Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

ദൈവത്തിന്റെ പേര് പറഞ്ഞതിന് കേരളത്തിൽ ഒരു കേസെങ്കിലും എടുത്തതായി തെളിയിക്കാമോ? മോദിക്ക് മറുപടിയുമായി പിണറായി

pinarayi-vijayan

തിരുവനന്തപുരം: കേരളത്തെക്കുറിച്ച് അസത്യാത്മകവും വസ്തുതാവിരുദ്ധവുമായ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് ഉണ്ടാകുന്നു എന്നത് നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സത്യവുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം പ്രചാരണം പ്രധാനമന്ത്രിസ്ഥാനത്തിന് നിരക്കുന്നതല്ല . തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇത് എന്ന വാദം പോലും ഇതിനെ ന്യായീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദൈവനാമം ഉച്ചരിക്കുന്നവർക്കെതിരെ കള്ളക്കേസെടുക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് പ്രധാനമന്ത്രി പറഞ്ഞു. മുമ്പ് കേരളത്തിന് പുറത്തുപോയി പറഞ്ഞു, ഇപ്പോൾ കേരളത്തിൽ വന്നും പറഞ്ഞു. കേരളത്തിനു പുറത്തുപറഞ്ഞാൽ അവിടെ ചിലരെ തെറ്റിദ്ധരിപ്പിക്കാൻ ഇത് ഉതകിയേക്കാം. എന്നാൽ, കേരളത്തിൽ പറഞ്ഞാലോ? കേരളീയർക്കാകെ സത്യം അറിയാമെന്നിരിക്കെ അവരുടെ മനസ്സിൽ പ്രധാനമന്ത്രിയെക്കുറിച്ച് എന്തു ചിത്രമാണുണ്ടാകുക? ദൈവനാമം ഉച്ചരിച്ചതിന്റെ പേരിൽ ഒരൊറ്റ കേസുപോലും കേരളത്തിലെവിടെയും എടുത്തിട്ടില്ല. മറിച്ച് പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിക്ക് താൻ പറഞ്ഞതിന് ഉദാഹരണമായി ഒരു കേസെങ്കിലും എടുത്തുകാണിക്കാനാകുമോ?

കേരളത്തിൽ കേസുകളുണ്ടായിട്ടുണ്ട്. എന്നാൽ, അതിലൊന്നുപോലും ദൈവനാമം ഉച്ചരിച്ചതിന്റെ പേരിലല്ല. അക്രമം നടത്തിയതിന്റെ പേരിലാണ്. മതത്തിന്റെ പേരുപറഞ്ഞ് അക്രമം നടത്തുമ്പോൾ അക്രമികൾക്ക് സംരക്ഷണം നൽകുന്ന രീതി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ട്. അത് കേരളത്തിലും വേണമെന്നു പറഞ്ഞാൽ നടപ്പില്ല. ശബരിമല സന്നിധാനത്തിൽ പോലും വളരെ പ്രകോപനപരമായ രീതിയിൽ കുഴപ്പമുണ്ടാക്കാൻ അക്രമികളുടെ ശ്രമം നടന്നു. പൊലീസിനെ ആക്രമിച്ചു, ഭക്തജനങ്ങളെ ആക്രമിച്ചു. പൊലീസ് അതീവ സംയമനം പുലർത്തിയതുകൊണ്ടുമാത്രം പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നു. പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു സത്യത്തിൽ അവർക്ക് ആവശ്യം. പ്രശ്നങ്ങൾ ഉണ്ടാക്കി അതിന്റെ പേരിൽ രാഷ്ട്രീയവും വർഗീയവുമായി മുതലെടുപ്പ് നടത്തുക എന്നതായിരുന്നു ഉദ്ദേശമെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായി. അത് നടക്കാതെ പോയെങ്കിലും നടന്നു എന്ന പ്രതീതിയുണ്ടാക്കി മുതലെടുക്കാമോ എന്നതാണ് ഇപ്പോൾ നോട്ടം. അതിന്റെ ഭാഗമാണ് ദൈവത്തിന്റെ പേര് ഉച്ചരിക്കുന്നവർക്കെതിരെ കള്ളക്കേസെടുക്കുന്നു എന്നതടക്കമുള്ള ഇപ്പോഴത്തെ പ്രചാരണം.

പാമ്പര്യവും വിശ്വാസവും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു. പാരമ്പര്യവും സംസ്‌കാരവും കേരളത്തിലെന്നല്ല രാജ്യത്താകെ നിലനിൽക്കുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് ബി.ജെ.പി അവകാശപ്പെടേണ്ടതില്ല. ഈ രാജ്യത്തിന്റെ പൊതുവായ മതേതര സംസ്‌കാരത്തിന്റെ ഭാഗമാണത്. നവോത്ഥാന സംരംഭങ്ങളുടെ ഭാഗമായി ശക്തിപ്പെട്ടുവന്നതാണത്. അതിനെയും അതിന്റെ ഭാഗമായുള്ള വൈവിധ്യപൂർണമായ വിശ്വാസ സംസ്‌കാരങ്ങളെയും ഇല്ലായ്മ ചെയ്യാൻ സംഘപരിവാർ ശക്തികൾ അങ്ങേയറ്റം ശ്രമിച്ചിട്ടും അതൊക്കെ ഇവിടെ തുടരുന്നു എന്നതാണ് സത്യം. അതിനെയൊക്കെ തകർക്കാൻ നടത്തിയ ശ്രമങ്ങളെ അവയെ സംരക്ഷിക്കുമെന്ന വാദം കൊണ്ട് മറച്ചുവെയ്ക്കാനാവില്ല.

പൂജാകർമങ്ങളെ ഇവിടെ അനുവദിക്കുന്നില്ല എന്നാണ് പ്രധാനമന്ത്രി ആരോപിക്കുന്നത്. വിശ്വാസികൾക്ക് അതനുസരിച്ചുള്ള എല്ലാ ആചാരവിശ്വാസങ്ങളും നടത്താൻ കഴിയുന്നുണ്ട്. അതിന് തടസ്സമുണ്ടായിട്ടില്ല. ബി.ജെ.പിയും ആർ.എസ്.എസും ഒക്കെയാണ് തങ്ങൾക്കിഷ്ടമില്ലാത്ത ആചാരം അനുഷ്ഠിക്കുന്നവരെ എതിർക്കാൻ ശ്രമിക്കുന്നത്. അത് ഇവിടെ നടക്കുന്നില്ല. അതിനാലാവാം ബി.ജെ.പിക്ക് അസ്വസ്ഥത. നിയമവാഴ്ചയുള്ള രാജ്യമാണ് ഇന്ത്യ. സുപ്രീംകോടതിയുടെ വിധിതീർപ്പ് എന്നു പറയുന്നത് നിയമം തന്നെയാണ്. അത് നടപ്പാക്കാൻ ജനാധിപത്യ സർക്കാരുകൾക്ക് ചുമതലയുണ്ട്. അത് നടപ്പാക്കിയതിനെ പരോക്ഷമായി എതിർക്കുന്നവർ യഥാർത്ഥത്തിൽ ചെയ്യുന്നത് ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ജനാധിപത്യത്തെത്തന്നെയും വെല്ലുവിളിക്കുകയാണ്.

ഈ മനോഭാവം ലാവ്‌ലിൻ കേസിനെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശത്തിലുമുണ്ട്. കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ നടത്തുന്ന ശ്രമം കോടതിയോടും നിയമവാഴ്ചയോടും നടത്തുന്ന വെല്ലുവിളിയാണ്. ഇത് ചെയ്യുന്നതാകട്ടെ റഫേൽ കേസിൽ ആരോപണവിധേയനായി നിൽക്കുന്ന വ്യക്തിയാണ് എന്നത് കൂടുതൽ ശ്രദ്ധേയമാണ്. റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്ക് മാദ്ധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതിനേക്കുറിച്ച് ഒരക്ഷരം പറയാൻ ബി.ജെ.പി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ പ്രധാനമന്ത്രിയെ സംശയത്തിന്റെ കരിനിഴലിലാക്കിയിരിക്കുകയാണ്. തന്റെ സുഹൃത്തായ അനിൽ അംബാനിയെ സഹായിക്കാൻ എല്ലാ നടപടിക്രമങ്ങളും കാറ്റിൽ പറത്തി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട പ്രശ്നമാണ് ഇപ്പോൾ സുപ്രീംകോടതിയുടെ
മുൻപിലുള്ളത്. ഇത്തരം ആരോപണം നേരിടുന്ന പ്രധാനമന്ത്രിയാണ് കോടതിയാൽ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിയെ ആക്ഷേപിക്കാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നത് അനുചിതമാണ് എന്നുമാത്രം പറയട്ടെ.

കേരളത്തിലെ മന്ത്രിമാർ പലരും അഴിമതിയുടെ നിഴലിലാണെന്ന് പ്രധാനമന്ത്രി പറയുന്നു. മന്ത്രിയായാൽ അഴിമതി നടത്തിയിരിക്കുമെന്ന ബി.ജെ.പി ഭരണത്തിലെ അനുഭവം വെച്ച് പറയുകയായിരിക്കണം പ്രധാനമന്ത്രി. അഴിമതിയാരോപണം പോലും മന്ത്രിസഭയിലെ ആർക്കെതിരെയും ഉയർന്നിട്ടില്ല. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന അംഗീകാരം ദേശീയതലത്തിൽ തന്നെ കേരളത്തിനു ലഭിച്ചിട്ടുള്ള കാര്യം പ്രധാനമന്ത്രി അറിഞ്ഞിട്ടില്ലെന്നു വരുമോ? സെന്റർ ഫോർ മീഡിയാ സ്റ്റഡീസിന്റെ സർവെയിൽ കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് എന്ന് കണ്ടെത്തപ്പെട്ടിട്ടുള്ള കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തട്ടെ.

കേരളത്തിലുണ്ടായ പ്രളയത്തിന് സംസ്ഥാന സർക്കാരാണ് ഉത്തരവാദി എന്ന് പ്രധാനമന്ത്രി പറയുന്നത് അങ്ങേയറ്റം വസ്തുതാവിരുദ്ധമാണ്. കേന്ദ്ര ജല കമ്മീഷൻ തന്നെ, അസാധാരണമായി ഉണ്ടായ പെരുമഴയാണ് പ്രളയത്തിനു കാരണമായത് എന്ന് വിലയിരുത്തിയിട്ടുള്ളത് അറിയാത്ത വ്യക്തിയല്ല പ്രധാനമന്ത്രി. എന്നിട്ടും ഇങ്ങനെ പ്രചരിപ്പിക്കുന്നതിനു പിന്നിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയമാണുള്ളത്. എന്നു മാത്രമല്ല, കേരളത്തിന് പ്രളയത്തെ മുൻനിർത്തി ലഭിക്കേണ്ട സഹായങ്ങളെല്ലാം നിഷേധിച്ചതിന്റെ പിന്നിലും ഇതേ താൽപര്യങ്ങളാണ് ഉള്ളത് എന്ന് ഇപ്പോൾ സംശയിക്കേണ്ടി വരികയാണ്. പ്രളയം മുൻനിർത്തി സഹായം ചോദിച്ചു. നാമമാത്രമായ സഹായം മാത്രം തന്നു. സ്‌പെഷ്യൽ പാക്കേജ് ചോദിച്ചു. അത് അപ്പാടെ നിഷേധിച്ചു. സഹായം നൽകാൻ വിദേശ രാഷ്ട്രങ്ങൾ തയ്യാറായി. അതു വാങ്ങുന്നതിൽനിന്നു വിലക്കി. കേരളത്തെ സഹായിക്കാൻ ലോകവ്യാപകമായി മലയാളികൾ മുമ്പോട്ടു വന്നു. ആ സഹായം തേടുന്നതിനുള്ള വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചു. സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. ആ ആവശ്യത്തെയും നിരാകരിച്ചു. കേരളവിരുദ്ധമായ ഈ നിലപാടുകൾക്കെല്ലാം പിന്നിൽ പ്രധാനമന്ത്രി തന്നെയായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. ഗുജറാത്തിൽ വരെ വിദേശസഹായം സ്വീകരിച്ച അതേ വ്യക്തിയാണ് കേരളത്തിനുള്ള വിദേശസഹായം നിഷേധിച്ചത്. കേരളം
തകർന്നുകിടക്കട്ടെ എന്ന പകപോക്കൽ മനോഭാവം അല്ലെങ്കിൽ മറ്റെന്താണ് ഇതിനുപിന്നിലുള്ളത്?

ഐക്യരാഷ്ട്രസഭയുടെ ഏജൻസിയടക്കം 31,000 കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ടായതായി വിലയിരുത്തിയതാണ്. ഇത്രയേറെ ഗുരുതരമായ നില കേരളത്തിലുണ്ടായിട്ടും സഹായിക്കില്ല എന്ന നിലപാട് പകപോക്കലിന്റെ അല്ലെങ്കിൽ മറ്റെന്താണ്? ജനങ്ങൾ ഇതിനെ ഈ വിധത്തിലേ കാണൂ. ഇതിനു മറയിടാൻ വ്യാജ പ്രചാരണങ്ങൾ ഉപകരിക്കില്ല. കേരളത്തിൽ ജലസേചനവകുപ്പിന്റെയും വൈദ്യുതിവകുപ്പിന്റെയും ഉടമസ്ഥതയിൽ ആകെ 82 അണക്കെട്ടുകളും ബാരേജുകളുമാണ് ഉള്ളത്. പ്രധാനപ്പെട്ട അണക്കെട്ടുകളെല്ലാം ആഗസ്ത് പത്തിനു മുമ്പ് തുറന്നിട്ടുണ്ട്. കേരളത്തിൽ പെരുമഴയുണ്ടായത് ആഗസ്ത് 14 മുതൽ 16 വരെയാണ്. 14നുശേഷമുള്ള പെരുമഴക്കാലത്ത് പതിനാലായിരം ദശലക്ഷം ഘനമീറ്റർ വെള്ളം നദികളിൽ ഒഴുകിയെത്തിയതായി കണ്ടെത്തിയത് കേന്ദ്ര ജല കമ്മീഷൻ തന്നെയാണ്. 2280 ദശലക്ഷം ഘനമീറ്റർ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി മാത്രമേ കേരളത്തിലെ നദികൾക്കുള്ളു. ഈ കണക്കുകൾ ആധാരമാക്കി അധികജലം ഒഴുകിയെത്തിയതാണ് പ്രളയത്തിനു കാരണമെന്ന് പ്രധാനമന്ത്രിയുടെ ഭരണത്തിൽത്തന്നെയുള്ള കേന്ദ്ര ജല കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.

കേന്ദ്ര കലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് ആഗസ്ത് 13 മുതൽ 19 വരെ കേരളത്തിലാകെ മഴയിൽ 362 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. ഇടുക്കിയിൽ മാത്രം ഇത് 568 ശതമാനം അധികമാണ്. അതായത്, അധികമഴ പ്രളയമുണ്ടാക്കി എന്നു ചുരുക്കം. ഇതൊക്കെയാണ് കേന്ദ്രത്തിന്റെ പക്കൽ തന്നെയുള്ള വസ്തുതകൾ എന്നിരിക്കെ ഇതൊക്കെ മറച്ചുവെച്ചുകൊണ്ട് ഒരു പ്രധാനമന്ത്രിക്ക് എങ്ങനെയാണ് ഇങ്ങനെ അസത്യം പ്രചരിപ്പിക്കാൻ കഴിയുന്നത്? ഡാമുകൾ സർക്കാർ തുറന്നുവിട്ടതുകൊണ്ടാണ് പ്രളയമുണ്ടായത് എന്നു വാദിക്കുന്നവർ ഡാമുകളേ ഇല്ലാത്ത അച്ചൻകോവിലാർ, ചാലിയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ
പ്രളയമുണ്ടായത് എങ്ങനെ എന്നതിനു കൂടി മറുപടി പറയണം.

മത്സ്യത്തൊഴിലാളികൾക്കു വേണ്ടി എന്തൊക്കെയോ ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറയുന്നു. തീരദേശമേഖലയുടെ വികസനത്തിനായി കേരളം സമർപ്പിച്ച 7000 കോടി രൂപയുടെ പ്രൊജക്ടിനെ അപ്പാടെ അവഗണിച്ച പ്രധാനമന്ത്രിയാണ് ഇതു പറയുന്നത് എന്നോർക്കണം. മത്സ്യത്തൊഴിലാളികൾക്കു വേണ്ടി ഇക്കാലമത്രെയും ഒന്നും ചെയ്യാത്തവർ തെരഞ്ഞെടുപ്പ് വന്നപ്പോൾ ഭാവിയിൽ എന്തോ ചെയ്യുമെന്നു പറയുന്നു.

കാലാവസ്ഥാ പ്രവചനവും മറ്റും നടത്തേണ്ടത് കേന്ദ്രത്തിന്റെ കീഴിലുള്ള ഐഎംഡി (ഇന്ത്യൻ മീറ്റിയറോളജിക്കൽ ഡിപ്പാർട്ട്‌മെന്റ്) ആണെന്ന് ഒരുപക്ഷെ പ്രധാനമന്ത്രിക്ക് അറിയില്ലായിരിക്കും. അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽപോരായ്മകൾ ഉണ്ടായിട്ടുണ്ട് എന്നും കാലാവസ്ഥാ പ്രവചനം കുറേക്കൂടി കാര്യക്ഷമം ആകണമെന്നും പറഞ്ഞത് കേന്ദ്രത്തിലെ തന്നെ ആഭ്യന്തര മന്ത്രിയായിരുന്നു എന്ന് പ്രധാനമന്ത്രിയെ ഓർമിപ്പിക്കട്ടെ. മത്സ്യത്തൊഴിലാളിക്ക് സാറ്റ്‌ലൈറ്റ് ഫോണുകളും, നാവിക് ഉപകരണങ്ങൾ ലഭ്യമാക്കാനും, ബോട്ടുകൾക്കും മത്സ്യത്തൊഴിലാളികൾക്കും വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും എല്ലാം മുൻകൈയെടുത്തത് കേരള സർക്കാരാണ് എന്ന് അദ്ദേഹം മറക്കരുത്. ഓഖിക്ക് അനുവദിച്ച 133 കോടിയിൽനിന്നും 21.3 കോടി രൂപ തിരിച്ചെടുക്കുകയാണ് കേന്ദ്രം ചെയ്തത് എന്നത് നാം മറക്കരുത്.

പ്രളയത്തിൽ അകപ്പെട്ടു പോയവരെ സഹായിക്കാൻ സംസ്ഥാനം തയ്യാറായില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. 31,000 കോടി രൂപയുടെ നഷ്ടമുണ്ടായ കേരളത്തിന് കേന്ദ്രം എത്ര രൂപയാണ് അനുവദിച്ചത് എന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറാകുമോ? കേന്ദ്ര മാനദണ്ഡ പ്രകാരം തന്നെ സംസ്ഥാനത്തിന് ലഭിക്കേണ്ട 5,000 കോടി രൂപയെങ്കിലുമോ അനുവദിച്ചിട്ടുണ്ടോ? (ടഉങഅ കണക്കുകൾ പ്രകാരം 2,900 കോടി അനുവദിച്ചിട്ടുണ്ട്; അതിൽ 330 കോടി രൂപ അരി, രക്ഷാപ്രവർത്തനം എന്നിവയുടെ പേരിൽ തിരികെ കേന്ദ്രത്തിനു തന്നെ നൽകേണ്ടി വന്നു). കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപയുടെ സഹായം അട്ടിമറിച്ചത് ആരാണ് എന്ന് ഇന്നാട്ടിലെ കൊച്ചു കുട്ടികൾക്കു വരെ അറിയാം.

മധ്യവർഗങ്ങൾക്കായി എന്തോ ചെയ്തു എന്നു പറഞ്ഞ അദ്ദേഹം വിലക്കയറ്റത്തെക്കുറിച്ച് ഒരക്ഷരവും മിണ്ടിയില്ല. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വർദ്ധനവിനെക്കുറിച്ചും അദ്ദേഹം ഒന്നുംപറഞ്ഞില്ല. രൂപയുടെ മൂല്യം ഇടിഞ്ഞതിനെക്കുറിച്ചും തൊഴിലുകൾ ഇല്ലാതായതിനെക്കുറിച്ചും നോട്ടുനിരോധനം ചെറുകിട വ്യവസായങ്ങളെ തകർത്തതിനെക്കുറിച്ചും അദ്ദേഹം ഒരക്ഷരം ഉരിയാടിയില്ല. ഇക്കാര്യങ്ങളിലൊക്കെ താൻ വലിയ പരാജയമായിരുന്നു എന്നദ്ദേഹം സമ്മതിക്കുകയാണോ?

വിദ്യാഭ്യാസ വായ്പയുടെ പലിശാ നിരക്ക് കുറച്ചു എന്ന് പറയുന്ന പ്രധാനമന്ത്രി വിദ്യാഭ്യാസ സ്ഥാപനങ്ങളെ വർഗീയവൽക്കരിച്ച കേന്ദ്ര നിലപാടുകളെക്കുറിച്ചും വിദ്യാഭ്യാസ മേഖലയെ ആകെ സ്വകാര്യവൽക്കരിക്കുന്ന അദ്ദേഹത്തിന്റെ സർക്കാർ നയങ്ങളെക്കുറിച്ചും സ്‌കോളർഷിപ്പുകൾ വെട്ടിക്കുറച്ചതും ഇല്ലാതാക്കിയതുമായ നടപടികളെക്കുറിച്ചും എന്താ മിണ്ടാത്തത്? ഇത്തരം നയങ്ങളുടെ ഫലമായാണ് വിദ്യാർത്ഥികൾ പഠിക്കാൻ വായ്പ എടുക്കേണ്ടി വരുന്നത് എന്ന് അദ്ദേഹത്തെ ആരെങ്കിലും ഓർമപ്പെടുത്തേണ്ടതുണ്ടോ?

നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടു എന്നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെ യോഗത്തിൽ പറഞ്ഞത്. എന്നാൽ, കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘട്ടനങ്ങളിലുമായി ഈ മൂന്നുവർഷത്തിനുള്ളിൽ പല പാർടികളിൽനിന്നായി മരണപ്പെട്ടവരുടെ മൊത്തം സംഖ്യ ഔദ്യോഗിക രേഖകൾ പ്രകാരം ഒരു നൂറിന്റെ അഞ്ചിലൊന്നു പോലും വരുന്നില്ല. എവിടെനിന്നു കിട്ടി പ്രധാനമന്ത്രിക്ക് ഈ നൂറുകണക്കിന് ബിജെപിരക്തസാക്ഷികളെ? ബിജെപിയുടെ കേരളനേതൃത്വം പോലും പറയാത്തതാണിത്. ഇതുവരെ കേരളത്തിൽ മാത്രം സിപിഐ എമ്മിന്റെ പ്രവർത്തകരും നേതാക്കന്മാരുമായ 209 പേരാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും കൊലകത്തിക്ക് ഇരയായിട്ടുള്ളത്. മറ്റു പാർടികളിൽപ്പെട്ട നിരവധിയാളുകളുടെ ജീവൻ നഷ്ടപ്പെട്ടതും അവരുടെ കൊലപാതക രാഷ്ട്രീയത്തിന്റെ ഫലമായാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കാര്യക്ഷമമായി നടപടിയെടുത്ത സർക്കാരാണ് ഇവിടെയുള്ളത്. അടിസ്ഥാനരഹിതമായസങ്കൽപങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി ആരോപണങ്ങൾ ഉന്നയിച്ചുകൂടാത്തതാണ്.

നമ്പി നാരായണനെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗവേളയിൽ നടത്തിയ പരാമർശങ്ങൾ, നമ്പി നാരായണൻ നൽകിയ കേസിൽ ഉൾപ്പെട്ടതും നമ്പി
നാരായണനെതിരെ അധിക്ഷേപം ചൊരിഞ്ഞതുമായ മുൻ ഡിജിപി സെൻകുമാറിനെ ഒപ്പമിരുത്തിക്കൊണ്ടാണ് എന്നത് ബിജെപിയുടെ ഇരട്ടത്താപ്പിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. കേരളം നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികകളിൽ ഒന്നാംസ്ഥാനത്താണ്. ആരോഗ്യം, വിദ്യാഭ്യാസം,ലിംഗസമത്വം എന്നീ സൂചികകകളിൽ കേരളം ഒന്നാമതാണ്. രാഷ്ട്രീയ മുതലെടുപ്പിനായി പ്രധാനമന്ത്രി യാഥാർത്ഥ്യങ്ങളെ മനഃപൂർവ്വം മറച്ചുവെയ്ക്കുന്നു. എന്നിട്ട് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നു. ഇത് അദ്ദേഹം വഹിക്കുന്ന പദവിക്കു ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NARENDRA MODI, PINARAYI VIJAYAN, PINARAYI VIJAYAN AGAINST NARENDRA MODI, PINARAYI REPLY TO MODI, MODI KERALA VISIT
KERALA KAUMUDI EPAPER
TRENDING IN LOKSABHA POLL 2019
VIDEOS
PHOTO GALLERY
TRENDING IN LOKSABHA POLL 2019