Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

ഹൃദയ ചികിത്സയിലെ തിളക്കമാർന്ന നേട്ടം

editorial-

ഹൃദയ ചികിത്സാരംഗത്ത് തിരുവനന്തപുരത്തേയും,പരിയാരത്തേയും ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ കാർഡിയോളജി വിഭാഗങ്ങൾ കൈവരിച്ച നേട്ടം സംസ്ഥാനത്തെ ആരോഗ്യപരിപാലനത്തിന് ലഭിച്ച മികച്ച അംഗീകാരമാണ്.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സർക്കാർ മേഖലയിലും സ്വകാര്യ മേഖലകളിലുമുള്ള ആശുപത്രികളിൽ ഏറ്റവും കൂടുതൽ കൊറോണറി ആൻജിയോപ്ളാസ്റ്റി വിജയകരമായി നിർവ്വഹിച്ചതിനാണ് ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് കാർഡിയോളജി വിഭാഗങ്ങളിൽ ഇരു മെഡിക്കൽ കോളേജുകളും ഇടം നേടിയത്.കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിന് പത്തിൽ നാലാംസ്ഥാനവും തിരുവനന്തപുരത്തിന് എട്ടാം സ്ഥാനവും ലഭിച്ചു.കേരളത്തിൽ നിന്ന് മികവിന്റെ ഈ കീർത്തിമുദ്ര നേടാനായത് ഈ സ്ഥാപനങ്ങൾക്കു മാത്രമാണ്.കൊറോണറി ആൻജിയോ പ്ളാസ്റ്റി ചെയ്യുന്ന കാർഡിയോളജിസ്റ്റുകളുടെ ദേശീയ സംഘടനയായ നാഷണൽ ഇന്റർവെൻഷൻ കൗൺസിലാണ് ഈ ബഹുമതി സമ്മാനിച്ചത്.

2018 ൽ പരിയാരം മെഡിക്കൽ കോളേജിൽ 5100 ഉം തിരുവനന്തപുരത്ത് 3942 ഉം ആൻജിയോപ്ളാസ്റ്റിയാണ് വിജയകരമായി ചെയ്തത്.പരിയാരത്ത് കഴിഞ്ഞ പത്ത് വർഷമായി രണ്ട് കാത്ത് ലാബുകളുണ്ട്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടാമതൊരു കാത്ത് ലാബ് സ്ഥാപിതമായത് കഴിഞ്ഞവർഷം സെപ്റ്റംബറിലായിരുന്നു.തിളക്കമാർന്ന ഈ നേട്ടത്തിൽ ഇരു മെഡിക്കൽ കോളേജുകളിലേയും കാർഡിയോളജി വകുപ്പ് മേധാവികളായ തിരുവനന്തപുരത്തെ ഡോ.സുനിതാ വിശ്വനാഥന്റെയും, പരിയാരത്തെ ഡോ.എസ്.എം.അഷ് റഫിന്റെയും നേതൃത്വത്തിലുള്ള മുഴുവൻ ടീം അംഗങ്ങളേയും ഹാ‌ർദ്ദമായി അനുമോദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു.സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സ ഏറ്റവും പ്രയോജനപ്പെടുന്നത് സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും നിരാലംബരുമായ മനുഷ്യർക്കാണ്.പാവപ്പെട്ടവർക്ക് ഇവിടങ്ങളിൽ ഏറെക്കുറെ സൗജന്യമായി വിദഗ്ധ ചികിത്സ ലഭ്യമാകുന്നുവെന്നത് ശ്ളാഘനീയമായ കാര്യമാണ്.

സർക്കാർ മേഖലയിൽ ആരോഗ്യ ശുശ്രൂഷാരംഗത്ത് സമീപകാലത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.ഇക്കാര്യത്തിൽ മന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുന്ന പല നടപടികളും പ്രശംസാർഹമാണെന്ന് പറയാതിരിക്കാൻ കഴിയില്ല.ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറി രാജീവ് സദാനന്ദനെപ്പോലെ ഭരണനൈപുണ്യമുള്ള ഒരു ഉദ്യോഗസ്ഥന്റെ സേവനവും മികവിന് സഹായകമായിട്ടുണ്ട്.

ചികിത്സാരംഗത്ത് സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇന്ന് ആർക്കും അവഗണിക്കാനാവില്ല.എന്നാൽ പാവപ്പെട്ടവർക്ക് അത് തീർത്തും അപ്രാപ്യമാണ്.ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സൗകര്യവും ,ആഡംബര ഹോട്ടലുകളെ അനുസ്മരിപ്പിക്കുന്ന മന്ദിരങ്ങളും സമ്പന്നർക്ക് മാത്രം കടന്നുചെല്ലാവുന്ന ഇടങ്ങളായി ഒരളവോളം സ്വകാര്യ ആശുപത്രികളെ മാറ്റിയിട്ടുണ്ട്.സൂപ്പർസ്പെഷ്യാലിറ്റി എന്ന പേര് കേൾക്കുമ്പോൾ ,എങ്ങനെയും രക്ഷപ്പെടുമെന്ന പ്രത്യാശയിൽ കിടപ്പാടം വിറ്റായാലും സ്വകാര്യമേഖലയെ ആശ്രയിക്കുകയും അതിലൂടെ നിത്യമായ കടക്കെണിയിലേക്ക് പതിക്കുന്നവരുടെയും എത്രയെത്ര അനുഭവങ്ങൾ വേണമെങ്കിലും വിവരിക്കാനാവും.ഇവിടെയാണ് സർക്കാർ മെഡിക്കൽ കോളേജുകളെയും ,ജില്ലാ ആശുപത്രികളേയുമൊക്കെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വർദ്ധിക്കുന്നത്.ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ പലപദ്ധതികളും അതിനായി ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.എന്നാൽ കുറെക്കൂടി ഊർജ്ജിതമായ പരിശ്രമം അത്യന്താപേക്ഷിതമായിരിക്കുന്നു.ഹൃദയശസ്ത്രക്രിയയ്ക്കായി കുരുന്നുകളുടെ ജീവനുമായി തലസ്ഥാനത്തേക്ക് കുതിച്ചുപായുന്ന ആംബുലൻസ് ഡ്രൈവർമാരുടെ സ്തുത്യർഹമായ സേവനത്തെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ പതിവായിട്ടുണ്ട്.സർക്കാരും ജനങ്ങളും ഒരുപോലെ ആത്മാർത്ഥമായി പിന്തുണയ്ക്കുന്ന ഈ ശ്രമങ്ങളെ വിലകുറച്ചുകാണുന്നില്ല.എന്നാൽ അതാത് ജില്ലകളിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രികളിലേയും, ജില്ലാ ആശുപത്രികളിലേയും ചികിത്സാ സംവിധാനങ്ങൾ ആധുനികവത്ക്കരിച്ചിരുന്നെങ്കിൽ പ്രാണനുവേണ്ടിയുള്ള ഈ പരക്കം പാച്ചിൽ വേണ്ടിവരുമായിരുന്നില്ല.

തിരുവനന്തപുരം,പരിയാരം മെഡിക്കൽ കോളേജുകളിൽ ഹൃദയസംബന്ധിയായ വിവിധ രോഗങ്ങൾക്ക് മികച്ച ചികിത്സയാണ് നൽകി വരുന്നത്. ഇവിടെ ആൻജിയോപ്ളാസ്റ്റി ചെയ്യാനെത്തുന്നവരിൽ 80 ശതമാനവും പാവപ്പെട്ടവർതന്നെ.സംസ്ഥാന സർക്കാരിന്റെ കാരുണ്യ പദ്ധതിയും കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയും സംയോജിപ്പിച്ചുണ്ടാക്കിയ കാരുണ്യ ആയുഷ്മാൻ ഭാരത് പദ്ധതിയിലുടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സമ്പൂർണ്ണ ചികിത്സാ സൗജന്യം ലഭിക്കും. സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നതിന്റെ നാലിലൊന്ന് തുകയ്ക്ക് ഏതു വിഭാഗക്കാർക്കും ചികിത്സ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

ഈ നേട്ടങ്ങൾക്കിടയിലും തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗത്തിന് മാത്രമായി ഇനിയും പ്രത്യേകവാർഡ് ഉണ്ടായിട്ടില്ല.ജനറൽ വാർഡിലുള്ള 16 ബെഡ്ഢുകളും സൊസൈറ്റി പേവാർഡിലെ മുറികളും മാത്രമാണ് ഇവിടെയുള്ളത്.ആദ്യമായി സ്ഥാപിച്ച കാത്ത് ലാബിന് പത്തുവർഷം പഴക്കമായി.അത്യാധുനിക ലാബിന് അനുമതിയായെങ്കിലും സ്ഥാപിച്ചിട്ടില്ല.ദിനംതോറും ശരാശരി 10 മുതൽ 15 വരെ ആൻജിയോപ്ളാസ്റ്റി ചെയ്യുന്ന തിരുവനന്തപുരത്തും 15 മുതൽ 25 വരെ ആൻജിയോ പ്ളാസ്റ്റി ചെയ്യുന്ന പരിയാരത്തും ഡോക്ടർമാരടക്കം സ്റ്റാഫിന്റെ എണ്ണം പരിമിതമാണ്.ഫണ്ടിന്റെ അപര്യാപ്തതയാണ് വികസനത്തിന് തടസ്സമാകുന്നത്.

കൊടിയ വ്യാധികളാൽ അനുനിമിഷം പിടയുന്ന നിർദ്ധനരും നിരാശ്രയരുമായ രോഗികളോട് സഹാനുഭൂതി കാട്ടേേണ്ടത് അവർക്ക് മികച്ച ചികിത്സ ലഭ്യമാക്കിയാണ്. പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിന്ന് തിരുവനന്തപുരത്തേയും പരിയാരത്തേയും മെഡിക്കൽ കോളേജുകളിലെ കാർഡിയോളജി വിഭാഗങ്ങൾ പ്രകടമാക്കിയ മികവ് ഈ മേഖലയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുമെന്ന് ആശിക്കാം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY