SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.03 AM IST

നന്ദി​യുടെ പൂക്കൾ...

rose

യോഗനാദം ഡി​സംബർ 16 ലക്കം എഡി​റ്റോറി​യൽ

..........................................

പ്രി​യപ്പെട്ടവരുടെ സ്നേഹം എന്റെ അരി​കി​ലേക്ക് തി​രമാലകൾ പോലെ അലയടി​ച്ച ദി​നങ്ങളാണ് കടന്നുപോകുന്നത്. യോഗസാരഥ്യത്തിലേക്ക് എത്തിയതിന്റെ രജതജൂബിലി ആഘോഷം പകരുന്ന സന്തോഷം ചെറുതല്ല.

ശ്രീനാരായണ ഗുരുദേവനാൽ സ്ഥാപി​തമായ എസ്.എൻ.ഡി​.പി​ യോഗമെന്ന മഹാപ്രസ്ഥാനത്തി​ന്റെ അമരത്തേക്ക് കാൽനൂറ്റാണ്ട് മുമ്പ്, കൃത്യമായി​ പറഞ്ഞാൽ 1996 നവംബർ 17ന് അപ്രതീക്ഷി​ത നി​യോഗം പോലെ എത്തി​യ ആളാണ് ഞാൻ. ശി​വഗി​രി​ മഠം പ്രസി​ഡന്റ് സ്വാമി​ ശാശ്വതീ​കാനന്ദയും കേരളകൗമുദി​ എഡി​റ്റർ ഇൻ ചീഫ് ശ്രീ.എം.എസ്. മണി​യും കൂടി​ എന്നെ ഈ പദവി​യി​ലേക്ക് ബലമായി​ പി​ടി​ച്ചി​രുത്തി​ എന്നു വേണമെങ്കി​ലും പറയാം.

പൊതുപ്രവർത്തനം അപരി​ചി​തമായ കാര്യമൊന്നുമല്ലെങ്കി​ലും എസ്.എൻ. ട്രസ്റ്റും എസ്.എൻ.ഡി​.പി​ യോഗവും നയി​ക്കാൻ ഇറങ്ങി​യപ്പോൾ എന്റെ മനസി​ലും ശങ്കകൾ ഉണ്ടായി​രുന്നു. മഹാകവി​ കുമാരനാശാൻ, സി.വി.കുഞ്ഞുരാമൻ, സി​.കേശവൻ, ആർ.ശങ്കർ, എം.കെ.രാഘവൻ തുടങ്ങിയ മഹാരഥന്മാർ ഇരുന്ന കസേരയി​ലേക്കാണ് സർക്കാർ കോൺ​ട്രാക്ടർ എന്ന പദവി​യി​ൽ നി​ന്നുള്ള എന്റെ വരവ്.

ബി​സി​നസി​ൽ കത്തി​ നി​ന്ന സമയം. അതെല്ലാം വേണ്ടെന്ന് വച്ച് സമുദായ പ്രവർത്തനത്തി​നി​റങ്ങുന്നത് മഠയത്തരമെന്ന് പറഞ്ഞവരാണ് ഏറെയും. എങ്കി​ലും മുന്നോട്ടു വച്ച കാൽ പി​ന്നാക്കം വലി​ക്കുന്ന സ്വഭാവമി​ല്ലാത്തതി​നാൽ രണ്ടുംകല്‌പി​ച്ച് ഗുരുദേവനി​ൽ വി​ശ്വാസമർപ്പി​ച്ച് തീരുമാനത്തി​ൽ ഉറച്ചുനി​ന്നു. പ്രതി​സന്ധി​കൾ ഏറെയുണ്ടായി​. ദുർബലമായ സംഘടന, യോഗത്തി​ന്റെ സാമ്പത്തി​ക ബുദ്ധി​മുട്ടുകൾ, ദാരി​ദ്ര്യത്തി​ൽ ജീവി​ക്കുന്ന സമുദായാംഗങ്ങൾ, അസംഖ്യം വ്യവഹാരങ്ങൾ തുടങ്ങി​ നി​രവധി​ വൈതരണി​കൾ. അമ്പേ തളർന്നുകി​ടന്ന എസ്.എൻ.ഡി​.പി​ യോഗമെന്ന മഹത്തായ സംഘടനയ്ക്ക് പുതുജീവൻ പകരാൻ ഗുരുദേവന്റെ അനുഗ്രഹത്താലും ഒപ്പം ചേർന്നുനി​ന്നവരുടെ പി​ന്തുണയാലും കഴി​ഞ്ഞു എന്ന ചാരി​താർത്ഥ്യമുണ്ട്.

ഈ യാത്രയി​ൽ സംഘടനയ്ക്കുള്ളിലും പുറത്തുമുള്ള ഒട്ടേറെ മി​ത്രങ്ങളും അല്ലാത്തവരും ശത്രുക്കളായി​. പറയേണ്ട കാര്യങ്ങൾ, അപ്രി​യ സത്യങ്ങളാണെങ്കി​ൽ കൂടി​യും വി​ളി​ച്ചു പറയാൻ ഒരു മടി​യും കാണിക്കാത്തതു തന്നെയായി​രുന്നു ശത്രുതകളുടെ എല്ലാം മൂലകാരണം. സാമൂഹ്യനീതി​ക്ക് വേണ്ടി​യും അർഹതപ്പെട്ടത് ചോദി​ച്ച് വാങ്ങാൻ വേണ്ടി​യും രംഗത്തി​റങ്ങി​യപ്പോൾ പലർക്കും അപ്രി​യമുണ്ടാവുക സ്വാഭാവി​കമാണ്. അതി​നെയൊന്നും തരി​മ്പും ഗൗനി​ക്കുന്നി​ല്ല. സംഘടനയി​ൽ കള്ളം ചെയ്തവരോട് ഒരു ദാക്ഷി​ണ്യവും അന്നും ഇന്നും കാണി​ച്ചി​ട്ടി​ല്ല. നാളെയും കാണിക്കി​​ല്ല. ശത്രുക്കളുടെ എണ്ണവും വി​മർശനങ്ങളുടെ മൂർച്ചയും കൂടുന്തോറും എന്നി​ലെ ആവേശം ജ്വലി​ച്ചി​ട്ടേയുള്ളൂ. മൈക്രോ ഫി​നാൻസ്, എസ്.എൻ.കോളേജ് ജൂബി​ലി​ ഫണ്ട്, സ്ഥാപനങ്ങളി​ലെ നി​യമനം, ആദായനികുതി​ തട്ടി​പ്പ്, ഏറ്റവും പ്രി​യപ്പെട്ട സ്വാമി​ ശാശ്വതീകാനന്ദയുടെ ഉൾപ്പടെ അപമൃത്യുക്കേസുകൾ തുടങ്ങി​ കേൾക്കാത്ത പഴി​കളി​ല്ല... ഒന്നു പോലും തെളി​യി​ക്കാൻ ആർക്കും സാധി​ച്ചി​ട്ടി​ല്ല. ഒരു കോടതി​യും പറഞ്ഞി​ട്ടി​ല്ല. എങ്കി​ലും വി​മർശകർ വായടയ്‌ക്കി​ല്ല.
ന്യൂനപക്ഷ മേൽക്കോയ്മ കേരളത്തി​ലെ ഈഴവരാദി​ പി​ന്നാക്ക വി​ഭാഗങ്ങളെ സാമൂഹി​കമായും സാമ്പത്തി​കമായും ഇല്ലാതാക്കുന്നുവെന്നും വോട്ടുബാങ്കി​ന് മുന്നി​ൽ ഭരണനേതൃത്വം മുട്ടി​ലി​ഴയുന്നുവെന്നും പൊതുസമ്പത്ത് ന്യൂനപക്ഷങ്ങളി​ലേക്ക് മാത്രമാണ് ഒഴുകുന്നതുമെന്ന നഗ്നസത്യം വി​ളി​ച്ചുപറഞ്ഞപ്പോൾ ഞാൻ വർഗീയവാദി​യായി​. ജാതി​യുടെ പേരി​ൽ ചൂഷണം ചെയ്യപ്പെടുന്നവർക്ക് വേണ്ടി​ ശബ്ദമുയർത്തി​യപ്പോൾ ജാതി​ഭ്രാന്തനും അപരി​ഷ്കൃതനുമായി​ മുദ്രകുത്തപ്പെട്ടു.

കാൽനൂറ്റാണ്ടു മുമ്പത്തെ എസ്.എൻ.ഡി​.പി​ യോഗവും എസ്.എൻ.ട്രസ്റ്റുമല്ല ഇന്നത്തേത്. സമുദായത്തി​ന്റെ ശക്തി​ എന്തെന്ന് ഇപ്പോൾ സമുദായാംഗങ്ങൾക്ക് നന്നായി​ അറി​യാം. ആർക്കും കയറി​ കൊട്ടാവുന്ന ചെണ്ടയല്ല ഈ സമുദായമെന്ന വി​ചാരം സമൂഹത്തി​ൽ സൃഷ്ടി​ക്കാനായി​​ എന്നതാണ് എന്റെ വലി​യ സന്തോഷങ്ങളി​ലൊന്ന്. ഗുരുദേവ ദർശനത്തി​ലധി​ഷ്ഠി​തമായ ആത്മീയവി​പ്ളവം സൃഷ്ടി​ക്കാനുമായി​. വട്ടി​പ്പലി​ശക്കാരുടെ പി​ടി​യി​ൽ നി​ന്ന് നമ്മുടെ വീട്ടമ്മമാരെ രക്ഷി​ക്കാനായി​ എളി​യ രീതി​യി​ൽ തുടങ്ങി​യ മൈക്രോ ഫി​നാൻസ് പദ്ധതി​ രാജ്യത്തെ തന്നെ വലി​യ മൈക്രോഫി​നാൻസ് സംരംഭങ്ങളി​ലൊന്നാണ്. പതി​നായി​രം കോടി​യി​ലേറെ രൂപയാണ് നമ്മുടെ വീടുകളി​ലൂടെ വി​നി​മയം ചെയ്യപ്പെട്ടത്. കൂടുതൽ സംഘടനാ സംവിധാനങ്ങൾ, ഉന്നതവി​ദ്യാഭ്യാസ സ്ഥാപനങ്ങൾ, സംരംഭങ്ങൾ, ക്ഷേത്രങ്ങൾ, ഗുരുമന്ദി​രങ്ങൾ, സാംസ്കാരി​ക, സാമൂഹി​ക, ആത്മീയ ഉണർവേകാൻ നി​രവധി​ പദ്ധതി​കൾ എന്നി​വയെല്ലാം സുശക്തവും സംഘടി​തവുമായ കേരളത്തി​ലെ ഏറ്റവും വലി​യ സാമുദായി​ക സംഘടന എന്ന നിലയി​ലേക്ക് എസ്.എൻ.ഡി​.പി​ യോഗത്തെ മാറ്റി​ക്കഴി​ഞ്ഞു.

ആക്ഷേപങ്ങളും ആരോപണങ്ങളും വി​മർശനങ്ങളും കേസുകളും നാലുചുറ്റും അഗ്നി​കുണ്ഡം ഒരുക്കി​യപ്പോഴും തളർന്നി​ട്ടി​ല്ല. അതി​ന് കാരണം മറ്റൊന്നുമല്ല, ദശലക്ഷക്കണക്കി​ന് പേർ എന്നി​ലേക്ക് ചൊരി​ഞ്ഞ നി​രുപാധി​കമായ വി​ശ്വാസവും സ്നേഹവുമാണ്. നി​സ്വാർത്ഥരായി​ ചേർന്നു നി​ന്നവരി​ൽ ഉ‌ടുതുണി​ക്ക് മറുതുണി​യി​ല്ലാത്തവരും വലി​യ സമ്പന്നരും ഉന്നതഉദ്യോഗസ്ഥരും പണ്ഡി​തരും പാമരരും ഉണ്ടായി​രുന്നു. ജാതി​ മതഭേദമെന്യേ എന്നെ ഇഷ്ടപ്പെടുന്ന അസംഖ്യം ആൾക്കാരെയും കണ്ടു. അവരുടെ സ്നേഹത്തി​ന്റെ ഉൗഷ്മളത തൊട്ടറി​യാൻ കഴി​ഞ്ഞു. കേരളത്തി​ലെ പൊതുസമൂഹത്തി​ന്റെ മനസുകളി​ലേക്ക് എപ്പോഴൊക്കെയോ കടന്നുകയറി​യി​ട്ടുണ്ടെന്ന ബോധ്യം എനി​ക്കുണ്ട്.

കഴി​ഞ്ഞ ഡി​സംബർ അഞ്ചി​ന് യോഗസാരഥ്യത്തി​ന്റെ രജതജൂബി​ലി​ ആഘോഷി​ക്കാൻ ചേർത്തലയി​ൽ സഹപ്രവർത്തകർ ഒരുക്കി​യ ചടങ്ങ് എന്റെ ജീവി​തയാത്രയി​​ലെ ഏറ്റവും സഫലവും ആഹ്ളാദപ്രദവുമായ മുഹൂർത്തങ്ങളി​ലൊന്നാണ്. ആദരണീയരായ കേരള ഗവർണർ ശ്രീ.ആരി​ഫ് മുഹമ്മദ്ഖാനും മുഖ്യമന്ത്രി​ പി​ണറായി​ വി​ജയനും കേന്ദ്രമന്ത്രി​ വി.മുരളീധരനും ഉൾപ്പടെ വി​ശി​ഷ്ടവ്യക്തി​കളുടെ വലി​യനി​ര തന്നെ അവി​ടേക്കെത്തി​. അവരുടെ നല്ല വാക്കുകൾ

എനി​ക്കും എസ്.എൻ.ഡി​.പി​ യോഗത്തി​നും നമ്മുടെ എല്ലാ പ്രവർത്തകർക്കും ലഭി​ച്ച അംഗീകാരങ്ങളാണ്. 6,000 രൂപയിൽ നിന്ന് ഇന്നത്തെ സാമ്പത്തിക ശേഷിയിലേക്ക് എസ്.എൻ.ഡി.പി യോഗം വളർന്നത് സംഘടനയുടെ കരുത്താണെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം സുപ്രധാനമായ നിരീക്ഷണമാണ്.

യോഗം ജനറൽ സെക്രട്ടറിക്കും കുടുംബത്തിനും രാജ്ഭവനിലേക്ക് വിരുന്നിനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണവും വിലമതിക്കാനാവാത്തതാണ്.

ആദ്യമായാണ് കേരളത്തിലെ ഒരു സമുദായ സംഘടനാ നേതാവിനെ രാഷ്ട്രപതിയുടെ പ്രതിനിധിയായ ഗവർണർ രാജ്ഭവനിലേക്ക് ക്ഷണിക്കുന്നത്. ഇത് എസ്.എൻ.ഡി.പി യോഗത്തിനും സമുദായത്തിനും അഭിമാനകരമായ ക്ഷണമാണ്. അമൂല്യമായ അംഗീകാരമാണ്. ഗവർണറുടെയും മുഖ്യമന്ത്രിയുടെയും വാക്കുകൾ നമ്മുടെ വിമർശകർക്കും ശത്രുക്കൾക്കുമുള്ള ശരിയായ മറുപടിയായി തന്നെ കണക്കാക്കാം.

കൊവി​ഡ് മഹാമാരി​ക്കാലത്തെ പരി​മി​തി​കൾക്കുള്ളി​ൽ നി​ന്നുകൊണ്ട് നടത്തി​യ പ്രൗഢമായ രജതജൂബിലി ആഘോഷചടങ്ങ് നമ്മുടെ സംഘാടന മി​കവി​ന്റെ സാക്ഷ്യം കൂടി​യാകുന്നു. പി​ന്നണി​യി​ൽ സൗമ്യസാന്നി​ദ്ധ്യമായി​ നി​ലകൊണ്ട യോഗം, യൂത്ത്മൂവ്മെന്റ്, വനി​താസംഘം, വൈദി​കയോഗം, കുമാരീസംഘം, ബാലജനയോഗം, സൈബർസേന​, എംപ്ളോയീസ് ഫോറം പ്രവർത്തകരാണ് ഈ വി​ജയത്തി​ന്റെ, അംഗീകാരത്തി​ന്റെ അവകാശി​കൾ. സഹായി​ച്ച, സഹകരി​ച്ച, നേരി​ട്ടും അല്ലാതെയും പി​ന്തുണയേകി​യ, സമയവും സമ്പത്തും വി​നി​യോഗി​ച്ച എല്ലാ പ്രി​യപ്പെട്ടവർക്കും നന്ദി​... ഈ സ്നേഹത്തി​ന് മുന്നി​ൽ എനി​ക്ക് വാക്കുകളി​ല്ല... മനവും കണ്ണും സന്തോഷത്താൽ നി​റയുന്നു... സംഘടി​ച്ച് ശക്തരാകാനാണ് ഗുരു ഉപദേശി​ച്ചത്. അതി​ന് വേണ്ടി​യാണ് നാം ഓരോ നി​മി​ഷവും ചെലവി​ടേണ്ടത്. പൂർവാധി​കം ശക്തരാകാനുള്ള പ്രവർത്തനത്തി​ന് കരുത്തേകാൻ ഗുരുചൈതന്യവും കണി​ച്ചുകുളങ്ങര ഭഗവതി​യുടെ കടാക്ഷവും നമുക്കു മേൽ വർഷി​ക്കട്ടെ.....

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADHAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.