SignIn
Kerala Kaumudi Online
Thursday, 25 April 2024 5.40 AM IST

സ്‌ത്രീകൾ അണിയട്ടെ നിയമം എന്ന കവചം

law

28 വർഷം മുൻപ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന ഡി.സി.പി യുടെ ഭാര്യ സാധനങ്ങൾ വാങ്ങാൻ കടയിൽപോയി. കടയിൽ നിന്നിരുന്ന ആൾ അനാവശ്യമായി അവരോട് ഉച്ചത്തിൽ കയർത്തു സംസാരിച്ചു. അകാരണമായുണ്ടായ ആ സംസാരം അവർക്ക് വളരെയധികം അപമാനമുണ്ടാക്കുന്നതായിരുന്നു. അവർ കൺട്രോൾ റൂമിൽ വിളിച്ച് ഒരു കേസ് ചാർജ് ചെയ്തു. എന്നാൽ ഒരു കേസ് ചാർജ് ചെയ്യുന്നതിനേക്കാൾ സ്റ്റേഷനിൽവച്ചു കാര്യം പറഞ്ഞ് മനസിലാക്കി, താക്കീത് നല്‌കി വിടുകയോ, മാപ്പ് പറയിപ്പിക്കുകയോ ചെയ്യാമെന്ന് ഡി.സി.പി.യുടെ സഹപ്രവർത്തകർ അഭിപ്രായപെട്ടു. സിറ്റിയിലെ ഡി.സി.പി യുടെ ഭാര്യക്ക് തന്നെ ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്നായിരുന്നു ഡി.സി.പി ചിന്തിച്ചത്. അദ്ദേഹം തന്റെ ഭാര്യയോട് കേസ് തുടർന്നാൽ കോടതിയിൽ പോകേണ്ടി വരുന്നതിനെപ്പറ്റിയും സംസാരിച്ചു. എന്നാൽ ഭാര്യ കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. കേസ് കോടതിയിലെത്തി, കടക്കാരൻ കുറ്റം സമ്മതിക്കുകയും ചെയ്തു. ചെറിയൊരു പെറ്റിക്കേസായി ചാർജ് ചെയ്ത് നിസാരതുക കോടതിയിൽ കെട്ടിവെച്ച് അയാളെ പറഞ്ഞുവിട്ടു. നാട്ടുകാർ ഇതിനെ ഒരു സംസാരവിഷയമാക്കുമോ പിന്നീട് വിവാദങ്ങൾക്ക് കാരണമാകുമോ എന്നൊന്നും ഡി.സി.പിയും ഭാര്യയും ചിന്തിച്ചില്ല. നീതി എല്ലാവർക്കും കിട്ടണമെന്നായിരുന്നു അവർ ആഗ്രഹിച്ചത്.


2012 ൽ നിർഭയ കേസിന് ശേഷം, സ്ത്രീകൾക്കെതിരെ ഉണ്ടാവുന്ന കളിയാക്കലുകൾക്കും മാനസിക പീഡനങ്ങൾക്കും എതിരെ ദേശീയ വനിതാ കമ്മിഷൻ IPC 354 a,b,c,d പോലെ പുതിയ നിയമങ്ങൾ കൊണ്ടുവന്നു. ദയനീയ അവസ്ഥ എന്തെന്നാൽ 2019 ൽ കേരള പൊലീസ് രജിസ്റ്റർ ചെയ്‌ത 5,09,627 കേസുകളിൽ ആയിരത്തിൽ താഴെ മാത്രമാണ് മുൻ പറഞ്ഞ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്‌ത കേസുകൾ. ഇതിനർത്ഥം സ്‌ത്രീകൾ ഇത്തരം സംഭവങ്ങളിൽ പരാതിപ്പെടുന്നില്ല എന്നാണ്. മോശമായി നോക്കുന്നതിൽ തന്നെ സ്ത്രീക്ക് പരാതിയുണ്ടെങ്കിൽ കേസ് എടുക്കാവുന്നതാണ്. ഇതിൽ മൂന്നുവർഷം വരെ തടവുശിക്ഷയും ലഭിക്കാം.

കേരളത്തിലെ ഒന്നരകോടി സ്ത്രീകളുടെ സുരക്ഷയ്ക്ക് നിരവധി നിയമങ്ങൾ ഉണ്ടെങ്കിലും അതവർ ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ അവർക്ക് എങ്ങനെ സ്വന്തം സുരക്ഷ ഉറപ്പാക്കാനാകും. മലയാളികൾ പ്രബുദ്ധരാണെന്ന് അവകാശപ്പെടുമ്പോഴും ഇപ്രകാരമുള്ള അതിക്രമങ്ങൾക്കും അനീതികൾക്കും നേരെ കണ്ണടയ്‌ക്കുന്നു.

