തിരുവനന്തപുരം: പേരൂർക്കട സ്വദേശിയായ റിട്ട. കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥനിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ അറസ്റ്റുചെയ്തു. പശ്ചിമ ബംഗാൾ പരഗനാസ് സ്വദേശി ശങ്കർ ദാലി (29) എന്നയാളെയാണ് കൊൽക്കത്തയിൽ നിന്ന് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. റിട്ട. കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥനുമായി വാട്ട്സ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം കേരളത്തിൽ ബിസിനസ് തുടങ്ങാൻ താത്പര്യമുണ്ടെന്നും,ഇതിലേക്ക് 16 കോടി ഇന്ത്യൻ രൂപയ്ക്ക് സമാനമായ 2.2 കോടി ഡോളർ അയക്കുമെന്നും, ഡോളർ നാട്ടിലെത്തുമ്പോൾ അതിന്റെ 40 ശതമാനം കമ്മിഷൻ നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. തുടർന്ന് ഡൽഹി എയർപോർട്ടിൽ ഡോളർ അടങ്ങിയ പാർസൽ എത്തിയിട്ടുണ്ടെന്നും അതിലേക്ക് കസ്റ്റംസ് ഡ്യൂട്ടിയും ജി.എസ്.ടിയും അടയ്ക്കണമെന്നും അല്ലാത്തപക്ഷം ഡോളർ സർക്കാരിലേക്ക് കണ്ടുകെട്ടുമെന്നും പറഞ്ഞുവിശ്വസിപ്പിച്ച് പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 27,34,000 രൂപ നിക്ഷേപിപ്പിക്കുകയായിരുന്നു. സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ശ്യാംലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |