SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.54 PM IST

സജാങ്കേ മുങ്ങിയ വഴി

sajanka

ആറ് മാസം മുമ്പ്. ആദ്യ ലോക്ക് ഡൗണിന്റെ അലയൊലികൾ മാറി ജനജീവിതം പഴയപടിയായ സമയം. കൊച്ചിയിൽ ഒരു സംഘം ചെറുപ്പക്കാർ അതീവ രഹസ്യമായി ഡി.ജെ പാ‌ർട്ടി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ആഘോഷരാവിന് മാറ്റുകൂട്ടാൻ ഇസ്രയേൽ പൗരനും ഡിസ്കോ ജോക്കിയുമായ സജാങ്കേയെ കൊണ്ടുവരാനായിരുന്നു പദ്ധതി. മയക്കുമരുന്ന് ഇടപാടുകളിൽ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുള്ള സജാങ്കേയുടെ വരവ് കസ്റ്രംസ് മണത്തറിഞ്ഞു. കസ്റ്രംസും എക്സൈസും ഇപ്പോൾ വിവാദത്തിലുള്ള നമ്പർ 18 അടക്കം കൊച്ചിയിലെ നാല് മുന്തിയ ഹോട്ടലിൽ ഒരേസമയം മിന്നൽ പരിശോധന നടത്തി. പക്ഷേ, സജാങ്കേയെ കിട്ടിയില്ല. കേരളത്തിൽ ആദ്യമായാണ് കസ്റ്റംസും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എക്സൈസും ഒരുമിച്ച് ഒരു റെയ്ഡിനിറങ്ങിയത്. എന്നിട്ടും വിവരം ചോർന്നു.

തൊട്ടടുത്ത ദിവസം ഫോ‌ർട്ടുകൊച്ചിയിലെ പ്രസിദ്ധമായ ജിഞ്ചർ ഹൗസിൽ സ്വകാര്യ ഏജൻസി ഒരു ഫാഷൻ ഷോ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ മറവിൽ മുടങ്ങിപ്പോയ ഡി.ജെ. നടത്താനായിരുന്നു ചെറുപ്പക്കാരുടെ ശ്രമം. സംശയം തോന്നിയ ഹോട്ടൽ ഉടമ ഇതിനെ എതിർത്തു. വിവരം എക്സൈസിന്റെയും കസ്റ്റംസിന്റെയും ചെവിയിലുമെത്തി. പരിപാടി നടത്തിയാൽ കേസെടുക്കുമെന്ന് കസ്റ്റംസ് ഉടമയെ അറിച്ചു.

അപ്പോഴേക്കും 500ലധികം പേ‌ർ പരിപാടിക്ക് എത്തിയിരുന്നു. സാക്ഷാൽ സജാങ്കേയും എത്തി. പരിപാടി നടത്താൻ ഉടമ വഴങ്ങാതിരുന്നപ്പോൾ പ്രശ്നം വഷളായി. ഒടുവിൽ സജാങ്കേയെ ബഡ് ഷീറ്റിൽ പൊതിഞ്ഞ് കടത്തുകയായിരുന്നു. ദുരൂഹ ജീവിതം നയിക്കുന്ന സജാങ്കേ മാത്രമല്ല, കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ എത്തുന്ന വിദേശ ഡി.ജെകളെല്ലാം നിഗൂഢതകൾ ഉള്ളിലൊളിപ്പിച്ചവരാണ്. ഇവരുടെ ഡി.ജെകളിൽ മറിയുന്നത് കോടികളുടെ ലഹരിമരുന്നുകളാണ്.