ഇതിന്റെ പിന്നിലെ മന:ശാസ്ത്രം വളരെ ലളിതമാണ്, കുഞ്ഞായിരിക്കുമ്പോഴെ ഇങ്ങനെ ഉറച്ച വ്യക്തിത്വം നല്കിയല്ല വളർത്തുന്നത്. മുതിർന്നവർ തെറ്റാണ് പറയുന്നതെന്ന് ഉത്തമബോദ്ധ്യമുണ്ടെങ്കിലും അവരെ എതിർക്കാൻ പാടില്ലെന്ന വ്യവസ്ഥ രക്ഷിതാക്കൾ മുന്നോട്ട് വെയ്ക്കുന്നു. ഒരു കുട്ടി ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്ക് അരുത് എന്നായിരിക്കും. പണം കൊടുത്ത് കഴിക്കുന്ന ഭക്ഷണം മോശമായാലും അത് ചോദ്യം ചെയ്ത് വെറുതെ പ്രശ്നമുണ്ടാക്കരുതെന്ന രീതിയിലുള്ള ശീലങ്ങൾ കുട്ടിക്കാലത്തെ അടിച്ചേല്‌പ്പിക്കുന്നു. ഇപ്രകാരം നിരോധനങ്ങളിലൂടെ കടന്നു വരുന്നത് പിന്നീട് ഉത്കണ്ഠ, ഭയം എന്നിവ സൃഷ്‌ടിക്കുന്നു. കൂടാതെ അനീതി കാണുന്ന സാഹചര്യങ്ങളിൽ കാഴ്ചക്കാരായി നില്‌ക്കുന്നതിനും കാരണമാകുന്നു.

ഒരു തരത്തിലും പ്രശ്നമുണ്ടാക്കരുതെന്ന് പഠിപ്പിച്ചാണ് പെൺകുട്ടികളെ മാതാപിതാക്കൾ വളർത്തുന്നത്. ബന്ധുക്കളിൽ നിന്നും പോലും മോശം അനുഭവങ്ങൾ ഉണ്ടായാൽ എങ്ങനെയെങ്കിലും അത് ഒത്തുതീർപ്പാക്കി വിടാനാണ് മാതാപിതാക്കൾ പോലും ശ്രമിക്കുന്നത്. ഒരുതരത്തിലും പ്രശ്നങ്ങളിൽ ഇടപെടരുതെന്ന ഉപദേശം കുട്ടികളുടെ മനസിൽ ആഴത്തിൽ പതിയുന്നു. ഇക്കാരണത്താൽ വിവാഹശേഷവും തീരെ സഹിക്കാൻ വയ്യാത്ത അവസരങ്ങളിൽ പോലും ആരോടും പരാതിപ്പെടാൻ ശ്രമിക്കാതെ അവർ ആത്മഹത്യയ്‌ക്ക് മുതിരുന്നു.

ഈയടുത്ത കാലത്ത് കേരളത്തിലെ സ്ത്രീകൾ ഭർതൃവീട്ടിൽ അതിക്രമങ്ങൾക്ക് ഇരയായി ആത്മഹത്യ ചെയ്യുന്നത് വർദ്ധിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയ്‌ക്കായി 18 ഓളം നിയമങ്ങൾ ഉണ്ടായിട്ടും, അതിന്റെ സഹായം തേടാതെ ആത്മഹത്യയ്‌ക്ക് മുതിരുന്ന സ്ത്രീകൾ ഏറെയാണ്. സ്വന്തം വീട്ടിലും ഭർതൃവീട്ടിലും പീഡനങ്ങൾ അനുഭവിക്കുമ്പോഴും സ്റ്റേഷനിൽ പോവുകയോ നിയമത്തിന്റെ വഴി സ്വീകരിക്കുകയോ ചെയ്യാത്തതിന്റെ കാരണം നാം അന്വേഷിക്കേണ്ടതാണ്. സ്ത്രീകൾ പരാതിപ്പെട്ടാൽ മാത്രമേ കൂടുതൽ നടപടികൾ ഉണ്ടാവുകയുള്ളൂ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAW FOR WOMENS PROTECTION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.