തുറവൂർ: സൈക്കിളിൽ ഇന്ത്യാപര്യടനം പൂർത്തിയാക്കി തിരിച്ചെത്തിയ ശ്രീജിത്തിന് പട്ടണക്കാട് പൗരാവലിയുടെ ആദരം. പട്ടണക്കാട് പാറയിൽ ഭാഗം കുര്യൻ ചിറയിൽ തമ്പിയുടെയും ബേബിയുടെയും മകനായ ശ്രീജിത്ത് എം.ബി.എ ടൂറിസം ബിരുദധാരിയാണ്. ജൂൺ 30ന് പട്ടണക്കാട് പത്മാക്ഷി കവലയിൽ നിന്നാണ് സൈക്കിളിൽ സാഹസികയാത്ര ആരംഭിച്ചത്. 155 ദിവസം കൊണ്ട് 10,000 ത്തിലധികം കിലോമീറ്റർ താണ്ടി ജമ്മു കാശ്മീർ ഉൾപ്പെടെ 12 സംസ്ഥാനങ്ങൾ സഞ്ചരിച്ചു. ഉത്തരാഖണ്ഡ് വഴി അതിർത്തി കടന്ന് അയൽ രാജ്യമായ നേപ്പാൾ വരെ സന്ദർശിച്ചാണ് സൈക്കിൾ പര്യടനം പൂർത്തിയാക്കിയത്. ഉത്തർപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം തിരികെ എറണാകുളത്തെത്തി. തുടർന്ന് വീണ്ടും സൈക്കിളിലാണ് സ്വന്തം നാട്ടിലെത്തിയത്. പൊന്നാംവെളിയിൽ നടന്ന അനുമോദന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മാരിടൈം ബോർഡ് അംഗം അഡ്വ. എൻ.പി. ഷിബു അദ്ധ്യക്ഷനായി. പൗരാവലിയുടെ ഉപഹാരമായി പുതിയ സ്പോർട്സ് സൈക്കിൾ ശ്രീജിത്തിന് നൽകി. എ.എം. ആരിഫ് എം.പി, ജില്ലാ പഞ്ചായത്തംഗം എൻ.എസ്. ശിവപ്രസാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ, എം.കെ. ജയപാൽ, അഡ്വ. പി.കെ. ബിനോയ്, സി.കെ. മോഹനൻ, എസ്.പി. സുമേഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |