SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.31 PM IST

ലോകം മഹാഗുരുവിലേക്ക്

sivagiri-

ലോകം ഒന്നായി വലിയൊരു ഭീഷണിയെ നേരിടുകയും മനുഷ്യസാദ്ധ്യമായ മാർഗങ്ങളിലൂടെ കുറെയൊക്കെ പ്രതിരോധിക്കുകയും ചെയ്തിരിക്കുന്ന കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ശിവഗിരി തീർത്ഥാടനത്തിന്റെ പ്രാധാന്യം വളരെ വർദ്ധിച്ചിരിക്കുന്നു.

കൊവിഡ് ഭീഷണി തീവ്രമായ വേളയിൽ ചർച്ചചെയ്യപ്പെട്ടത് ഗുരുദേവന്റെ അരുളപ്പാടുകളായിരുന്നു. ശരീരശുദ്ധിയെ സംബന്ധിച്ച ഗുരുമൊഴികൾ എവിടെയും സംസാരവിഷയമായി. ശിവഗിരി തീർത്ഥാടനത്തിനു അനുമതി നല്‌കിയത് 1928 ജനുവരി 16നായിരുന്നു. കേവലം ഒരാൾക്കൂട്ടത്തെ സൃഷ്ടിച്ച്,ആനയും അമ്പാരിയും വാദ്യഘോഷങ്ങളും മുദ്രാവാക്യങ്ങളും മുഴക്കി നടക്കാറുള്ള ആഘോഷങ്ങളിൽ നിന്ന് തികച്ചും വേറിട്ട് നില്‌ക്കുന്ന ഒന്നാണ് ശിവഗിരി തീർത്ഥാടനം . മനുഷ്യകുലത്തിന്റെ സമഗ്രമായ പുരോഗതിക്കാധാരമായ വിഷയങ്ങളും ചർച്ചകളും പഠനങ്ങളുമാണ് ശിവഗിരിയിൽ തീർത്ഥാടനകാലത്ത് നടക്കുന്നത്. ഇതുവഴി ഇതര തീർത്ഥാടനങ്ങളിൽ നിന്നും ശിവഗിരി തീർത്ഥാടനം വ്യത്യസ്തത പുലർത്തി മുന്നേറുകയാണ്.

തീർത്ഥാടനവിഷയങ്ങളിലെ പ്രഥമ പരിഗണന വിദ്യാഭ്യാസത്തിനാണ് . മുന്നോട്ടുള്ള പ്രയാണത്തിന് ശുചിത്വവും ഈശ്വരവിശ്വാസവും വേണമെന്നുള്ളത് സ്വയം ആർജ്ജിക്കാൻ പ്രേരിപ്പിക്കുന്ന വേദിയാണ് തീർത്ഥാടനം. സംഘടന മനുഷ്യജീവിത നവീകരണത്തിനും ഉയർച്ചയ്ക്കും പര്യാപ്തമാകും. ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യരിൽ ഒരാളായിരുന്ന വാടപ്പുറം ബാവ മുന്നിൽ നിന്നു രൂപംകൊടുത്ത തിരുവിതാംകൂർ തൊഴിലാളി പ്രസ്ഥാനം സംഘടനാരംഗത്ത് മാതൃകയായിരുന്നു. തിരുവിതാംകൂറിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്ന ചില വ്യവസായ സ്ഥാപനങ്ങളിൽ ഉടമകൾ ജീവനക്കാരോടു കാട്ടിയിരുന്ന അതിക്രൂരതകൾക്കെതിരെയുള്ള പ്രതിരോധത്തിനായി തിരഞ്ഞെടുത്ത മാർഗങ്ങളിലൊന്നായിരുന്നു ഈ തൊഴിലാളി സംഘടന.

ഗുരുദേവനെ സന്ദർശിച്ചു തൊഴിലാളികൾ നേരിടുന്ന വിഷമതകളെപ്പറ്റി ആവലാതി പറഞ്ഞ ബാവയോട് സംഘടിതമായി നിന്നുകൊണ്ടു പ്രതിസന്ധിയെ നേരിടാനായിരുന്നു ഗുരുകല്പന. കയർ ഫാക്ടറികളിൽ പണിയെടുത്തു എല്ലാവിധ പീഡനങ്ങളും പേറേണ്ടിവന്ന തൊഴിലാളി വർഗത്തിന്റെ ഉയർത്തെഴുന്നേല്പിന്റെ കഥയാണ് ഗുരുദേവ ഉപദേശം തേടിയ ഈ മേഖലയ്ക്ക് പറയാനുള്ളത്. കേരളത്തിൽ ഇന്നു സംഘടിത തൊഴിൽ മേഖലകളിൽ തൊഴിൽസംഘടനകൾ സജീവമായി നിലനില്‌ക്കുന്നതിനെക്കുറിച്ച് സൂക്ഷ്‌മമായി പഠിച്ചാൽ കാണാനാവുക ഈ മേഖലയിലെ ഗുരുദേവസ്വാധീനം തന്നെ.

കൃഷി കൊവിഡ് കാലത്ത് എവിടെയും മുന്നേറുകയുണ്ടായി. ഏതെങ്കിലും കൃഷികളിലേക്ക് തിരിയാത്ത ഒരു കുടുംബം നാട്ടിലില്ലെന്ന സ്ഥിതി വന്നുചേർന്നു. ഓരോ കുടുംബവും മനസുവച്ചാൽ ഭക്ഷ്യ ഉത്‌പന്നങ്ങൾ ഉത്‌പാദിപ്പിക്കാവുന്നതേയുള്ളൂ എന്ന് കണ്ടെത്താനും കൊവിഡ് കാലം പ്രേരിപ്പിച്ചു. മാത്രവുമല്ല ഉത്‌പന്നങ്ങളുടെ വിപണന സാദ്ധ്യത കുറഞ്ഞപ്പോൾ അയൽവീടുകളിലേക്ക് കൂടി തങ്ങൾക്കുള്ളത് നല്‌കാനും അവരിൽ നിന്നുള്ളത് സ്വീകരിക്കാനും പലരും തയാറായി. മതിലുകൾ തീർത്തു സ്വകാര്യജീവിതത്തിൽ ശ്രദ്ധിച്ചുപോന്ന ജനത അങ്ങനെ പരസ്പര സഹകരണത്തിന് തയ്യാറായി. ഇനിയുള്ള കാലം ലോകം മഹാഗുരുവിന്റെ ഉപദേശങ്ങൾ നെഞ്ചിലേറ്റി മുന്നേറുകയാണ് വേണ്ടത്. അതിന് എൺപത്തിയൊമ്പതാം തീർത്ഥാടനം പ്രേരണ നല്‌കട്ടെ. ലോകം മഹാഗുരുവിലേക്കാകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.