SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.28 AM IST

ആരോഗ്യ മേഖലയിൽ അശാന്തി പടരരുത്

pg-strike

സർക്കാർ ആശുപത്രികളിലെ ഡോക്‌ടർമാർ സമരപാത തിരഞ്ഞെടുക്കുന്നത് ആദ്യമൊന്നുമല്ല. ആശുപത്രികളുടെ പ്രവർത്തനം പാടേ മുടങ്ങുമെന്ന ഘട്ടം വരുമ്പോഴാകും സർക്കാർ ഇടപെടുന്നതും ഒത്തുതീർപ്പുണ്ടാകുന്നതും. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുൻപിൽ മൂന്നുദിവസമായി നില്‌പ്‌ സമരം നടക്കുകയാണ്. പത്തുമാസമായി ശമ്പള പരിഷ്കരണത്തിലെ അപാകത ഉൾപ്പെടെ ഉന്നയിച്ചാണ് സമരം. പലഘട്ടങ്ങളിലും ഒത്തുതീർപ്പായെന്ന ധാരണയും പുറത്തുവന്നിരുന്നു. എന്നാൽ അടിസ്ഥാന പ്രശ്നങ്ങളിൽ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഈ സമരത്തിൽ നിന്നു മനസിലാകുന്നത്.

ആരോഗ്യവകുപ്പിലെ ഡോക്ടർമാർ നില്‌പ് സമരം നടത്തുമ്പോൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ ജൂനിയർ ഡോക്ടർമാർ കൂട്ടത്തോടെ ഡ്യൂട്ടി ബഹിഷ്കരിച്ച് തുറന്ന സമരം തുടങ്ങിയിരിക്കുകയാണ്. അത്യാഹിത വിഭാഗമുൾപ്പെടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം അലങ്കോലപ്പെട്ടിട്ടുണ്ട്. പി.ജി ഡോക്ടർമാരുടെ പ്രത്യക്ഷ സമരത്തിനു പിന്നിലുമുണ്ട് കാതലായ പ്രശ്നങ്ങൾ. സ്റ്റൈപ്പൻഡ് വർദ്ധന അതിലൊന്നാണ്. പുതിയ പി.ജി ബാച്ചിലേക്കുള്ള പ്രവേശനം അനിശ്ചിതമായി നീളുന്നതിനാൽ ദിവസങ്ങളോളം തുടർച്ചയായി ഡ്യൂട്ടി നോക്കേണ്ടിവരുന്നു എന്നാണ് പരാതി. നാലും അഞ്ചും ദിവസവും വിശ്രമമില്ലാതെ ജോലിചെയ്യേണ്ടിവരുന്നത് കഠിന ശിക്ഷയാണ്. അഖിലേന്ത്യാ തലത്തിൽ പി.ജി പ്രവേശന പരീക്ഷയുടെ ഫലം പുറത്തുവന്നിട്ട് ആറുമാസം കഴിഞ്ഞു. ഇനിയും പ്രവേശനം നടക്കാത്തതാണ് നിലവിലെ ജൂനിയർ ഡോക്ടർമാർക്ക് വിനയായത്. പുതിയ ബാച്ചിലെ ആളുകൾ വന്നിട്ടുവേണം ഇവർക്ക് വിടുതൽ ലഭിക്കാൻ. മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തിന് പി.ജിക്കാരുടെ സേവനം ഒഴിച്ചുകൂടാനാവാത്തതാണ്. ഉപരിപഠനത്തിനു പോകാനാവാതെ തളച്ചിടപ്പെട്ടവരും നിരവധി. നീറ്റ് ഫലത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ തലത്തിൽ പി.ജി പ്രവേശനം നടന്നാലേ ഇവർക്ക് ഇപ്പോഴത്തെ ആശുപത്രികളിൽ നിന്നു മോചനമുള്ളൂ. സംവരണവുമായി ബന്ധപ്പെട്ട മേൽത്തട്ടു പരിധി സംബന്ധിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ കിടക്കുന്നതാണ് മെഡിക്കൽ പി.ജി പ്രവേശനം നീളാൻ കാരണം. ഹർജി ഇടയ്ക്കിടെ പരിഗണനയ്ക്കെടുക്കുന്നുണ്ടെങ്കിലും വിധി വൈകുകയാണ്. മറ്റു ചില സംസ്ഥാനങ്ങളിലും ജൂനിയർ ഡോക്ടർമാർ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയിരുന്നു. പ്രവേശന നടപടികൾ വൈകുന്നതിനെതിരെ ഉന്നതനീതിപീഠത്തെ സമീപിച്ചവരുമുണ്ട്. നിർഭാഗ്യവശാൽ ഹർജിയിൽ വേഗം തീർപ്പുണ്ടാക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഏതാനും വർഷങ്ങളായി മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ പരമോന്നത കോടതിയുടെ അവസാന തീർപ്പിന് എത്താറുണ്ട്. തീർപ്പു നീളുമ്പോൾ വലയുന്നത് ഉൗണും ഉറക്കവും ഉപേക്ഷിച്ച് കഠിനാദ്ധ്വാനം ചെയ്യുന്ന കുട്ടികളാണ്. മെഡിക്കൽ പ്രവേശനം സുതാര്യവും ശുദ്ധവുമാക്കാനാണ് എല്ലാ വിഭാഗം പ്രവേശനവും ഏകീകൃത പരീക്ഷയുടെ അടിസ്ഥാനത്തിലാക്കിയത്. അപ്പോഴും പ്രവേശനത്തിനിടെ ഉണ്ടാകുന്ന തടസങ്ങൾ മാറാൻ തുടരെത്തുടരെ കോടതി കയറേണ്ടിവരുന്നു. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയത്തിന് ഇതുവരെ ശാശ്വത പരിഹാരമുണ്ടായിട്ടില്ല. പലകുറി ഫീസ് ഘടന പുതുക്കി നിശ്ചയിക്കേണ്ടിവന്നു. ഇപ്പോളിതാ പി.ജി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർ കോടതിയുടെ കനിവും കാത്ത് കഴിയുകയാണ്. സമർത്ഥരായ യുവ ഡോക്ടർമാർ എത്രയോ മാസം കഠിനാദ്ധ്വാനം ചെയ്താണ് പി.ജി പ്രവേശന പരീക്ഷ വിജയിക്കുന്നത്. ഹർജിയിൽ ഉന്നയിക്കപ്പെട്ടിരിക്കുന്ന വിഷയം ആഴത്തിലുള്ള നിയമപ്രശ്നമുള്ളതാണെങ്കിൽ അതുസംബന്ധമായ വിധി അടുത്ത വർഷത്തെ പ്രവേശനത്തിന് ബാധകമാക്കാവുന്നതേയുള്ളൂ. ഈവർഷത്തെ പ്രവേശനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് ഒഴിവാക്കാമായിരുന്നു. ഏതു പ്രശ്നത്തിന്റെ പേരിലായാലും സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തിലെ തടസം സാധാരണക്കാരെയാണ് പ്രതികൂലമായി ബാധിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOCTORS SRIKE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.