SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.48 PM IST

'സമ്മർദ്ദം ദുഃഖിപ്പിക്കുന്നു"; ഗവർണർ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന്റെ പൂർണരൂപം

1

പ്രിയപ്പെട്ട മുഖ്യമന്ത്രി,

നവംബർ പതിനാറിന് ചാൻസലേഴ്സ് അവാർഡ് വിതരണച്ചടങ്ങിലെ എന്റെ പ്രസംഗത്തിൽ, 2018ൽ പ്രൊഫ. സി.എൻ.ആർ. റാവു വൈസ്ചാൻസലർമാരോട് പറഞ്ഞൊരു കാര്യം സൂചിപ്പിച്ചിരുന്നു. "കേരളത്തിലെ അദ്ധ്യാപകരും ഗവേഷകരും അന്യസംസ്ഥാനങ്ങളിൽ മികവുകാട്ടുന്നു. അതേമികവ് കേരളത്തിനകത്ത് കാട്ടുന്നില്ല. ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനത്തിന് ഈ ദുർഗതി എങ്ങനെ വരുന്നു" എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു.

പ്രൊഫ. കെ.എൻ. പണിക്കർ പറഞ്ഞതിങ്ങനെയാണ് " കേരളത്തിൽ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്തതും ഉള്ളതിന് നിലവാരമില്ലാത്തതുമാണ് വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിൽ പോയി പഠിക്കാൻ കാരണം."

അടുത്തിടെയായി സർവകലാശാലകൾ വാർത്തകളിൽ നിറയുന്നത് തെറ്റായ കാര്യങ്ങളിലാണ്. വിശേഷിച്ച് നിയമം ലംഘിച്ചുള്ള നിയമനങ്ങളുടെ പേരിൽ. നിയമനങ്ങളിൽ മാനദണ്ഡം പാലിക്കുന്നില്ല. ചാൻസലറെന്ന നിലയിൽ ഈ അവസ്ഥയെ നിരാശയോടെയാണ് ഞാൻ കണ്ടത്.

അടുത്തിടെ നിയമം ലംഘിച്ച് നിയമനങ്ങൾ നടത്താൻ എന്റെ മേലുണ്ടായ സമ്മർദ്ദങ്ങൾ ദുഃഖിപ്പിക്കുന്നു. കണ്ണൂർ സർവകലാശാല വി.സിയുടെ പുനർനിയമനത്തിന് എന്നോട് സംസാരിക്കാൻ താങ്കൾ ചുമതലപ്പെടുത്തിയ ആളോട് ഞാൻ പറഞ്ഞു- 'പുനർനിയമനം എന്നാൽ ഇപ്പോഴുള്ളയാളുടെ കാലാവധി നീട്ടിക്കൊടുക്കലല്ല. നടപടികൾ വേണ്ടെന്നുവയ്ക്കലുമല്ല.'

പക്ഷേ, അദ്ദേഹം പറഞ്ഞത് എ.ജിയുടെ അഭിപ്രായം അനുസരിച്ചാണ് ഈ നടപടിയെന്നാണ്. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത് എ.ജിയുടെ ഒപ്പിടാത്ത നിയമോപദേശമായിരുന്നു. എ.ജിയുടെ ഒപ്പും സീലുമുള്ള നിയമോപദേശം എത്തിക്കാൻ ആവശ്യപ്പെട്ടു. അന്നു വൈകിട്ടുതന്നെ അതും എത്തിച്ചു. എന്നോട് ചെയ്യാനാവശ്യപ്പെടുന്നത് നിയമവുമായി പൊരുത്തപ്പെടാത്ത കാര്യമാണെന്ന് ബോധ്യം വന്നെങ്കിലും തർക്കമുണ്ടാക്കാൻ താത്പര്യമില്ലായിരുന്നു. അതുകൊണ്ടുമാത്രം ഒപ്പിട്ടു. അതിനു ശേഷം ഞാൻ വളരെ അസ്വസ്ഥനാണ്.

 രാഷ്ട്രീയ ചായ്‌വും അച്ചടക്കരാഹിത്യവും

സർവകലാശാല സമിതികളിൽ രാഷ്ട്രീയ പ്രതിനിധികളും അക്കാഡമിക് വിദഗ്ദ്ധരല്ലാത്തവരും നിറയുന്നു. രാഷ്ട്രീയ ചായ്‌വ് അച്ചടക്കരാഹിത്യം ഉണ്ടാക്കുന്നു. ഒരു വി.സി ചാൻസലർക്കതിരെ ഹൈക്കോടതിയിൽ പോയി. സർക്കാർ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. ആറുമാസം വരെ പിൻവലിച്ചില്ല. എന്തുകൊണ്ടാണ് അയാളുടെ അച്ചടക്കരാഹിത്യത്തിനെതിരെ നടപടിയെടുക്കാത്തത്? അയാളുടെ രാഷ്ട്രീയ ബന്ധങ്ങൾ കാരണമാണോ?

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസിൽ അത്യാവശ്യമായതിനാൽ ഒപ്പിട്ടു. ഒരു വർഷത്തിനുശേഷമാണ് അദ്ധ്യാപക നിയമനത്തിന് അനുമതി കൊടുത്തത്. ജനുവരിക്ക് മുൻപ് അദ്ധ്യാപക ലിസ്റ്റ് യു.ജി.സി പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. അതുകഴിഞ്ഞ് ഒക്ടോബറിലേ പോർട്ടൽ തുറക്കൂ. ഒരു കാരണവശാലും ഒരുമാസം കൊണ്ട് പറ്റില്ല. ഫലത്തിൽ രണ്ടാംവർഷവും കോഴ്സുകൾ തുടങ്ങാനാവില്ല. യൂണിവേഴ്സിറ്റികളുടെ കാര്യത്തിൽ ഗൗരവമില്ലെന്നതിന് ഉദാഹരണമാണ് ഓപ്പൺ സർവകലാശാല വി.സിക്ക് ശമ്പളം നിശ്ചയിക്കാത്തത്. ഞാൻ മൂന്നു കത്തയച്ചിട്ടും ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ മറുപടിയില്ല, കത്ത് സ്വീകരിച്ചതായി അറിയിപ്പ് പോലുമില്ല.

 നിയമങ്ങൾ തോന്നും പടി

സംസ്കൃത സർവകലാശാല വി.സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി ഒരാളുടെ പേര് നൽകി. യു.ജി.സി നിയമപ്രകാരം പാനലാണ് മൂന്നുപേരുടെ നൽകേണ്ടത്. സർവകലാശാല ആക്ടിൽ പേര് നിർദ്ദേശിച്ചാൽ മതിയെന്നാണുള്ളതെന്ന് വിശദീകരിച്ചു. സർവകലാശാല ആക്ടും യു.ജി.സി ചട്ടവുമുണ്ടെങ്കിൽ യു.ജി.സിക്കാണ് പ്രാമുഖ്യമെന്നായിരുന്നു കണ്ണൂർ വി.സി പുനർനിയമന സമയത്ത് എ.ജിയുടെ നിയമോപദേശം. അവിടെ 62 വയസായ ആളെ നിയമിക്കാൻ യു.ജി.സി ചട്ടം കൂട്ടുപിടിച്ചു. ഇങ്ങനെ പല നിലപാടുകൾ പറ്റില്ല. കണ്ണൂർ വി.സിയുടെ പുനർനിയമന തീരുമാനം എന്റെ ഉത്തമബോധ്യത്തിന് എതിരായിരുന്നു. ഇനി ഇത്തരം ഒരു കാര്യവും ചെയ്യില്ല.

 ഹൈക്കോടതിയും വേണ്ടേ

നിയമസഭ ഈയിടെ സർവകലാശാലാ നിയമം ഭേദഗതി ചെയ്തു. യൂണിവേഴ്സിറ്റി അപ്പലേറ്ര് ട്രൈബ്യൂണലിനെ നിയമിക്കുന്നത് ഹൈക്കോടതിയുമായി കൂടിയാലോചിച്ച് ചാൻസലറാണ്. ഇപ്പോൾ ചാൻസലർക്ക് നിയമനാധധികാരമില്ല. സർക്കാരിന് സ്വയം തീരുമാനിക്കാം. ഒരു ജുഡിഷ്യൽ അധികാരം വിനോയോഗിക്കേണ്ട തസ്തികയിൽ നിങ്ങൾക്ക് എങ്ങനെയാണ് ഹൈക്കോടതിയെ സമീപിക്കേണ്ട ആവശ്യമില്ലെന്ന് പറയാനാവുക? ഇങ്ങനെയായാൽ സർക്കാരിന് എല്ലാ ട്രൈബ്യൂണലുകളെയും നിയമിക്കാനുള്ള പരമാധികാരമുണ്ടാവുമല്ലോ?

 അധികാരം എടുത്തോളൂ

ഈ സാഹചര്യത്തിൽ എന്റെ ഉപദേശം ഇതാണ്, സർവകലശാലകളുടെ നിയമം ഭേദഗതി ചെയ്ത്, താങ്കൾ ചാൻസലറുടെ അധികാരം ഏറ്റെടുക്കൂ. അങ്ങനെയായാൽ ഗവർണറെ ആശ്രയിക്കാതെ താങ്കളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പാക്കാൻ കഴിയും. ഓർഡിനൻസ് തയ്യാറാക്കിയാൽ അപ്പോൾതന്നെ ഒപ്പിട്ടു തരാം. ചാൻസലറുടെ അധികാരം മുഖ്യമന്ത്രിയിലേക്ക് കൈമാറുന്ന ലീഗൽ ഡോക്യുമെന്റുണ്ടാക്കാൻ എ.ജിയോട് പറയൂ. അതിനുള്ള നിയമവഴി കണ്ടെത്താൻ എ.ജിക്ക് എളുപ്പമായിരിക്കുമെന്ന് എനിക്കുറപ്പാണ്.

ഇക്കാര്യങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലെങ്കിൽ സർവകലാശാലകളിലെ അതിരുവിട്ട രാഷ്ട്രീയ ഇടപെടലുകളും സ്വയംഭരണ ശോഷണവും തടയാൻ ചാൻസലറെന്ന നിലയിൽ എനിക്ക് അസാദ്ധ്യമാവും.

വിശ്വസ്തതയോടെ,

- ആരിഫ് മുഹമ്മദ് ഖാൻ, കേരള ഗവർണർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARIF MOHAMMAD KHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.