ചില്ലറക്കാരനല്ല സജാങ്കേ

2019 ഏപ്രിൽ 21. കൊളംബോയിലെ മൂന്ന് പള്ളികളും ഹോട്ടലുകളടക്കം എട്ടിടങ്ങളിൽ ഉഗ്രസ്ഫോടനം നടന്ന ദിവസം. ഈസ്റ്റർ സ്ഫോടനമായി വിശേഷിപ്പിക്കപ്പെട്ട ഈ ആക്രമണവേളയിലെ സജാങ്കേയുടെ സാന്നിദ്ധ്യമാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ ഇയാളിലേക്ക് നയിച്ചത്. സ്ഫോടനം നടന്ന ഹോട്ടലുകളിലൊന്നിന്റെ ഡിസ്‌പ്ലേ ബോർഡിൽ 'സജാങ്കേ'യുടെ ഡി.ജെ പാർട്ടികളുടെ പോസ്റ്റർ പതിച്ചിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പലരുടെയും മൊബൈൽ ടവർ ലൊക്കേഷൻ സ്ഫോടനം നടന്ന കൊളംബോയിലെ സെന്റ് ആന്റണീസ്, സെന്റ് സെബാസ്റ്റ്യൻസ്, സിയോൺ പള്ളികളുടെ അതേ ടവർ ലൊക്കേഷനുകളിൽ അന്വേഷണസംഘം പിന്നീടു തിരിച്ചറിയുകയും ചെയ്തു. ശേഷം ഈ ഫോണുകളെല്ലാം നിർജീവമാണ്. സജാങ്കേ കൊച്ചിയിലെത്തിയത് സംബന്ധിച്ച് കസ്റ്റംസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഇപ്പോൾ ഫ്ലാറ്റുകൾ

സംസ്ഥാനത്തെ മുക്കിലും മൂലയിലും അതീവ രഹസ്യമായി ഡി.ജെ. പാർട്ടികൾ നടക്കുന്നുണ്ട്. പൊലീസിനെ വെട്ടിക്കാൻ ലഹരി പാർട്ടികൾ ഇപ്പോൾ ഫ്ലാറ്റുകളിലാണ് സംഘടിപ്പിക്കുന്നത്.

എക്‌സൈസും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സംയുക്തമായി നടത്തിയ പരശോധനയിൽ ഡിസ്‌കോ ജോക്കി അടക്കം നാലുപേർ അറസ്റ്റിലായതിനു പിന്നാലെയാണ് നടത്തിപ്പുകാ‌ർ ചുവടുമാറ്റി തുടങ്ങിയത്. ശബ്ദം പുറത്തേക്ക് കേൾക്കാത്ത സംവി​ധാനമൊരുക്കി​യ ഫ്ലാറ്രുകളിലാണ് പാർട്ടി​ നടത്തുക.

മോഡലുകൾ മരിച്ച കാറപകടക്കേസിലെ പ്രതി സൈജു എം. തങ്കച്ചൻ കൊച്ചിയിലെ മൂന്ന് ഫ്ലാറ്റുകളിൽ പതിവായി ലഹരിപ്പാർട്ടികൾ നടത്തിയിരുന്നു. യുവതികൾ ഉൾപ്പടെ നിശ്ചിത ആളുകളെ മാത്രം പ്രവേശിപ്പിച്ചുള്ള നിശാപാർട്ടികളിൽ കള്ളും കഞ്ചാവും മുതൽ മാരക മയക്കുമരുന്ന് വരെ ലഭിക്കും.

ഉച്ചവരെ മാത്രം

ഫ്ലാറ്റുകളിൽ മാത്രമല്ല, ഹോട്ടലുകളിലും ലഹരി ഇടപാട് കൊഴുക്കുകയാണ്. ഓൺലൈനായി റൂം ബുക്ക് ചെയ്യുന്ന ഒഴി​ഞ്ഞ മേഖലകളി​ലെ ചെറുഹോട്ടലുകളാണ് താവളങ്ങൾ. അന്യസംസ്ഥാനങ്ങളി​ൽ നി​ന്ന് കൊണ്ടുവരുന്ന ലഹരിമരുന്നുകൾ തരംതിരിക്കലും കൈമാറ്റവും ഇവി​ടങ്ങളി​ൽ നടക്കുന്നു. സംഘങ്ങളിൽ യുവതി​കളും ഉണ്ടാകും.

ലഹരിക്കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി നഗരത്തിലെ മുന്തിയ ഹോട്ടലിലടക്കം താമസിച്ചാണ് ഇടപാട് നടത്തിയിരുന്നത്. ഏതാനും മാസം മുമ്പ് കൊച്ചിയിലെ നാല് ആഡംബര ഹോട്ടലിൽ എക്സൈസും കസ്റ്റംസും മിന്നൽ പരിശോധന നടത്തി ഏതാനും പേരെ അറസ്റ്റ് ചെയ്തിരുന്നു.

• ഡി.ജെ പാർട്ടി : അടച്ചിട്ട ഹാളിൽ സംഗീതത്തിന്റെ അകമ്പടിയോടെ നൃത്തം ചെയ്ത് ഉല്ലസിക്കുന്നതാണ് ഡി.ജെ പാർട്ടി. ലഹരി​യാണ് അകമ്പടി​. ചിലയിടങ്ങളിൽ യുവതി​ക്കൊപ്പം മാത്രമാണ് പ്രവേശനം. ചിലയിടങ്ങളിൽ ഒപ്പം യുവതിയുണ്ടെങ്കി​ൽ പ്രവേശനഫീസും ഇ​ല്ല.

ആഫ്റ്റർ പാർട്ടി: ഡി.ജെ പാർട്ടിക്ക് തീർന്നതിന് ശേഷം ലഹരി ഗ്യാംങ്ങുകൾക്ക് വേണ്ടി മാത്രം സംഘടിപ്പിക്കുന്ന പാർട്ടിയാണ് ആഫ്റ്റർ പാർട്ടി. മയക്കുമരുന്നുകൾ അമിത അളവിൽ ഉപയോഗിക്കപ്പെടുന്നത് ആഫ്റ്റർ പാർട്ടിയിലാണ്. ഇത്തരം പാർട്ടികളിൽ ഉന്മാദം അതിരുവിടാം.

വി.ഐ.പി പാർട്ടി: ഉന്നതരുടെയും സെലിബ്രിറ്റികളുടെയും സാന്നിദ്ധ്യത്തിലുള്ള ആഘോഷരാവ്. പുലർച്ചെ വരെ നീളും. പ്രവേശനത്തിന് കടമ്പകൾ ഏറെയുണ്ട്. 'സാദ്ധ്യത'കളും.

സെറ്റിൽമെന്റിലെ

ലഹരി നി‌ർമ്മാണം

കേരളത്തിലേക്ക് ഒഴുകുന്ന രാസലഹരികളുടെ ഉറവിടങ്ങളിൽ ഒന്ന് ബംഗളൂരുവിലെ ആഫ്രിക്കൻ സെറ്റിൽമെന്റുകളാണ്. മാക്‌സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന എം.ഡി.എം.എയുമായി കഴിഞ്ഞ വർഷം കോഴിക്കോട് യുവാവ് പിടിയിലായ കേസന്വേഷണമാണ് ബംഗളൂരു കേന്ദ്രത്തിലേക്കെത്തിയത്. രാസ ലഹരിമരുന്നുകളും ഇവിടെ നിർമ്മിക്കുന്നുണ്ട്. കൊച്ചിയിൽ നേരത്തെ രാസലഹരിയുമായി പിടിയിലായവരിൽ പലർക്കും മയക്കുമരുന്ന് ലഭിച്ചത് ബംഗളൂരും ഗോവയിലും താമസമാക്കിയ ആഫ്രിക്കൻ വംശജരിൽ നിന്നാണെന്ന് മൊഴി നൽകിയിരുന്നു. അന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും മുഖ്യ ഇടപാടുകാരെയോ ആഫ്രിക്കൻ വംശജരെയോ പിടികൂടാൻ പൊലീസിനും എക്‌സൈസിനും സാധിച്ചില്ല.

( തുടരും )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARCOTICS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.