SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.46 PM IST

അട്ടപ്പാടിയുടെ പ്രഭു പാരിപ്പള്ളിയുടേയും

dr-r-prabhu-das

കൊല്ലം ജില്ലയിലെ പാരിപ്പള്ളി എന്ന സ്ഥലത്തിന് പ്രത്യേകതകളൊന്നുമില്ല. ദേശീയപാതയിൽ കൊല്ലത്തിനും ആറ്റിങ്ങലിനും മദ്ധ്യേയുള്ള പ്രധാന ജംഗ്ഷൻ. ഇവിടെ നിന്നാണ് തെന്മല വഴി പോകുന്ന പുതിയ ഹൈവേ ആരംഭിക്കുന്നത്. ലോകപ്രശസ്തമായ വർക്കല ശിവഗിരിയിലേക്ക് പോകുന്നതും പാരിപ്പള്ളിയിൽ നിന്ന് തിരിഞ്ഞാണ്. എന്നാൽ പാരിപ്പള്ളിക്കാരുടെ സ്വകാര്യ അഭിമാനമായി വിശേഷിപ്പിക്കപ്പെടുന്ന ഒരാളുണ്ട്, പേര് ഡോ. ആർ. പ്രഭുദാസ്. പാരിപ്പള്ളിയിലെ സാധാരണ കുടുംബത്തിൽ ഒരു സൈനികന്റെയും പ്രൈമറി സ്കൂൾ അദ്ധ്യാപികയുടെയും മകനായി ജനിച്ച പ്രഭുദാസ് നാട്ടിലെ സ്കൂളുകളിലും കോളേജിലും പഠിച്ച ശേഷം ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. 1995 ൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി ഡോക്ടറായി ആദ്യ താത്‌കാലിക നിയമനം ലഭിക്കുന്നത് അട്ടപ്പാടി അഗളിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ. പാവങ്ങളിൽ പാവങ്ങളായ ആദിവാസി ജനത മാത്രം താമസിക്കുന്ന അവിടെയാണ് തന്റെ ജീവിത നിയോഗമെന്ന് തിരിച്ചറിഞ്ഞ പ്രഭുദാസ് ഉന്നതപഠനമെന്ന മോഹം പോലും ഉപേക്ഷിച്ച് അവരിലൊരാളായി മാറി. പി.എസ്.സി വഴി ലഭിക്കുന്ന ആദ്യ നിയമനം അട്ടപ്പാടിയിലാണെങ്കിൽ അവിടെയെത്തി ചുമതലയേറ്റ ഉടൻ മറ്റേതെങ്കിലും ഇടത്തേക്ക് ട്രാൻസ്ഫറും ശരിയാക്കി പോകുന്നവർക്കിടയിലാണ് 25 വർഷം മുമ്പ് ഡോ.പ്രഭുദാസ് അട്ടപ്പാടിയാണ് തന്റെ പ്രവർത്തന മണ്ഡലമെന്ന് ഉറപ്പിക്കുന്നത്. സ്വന്തം വീട്ടുകാരുടെ പോലും എതിർപ്പുകൾ അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല.

അട്ടപ്പാടിയിലെ പാവങ്ങൾക്ക് ദൈവദൂതനെപ്പോലെയായിരുന്നു പ്രഭു ഡോക്ടർ. അവരുടെ കാണപ്പെട്ട ദൈവമായി അവരുടെ മനസുകളിൽ ഇടം നേടാൻ പ്രഭുവിന് അധിക കാലം വേണ്ടിവന്നില്ല. മനുഷ്യന് കയറാൻ അറപ്പും വെറുപ്പും തോന്നിയിരുന്ന കോട്ടത്തറ പ്രാഥമികാരാഗ്യ കേന്ദ്രത്തെ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലെന്ന ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തത് ഡോ.പ്രഭുദാസിന്റെ നിസ്വാർത്ഥ സേവനവും മനുഷ്യ സ്നേഹവും മാത്രമായിരുന്നു. എന്നാൽ ഇന്ന് കേരള സർക്കാരിന്റെയും വിശിഷ്യ ആരോഗ്യവകുപ്പിന്റെയും കണ്ണിലെ കരടായി മാറിയിരിക്കുകയാണ് ആദിവാസികളുടെ സ്നേഹഭാജനമായ ഡോ.പ്രഭുദാസ്. അടുത്തിടെ അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കൊടുവിൽ ആരോഗ്യമന്ത്രി വീണ ജോർജ് ഇടപെട്ട് അദ്ദേഹത്തെ തിരൂരങ്ങാടി താലൂക്കാശുപത്രി സൂപ്രണ്ടായി സ്ഥലം മാറ്റുകയായിരുന്നു.

