SignIn
Kerala Kaumudi Online
Friday, 19 April 2024 6.18 AM IST

കൈക്കൂലിക്കാരെ പിരിച്ചുവിടണം

arrest

കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ വാങ്ങിയ കൈക്കൂലിയും അനധികൃതമായി സമ്പാദിച്ച സ്വത്തിന്റെ കണക്കും കണ്ട് കണ്ണും മിഴിച്ചു നിൽക്കുകയാണ് നാട്ടുകാർ . വിജിലൻസ് കേസെടുത്തതോടെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആറുമാസം കഴിഞ്ഞ് വിശുദ്ധരായി ഇവർ ജോലിക്കു തിരിച്ചു കയറി യാതൊരു ഉളുപ്പുമില്ലാതെ കോഴ വാങ്ങൽ കച്ചവടം പൂർവാധികം ശക്തമാക്കുമെന്ന് ഉറപ്പുള്ളതിനാൽ സസ്പെൻഷനല്ല, ഡിസ്മിസലും സ്വത്തു കണ്ടുകെട്ടലും വേണമെന്നാണ് പറയാനുള്ളത്.

ടയർ റീട്രെഡിംഗ് കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകാൻ സ്ഥാപന ഉടമയിൽ നിന്ന് കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു ജില്ലാ എൻവയൺമെന്റ് എൻജിനീയർ ഹാരീസ് വിജിലൻസസിന്റെ പിടിയിലായത്. ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ച എൻജിനീയർ ജോസ് മോനെ രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തി രണ്ട് കോടിയോളം രൂപയുടെ ബാങ്ക് നിക്ഷേപം അടക്കം കോടികളുടെ അനധികൃത സ്വത്തും കണ്ടെത്തിയിരുന്നു. വീടുകൾ, വ്യാപാര സമുച്ചയം, ഫ്ലാറ്റുകൾ, കടമുറികൾ, വാഗമണ്ണിൽ റിസോർട്ട്, ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറൻസികൾ, വിമാനത്താവളം, ആശുപത്രി എന്നിവയുടെ ഓഹരികൾ,100 പവനിലധികം സ്വർണം എന്നിവ വീട്ടിൽ നിന്ന് കണ്ടെത്തി .

ആർ.ടി.ഒ , രജിസ്ട്രേഷൻ , റവന്യൂ , സെയിൽ ടാക്സ് തുടങ്ങിയ ഓഫീസുകളിൽ ശമ്പളത്തിലും കൂടുതൽ കിമ്പളം കിട്ടുന്നതിനാൽ അവിടെ ജോലി കിട്ടാൻ ഇടിയായിരുന്നു. ഓൺലൈൻ സേവനം വന്നതോടെ കൈക്കുലി കണക്ക് കുറഞ്ഞു. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡ് ,മൈനിംഗ് ആൻഡ് ജിയോളജി തുടങ്ങിയവയ്ക്ക് ജില്ലയിൽ ഒരു ഓഫീസാണുള്ളത് . പുതിയ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുന്ന സമ്പന്നരോ , നിലവിലുള്ളവ നടത്തിക്കൊണ്ടു പോകാൻ വഴി വിട്ട് സഹായം ലഭിക്കേണ്ടവരോ ആണെങ്കിൽ മലിനീകരണ പിഴിച്ചിലും കൈക്കൂലി തുകയും കൂടും. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരുടെ അന്നദാതാക്കൾ പാറമടക്കാരും മണലൂറ്റുകാരും മറ്റുമാണ് എന്നതിനാൽ ഊറ്റു തുക കൂടും.

ഒരു ലക്ഷത്തിലേറെ രൂപ മാസ ശമ്പള മായി കിട്ടുന്നുണ്ടെങ്കിൽ ദിവസം ഒരു ലക്ഷം രൂപ കൈക്കൂലി ഇനത്തിൽ വാങ്ങുന്ന അമ്പലം വിഴുങ്ങികളായിരുന്നു വിജിലൻസ് പിടിയിലായവരെന്നാണ് കേൾക്കുന്നത് . ഇവരെ കുടുക്കാൻ മീൻകടയ്ക്ക് അനുമതി തേടി മീൻ കച്ചവടക്കാരുടെ വേഷത്തിലായിരുന്നു വിജിലൻസ് ഉദ്യോഗസ്ഥരെത്തിയത്. കൃത്യമായ പ്ലാനിംഗോടെ നടത്തിയ ഓപ്പറേഷനിൽ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യമടക്കം കൃത്യമായ തെളിവുകളോടെ വിജിലൻസ് കൊമ്പൻ സ്രാവുകളെ പിടിക്കുകയായിരുന്നു.

കോട്ടയം മേഖലാ വിജിലൻസ് ഒരു വർഷത്തിനുള്ളിൽ കൈക്കൂലി കേസിൽ ഒരു വർഷത്തിനുള്ളിൽ 28 ഉദ്യോഗസ്ഥരെയാണ് പിടികൂടിയത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞതോടെ ഒട്ടു മിക്കവരും ജോലിയിൽ തിരിച്ചു കയറി പിടിച്ചു പറി പൂർവ്വാധികം ശക്തിയോടെ തുടരുകയാണ് . ഒരു തവണ പൊലീസ് സ്റ്റേഷനിൽ കയറിയാൽ പേടി പോകും, പിന്നെ എത്ര തവണയും കയറാം എന്നു പറഞ്ഞതു പോലെ ഒരു തവണ കൈക്കൂലി കേസിൽ പിടിയിലായാൽ നാണം പോകും പിന്നെ കാശുകൊണ്ട് മാനം മറയ്ക്കാം എന്നാണ് പലരുടെയും ചിന്ത. അഞ്ചാറ് തലമുറക്ക് കഴിയാനുള്ള കൈക്കൂലി കാശ് സമ്പാദിക്കുന്നവരെ ആറുമാസ സസ്പെൻഷനിൽ ഒതുക്കാതെ പിരിച്ചു വിടാനും സ്വത്ത് കണ്ടുകെട്ടാനും സർക്കാർ നിയമ ഭേദഗതി വരുത്തേണ്ടിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ARREST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.