SignIn
Kerala Kaumudi Online
Friday, 29 March 2024 2.29 AM IST

വഖഫ് ;വിവാദവും പൊരുളും

waqf-board

വഖഫ് ബോർഡിലേക്കുള്ള നിയമനങ്ങൾ പബ്ളിക് സർവീസ് കമ്മിഷൻ മുഖേനയാക്കാൻ കേരള സർക്കാർ നയപരമായ തീരുമാനം കൈക്കൊണ്ടു. അതിനാവശ്യമായ നിയമനിർമ്മാണം നിയമസഭയിൽവച്ചു പാസാക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ എതിർപ്പ് തൃണവൽഗണിച്ചു കൊണ്ടാണ് നിയമനിർമ്മാണത്തിലേക്ക് സർക്കാർ പോയത്. സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷവിഭാഗത്തെ വൈകാരികമായി ബാധിക്കാൻ സാദ്ധ്യതയുള്ള വിഷയത്തിൽ നിയമനിർമ്മാണം നടത്തുന്നതിനു മുമ്പ് ബന്ധപ്പെട്ട സമുദായ സംഘടനകളുമായി ചർച്ചചെയ്യേണ്ടത് ആവശ്യമായിരുന്നു. ദൗർഭാഗ്യവശാൽ അങ്ങനെയൊരു നീക്കം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. സർക്കാർ നടപടിയോടു യോജിക്കുന്നവരും വിയോജിക്കുന്നവരും സമുദായത്തിനകത്തു തന്നെയുണ്ട്. യു.ഡി.എഫ് സർക്കാരാണ് ഇങ്ങനെയൊരു നിയമനിർമ്മാണം കൊണ്ടുവന്നതെങ്കിൽ പറയത്തക്ക എതിർപ്പ് ഉണ്ടാകുമായിരുന്നില്ല. കാരണം യു.ഡി.എഫിലെ പ്രബല ഘടകകക്ഷിയാണ് ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗ്. നിരീശ്വരവാദികളെന്നു കരുതപ്പെടുന്ന കമ്മ്യൂണിസ്റ്റുകാർ ഭരണസാരഥ്യം വഹിക്കുന്ന ഇടതുപക്ഷ സർക്കാരിൽ നിന്ന് ഇത്തരമൊരു നീക്കമുണ്ടാകുമ്പോൾ മതവിശ്വാസികൾക്കിടയിൽ സംശയവും അവിശ്വാസവും ഉണ്ടാവുക സ്വാഭാവികമാണ്. രാഷ്ട്രീയമായ വിയോജിപ്പുകൾ വേറെയുമുണ്ടാകാം. ഭരണമുന്നണിയിൽ ഘടകകക്ഷിയായ ഇന്ത്യൻ നാഷണൽ ലീഗും ഇടതുപക്ഷ സ്വതന്ത്രന്മാരായി പരിലസിക്കുന്ന കെ.ടി. ജലീൽ, പി.ടി.എ റഹിം, പി.വി. അൻവർ മുതലായവരും വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട നടപടിയെ ന്യായീകരിക്കുന്നു. പല കാരണങ്ങളാലും ഇടതുപക്ഷത്തോടു അടുത്തു നില്‌ക്കുന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയും അതേ അഭിപ്രായം പങ്കുവയ്‌ക്കുന്നു. സുന്നികളിൽത്തന്നെ പ്രബല വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഇ.കെ. സമസ്തയ്ക്കും മുജാഹിദ് സംഘടനകൾക്കും ജമാ അത്തെ ഇസ്ളാമിക്കും മുസ്ളിം ലീഗിനും പുതിയ പരിഷ്കാരത്തോടു വിയോജിപ്പാണ്.

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്കു വിടുന്നതിനോടു എതിർപ്പുള്ള സംഘടനകളും മുസ്ളിം ലീഗും സംയുക്തയോഗം ചേർന്ന് ഡിസംബർ മൂന്ന് വെള്ളിയാഴ്ച പള്ളികൾ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രഖ്യാപനം നടത്താൻ തീരുമാനിച്ചപ്പോൾ സ്ഥിതി ഗുരുതരമായി. പള്ളികളെ കലാപകേന്ദ്രമാക്കരുതെന്ന് കെ.ടി. ജലീലും പി.ടി.എ റഹീമും നാഷണൽ ലീഗും കാന്തപുരം മുസ്‌ലിയാരും മാത്രമല്ല സമാധാനകാംക്ഷികളായ മറ്റനവധി പേരും ഏകസ്വരത്തിൽ ആവശ്യപ്പെട്ടു. തീർച്ചയായും അതിനു യുക്തിയുമുണ്ടായിരുന്നു. എന്നാൽ പ്രതിഷേധക്കാർ ഒരുതരത്തിലും വഴിപ്പെടാൻ തയ്യാറല്ലായിരുന്നു. ഡിസംബർ മൂന്നിന് പല മുസ്ളിം പള്ളികളിലും സംഘർഷത്തിനും സംഘട്ടനത്തിനു തന്നെയും സാദ്ധ്യതകളുണ്ടായിരുന്നു. ആ സന്ദിഗ്ദ്ധ ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇ.കെ. വിഭാഗം സമസ്തയുടെ അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ ബന്ധപ്പെട്ടു. തർക്കവിഷയങ്ങൾ രമ്യമായി പരിഹരിക്കാം, പരസ്യ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്ന് അഭ്യർത്ഥിച്ചു. പ്രതിഷേധിക്കുന്ന സംഘടനകളുടെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് സംശയമുണ്ടായിരുന്ന ജിഫ്രി തങ്ങൾ സന്ദർഭത്തിനൊത്ത് ഉയർന്നു. പള്ളികൾ കലാപ കേന്ദ്രങ്ങളാക്കാനാവില്ല ; വെള്ളിയാഴ്ചത്തെ പ്രതിഷേധത്തിൽ സമസ്ത പങ്കെടുക്കില്ലെന്നു വ്യക്തമാക്കി. ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗിന്റെ പോഷക സംഘടനയെന്നപോലെ പ്രവർത്തിക്കുന്ന മുസ്ളിം മതപണ്ഡിത സംഘടനയാണ് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ ഇ.കെ വിഭാഗം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തന്നെയും ആ സംഘടനയുടെ ഭാരവാഹിയാണ്. മലബാറിലെ മുസ്ളിം സമൂഹത്തിൽ ഏറ്റവും സ്വാധീനശക്തിയുള്ള സംഘടനയാണ് ഇ.കെ. സമസ്ത. അവർ സമരത്തിൽ നിന്ന് പിന്മാറിയാൽ മുസ്ളിം ലീഗിന് പിന്നെ നിലനില്‌പില്ല. അതുകൊണ്ട് ലീഗും നിലപാടു മാറ്റി. പള്ളികൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾ നടത്തേണ്ടതില്ലെന്നു തീരുമാനിച്ചു. പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ കൂട്ടാക്കാതിരുന്ന മുജാഹിദ് ഗ്രൂപ്പുകൾ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിനു ശേഷം ബോധവത്കരണം നടത്തിയാൽ മതിയെന്ന് തീരുമാനിച്ചു. അങ്ങനെ ഡിസംബർ മൂന്നിലെ പ്രതിഷേധം ഏതാണ്ട് കോഴി കോട്ടുവായിട്ടപോലെ അവസാനിച്ചു.

അതിനുശേഷം മുഖ്യമന്ത്രി ഇ.കെ. സമസ്തയുടെ പ്രതിനിധികളുമായി ചർച്ച നടത്തി. വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിടാനുള്ള നിയമം ഉടൻ നടപ്പാക്കില്ലെന്ന് ഉറപ്പു നല്‌കി. പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം ഉണ്ടാക്കാം. നിയമം പിൻവലിക്കുമെന്നോ നടപ്പാക്കുമെന്നോ പറഞ്ഞില്ല. നിയമം പിൻവലിക്കണമെന്ന നിലപാടിൽത്തന്നെയാണ് ഇ.കെ. സമസ്ത നിലകൊള്ളുന്നത്. എന്നാൽ അവർക്ക് മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾക്ക് തയ്യാറല്ല. മുസ്ളിം ലീഗിന് മുഖ്യമന്ത്രിയുടെ വാക്ക് തീരെയും വിശ്വാസമല്ല. വച്ച കാൽ പുറകോട്ടെടുക്കാൻ അവർ തയ്യാറുമല്ല. നിയമം അസംബ്ളിയിൽ വച്ച് പിൻവലിക്കണമെന്നാണ് ആവശ്യം. മറ്റു മുസ്ളിം സംഘടനകളും ഇതേ നിലപാടിൽ ഏറെക്കുറെ ഉറച്ചു നില്‌ക്കുകയാണ്. ഒറ്റയായും കൂട്ടായും പ്രതിഷേധ പരിപാടികൾ നടത്താൻ അവർ ഒരുങ്ങുന്നു. ഡിസംബർ ഒമ്പതിന് വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് മുസ്ളിം ലീഗിന്റെ ആഭിമുഖ്യത്തിൽ അതിഗംഭീരമായ വഖഫ് സംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തപ്പെട്ടു. ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം എന്ന മട്ടിലുള്ള മുദ്രാവാക്യങ്ങളും റാലിയിൽ മുഴങ്ങിക്കേട്ടു. പൊതുയോഗത്തിൽ ലീഗ് നേതാക്കൾ സർക്കാരിനെതിരെ ആഞ്ഞടിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ രണ്ടാം വിവാഹത്തെക്കുറിച്ചു പോലും അപകീർത്തികരമായ പരാമർശങ്ങളുണ്ടായി. കൊടുംചതിക്ക് മാപ്പില്ല എന്നാണ് പിറ്റേന്ന് ചന്ദ്രികയുടെ ഒന്നാംപേജിൽ വന്ന തലവാചകം.

മുഖ്യമന്ത്രിയോടുള്ള സ്നേഹാദരവുകളോ അദ്ദേഹത്തിന്റെ ഉറപ്പിലുള്ള വിശ്വാസമോ മാത്രമല്ല ഇ.കെ വിഭാഗം സമസ്തയെ പിന്തിരിപ്പിച്ചതെന്ന് വ്യക്തം. മുസ്ളിം ലീഗിന്റെ ബി ടീമായി പ്രവർത്തിക്കുന്നതിൽ സമസ്തയുടെ ഭാരവാഹികൾക്കിടയിൽത്തന്നെ കടുത്ത വിയോജിപ്പുണ്ട്. അതുകൊണ്ടാണ് ചന്ദ്രികയ്ക്ക് ബദലായി ഏതാനും വർഷം മുമ്പ് സുപ്രഭാതം പത്രം പ്രസിദ്ധീകരണം ആരംഭിച്ചതു തന്നെ. ലീഗിന്റെ പല നടപടികളോടും സമസ്ത സമീപകാലത്ത് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ലീഗ് നേതൃത്വത്തിൽ മുജാഹിദുകൾക്കാണ് പ്രാമുഖ്യമെന്ന ആരോപണം പണ്ടുമുതലേ നിലവിലുണ്ട്. വഹാബി, മൗദൂദി ആശയക്കാരുടെ വാലായി പ്രവർത്തിക്കുന്ന സംഘടനയല്ല സമസ്തയെന്ന് തെളിയിക്കേണ്ട ബാദ്ധ്യതയും ഇപ്പോഴത്തെ നേതൃത്വത്തിനുണ്ട്. മുജാഹിദ് സംഘടനകളുടെയും ജമാ അത്തെ ഇസ്ളാമിയുടെയും താത്പര്യപ്രകാരമാണ് മുസ്ളിം ലീഗ് വേണ്ടത്ര മുന്നാലോചന കൂടാതെ സർക്കാരിനെതിരെ സമരത്തിനിറങ്ങിയതെന്ന് സമസ്തയുടെ നേതാക്കൾ ആരോപിക്കുന്നു. ജിഫ്രി മുത്തുക്കോയ തങ്ങളോട് വേണ്ടരീതിയിൽ ആലോചിക്കാതെയാണ് സംഘടനാ നേതാക്കളുടെ സംയുക്ത യോഗത്തിലേക്ക് സമസ്തയുടെ പ്രതിനിധികളെ ക്ഷണിച്ചതെന്നുമുണ്ട് ആക്ഷേപം. അതാണ് ജിഫ്രി തങ്ങൾ പിണങ്ങിയതും പതിനൊന്നാം മണിക്കൂറിൽ പ്രത്യക്ഷസമരത്തിൽ നിന്ന് പിന്തിരിഞ്ഞതും.