നാലു ദിവസത്തിനിടെ മരിച്ചത് അഞ്ച് ശിശുക്കൾ

ഇക്കഴിഞ്ഞ നവംബർ അവസാനവാരം നാല് ദിവസത്തിനുള്ളിൽ അഞ്ച് കുഞ്ഞുങ്ങൾ മരിച്ചതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്കൊടുവിലാണ് പ്രഭുദാസിന്റെ സ്ഥാനചലനം. പാലക്കാട് ജില്ലയിലെ അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകൾ ചേർന്ന പ്രദേശമാണ് അട്ടപ്പാടി. ഇരുളർ, കുറുമ്പർ, മുഡുകർ എന്നീ പട്ടികവർഗ വിഭാഗങ്ങളാണ് അട്ടപ്പാടിയിലെ 192 ഊരുകളിലായുള്ളത്. ശിശുമരണവും പോഷകാഹാരക്കുറവും അട്ടപ്പാടിയെക്കുറിച്ചുള്ള ചർച്ചകളിൽ വർഷങ്ങളായി ഉയർന്നു വരുന്നതാണ്. ആറ് അമ്മമാരാണ് പ്രസവത്തെത്തുടർന്ന് 2013 ന് ശേഷം മരിച്ചത്. ഈ വർഷം ഒരു മരണമാണ് റിപ്പോർട്ട് ചെയ്തത്. ഗർഭിണികളിലെ വിളർച്ചയും പോഷകാഹാരക്കുറവുമാണ് ശിശുമരണങ്ങൾക്ക് പ്രധാന കാരണമെന്ന് 2013 ൽ യുനിസെഫ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ഇപ്പോഴത്തെ ശിശുമരണങ്ങൾ ഉണ്ടായതിനു പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച കോട്ടത്തറ ട്രൈബൽ വെൽഫെയർ ഉദ്യോഗസ്ഥനായ ചന്ദ്രനെ പുറത്താക്കാൻ ആശുപത്രി അധികൃതർ തീരുമാനിച്ചു. കോട്ടത്തറ ആശുപത്രി മാനേജ്‌മെന്റിന്റേതാണ് പ്രതികാര നടപടി. ഇ.എം.എസ് ആശുപത്രിയ്ക്ക് റഫറൽ ചികിത്സയ്ക്ക് 12 കോടി രൂപ നല്‌കിയെന്നും ഇതിന്റെ നാലിലൊന്ന് പണമുണ്ടായിരുന്നെങ്കിൽ കോട്ടത്തറ ആശുപത്രിയിൽ സി.ടി സ്‌കാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങാമായിരുന്നുവെന്നും പറഞ്ഞതിനാണ് ചന്ദ്രനെ പുറത്താക്കാൻ തീരുമാനിച്ചത്. അട്ടപ്പാടിയിലേക്ക് പട്ടികജാതിക്ഷേമ മന്ത്രി കെ.രാധാകൃഷ്ണനും തൊട്ടു പിന്നാലെ ആരോഗ്യമന്ത്രി വീണ ജോർജും സന്ദർശനത്തിനെത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രഭുദാസിനെ രായ്ക്ക് രാമാനം സ്ഥലം മാറ്റിയത്. മന്ത്രി രാധാകൃഷ്ണൻ എത്തി പതിവുപോലെ ചില വികസനപദ്ധതികളൊക്കെ പ്രഖ്യാപിച്ച് മടങ്ങി. ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി അട്ടപ്പാടിയുടെ ആരോഗ്യസ്ഥിതി ചർച്ചചെയ്യാൻ ഡിസംബർ ഒന്നിന് മന്ത്രിമാരും പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത ഓൺലൈൻ യോഗം ചേർന്നിരുന്നു. യോഗത്തിൽ പ്രഭുദാസ് മുന്നോട്ട് വച്ച നിർദ്ദേശങ്ങളിൽ കൂടുതൽ ചർച്ച വേണമെന്ന് പറഞ്ഞാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. എന്നാൽ അതൊരു ചതിയായിരുന്നു. പ്രഭുദാസ് പാരിപ്പള്ളിയിലെ വീട്ടിലെത്തിയ ശേഷം തിരുവനന്തപുരത്തേക്ക് പോകും വഴിയാണ് മന്ത്രി അട്ടപ്പാടിയിലെത്തിയ വിവരം അറിയുന്നത്. തിരുവനന്തപുരത്തെത്തി ഉന്നത ഉദ്യോഗസ്ഥരോട് അന്വേഷിച്ചെങ്കിലും ആരും വ്യക്തമായ മറുപടി നല്‌കിയില്ല. അട്ടപ്പാടിയിൽ കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന ഡോ.പ്രഭുദാസിനെക്കാൾ അവിടത്തെ കാര്യങ്ങൾ അറിയാവുന്ന ഒരാളും ഇല്ലെന്നിരിക്കെ മന്ത്രി വീണ ജോർജ് ആർക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന സമൂഹം സംശയിക്കുന്നതിൽ തെറ്രുണ്ടോ. രാജ്യത്തെ ഏറ്റവുമധികം കൊവിഡ് വ്യാപനമുള്ള സംസ്ഥാനമെന്ന ദുഷ്പേര് സമ്പാദിച്ചിട്ടും ആരോഗ്യരംഗത്ത് കേരളം ലോകത്തിന് മാതൃകയാണെന്ന് ഊറ്റം കൊള്ളുമ്പോഴാണ് അട്ടപ്പാടിയിൽ കൂട്ടത്തോടെ കുരുന്നുകൾ മരിച്ചുവീണത്.

തന്നെ സ്ഥലം മാറ്റാൻ കാട്ടിയ ഉത്സാഹം അട്ടപ്പാടിയിലെ ജനങ്ങളെ സഹായിക്കാൻ കാട്ടിയിരുന്നെങ്കിൽ എത്ര നന്നായേനെ എന്നാണ് ഡോ. പ്രഭുദാസ് പ്രതികരിച്ചത്. അട്ടപ്പാടി ആശുപത്രി നന്നാക്കിയതിന്റെ പേരിൽ എന്തെങ്കിലും ശിക്ഷ കിട്ടിയാൽ ആയിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് സർക്കാർ അട്ടപ്പാടിയെക്കുറിച്ച് ഓർക്കുന്നത്. കോട്ടത്തറ ആശുപത്രിയുടെ പുതിയ മാനേജ്മെന്റ് കമ്മിറ്റിയിലെ പല അംഗങ്ങളും ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാൻ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നും പ്രഭുദാസ് പറയുന്നു. പുതിയ കമ്മിറ്റി നിലവിൽ വന്നശേഷം രാത്രിയിൽ പോലും ഓഫീസിൽ ഇടിച്ചു കയറി ഫയലുകളും മറ്റും ആവശ്യപ്പെടുകയാണ്. സ്ഥലം മാറ്റുമെന്നതുൾപ്പെടെ പലതരം ഭീഷണി വേറെ. പ്രഭുദാസിന്റെ മാറ്റത്തിനു പിന്നിലെ ശക്തികൾ ആരൊക്കെയെന്ന് വ്യക്തം.

ആരാണ് പ്രഭുദാസ് ?

1995 ൽ അട്ടപ്പാടിയിലെത്തിയ പ്രഭുദാസ് 1996 ൽ അട്ടപ്പാടിയിലുണ്ടായ കോളറ വ്യാപനം തടയാൻ രൂപീകരിച്ച സംഘത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു. 1998 ൽ അട്ടപ്പാടിയിൽ നിന്നുള്ള ആദ്യ ആദിവാസി ഡോക്ടർ കമലാക്ഷിയെ വിവാഹം കഴിച്ചത് ഏറെ ചർച്ചയായിരുന്നു. 2000 ൽ പുതൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പി.എസ്.സി വഴി നിയമനം ലഭിച്ചു. 2006 ൽ മികച്ച ഡോക്ടർക്കുള്ള സംസ്ഥാന പുരസ്‌കാരം, 2010 ൽ കൊരട്ടി കുഷ്ഠരോഗാശുപത്രിയിലേക്ക് സ്ഥലം മാറ്റം. 2012 ൽ ഡെപ്യൂട്ടി ഡി.എം.ഒ ആയി പാലക്കാട്ടേക്ക് മാറ്റം. 2013 ൽ അട്ടപ്പാടിയിൽ ശിശുമരണങ്ങൾ ഉണ്ടായപ്പോൾ പ്രഭുദാസിനെ തിരികെയെത്തിക്കണമെന്ന ആവശ്യം ഉയർന്നു. തുടർന്ന് കോട്ടത്തറ ആശുപത്രി സൂപ്രണ്ടായി നിയമനം. അതിനുശേഷം അട്ടപ്പാടിയിൽ ശിശുമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടാക്കാൻ ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞിരുന്നു. 2015 ൽ അട്ടപ്പാടി ട്രൈബൽ ഹെൽത്ത് നോഡൽ ഓഫീസറുടെ ചുമതലകൂടി നല്‌കിയിരുന്നു.

കോടികളുടെ സഹായം, എന്നിട്ടും....

അട്ടപ്പാടിയിലെ ആദിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി വർഷം തോറും സർക്കാർ കോടികളാണ് അനുവദിക്കുന്നതെങ്കിലും അതിന്റെ ചെറിയൊരംശം പോലും അവരിലെത്തുന്നില്ലെന്നതാണ് വാസ്തവം. ഇടനിലക്കാരും കുറെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉൾപ്പെട്ട ലോബിയാണ് ഇതെല്ലാം തട്ടിയെടുക്കുന്നെന്ന ആരോപണം ഉയരുന്നുണ്ട്. കുഞ്ഞുങ്ങൾക്കായി ഐ.സി.യു സംവിധാനം പോലുമില്ലാതെയാണ് ആദിവാസി മേഖലയിലെ കോട്ടത്തറ ആശുപത്രി പ്രവർത്തിക്കുന്നത്. ജൂനിയർ ഡോക്ടമാർ മാത്രമാണ് ഇവിടെയുള്ളത്. ശിശുമരണങ്ങളോ മാതൃ മരണങ്ങളോ ഉണ്ടാകുമ്പോഴാകും സർക്കാർ അടിയന്തരമായി ഇടപെട്ട് തൊലിപ്പുറത്തെ ചികിത്സ പോലെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങൾക്കും അതിനപ്പുറം ആയുസ് ഉണ്ടാകാൻ പോകുന്നില്ല. ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ഡോ.പ്രഭുദാസിനെപ്പോലെയുള്ളവരെ സ്ഥലം മാറ്റിയശേഷം എന്ത് നടപടിയാണ് ആരോഗ്യവകുപ്പ് അധികൃതർ സ്വീകരിക്കുന്നതെന്ന് കണ്ടറിയണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM DIARY, DR R PRABHUDAS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.