Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

ആര്‍.എസ്.എസ് പ്രചാരകനായി പ്രധാനമന്ത്രി മാറരുത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

news

1. ആര്‍.എസ്.എസ് പ്രചാരകനായി പ്രധാനമന്ത്രി മാറരുത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകള്‍ മനസിലാക്കാതെ സംസാരിക്കരുത്. ദൈവനാമം പറഞ്ഞിന്റെ പേരില്‍ കേരളത്തില്‍ അറസ്റ്റ് നടന്നിട്ടുണ്ടോ എന്ന് ചോദ്യം. കേരളത്തോട് മോദിക്ക് ഇത്ര വിദ്വേഷം ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഈമനസുള്ള ആളോടാണോ പ്രളയത്തില്‍ സഹായം ആവശ്യപ്പെട്ടത് എന്നും മുഖ്യമന്ത്രിയുടെ പരിഹാസം

2. പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കും എന്ന് പ്രധാനമന്ത്രി പറയുന്നു. പാരമ്പര്യവും സംസ്‌കാരവും കേരളത്തില്‍ എന്നല്ല രാജ്യത്ത് ആകെ നിലനില്‍ക്കുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് ബി.ജെ.പി അവകാശപ്പെടേണ്ട കാര്യമില്ല. ഈ രാജ്യത്തിന്റെ പൊതുവായ മതേതര സംസ്‌കാരത്തിന്റെ ഭാഗമാണ്. നിയമ വാഴ്ചയുള്ള രാജ്യമാണ് ഇന്ത്യ. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ചുമതലയുണ്ട്. അത് നടപ്പാക്കിയവരെ പരോക്ഷമായി വിമര്‍ശിക്കുന്നവര്‍ ഭരണഘടനയെയും നിയമ വാഴ്ചയേയും വെല്ലുവിളിക്കുക ആണ് എന്നും മുഖ്യമന്ത്രി

3. പ്രളയത്തില്‍ അകപ്പെട്ടുപോയവരെ സഹായിക്കാന്‍ സംസ്ഥാനം തയ്യാറായില്ല എന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്. 31000 കോടി രൂപയുടെ നഷ്ടം ഉണ്ടായ കേരളത്തിന് കേന്ദ്രം എത്രരൂപ ആണ് അനുവദിച്ചത് എന്ന് വെളിപ്പെടുത്താന്‍ പ്രധാനമന്ത്രി തയ്യാറാകുമോ എന്ന് ചോദ്യം. മധ്യ വര്‍ഗങ്ങള്‍ക്കായി എന്തൊക്കെയോ ചെയ്തു എന്ന് പറഞ്ഞ മോദി, വിലകയറ്റത്തെ കുറിച്ച് മിണ്ടുന്നില്ല. പെട്രോളിന്റേയും ഡീസലിന്റെയും പാചക വാതകത്തിന്റേയും വിലവര്‍ദ്ധനവിലും മോദി മൗനം തുടരുക ആണ്. നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെട്ടു എന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. എന്നാല്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘടനകളിലുമായി ഈ മൂന്ന് വര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടവരുടെ മൊത്തം സംഖ്യ ഔദ്യോഗിക രേഖകള്‍ പ്രകാരം 100-ന്റെ അഞ്ചില്‍ ഒന്നു പോലും വരില്ലെന്നും മുഖ്യമന്ത്രി

4. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തി എന്ന ആരോപണം തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ആരോപണം തെറ്റെങ്കില്‍ പരാതി കൊടുത്ത സി.പി.എം നേതാവ് വി. ശിവന്‍കുട്ടി പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കണം. സി.പി.എം ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകുമോ എന്നും ശ്രീധരന്‍പിള്ളയുടെ ചോദ്യം

5. മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഒരു കാര്യം പോലും പറഞ്ഞിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടിയുടെ ഭാഗമായി വിവസ്ത്രരാക്കി നടപടിക്രമങ്ങള്‍ നടത്തുമ്പോള്‍ ആളുകളെ തിരിച്ചറിയാന്‍ സാധിക്കും. പരാമര്‍ശത്തിലൂടെ ഇതാണ് ഉദ്ദേശിച്ചത്. ഭീകരവാദികളെ കുറിച്ച് പറയുമ്പോള്‍ അത് മുസ്ലീം വിഭാഗത്തെ കുറിച്ചാണ് പറയുന്നതെന്നും മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നും പറയുന്നത് പൊതുപ്രവര്‍ത്തകരെ അപമാനിക്കാന്‍. കേസിന് പിന്നില്‍ ഉദ്യോഗസ്ഥ- ഇടതുപക്ഷ ഗൂഢാലോചന. കള്ളക്കേസുകള്‍ ചുമത്തി തകര്‍ക്കാമെന്ന് കരുതുന്നത് വ്യാമോഹം എന്നും ശ്രീധരന്‍പിള്ള

6. യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തും എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍ അതിനായി എല്ലാ ശ്രമങ്ങളും നടത്തും. ഭരണത്തില്‍ ഇരിക്കെ നിയമ നിര്‍മ്മാണം നടത്താത്ത ബി.ജെ.പി ആണ് ശബരിമല ഹര്‍ജിക്ക് പിന്നില്‍. പിണറായിക്കും കോടിയേരിക്കും മറുപടിപറയാന്‍ സംസ്ഥാന നേതാക്കള്‍ മതി എന്നും അതിന് രാഹുലിന്റെ ആവശ്യം ഇല്ല എന്നും ചെന്നിത്തല പറഞ്ഞു

7. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം സി.പി.എം സ്‌പോണ്‍സേര്‍ഡ് എന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. അരിയില്‍ ഷുക്കൂര്‍ വധ കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ല. സര്‍വീസ് സ്റ്റോറി ആയ എന്റെ പൊലീസ് ജീവിതം എന്ന പുസ്തകത്തില്‍ ആണ് സെന്‍കുമാറിന്റെ ആരപോണം. ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് എതിരെയും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്

8. ഗുജറാത്തിലെ പട്ടേല്‍ സമര നായകനും കോണ്‍ഗ്രസ് നേതാവുമായ ഹാര്‍ദിക് പട്ടേലിനെ പൊതു വേദിയില്‍ കരണത്തടിച്ചു. സുരേന്ദ്രനഗറില്‍ കോണ്‍ഗ്രസ് പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെ ഒരാള്‍ കയറിവന്ന് മര്‍ദ്ദിക്കുക ആയിരുന്നു. അടിയേറ്റ് ഒരു നിമിഷം അമ്പരന്ന ഹാര്‍ദിക് അക്രമിയെ തടഞ്ഞു. അക്രമിയെ പ്രവര്‍ത്തകര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

9. ഫെബ്രുവരിയില്‍ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പാക് പൗരന്മാരോ പാക് സൈനികരോ കൊല്ലപ്പെട്ടിട്ടില്ല എന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സ്വയം പ്രതിരോധിക്കാന്‍ ആണ് വ്യോമാക്രമണം നടത്തിയത് എന്ന് രാജ്യാന്തര സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചു എന്നും അവരുടെ പൂര്‍ണ്ണ പിന്തുണ ഇന്ത്യയ്ക്ക് ലഭിച്ചതായും സുഷമാ സ്വരാജ്

10. മുംബയ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരയ്ക്ക് എതിരെ വിവാദ പ്രസ്താവനയുമായി പ്രഗ്യാസിംഗ് ഠാക്കൂര്‍. മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ക്കരെ തന്നെ കള്ളകേസില്‍ കുടുക്കി. കേസ് അന്വേഷിക്കുന്ന സമയത്ത് അയാള്‍ തന്നോട് മോശമായി പെരുമാറി എന്നും അതിന്റെ കര്‍മ്മ ഫലമാണ് കര്‍ക്കരെ അനുഭവിച്ചത് എന്നും പ്രഗ്യാ സിംഗ്

11. തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച നടന്‍ ബിജു മേനോനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. താരത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ ആണ് ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. എന്ത് നന്മയുടെ പേരിലാണ് ബി.ജെ.പിക്ക് വോട്ട് ചെയ്യേണ്ടത് എന്ന് പറയണം. നിങ്ങള്‍ ചാണകത്തില്‍ ചവിട്ടും എന്ന് കരുതിയില്ല എന്നിങ്ങനെ പോവുന്നു താരത്തിന്റെ ഫെയ്സ്ബുക്ക് പേജിലെ കമന്റുകള്‍

12. യു ട്യൂബ് ട്രെന്റിംഗില്‍ ഇടം നേടി പാര്‍വതി ചിത്രം ഉയരെയുടെ ട്രെയിലര്‍. ഇതുവരെ നാല് ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ട വീഡിയോ ടെന്റിംഗില്‍ നാലാമതാണ്. യാത്രാവിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുന്നത് അടക്കമുള്ള രംഗങ്ങളാണ് ട്രെയിലറിലുള്ളത്. പല്ലവി എന്ന കഥാപാത്രമായാണ് പാര്‍വതി ചിത്രത്തില്‍ എത്തുന്നത്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, RSS, PINARAYI VIJAYAN AGAINST NARENDRA MODI, LOKSABHA ELECTION
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY