Kerala Kaumudi Online
Monday, 20 May 2019 6.05 AM IST

കൊന്നിട്ടും പക തീരാതെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? മുഖ്യമന്ത്രിക്ക് കണ്ണീരോടെ കൃപേഷിന്റെ പെങ്ങളുടെ കത്ത്

letter-

കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിനെയും ശരത്‌ലാലിനെയും മരണശേഷവും സി.പി.എം വേട്ടയാടുന്നുവെന്ന് ആരോപിച്ച് കൃപേഷിന്റെ പെങ്ങൾ കൃഷ്‌ണപ്രിയ മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്ത് വൈറലാകുന്നു. തന്റെ ഏട്ടന്മാർ വയലിൽ പണിക്ക് പോകാതിരുന്നിട്ടും വരമ്പത്ത് കൂലി കിട്ടി. കൊന്നിട്ടും പക തീരാതെ എന്തിനാണ് അവർക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതെന്നും കൃഷ‌്ണപ്രിയ കത്തിൽ ചോദിക്കുന്നു.

കത്തിന്റെപൂർണരൂപം

'ഞാൻ കൃഷ്ണപ്രിയ, കൃപേഷിന്റെ അനുജത്തിയാണ്. ഏട്ടൻ പോയശേഷം അങ്ങേക്ക് എഴുതണമെന്ന് കുറേ നാളായി വിചാരിക്കുന്നു. ഏട്ടന്റെയും ശരത്തേട്ടന്റെയും മരണശേഷവും അവരെ ദുർനടപ്പുകാരും ഗുണ്ടകളുമായി ചിത്രീകരിക്കുന്ന അങ്ങയുടെ പാർട്ടിക്കാരുടെ ക്രൂരത എന്നെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നു. ഏട്ടൻ ആരെയെങ്കിലും ഉപദ്രവിച്ചതായോ വേദനിപ്പിച്ചതായോ ഞാൻ കേട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും ചെയ്തതിന്റെ പേരിൽ ഒരു പരാതിയും ആർക്കും എട്ടന്റെ പേരിൽ മരണം വരെ ഉണ്ടായിരുന്നില്ല. എന്നിട്ടും മുഖം പോലും ബാക്കിവയ്ക്കാതെ എന്റെ കൂടപ്പിറപ്പിനെ അരുംകൊല ചെയ്തു.

അച്ഛനും അമ്മയും ചേച്ചിയും ഏട്ടനും അടങ്ങിയതായിരുന്നു എന്റെ കുടുംബം. വീടും കിടപ്പാടവും ഇല്ലാതെ പട്ടിണിയും ദുരിതവും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ജീവിതം. എന്റെ അച്ഛൻ അങ്ങയുടെ പാർട്ടിക്കാരനായിരുന്നു. സാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം കൈനിറയെ മധുരവുമായിട്ടാണ് അച്ഛൻ വീട്ടിലേക്ക് വന്നത്. ജീവിതത്തിൽ അച്ഛൻ ചെയ്ത വോട്ടെല്ലാം അരിവാൾ ചുറ്റിക നക്ഷത്രത്തിനായിരുന്നു. കല്യോട്ട് കോൺഗ്രസുകാരുടെ നടുവിലാണ് 18 വർഷം അച്ഛൻ ജീവിച്ചത്.

നാട്ടിലെ കോൺഗ്രസുകാർക്കെല്ലാം അച്ഛൻ കമ്യൂണിസ്റ്റുകാരനാണെന്ന് അറിയാമായിരുന്നു. അവരാരും പാർട്ടി മാറണമെന്ന് അച്ഛനോടു പറഞ്ഞിട്ടില്ല. വോട്ടുചെയ്യുന്നത് തടഞ്ഞിട്ടില്ല. കൊല്ലാനോ തല്ലാനോ വന്നിട്ടില്ലെന്നുമാത്രമല്ല, ഒരു വാക്കോ നോക്കോ കൊണ്ടുപോലും അവരാരും ഞങ്ങളെ വേദനിപ്പിച്ചിട്ടില്ല. ഏട്ടൻ പോയ ശേഷം അങ്ങ് ഈ വഴിപോയ ദിവസം അച്ഛൻ വലിയ പ്രതീക്ഷയിലായിരുന്നു. ആശ്വസിപ്പിക്കാൻ അങ്ങ് വീട്ടിലേക്ക് വരുമെന്ന് കരുതി. വരാതിരുന്നപ്പോൾ തിരക്കുകാരണമായിരിക്കും വരാത്തതെന്ന് പറഞ്ഞ് അന്നും അച്ഛൻ കരഞ്ഞു. ഏട്ടന്റെ കൂട്ടുകാരനായിരുന്നു ശരത്തേട്ടൻ.

ഇനി ഈ ജന്മം മുഴുവൻ കണ്ണീരുകുടിച്ച് ജീവിക്കാനാണ് ഞങ്ങളുടെ വിധി. ഞങ്ങൾക്കുനഷ്ടമായത് തിരിച്ചുതരുവാൻ ദൈവത്തിനുപോലും സാധിക്കില്ലെന്നറിയാം. എന്നാലും ഇനിയും ഒരമ്മയുടെയും കണ്ണീർ ഈ മണ്ണിൽ വീഴാതിരിക്കാൻ ഒരേട്ടന്റെയും ചോരകൊണ്ട് ഈ മണ്ണ് ചുവക്കാതിരിക്കാൻ അങ്ങ് ആത്മാർഥമായി വിചാരിച്ചാൽ സാധിക്കുമെന്ന് ഞാൻ കരുതുന്നു. ഏട്ടനെയും ശരത്തേട്ടനെയും എന്തിനാണ് ഞങ്ങളിൽനിന്ന് പറിച്ചുമാറ്റിയതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അവരെ ഇല്ലാതാക്കിയവരിൽ പലരെയും പോലീസ് പിടിക്കാത്തത് എന്തുകൊണ്ടാണെന്നും അറിയില്ല.'

എന്റെ ഏട്ടന്മാർ വയലിൽ പണിക്കു പോകാതെയാണ് വരമ്പത്ത് കൂലി കിട്ടിയത്. കൊന്നിട്ടും പക തീരാതെ എന്തിനാണ് അവർക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. അവർ പോയ ശേഷം ഊണും ഉറക്കവും ഇല്ലാതെ ജീവിക്കുന്ന രണ്ടു അമ്മമാരുണ്ട് ഇവിടെ. മക്കളുടെ ഓർമകളെക്കാൾ അവരെ ഇപ്പോൾ വേദനിപ്പിക്കുന്നത് നെഞ്ചിൽ കുത്തുന്ന കുപ്രചാരണങ്ങളാണ്. അവരെ ഓർത്തിട്ടെങ്കിലും ഏട്ടന്മാരുടെ ആത്മാവിനെ വേട്ടയാടരുത്. അനാഥമായ രണ്ടു കുടുംബങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷയാണ്. അങ്ങയുടെ മകളെ പോലെ കരുതി ഇക്കാര്യത്തിൽ ഇടപെടുമെന്ന് കരുതട്ടെ, വിശ്വസിച്ചോട്ടെ?

എന്ന്

സ്‌നേഹപൂർവം,

കൃഷ്ണപ്രിയ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KRIPESH, PERIYA, PERIYA MURDER, PERIYA MURDER CASE, SARATHLAL, CONGRESS, LETTER TO CM PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA