Kerala Kaumudi Online
Friday, 24 May 2019 5.05 AM IST

ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും

kaumudy-news-headlines

1. ആലുവയില്‍ മാതാവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന മൂന്ന് വയസുകാരന്‍ മരിച്ചു. മരണകാരണം തലച്ചോറിനേറ്റ ക്ഷതം എന്ന് ആശുപത്രി അധികൃതര്‍. ഇന്ന് രാവിലെയോടെ ആരോഗ്യസ്ഥിതി വഷളായ കുഞ്ഞ് മരണത്തിന് കീഴടങ്ങുക ആയിരുന്നു. കുട്ടിയെ മര്‍ദ്ദനത്തിന് ഇരയാക്കിയ ജാര്‍ഖണ്ഡ് സ്വദേശി ആയ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കുഞ്ഞിനെ മോര്‍ച്ചറിയിലേക്ക് മാറ്റി

2. അന്യസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസുള്ള മകനെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ബുധനാഴ്ച. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ കുറിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് ക്രൂരത പുറത്തായത്. അനുസരണക്കേട് കാണിച്ചതിനാല്‍ കുഞ്ഞിനെ ശിക്ഷിച്ചത് ആണ് എന്ന് പിന്നീട് അമ്മ പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ഇവര്‍ക്ക് എതിരെ ഇനി പൊലീസ് കൊലക്കുറ്റം ചുമത്തും

3. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന മൂന്നു ദിനങ്ങളിലേക്ക്. വരുന്ന ചൊവ്വാഴ്ച മൂന്നാംഘട്ട വോട്ടെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും ജനങ്ങള്‍ വിധിയെഴുതും. ഞായാറാഴ്ചയാണ് പരസ്യ പ്രചാരണത്തിന് കലാശക്കൊട്ട്. ഇനിയുള്ള നിര്‍ണായക ദിനങ്ങളില്‍ പഴുതുകളെല്ലാം അടച്ച് ജയമുറപ്പിക്കാനുള്ള തന്ത്രങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും

4. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നാളെ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കണ്ണൂര്‍ വിമാന താവളത്തില്‍ എത്തുന്ന പ്രിയങ്കഗാന്ധി 10.30 ന് മാനന്തവാടിയില്‍ പൊതുയോഗത്തില്‍ സംസാരിക്കും. പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെയും സന്ദര്‍ശിക്കും. പിന്നീട് പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമത്തിലും നിലമ്പൂരിലെയും അരീക്കോട്ടെയും പൊതു യോഗങ്ങളിലും പങ്കെടുക്കും

5. കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയുള്ള കാറ്റുണ്ടായേക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മലപ്പുറം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു എന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

6. ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്നും നിര്‍ദേശം

7. യേശുദേവന്റെ കുരിശ് മരണത്തിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. കുരിശിന്റെ വഴികളിലൂടെ നടന്ന് വിശ്വാസികള്‍ പീഡാനുഭവത്തെ അനുസ്മരിക്കും. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ദുഖ വെള്ളിയോട് അനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷകള്‍ നടക്കും. യേശു ക്രിസ്തുവിന്റെ തിരുശരീരം കുരിശില്‍ നിന്നിറക്കി നഗരി കാണിക്കല്‍ പ്രദക്ഷിണവും ഇന്ന് നടക്കും. വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ ഇന്ന് കുരിശ് മല കയറ്റം നടക്കും. മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികള്‍ പരിഹാര പ്രദക്ഷിണം നടത്തും. ഞായറാഴ്ചയാണ് യേശുവിന്റെ ഉയിര്‍ത്ത് എഴുന്നേല്‍പ്പ് അനുസ്മരിക്കുന്ന ഈസ്റ്റര്‍. ഇതോടെ 50 ദിനങ്ങള്‍ നീണ്ട് നില്‍ക്കുന്ന വലിയ നോമ്പിനും പരിസമാപ്തിയാവും.

8. ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതും മുതിര്‍ന്ന നേതാവ് കപില്‍ സിബലും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം, ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍. അതിനിടെ ആം ആദ്മി സ്ഥാനാര്‍ഥികള്‍ പത്രികാ സമര്‍പ്പണം തുടങ്ങി. സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലും ഡല്‍ഹിയില്‍ എ.എ.പി കോണ്‍ഗ്രസ് സഖ്യം സാധ്യമാകാതെ ഇരുന്നതോടെ നേരത്തെ തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടികയുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്

9. ന്യൂഡല്‍ഹിയില്‍ അജയ് മാക്കനും ചാന്ദിനി ചൗക്കില്‍ കപില്‍ സിബലും മത്സരിക്കും. ഈസ്റ്റ് ഡല്‍ഹിയില്‍ ഡി.പി.സി.സി അധ്യക്ഷ ഷീല ദീക്ഷിത് മത്സരിക്കണം എന്നാണ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ജെ.പി അഗര്‍വാളും, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ രാജ്കുമാര്‍ ചൗഹാനുമാണ് പരിഗണനയില്‍. സൗത്ത് ഡല്‍ഹിയില്‍ രമേശ് കുമാറും, വെസ്റ്റ് ഡല്‍ഹിയില്‍ മഹാബല്‍ മിശ്രയുമാണ് സാധ്യത പട്ടികയിലുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, 2019 ELECTION, CONGRESS PARTY, CANDIDATE LIST
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY