കൊച്ചി: ട്രാക്കിലും ഫീൽഡിലും നേട്ടങ്ങൾ കൊയ്ത് നാടിന്റെ അഭിമാനം വാനോളമുയർത്തിയവരെ ഒരു കുടക്കീഴിലെത്തിച്ച് സ്പോർട്സ് ഈസ് മൈ ലൈഫ് അത്ലറ്റിക് വെൽഫെയർ അസോസിയേഷൻ. രാജ്യത്തിനായി മെഡലുകൾ വാരിക്കൂട്ടിയ താരങ്ങൾ രൂപീകരിച്ച സംഘടനയുടെ ഉദ്ഘാടനം അരൂക്കുറ്റി ക്ലബ് മഹീന്ദ്ര റിസോർട്ടിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. പുതുതലമുറ താരങ്ങളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകാനും പഴയകാല താരങ്ങളെ സഹായിക്കാനും പുതിയ കൂട്ടായ്മയ്ക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. കഷ്ടതയനുഭവിക്കുന്ന കായികതാരങ്ങളെ കണ്ടെത്തി സഹായം നൽകുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി സഹായിക്കുക തുടങ്ങിയവയാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.
കായികകേരളത്തിന് നിരവധി പ്രതിഭകളെ സമ്മാനിച്ച കെ.പി. തോമസ്, ടി.പി. ഔസേപ്പ്, ബോക്സർ കെ.സി. ലേഖ തുടങ്ങിയവർ ഉൾപ്പെടെ 55 ലേറെ കായിക പരിശീലകരെ ചടങ്ങിൽ ആദരിച്ചു. സ്പോട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, ഷൈനി വിൽസൺ, പി.ആർ ശ്രീജേഷ് എന്നിവർ തങ്ങളുടെ ഒളിമ്പിക്സ് അനുഭവങ്ങൾ പങ്കുവച്ചു. ഒളിമ്പ്യൻമാരായ ചിത്ര കെ. സോമൻ, മഞ്ചിമ കുര്യാക്കോസ്, പ്രീജ ശ്രീധരൻ, റോസക്കുട്ടി, മയൂഖ ജോണി, സിനി ജോസ് തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങിൽ ഇക്കഴിഞ്ഞ ഒളിമ്പിക്സിൽ പങ്കെടുത്ത തിരുവനന്തപുരം സ്വദേശി അലക്സ് ആന്റണിയെ അശ്വാ സ്പോർട്സ് ക്ലബ് ചെയർമാൻ എ.പി.സെബാസ്റ്റ്യൻ, പ്രസിഡന്റ് റോയി വർഗീസ്, വൈസ് പ്രസിഡന്റ് ജെയിംസ് ഇടക്കാട്ടുകുടി എന്നിവർ ചേർന്ന് 25,000 രൂപയുടെ കാഷ് അവാർഡ് നൽകി ആദരിച്ചു. റോയ് വർഗീസാണ് സംഘടനയുടെ രക്ഷാധികാരി. പ്രീജ ശ്രീധരൻ, പി. അനിൽകുമാർ, രഞ്ജിത്ത് മഹേശ്വരി, വി.വി.ജീഷ്കുമാർ, രാജാസ് തോമസ് തുടങ്ങിയവരും സംഘടനയുടെ നേതൃനിരയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |