കൊച്ചി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അന്തിമതീയതി കേന്ദ്രസർക്കാർ വീണ്ടും നീട്ടിയേക്കും. 2020-21 സാമ്പത്തികവർഷത്തെ റിട്ടേൺ (ഐ.ടി.ആർ) സമർപ്പിക്കാനുള്ള അന്തിമതീയതി ഡിസംബർ 31 ആണ്. ജൂലായ് 31വരെയാണ് സാധാരണ സമയം അനുവദിക്കാറുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ ഇത് കേന്ദ്രം ആദ്യം സെപ്തംബർ 30 വരെയും പിന്നീട് ഡിസംബർ 31ലേക്കും നീട്ടുകയായിരുന്നു.
സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഇനിയും രണ്ടുകോടിയിലേറെ പേർ റിട്ടേൺ സമർപ്പിക്കാനുണ്ട്. ഇത് അസാദ്ധ്യമാണെന്ന വിലയിരുത്തലാണ് അന്തിമതീയതി വീണ്ടും നീട്ടുമെന്ന സൂചനകൾക്ക് പിന്നിൽ.
ആദായനികുതി വകുപ്പിന്റെ ഈവർഷം ജനുവരി 11ലെ റിപ്പോർട്ട് പ്രകാരം 2019-20 അസസ്മെന്റ് വർഷത്തെ 5.67 കോടി റിട്ടേണുകളെ അപേക്ഷിച്ച് 2020-21 അസസ്മെന്റ് വർഷം 5.95 കോടി റിട്ടേണുകൾ ഫയൽചെയ്യപ്പെട്ടിരുന്നു. നടപ്പുവർഷം (അസസ്മെന്റ് വർഷം 2021-22) ഡിസംബർ 15 വരെയുള്ള കണക്കുപ്രകാരം 3.59 കോടി റിട്ടേണുകളാണ് സമർപ്പിക്കപ്പെട്ടത്; അതായത് ഇനിയും 2.36 കോടിപ്പേർ റിട്ടേൺ സമർപ്പിക്കാനുണ്ട്. രണ്ടാഴ്ച സമയം മാത്രമാണ് ഇവർക്ക് മുന്നിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |