SignIn
Kerala Kaumudi Online
Thursday, 25 April 2024 4.10 PM IST

സൈനികക്ഷേമത്തിൽ കേണൽ എം.കെ. ശ്രീഹർഷന്റെ കൈയൊപ്പ്

sreeharshan

കേരളത്തിലെ വിമുക്തഭടന്മാർക്കും ആശ്രിതർക്കും ഒട്ടേറെ ക്ഷേമ പുനരധിവാസ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയ അതുല്യ പ്രതിഭയാണ് ഈ മാസം ആറിന് ദിവംഗതനായ മുൻ സൈനിക ക്ഷേമ ഡയറക്ടർ കേണൽ എം.കെ. ശ്രീഹർഷൻ . 28 വർഷത്തെ സ്‌തുത്യർഹമായ സൈനിക സേവനത്തിനുശേഷം കേണൽ പദവിയിൽ നിന്നു വിരമിച്ച അദ്ദേഹം 1982 ഒക്‌ടോബർ ഒന്നിന് സംസ്ഥാന സൈനികക്ഷേമ വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു. ഈ വകുപ്പ് ജനശ്രദ്ധ നേടിയത് ശ്രീഹർഷന്റെ വരവോടുകൂടിയാണ്.

മുഖ്യമന്ത്രി പ്രസിഡന്റായ രണ്ടു സമിതികൾ സൈനിക ക്ഷേമവകുപ്പിനു കീഴിലുണ്ട്. രാജ്യസൈനിക ബോർഡും സായുധസേനാ പതാക ഫണ്ട് കമ്മിറ്റിയും. നിരവധി ക്ഷേമ - പുനരധിവാസ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

1984ൽ ഇന്ത്യയിലെമ്പാടും ജില്ലാ സൈനികക്ഷേമ ഓഫീസുകളെയും സൈനികക്ഷേമ ഡയറക്ടറേറ്റിനെയും മിനി എംപ്ളോയ്‌മന്റ് എക്സ്‌ചേഞ്ചുകളാക്കി കേന്ദ്ര സർക്കാർ ഓഫീസുകളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ദേശസാത്കൃത ബാങ്കുകളിലും ഉണ്ടാകുന്ന വിമുക്തഭടന്മാരുടെ ഒഴിവുകളിൽ അവരുടെ പേരുകൾ സ്പോൺസർ ചെയ്യാനുള്ള കേന്ദ്രസർക്കാർ നിർദ്ദേശം സംസ്ഥാന സർക്കാർ അംഗീകരിക്കുകയുണ്ടായി. ഈ ചുമതലയുടെ ഏകോപനത്തിനായി സൈനികക്ഷേമ ഡയറക്ടറേറ്ററിൽ ഒരു എംപ്ളോയ്‌മെന്റ് ഓഫീസർ തസ്‌തിക ശ്രീഹർഷന്റെ ശ്രമഫലമായി സൃഷ്ടിച്ചു. ആ ഒഴിവിലേക്ക് എംപ്ളോയ്‌മെന്റ് വകുപ്പിൽനിന്നും ഒരു പാനൽ വരുത്തി ഇന്റർവ്യൂ നടത്തി ഒരാളെ നിയമിച്ചു. ആ നിയമനം ലഭിച്ചത് ഈ ലേഖകനായിരുന്നു.

ഒരു പട്ടാളക്കാരൻ സേവനമദ്ധ്യേ കൊല്ലപ്പെടുകയോ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് സേവനം തുടരാൻ കഴിയാതെ വരികയോ ചെയ്താൽ അവരുടെ ഒരാശ്രിതന് സംസ്ഥാന സർവീസിൽ നേരിട്ടു ജോലി നല്‌കുന്ന മഹത്തായ പദ്ധതിയുടെ ഉപജ്ഞാതാവാണ് ശ്രീഹർഷൻ. 1985ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനുമായി ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ആത്മബന്ധമാണ് ഈ നേട്ടത്തിനു പിന്നിൽ.

സെക്രട്ടേറിയറ്റിലെയും വിവിധ സർവകലാശാലകളിലെയും സെക്യൂരിറ്റി ജോലികളും 17 പൊതുമേഖലാ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജോലികളും വിമുക്തഭടന്മാർക്കായി സംവരണം ചെയ്യുന്നതിൽ കേണൽ ശ്രീഹർഷന്റെ പങ്ക് നിസീമമാണ്. ജില്ലാ ആസ്ഥാനങ്ങളിൽ വിമുക്തഭടന്മാർക്കും കുടുംബാംഗങ്ങൾക്കും യാത്രാമദ്ധ്യേ താമസത്തിനും വിശ്രമിക്കാനും വിമുക്തഭടന്മാർക്ക് പൊതുപരിപാടികൾ സംഘടിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് 'സൈനിക കേന്ദ്രങ്ങൾ" തുടങ്ങാൻ അസ്ഥിവാരമിട്ടത് അദ്ദേഹമാണ്. അങ്ങനെ ആദ്യത്തെ സൈനിക സെന്റർ 1987ൽ തിരുവനന്തപുരം വഞ്ചിയൂരിൽ നിർമ്മിച്ചു. വിമുക്തഭടന്മാർക്കുള്ള വാർഷിക പ്രസിദ്ധീകരണമായ 'കേരള സൈനിക സ്‌മരണിക" പ്രസിദ്ധീകരിക്കാനുള്ള അനുമതി സർക്കാരിൽ നിന്നും വാങ്ങിയത് അദ്ദേഹമാണ്. സൈനികക്ഷേമ വകുപ്പിൽ നീണ്ട 14 വർഷം സേവനമനുഷ്ഠിച്ച ഈ ലേഖകൻ തന്നെയായിരുന്നു അതിന്റെയും എഡിറ്റർ.

സംസ്ഥാന ഗവർണർ ചെയർമാനായ അമാൽ ഗമേറ്റഡ് ഫണ്ടിന്റെ സെക്രട്ടറിയും സൈനികക്ഷേമ ഡയറക്ടറാണ്. കേന്ദ്ര സർക്കാർ നല്‌കുന്ന സാമ്പത്തിക സഹായത്തിന്റെ ഉറവിടം മുഖ്യമായും ഈ ഫണ്ടാണ്. ഈ ഫണ്ടിൽ നിന്നും വർഷാവർഷം ലഭിക്കുന്ന പണം ഉപയോഗിച്ച് നിരവധി ക്ഷേമപദ്ധതികൾ ശ്രീഹർഷൻ ആവിഷ്കരിച്ചു നടപ്പാക്കി.

കുമാരപുരത്ത് പൊതുജനം റോഡിനോടു ചേർന്നുള്ള 'എഫ് - 10 ഹർഷം" വസതിയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ഭാര്യ: ഗംഗ ശ്രീഹർഷൻ. ഈ ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്. രാജ് ഹർഷനും വിജയ് ഹർഷനും. അന്തരിച്ച കേണൽ ശ്രീഹർഷന്റെ ദീപ്തസ്മരണയ്ക്കു മുമ്പിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

(ലേഖകൻ എംപ്ളോയ്‌മെന്റ് വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COLONEL M K SREEHARSHAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.