Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

റെഡ് 14

red-14

തന്റെ റൂമിൽ തിരികെ വന്ന ഉടനെ പാഞ്ചാലി വാതിൽ അടച്ച് അകത്തുനിന്ന് കൊളുത്തിട്ടു.

തുടർന്ന് സെൽഫോൺ എടുത്തു. ഫോൺ ഉപയോഗിക്കുന്നതു കണ്ടാൽ മമ്മി തന്നെ തല്ലുമെന്ന് അവൾക്ക് ഉറപ്പുണ്ട്.

രാമഭദ്രൻ മരിക്കുന്നതിനു മുൻപ് അവൾക്ക് വാങ്ങിക്കൊടുത്ത ഫോൺ ആണ്.

പഴയ നോക്കിയ....

ഇന്നും അവൾ അതൊരു നിധി പോലെ സൂക്ഷിക്കുകയും വല്ലപ്പോഴും റീ-ചാർജ് ചെയ്യുകയും ഉണ്ടായിരുന്നു.

ഫോണിൽ പാഞ്ചാലി സുധാമണിയുടെ നമ്പർ സെലക്ടു ചെയ്തു കാൾ അയച്ചു.

നാലഞ്ചു തവണ ബല്ലടിച്ചതിനു ശേഷമാണ് കാൾ അറ്റന്റു ചെയ്യപ്പെട്ടത്.

''ഹലോ..." സുധാമണിയുടെ ശബ്ദം.

''ഞാനാ സുധേടത്തീ... പാഞ്ചാലി."

ശബ്ദം വളരെ കുറച്ച് അവൾ പറഞ്ഞു.

സുധാമണി ഒന്നു ഞെട്ടിയതു പോലെ തോന്നി.

''അയ്യോ... കൊച്ചമ്മയെങ്ങാനും കേട്ടാൽ..."

''കേൾക്കത്തില്ല. എന്റെ മുറിയിലാ ഞാൻ."

''ഉം. എന്നാലും വേഗം പറഞ്ഞോ. എന്തിനാ മോള് വിളിച്ചത്?"

''വിവേക് അവിടെയുണ്ടോ?"

''ഉണ്ട്."

''ഫോൺ ഒന്നു കൊടുക്കാമോ?"

''ഉം."

പത്തു സെക്കന്റു കഴിഞ്ഞപ്പോൾ വിവേകിന്റെ സ്വരം കേട്ടു.

''എന്താ പാഞ്ചാലീ?"

''എനിക്ക് വിശന്നിട്ട് വയ്യ വിവേകേ.. എന്തേലും വാങ്ങിച്ചോണ്ട് തരാമോ?"

''അയ്യോ.. അവിടുള്ള ആ പൂതനയെങ്ങാനും അറിഞ്ഞാൽ..." അവൻ അർദ്ധ ശങ്കയോടെ നിർത്തി.

''അറിയത്തില്ല. തറവാടിന്റെ തെക്ക് ഭാഗത്താ എന്റെ മുറി. സുധേടത്തിയോട് ചോദിച്ചാൽ മതി. ഞാൻ ജനറൽ തുറന്നിട്ടിരിക്കും. പ്ളീസ് വിവേക്.."

അപ്പുറത്തു നിന്ന് മറുപടി കേട്ടില്ല. അവൻ ചിന്തിക്കുകയായിരിക്കും എന്ന് അവൾക്കു തോന്നി.

''വിവേക്...."

''കേൾക്കുന്നുണ്ട്. എന്താ നിനക്ക് വാങ്ങിക്കോണ്ടു വരേണ്ടത്?"

''ചപ്പാത്തീം ചിക്കൻ ഫ്രൈയും." ചന്ദ്രകലയോടുള്ള വാശിയായിരുന്നു അവളുടെ ശബ്ദത്തിൽ.

''ശരി. കൊണ്ടുവരാം."

വിവേക് കാൾ മുറിച്ചു.

സമയം കടന്നുപോയി. മുറിയിലെ ലൈറ്റ് അണച്ചിട്ട് ജനാലയ്ക്കരുകിൽ അക്ഷമയോടെ ഇരിക്കുകയായിരുന്നു പാഞ്ചാലി.

പുറത്ത് നേർത്ത നാട്ടുവെളിച്ചുമുണ്ട്.

തന്റെ മുറിയിൽ തലയിണയിലേക്കു കൈമുട്ടുകൾ അമർത്തി കമിഴ്‌ന്നു കിടന്ന് ആരോടോ ഫോണിൽ കിന്നരിക്കുകയാണ് ചന്ദ്രകല. രണ്ട് സ്വർണ പാമ്പുകളെപ്പോലെ കൊലുസുകൾ അവളുടെ ചന്ദന നിറമുള്ള കാൽവണ്ണകളിലേക്ക് ഒഴുകിയിറങ്ങിയിരിക്കുന്നു.

''ഓ... പിന്നേ കളിയാക്കാതെ..." ഫോണിലൂടെ കൊഞ്ചിക്കൊണ്ട് അവൾ കൊച്ചു കുട്ടിയെപ്പോലെ പിന്നോട്ടു മടക്കി മേലേക്കുയർത്തിയ കാലുകൾ ചലിപ്പിച്ചു.

തെല്ലകലെ എവിടെയോ ഒരു പട്ടി കുരയ്ക്കുന്ന ശബ്ദം.

തന്റെ മുറിയിൽ പാഞ്ചാലിക്ക് നെഞ്ചിടിപ്പേറി.... നെഞ്ചുരുകി അവൾ പ്രാർത്ഥിച്ചു:

''എന്റെ 'ചെമ്മന്തിട്ട" ഭഗവതീ... വിവേകിനെ മമ്മി കണ്ടുപിടിക്കല്ലേ..."

സെക്കന്റുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം ഉണ്ടെന്നു തോന്നി.

അവസാനം....

പതിഞ്ഞ കാലടിയൊച്ചകൾ.

ജനാലയ്ക്കൽ വിവേകിന്റെ മങ്ങിയ രൂപം. ഒപ്പം പതിഞ്ഞ സ്വരം.

''പാഞ്ചാലീ..."

''ഞാനിവിടുണ്ട്."

അവൻ ജനൽ അഴിയ്ക്കിടയിലൂടെ ഒരു കവർ നീട്ടി.

ആവേശത്തോടെ പാഞ്ചാലി അത് വാങ്ങി.

''ഒരു കുപ്പി വെള്ളവും ഞാൻ കൊണ്ടുവന്നിട്ടുണ്ട്."

അവൻ മിനറൽ വാട്ടറിന്റെ ഒരു ബോട്ടിൽ കൂടി അവൾക്കു നൽകി.

''എങ്കിൽ ഞാൻ പോട്ടേ..."

''എങ്ങനാ വിവേക് വന്നത്?"

''സൈക്കിളിൽ...."

അവൾ നേരത്തെ എടുത്തുവച്ചിരുന്ന കുറച്ച് രൂപ ചുരുട്ടി അവനു നീട്ടി.

''ഇത് വച്ചോ.."

''എന്താ?"

''കുറച്ച് രൂപയാ. വിവേകിന്റെ കയ്യിൽ പാഴ്‌സൽ വാങ്ങാനുള്ള പണം ഉണ്ടാവില്ലെന്ന് എനിക്കറിയാം."

''ഏയ്... എന്നെ ഇങ്ങനെ കൊച്ചാക്കല്ലേ.. ഇതിനൊക്കെയുള്ള കാശ് എന്റെ കയ്യിലുണ്ട്."

അവൾ പാഴ്സൽ മാറ്റിവച്ചു.

ശേഷം അവന്റെ കൈകളിൽ കൂട്ടിപ്പിടിച്ചു: മന്ത്രണം പോലെ അറിയിച്ചു:

''മറക്കില്ല ഞാൻ... ഒരിക്കലും."

വിവേക് മിണ്ടിയില്ല.

''എങ്കിലിനി പൊയ്‌ക്കോ. നാളത്തെ കാര്യം എങ്ങനെയാകും എന്നറിയില്ല..."

''ഇതുപോലെ രാത്രിയിൽ ഞാൻ വല്ലതും കൊണ്ടുത്തരാം. വിളിച്ചാൽ മതി."

വിവേക് വന്ന വഴിയെ മടങ്ങി.

പാഞ്ചാലി ഇരുട്ടത്തിരുന്നു തന്നെ തപ്പിത്തടഞ്ഞ് ചപ്പാത്തിയും ചിക്കനും കഴിച്ചു.

മിനറൽ വാട്ടറിന്റെ ബോട്ടിൽ തുറന്ന് ആവശ്യത്തിന് വെള്ളവും കുടിച്ചു.

ഇപ്പോൾ വല്ലാത്തൊരു ആശ്വാസം.

അവൾ ഭക്ഷണാവശിഷ്ടങ്ങൾ അത് കൊണ്ടുവന്ന കടലാസിൽത്തന്നെ പൊതിഞ്ഞ് കവറിനുള്ളിലാക്കി. പിന്നെ ഒരു ഭാഗത്ത് ഒളിച്ചുവച്ചു. ജനൽ അഴിയിലൂടെ പുറത്തേക്ക് കൈ നീട്ടി കുപ്പിയിലെ വെള്ളത്തിൽ കഴുകി.

അടുത്ത നിമിഷം വാതിലിൽ ശക്തമായ തട്ടു കേട്ടു...!

(തുടരും)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NOVEL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY