ദാരുണവിയോഗത്തിനിടയാക്കിയ കോപ്‌റ്റർ അപകടത്തിൽ ദുരൂഹത സംശയിക്കുന്നതിന് ഏകകാരണം കമാൻഡുകളുടെ രൂപീകരണത്തിന്റെ അമരത്ത് അദ്ദേഹമായിരുന്നു എന്നതാണ്.
സായുധ സേനകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കാരത്തിനായിരുന്നു ജനറൽ റാവത്ത് തുടക്കമിട്ടത്. ഇന്ത്യൻ സൈന്യത്തിന്റെ പ്രഹരശേഷി ഉയർത്തുകയും അതുവഴി ശത്രുക്കൾക്ക് ഭയപ്പാടുണ്ടാക്കുകയും രാജ്യസുരക്ഷ ഉറപ്പാക്കുകയുമായിരുന്നു മൂന്ന് സായുധ സേനകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കമാൻഡ് രൂപീകരണത്തിന്റെ ലക്ഷ്യം. ഓരോ തിയറ്റർ കമാൻഡിലും വ്യോമസേനയുടെ ഒരു വിഭാഗമുണ്ടാകും. ആവശ്യമനുസരിച്ച് കൂടുതൽ വിമാനങ്ങൾ ചേർക്കും. ചേർന്നു കിടക്കുന്ന മേഖലകളിൽ സ്‌‌റ്റോറുകൾ, ബേസുകൾ എന്നിവ പങ്കിട്ടും ആയുധങ്ങൾ പരസ്‌പരം കൈമാറിയും ദൗത്യങ്ങളുടെ ചെലവ് കുറയ്ക്കും. കമാൻഡുകൾ വരുന്നതോടെ ചെലവു കുറയ്‌ക്കുന്നതിന് പുറമെ ആൾബലം കൃത്യമായി ഉപയോഗിക്കാനും മൂന്ന് സേനകൾക്കും ഒറ്റക്കെട്ടായി പ്രവർത്തിക്കാനുമുള്ള സാഹചര്യമുണ്ടാകും. സേനകളെ ഏകോപിപ്പിക്കാൻ പരസ്‌പരമുള്ള അറിയൽ അനിവാര്യമാണ്. കര, ആകാശം, കടൽ എന്നിങ്ങനെ എവിടെ പ്രശ്‌നങ്ങളുണ്ടായാലും ഒന്നിച്ചുനീങ്ങി പ്രഹരശേഷി ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. ഒരു വിഭാഗത്തിന്റെ കഴിവ് മറ്റ് വിഭാഗങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്തുന്ന രീതിയാണിത്. ഏതെങ്കിലുമൊരു സേനാവിഭാഗം മാത്രമായി ഓപ്പറേഷൻ നടത്തുന്നത് ഇനിയുള്ള കാലത്ത് പ്രായോഗികമല്ലെന്ന തിരിച്ചറിവിലായിരുന്നു കമാൻഡുകൾക്കായുള്ള റാവത്തിന്റെ നീക്കങ്ങൾ.

1999ലെ കാർഗിൽ യുദ്ധത്തിനു ശേഷമാണ് മൂന്നു സേനകളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യം പ്രതിരോധ മന്ത്രാലയത്തിന് ബോദ്ധ്യമായത്. യുദ്ധകാലത്ത് മൂന്നു സേനകളും തമ്മിൽ കൃത്യമായ ആശയവിനിമയം ഉണ്ടായില്ലെന്ന് ഇതേക്കുറിച്ച് പഠിച്ച കാർഗിൽ റിവ്യൂ കമ്മിറ്റി കണ്ടെത്തിയിരുന്നു. അതിർത്തി വഴി നുഴഞ്ഞുകയറിയ പാക് ചാരന്മാരും സൈനികരും കാർഗിലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സ്ഥാനമുറപ്പിച്ച ശേഷമാണ് സേനകളുടെ ഇന്റലിജൻസ് വിഭാഗത്തിന് വിവരം കിട്ടിയത്. കിട്ടിയ വിവരങ്ങൾ പരസ്പരം കൈമാറുന്നതിലും സേനകൾക്ക് വീഴ്ച പറ്റിയിരുന്നു. സേനയിലെ മൂന്ന് വിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതും കാര്യങ്ങൾ സംയുക്തമായി ആസൂത്രണം ചെയ്യേണ്ടത് എങ്ങനെയാണെന്നും റാവത്തിന് വിശദമായ പദ്ധതിയുണ്ടായിരുന്നു. അതിർത്തിയിൽ ചൈനയും പാകിസ്ഥാനും ഒരേ സമയം വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ റാവത്തിന്റെ പരിചയസമ്പത്തും പ്രതിരോധ തന്ത്രങ്ങളും രാജ്യത്തിന് വിലമതിക്കാനാവാത്തതായിരുന്നു.

രക്തത്തിൽ അലിഞ്ഞ സൈനികബന്ധം


ഗൂർഖാ റജിമെന്റിലെ ലഫ്. ജനറലായിരുന്ന ലക്ഷ്മൺ സിംഗ് റാവത്തിന്റെ മകൻ ബിപിൻ സിംഗ് റാവത്തിന് സേനയുമായുള്ള ബന്ധം രക്തത്തിൽ അലിഞ്ഞതാണ്. ഉത്തരാഖണ്ഡിലെ പൗരി സ്വദേശിയായ ബിപിൻ റാവത്ത്, പിതാവടക്കം കുടുബത്തിലെ സേനാംഗങ്ങളുടെ നിര കണ്ടാണ് വളർന്നത്. 1976 ൽ മിലിട്ടറി അക്കാഡമിയിൽ നിന്ന് സ്വർണമെഡലോടെ ജയം. അതേവർഷം കരസേനയിലെത്തിയ ബിപിൻ സൈനിക മേധാവിയായിരുന്ന പിതാവിന്റെ ഗൂർഖാ റജിമെന്റിൽ നിന്നാണ് സൈനികജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടക്കം മുതൽ കാശ്മീർ അടക്കമുള്ള അതീവ സംഘർഷ അതിർത്തികളിലായിരുന്നു റാവത്തിന് ചുമതല. ബാരാമുള്ള ജില്ലയിലെ ഉറിയിൽകമ്പനി, വടക്കുകിഴക്കൻ പ്രവിശ്യയിൽ 11ാം ഗൂർഖാ ബറ്റാലിയൻ എന്നിവയിൽ കമാൻഡന്റായി. വടക്കന്‍ കാശ്മീരിലെ ഭീകരകേന്ദ്രമായ സോപോറിൽ രാഷ്ട്രീയ റൈഫിൾസിനെയും നയിച്ചു. മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടറേറ്റിലും മിലിറ്ററി ഇന്റലിജൻസിലും പ്രവർത്തിച്ചു. അരുണാചൽ പ്രദേശിലെ ചൈനീസ് അതിർത്തിയിലും ചുറുചുറുക്കുള്ള സൈനിക ഓഫീസറായിരുന്നു ബിപിൻ. ഓപ്പറേഷനുകളിലെ മികവിന് അഞ്ച് സൈനിക ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചത്.


മിന്നലാക്രമണത്തിന്റെ ആശാൻ


പാക് ഭീകരർ നടത്തിയ ഉറി ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയുടെ (സർജിക്കൽ സ്ട്രൈക്ക്) സൂത്രധാരനാണ് ബിപിൻ റാവത്ത്. 2016 സെപ്തംബർ 18 ന് 18 സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഉറി ആക്രമണത്തിന് പതിനൊന്നു ദിവസങ്ങൾക്കു ശേഷം,​ 29 ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ മരണസംഖ്യ അമ്പതോളമെന്ന് പാകിസ്ഥാന് സമ്മതിക്കേണ്ടി വന്നു. അന്നത്തെ മിന്നലാക്രമണത്തിൽ ഇന്ത്യയുടെ കിറുകൃത്യത ലോകത്തെ വമ്പൻ സൈനിക ശക്തികളെപ്പോലും അമ്പരപ്പിക്കുന്നതായി. അതെല്ലാം ഒറ്റയാളുടെ തിരക്കഥയായിരുന്നു- ജനറൽ ബിപിൻ റാവത്തിന്റെ. 2015ൽ മണിപ്പൂരിൽ ദോഗ്ര റെജിമെന്റിന്റെ വാഹന വ്യൂഹത്തിനു നേരെ നാഗാ ഭീകരർ നടത്തിയ ഒളിയാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ആക്രമണ പദ്ധതികൾക്ക് രൂപം നല്‌കിയതും ബിപിൻ റാവത്ത് ആയിരുന്നു. അതിർത്തി കടന്ന് മ്യാൻമറിലെ ഒളിത്താവളങ്ങൾ ചുട്ടെരിച്ച എലൈറ്റ് പാരാ ഫോഴ്‌സ് നൂറിലേറെ നാഗാ ഭീകരരെയാണ് വധിച്ചത്.

ചൈനയെ വിരട്ടിയ പ്രസ്താവന


ലഡാക്ക് അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇരുസൈന്യവും തമ്മിലുള്ള ചർച്ചയും നയതന്ത്ര ദൗത്യങ്ങളും പരാജയപ്പെട്ടാൽ സൈനിക നടപടിയിലേക്ക് നീങ്ങുന്നത് പരിഗണിക്കുമെന്ന് ബിപിൻ റാവത്തിന്റെ പ്രസ്താവന ചൈനയെ അങ്കലാപ്പിലാക്കിയിരുന്നു. ലഡാക്കിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സൈനിക നടപടികൾ ആലോചനയിലുണ്ട്. ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ ദൗർബല്യമായി കാണരുതെന്നും പാംഗോംഗ് മേഖലയിൽ നിന്നും പിന്മാറാത്ത ചൈനീസ് നിലപാടിനെ ചൂണ്ടിക്കാട്ടി റാവത്ത് പറഞ്ഞു. കൃത്യമായ അതിർത്തി നിർണയിക്കാൻ സാധിക്കാത്ത നിരവധി പ്രദേശങ്ങളുണ്ട്. ഇവിടങ്ങളിൽ പ്രശ്നപരിഹാരത്തിന് ചർച്ചകളാണ് ഉചിതം. തത്‌സ്ഥിതി പുനഃസ്ഥാപിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. സൈനിക നീക്കത്തിന് ഏത് സമയവും സൈന്യം തയ്യാർ. അതിർത്തിയിലോ, സമുദ്രത്തിലോ ശത്രു നടത്തുന്ന ഏതു നീക്കവും പ്രതിരോധിക്കാൻ ഇന്ത്യ തയ്യാറാണ്. പ്രതികൂല കാലാവസ്ഥയിലും നിയന്ത്രണ രേഖയിൽ സ്ഥാനം ഉറപ്പിക്കാൻ സൈന്യത്തിന് കഴിയുമെന്നും അതിർത്തിയിലെ ചൈനീസ് അതിക്രമം തടയാനുള്ള മാർഗങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ മുന്നിലുണ്ടെന്നും റാവത്ത് തുറന്നടിച്ചതോടെ, ഇത് രാജ്യാന്തരതലത്തിൽ ചർച്ചയാവുകയും സൈനിക കമാൻഡർമാരുടെ ചർച്ചകൾക്ക് ചൈന സന്നദ്ധമാവുകയുമായിരുന്നു.

അടുത്ത തിരിച്ചടി ഇങ്ങനെയാവില്ല

പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ മിന്നലാക്രമണം നടത്തി ഇന്ത്യ തകർത്ത ഭീകരകേന്ദ്രങ്ങൾ വീണ്ടും സജീവമായതായി സ്ഥിരീകരിച്ച് ജനറൽ ബിപിൻ റാവത്ത് പറഞ്ഞതിങ്ങനെയായിരുന്നു.

" ജയ്ഷെ തീവ്രവാദികൾ ക്യാമ്പ് പുനർനിർമിക്കാൻ തുടങ്ങിയിട്ടുണ്ട്. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ അടുത്ത മറുപടി ബാലാക്കോട്ടിലും കനത്തതായിരിക്കും. 'ഒരിക്കൽ ചെയ്തത് ഇനിയും ആവർത്തിക്കുന്നത് എന്തിനാണ്. ഇനി എന്തുകൊണ്ട് അതിനപ്പുറം നമുക്ക് പോയിക്കൂടാ. ഇന്ത്യയ്ക്ക് ഇനിയും എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പാക്കിസ്ഥാൻ ഊഹിക്കട്ടെ" ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കാനിരിക്കെ, റാവത്തിന്റെ ഈ പ്രസ്താവനയിലൂടെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ സജീവമാകുന്നത് വീണ്ടും രാജ്യാന്തര ശ്രദ്ധയിലേക്ക് വന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPADU, BIPIN RAWAT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.