സമസ്തയെ വെറുപ്പിച്ചുകൊണ്ട് മുസ്ളിം ലീഗിന് വലിയ പ്രക്ഷോഭ പരിപാടികളിലേക്ക് പോകാൻ കഴിയില്ല. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങൾ രോഗശയ്യയിലാണ്. 2016 ലും 2021 ലും യു.ഡി.എഫ് തിരഞ്ഞെടുപ്പ് തോറ്റതിന്റെ ക്ഷീണത്തിൽ നിന്ന് ലീഗ് കരകയറിയിട്ടില്ല. ഈ അനുകൂല സാഹചര്യം എ.പി വിഭാഗം സമസ്തയും ഇന്ത്യൻ നാഷണൽ ലീഗും അതുപോലെ കെ.ടി. ജലീൽ, പി.ടി.എ റഹീമാദി നേതാക്കളും കൃത്യമായി മുതലെടുക്കുന്നുണ്ട്. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളിൽ ഭൂരിപക്ഷവും സുന്നികളുടേതാണെന്നും കാര്യമായ മുതൽമുടക്കില്ലാത്ത വഹാബി, മൗദൂദി സംഘടനകൾ സർക്കാരിനോടുള്ള കണക്കുതീർക്കാൻ വേണ്ടി മാത്രമാണ് സമരം ചെയ്യുന്നതെന്നും അവർ പ്രചരിപ്പിക്കുന്നു. അങ്ങനെയുള്ള സംഘടനകളുടെ ചട്ടുകമായി പ്രവർത്തിക്കുന്ന മുസ്ളിം ലീഗിനെ ഒറ്റപ്പെടുത്താനും ആഹ്വാനം ചെയ്യുന്നു. സംസ്ഥാനത്ത് ലീഗിന്റെ വോട്ടുബാങ്കിൽ വലിയ ചോർച്ചയുണ്ടായെന്ന കാര്യം 2020 ലെ പഞ്ചായത്ത് - മുനിസിപ്പൽ തിരഞ്ഞെടുപ്പുകളും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പും തെളിയിച്ചതാണ്. മലബാറിൽപ്പോലും മുസ്ളിം വോട്ടുകളുടെ അട്ടിപ്പേറവകാശം ഇപ്പോൾ ലീഗിനില്ല. തിരുവിതാംകൂർ - കൊച്ചി പ്രദേശത്തു പറയാനുമില്ല. മാർക്സിസ്റ്റ് പാർട്ടിയും അവരോട് അനുഭാവമുള്ള സംഘടനകളും അതിവേഗം സമുദായത്തിൽ സ്വാധീനം നേടുകയാണ്. ഈയൊരു സാഹചര്യത്തിലാണ് വഖഫ് ബോർഡ് നിയമനങ്ങൾ വൈകാരിക വിഷയമാക്കി ഉയർത്തിക്കൊണ്ടുവന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ലീഗ് തുനിഞ്ഞത്. അതിപ്പോൾ വിപരീതഫലം ഉണ്ടാക്കുമോ എന്ന ഭയമാണ് പാർട്ടി നേതൃത്വത്തിനുള്ളത്. മാർക്സിസ്റ്റ് പാർട്ടിയും സഹയാത്രികരും വളരെ ഫലപ്രദമായാണ് കരുക്കൾ നീക്കുന്നത്. വഖഫ് ബോർഡ് പോലെ വൈകാരികമായ വിഷയത്തിൽ തിടുക്കപ്പെട്ട് യാതൊരു തീരുമാനവും കൈക്കൊള്ളില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു കൊടുത്തതും വേണ്ടിവന്നാൽ നിയമം പിൻവലിക്കാൻ മടിക്കില്ലെന്ന സൂചന നൽകിയതും വെറുതേയല്ല. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് നവോത്ഥാനം ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ ക്ഷതം ഇനിയും മാറിയിട്ടില്ല. അതുകൊണ്ട് പ്രബല ന്യൂനപക്ഷവിഭാഗത്തെ പിണക്കാതിരിക്കുന്നതാണ് സർക്കാരിനും പാർട്ടിക്കും നല്ലതെന്ന് അവർ കരുതുന്നു.

യഥാർത്ഥത്തിൽ വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതുകൊണ്ട് മുസ്ളിം സമുദായത്തിനെന്തെങ്കിലും നഷ്ടമുണ്ടാകുന്നുണ്ടോ? ഇല്ലെന്നു തന്നെയാണ് ഉത്തരം. സുതാര്യമായും സത്യസന്ധമായും നിയമനം നടത്താൻ പി.എസ്.സിയാണ് ഇപ്പോഴുള്ളതിൽ ഏറ്റവും മികച്ച സംവിധാനം. നിയമനങ്ങൾ മുസ്ളിം സമുദായാംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നു നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നിരിക്കെ അവിശ്വാസികളും അന്യമതക്കാരും വഖഫ് ബോർഡിൽ നിയമിതരാകുമെന്ന ആശങ്ക മിക്കവാറും സാങ്കല്പികവും തികച്ചും അടിസ്ഥാന രഹിതവുമാണ്. ദേവസ്വം ബോർഡിലെ നിയമനങ്ങൾ എന്തുകൊണ്ട് പബ്ളിക് സർവീസ് കമ്മിഷനു വിടുന്നില്ലെന്നാണ് പ്രക്ഷോഭകരുടെ മറ്റൊരു ചോദ്യം. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ച കാര്യവും അവർ ചൂണ്ടിക്കാട്ടുന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പ്രധാനമായും ക്ഷേത്രങ്ങളിലെ പൂജാരിമാരെയും കഴകക്കാരെയുമാണ് നിയമിക്കുന്നത്. അപ്രകാരമുള്ള നിയമനങ്ങൾ നടത്താൻ ആവശ്യമായ സംവിധാനം നിലവിൽ പബ്ളിക് സർവീസ് കമ്മിഷന് ഇല്ല. മറിച്ച് വഖഫ് ബോർഡിൽ മുക്രികളെയോ ഖത്തീബുമാരെയോ അതുപോലെ മതപരമായ ഉത്തവാദിത്തങ്ങൾ നിറവേറ്റുന്ന മറ്റാരെയെങ്കിലുമോ അല്ല നിയമിക്കുന്നത്. അവിടെ പ്യൂൺ, ക്ളാർക്ക്, സെക്ഷൻ ഒാഫീസർ മുതലായ ഭരണപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനാണ് നിയമനങ്ങൾ നടത്തുന്നത്. സംസ്ഥാനത്തെ മൂന്ന് ദേവസ്വം ബോർഡുകളിലും ഗുരുവായൂർ, കൂടൽമാണിക്യം മുതലായ മഹാക്ഷേത്രങ്ങളിലുമായി ആയിരക്കണക്കിന് തസ്തികകൾ നിലവിലുണ്ട്. അതുകൊണ്ട് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പോലെ വിപുലമായ സംവിധാനവും ആവശ്യമാണ്. മറിച്ച് വഖഫ് ബോർഡിൽ ഏതാണ്ട് 300 തസ്തികകളേ നിലവിലുള്ളൂ. വർഷത്തിൽ ഇരുപതോ മുപ്പതോ ഒഴിവുകൾ മാത്രമേ വരാനിടയുള്ളൂ. അതിനുവേണ്ടി റിക്രൂട്ട്മെന്റ് ബോർഡു പോലെ ഒരു വെള്ളാന ആവശ്യവുമില്ല. ഇക്കാര്യങ്ങൾ അറിയാത്തവരല്ല പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിട്ടുള്ളത്. രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് അവരുടെ ലക്ഷ്യം.

ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിലും സ്കോളർഷിപ്പുകളുടെ 80 : 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി തിടുക്കപ്പെട്ടു നടപ്പാക്കിയതും ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ കേരള കോൺഗ്രസ് (ജോസ് മാണി) വിഭാഗത്തിനു വിട്ടുകൊടുത്തതുമടക്കം നിരവധി ആവലാതികൾ മുസ്ളിം സമുദായ സംഘടനകൾ സമീപകാലത്ത് ഉയർത്തുകയുണ്ടായി. പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ പൊലീസ് രജിസ്റ്റർചെയ്ത കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും അവർക്ക് ആവലാതിയുണ്ട്. ഈ വിഷയങ്ങളൊന്നും ഫലപ്രദമായി ഉന്നയിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മുസ്ളിം ലീഗ്. വഖഫ് ബോർഡിലെ നിയമനങ്ങൾ സർക്കാരിനോടു കണക്കു തീർക്കാനുള്ള ഒരവസരമായി അവർ ഉപയോഗിക്കുന്നു എന്നു മാത്രമേയുള്ളൂ.

ഇനി ഇതിന്റെ മറുവശം. വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്കു വിട്ടില്ലെന്ന് കരുതി കേരളം അറബിക്കടലിൽ താണുപോവുകയൊന്നുമില്ല. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഉടൻ പരിഹാരം കണ്ടെത്തേണ്ടതായ നിരവധി വിഷയങ്ങൾ വേറെയുമുണ്ട്. അനാവശ്യമായ സംഘർഷങ്ങളിലേക്കും സംഘട്ടനത്തിലേക്കും സാമുദായിക ധ്രുവീകരണത്തിലേക്കും പോകാതിരിക്കുന്നതാണ് സർക്കാരിനും ബന്ധപ്പെട്ട കക്ഷികൾക്കും പൊതുസമൂഹത്തിനും ഗുണകരം. ഒന്നുകിൽ മുഖ്യമന്ത്രി മുസ്ളിം സംഘടനകളെ ചർച്ചയ്‌ക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം. അതല്ലെങ്കിൽ നിയമം പിൻവലിക്കണം. തുലോം നിസാരമായ ഒരു വിഷയത്തിന്റെ പേരിൽ സംസ്ഥാനത്ത് സാമുദായിക സംഘർഷം സൃഷ്ടിക്കാനോ ക്രമസമാധാനപ്രശ്നങ്ങൾ വിളിച്ചു വരുത്താനോ തുനിയരുത്. 1980 ൽ അറബി - ഉറുദു അദ്ധ്യാപകർക്ക് എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണമെന്നു നിഷ്‌കർഷിച്ചപ്പോൾ ഇതുപോലെ വലിയ പ്രക്ഷോഭം മുസ്ളിം ലീഗ് സംഘടിപ്പിച്ചതാണ്. അതിനെത്തുടർന്നാണ് മലപ്പുറത്ത് വെടിവയ്പുണ്ടായതും ഒരു എം.എസ്.പി കോൺസ്റ്റബിളും മൂന്ന് സമരക്കാരും കൊല്ലപ്പെടാനിടയായതും. അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന ബേബി ജോൺ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ആ പ്രശ്നം പരിഹരിക്കുകയാണുണ്ടായത്. അതുപോലെയുള്ള നയചാതുര്യമാണ് ഈ ഘട്ടത്തിൽ മുഖ്യമന്ത്രി പ്രകടിപ്പിക്കേണ്ടത്. കേവലം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി അനാവശ്യ സമരങ്ങൾ സംഘടിപ്പിക്കുന്നതും അവ ആളിക്കത്തിക്കുന്നതും ആർക്കും ഭൂഷണമല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WAQF BOARD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.