കൊച്ചി: മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കൊച്ചി അമൃതയിൽ എത്തിച്ച 17 ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശസത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കുഞ്ഞിനെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റും. 24 മണിക്കൂർ കുഞ്ഞിനെ നിരീക്ഷച്ചതിന് ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചത്. പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
മംഗലാപുരത്ത് നിന്നു കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇടപെട്ടതോടെ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സാ സൗകര്യം ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി പൂർണമായും സൗജന്യമായി ചെയ്തു കൊടുക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിക്കാവശ്യമായ ചികിത്സാ സൗകര്യം അമൃതയിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അമൃതയിലേക്ക് പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്.