SignIn
Kerala Kaumudi Online
Friday, 19 April 2024 8.16 PM IST

കൊലവിളിച്ച് അക്രമികൾ, ഭയപ്പാടിൽ ജനം

crime-

കൊലയ്ക്ക് കൊല എന്ന മട്ടിൽ നാട്ടിൽ പ്രതികാര കൊലപാതകങ്ങൾ വർദ്ധിക്കുമ്പോൾ കാഴ്ചക്കാരായി നില്‌ക്കുന്നു നമ്മുടെ പൊലീസ്. ആലപ്പുഴയിൽ ആദ്യകൊലപാതകമുണ്ടായി മണിക്കൂറുകൾക്കകം വരിവരിയായി ആറു ബൈക്കുകളിൽ നഗരത്തിലൂടെ ആയുധങ്ങളുമായെത്തിയ സംഘം രണ്ടാംകൊല നടത്തിയത് പൊലീസിന്റെ ഗുരുതരവീഴ്ചയുടെ തെളിവാണ്. മുൻകരുതലും പരിശോധനകളുമുണ്ടായിരുന്നെങ്കിൽ ഒരു ജീവനെങ്കിലും രക്ഷിക്കാമായിരുന്നു. രണ്ടാമത്തെ കൊലപാതകം നടക്കുമെന്ന് ഒരു സൂചനയുമുണ്ടായിരുന്നില്ലെന്ന എ.ഡി.ജി.പി (ക്രമസമാധാനം) വിജയ് സാക്കറെയുടെ വാക്കുകൾ പൊലീസ്-ഇന്റലിജൻസ് ഏകോപനമില്ലായ്മയ്ക്ക് തെളിവാണ്.

കുറ്റവാളികളെക്കുറിച്ചും ഗുണ്ടകളെക്കുറിച്ചും കാര്യമായ രഹസ്യാന്വേഷണം നടക്കുന്നതേയില്ല. സാധാരണക്കാർക്ക് അഞ്ച് ഇന്ദ്രിയങ്ങളാണെങ്കിൽ, പൊലീസിന് ആറാം ഇന്ദ്രിയമുണ്ടെന്നാണ് പൊലീസ് അക്കാഡമികളിൽ പഠിപ്പിക്കുന്നത്. അതാണ് ഇന്റലിജൻസ്. നാഷണൽ പൊലീസ് അക്കാഡമിയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരാണ് രഹസ്യാന്വേഷണത്തിന് ഐ.പി.എസുകാ‌ർക്ക് പരിശീലനം നല്‌കുന്നത്. അങ്ങനെ പരിശീലനം നേടിയ, സംസ്ഥാനത്തിന്റെയാകെ ക്രമസമാധാന ചുമതലയുള്ള അഡി. ഡി.ജി.പിയാണ് വിവരമൊന്നും കിട്ടിയില്ലെന്നും പ്രതികാര കൊലപാതകം ഉണ്ടാകുമെന്ന് ഒരു സൂചനയും ഇല്ലായിരുന്നെന്നും പറഞ്ഞ് സ്വയം അപഹാസ്യനാവുന്നത്. ഇത്ര ചെറിയ സമയത്തിനകം പ്രതികാരമുണ്ടെന്ന് കരുതിയില്ലെന്നും വിവരം കിട്ടിയെങ്കിൽ തടയാനാവുമായിരുന്നു എന്നും വിജയ് സാക്കറെ പറയുമ്പോൾ പൊലീസിന് എന്തോ കുഴപ്പമുണ്ടോയെന്ന് ജനങ്ങൾ സംശയിച്ചുപോവും. പൊലീസ് നേതൃത്വത്തിനും സർക്കാരിനും പൊലീസിൽ പിടി അയയുന്ന പോലെയാണ് ഇപ്പോഴത്തെ കാര്യങ്ങൾ.

ഏതെങ്കിലും ജില്ലയിൽ രാഷ്ട്രീയ കൊലപാതകമുണ്ടായാൽ പൊലീസ് സംസ്ഥാനമാകെ ജാഗ്രത പ്രഖ്യാപിക്കുകയും രാഷ്ട്രീയ നേതാക്കൾക്കെല്ലാം സംരക്ഷണമൊരുക്കുകയും ചെയ്യാറുണ്ട്. സോഫ്‌റ്റ് ടാർജറ്റുകൾ ക്രിമിനൽ കേസുകളിൽ പ്രതികളല്ലാത്തവരും പ്രശ്നക്കാരല്ലാത്തതുമായ നേതാക്കളായിരിക്കുമെന്നത് പൊലീസിംഗിലെ പ്രാഥമിക പാഠമാണ്. അല്ലാത്ത നേതാക്കൾ സ്വയം പ്രതിരോധമൊരുക്കുമെന്നാണ് പൊലീസിന്റെ അനുഭവ പാഠം. അതിനാൽ ക്ലീൻ ഇമേജുള്ള നേതാക്കളെയാവും പൊലീസ് കൂടുതൽ സംരക്ഷിക്കുക. ആലപ്പുഴയിൽ എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ഒ.ബി.സി മോർച്ചയുടെ സെക്രട്ടറി രഞ്ജിത്തിന്റെ ജീവനെടുത്തത്. ആലപ്പുഴ നഗരത്തിലെ പൊലീസ് സ്റ്റേഷനടുത്തുകൂടി ബൈക്കിൽ റാലിയായെത്തിയവരാണ് രഞ്ജിത്തിന്റെ ജീവനെടുത്തത്. പത്തുകിലോമീറ്റർ അപ്പുറം രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ നഗരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നെങ്കിൽ രണ്ടാം കൊല ഒഴിവാക്കാമായിരുന്നു.

തീവ്രവാദം അമർച്ച ചെയ്യാനും തീവ്രവാദ സംഘടനകളിൽ ആകൃഷ്ടരാവുന്നവരെ നേരത്തേ കണ്ടെത്താനും പൊലീസിന് കേന്ദ്ര ഏജൻസികൾ നല്‌കിയ സോഫ്‌റ്റ്‌വെയറുണ്ട്. സമൂഹമാദ്ധ്യമങ്ങളിലെ തീവ്രവാദ ഇടപെടലുകൾ 24മണിക്കൂറും തിരയുകയാണ് ദൗത്യം. ഇതിനു പുറമെ പൊലീസിന് സൈബർ ഡോമും സോഷ്യൽ മീഡിയ വിഭാഗവുമൊക്കെയുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്യുകയാണ് ഇവയുടെയൊക്കെ ദൗത്യം. സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്ത് കുറ്റകൃത്യങ്ങൾ തടയുമെന്ന ഡി.ജി.പി അനിൽകാന്തിന്റെ പ്രഖ്യാപനം നടപ്പായെങ്കിൽ, ആലപ്പുഴയിലെ ആദ്യകൊലപാതകത്തിനു ശേഷം സമൂഹമാദ്ധ്യമങ്ങളിലെ കൊലവിളി കണ്ടെത്തി ജാഗ്രത കൂട്ടാനും മുൻകരുതലെടുക്കാനുമാവുമായിരുന്നു. എന്നാൽ പേരിനൊരു സൈബർ നിരീക്ഷണല്ലാതെ, കുറ്റകൃത്യങ്ങൾ കണ്ടെത്താനും അവ ഫലപ്രദമായി തടയാനും പൊലീസ് മിനക്കെടാറില്ല.

അറുതിയില്ലാത്ത

രാഷ്ട്രീയകൊലകൾ

പരിഷ്‌കൃത ജനതയെന്ന് പെരുമയുള്ള നമ്മൾ, രാഷ്ട്രീയം കാരണമുള്ള രക്തച്ചൊരിച്ചിലുകളുടെ പേരിൽ ലോകത്തിനു മുന്നിൽ നാണംകെട്ട് തലകുനിക്കുന്നു. ബി.ബി.സിയടക്കമുള്ള ലോകമാദ്ധ്യമങ്ങൾ കേരളത്തിലെ രാഷ്ട്രീയകൊലപാതക പരമ്പരകൾ വലിയ വാർത്തയാക്കുന്നു. എല്ലാ രാഷ്ട്രീയപാർട്ടികളും തള്ളിപ്പറയുകയും അപലപിക്കുകയും കൊലയാളികളെ പുറത്താക്കുകയും ചെയ്തിട്ടും രാഷ്ട്രീയത്തിന്റെ പേരിലുള്ള അരുംകൊലകൾക്ക് അറുതിയില്ല. ഓണമെന്നോ പെരുന്നാളെന്നോ ക്രിസ്‌മസെന്നോ വ്യത്യാസമില്ലാതെ രാഷ്ട്രീയവൈരികൾക്കു നേരെ കൊലക്കത്തി ഉയരുന്നു. പ്രതിസ്ഥാനത്ത് എല്ലാ രാഷ്ട്രീയ കക്ഷികളുമുണ്ട്. കൊലകൾ തുടരുന്നു, ഇരകൾ മാത്രം മാറുന്നു. രാഷ്ട്രീയവൈരത്തിന്റെ പേരിലുള്ള അരുംകൊലകൾക്ക് പ്രേരണയാവുന്നത് രാഷ്ട്രീയസംരക്ഷണമാണ്. രാഷ്ട്രീയ കൊലപാതകമാണെങ്കിൽ സംരക്ഷണമുണ്ടാവുമെന്നും പേടിക്കാനൊന്നുമില്ലെന്നുമാണ് പരക്കെയുള്ള ധാരണ. പ്രതികളെ ഏതുവിധേനയും രാഷ്ട്രീയ നേതൃത്വങ്ങൾ രക്ഷിച്ചെടുക്കും. ജയിലിലും വി.ഐ.പി പരിഗണനയായിരിക്കും. കുടുംബത്തിനും സംരക്ഷണമുണ്ടാവും. നിയമത്തിന്റെ പഴുതിലൂടെ രക്ഷിച്ചെടുക്കുന്നവരെ ജോലിയും സൗകര്യങ്ങളും നൽകി പുനരധിവസിപ്പിക്കുന്നുമുണ്ട്. രക്ഷപെട്ട യഥാർത്ഥ പ്രതികളെ എതിർപാർട്ടിക്കാർ കൊലപ്പെടുത്തിയ സംഭവങ്ങളും നിരവധി. മുൻപ് പാർട്ടികൾ ഡമ്മിപ്രതികളെ ഇറക്കുമായിരുന്നു.

ചോര മണക്കുന്ന കണ്ണൂർ

കണ്ണൂരാണ് രാഷ്ട്രീയകൊലകളുടെ തലസ്ഥാനം. അരനൂറ്റാണ്ടിനിടെ 225 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. കണ്ണൂർ പൊലീസിന്റെ വിവരാവകാശ രേഖപ്രകാരം 1984 മുതൽ 2018മേയ് വരെ 125 രാഷ്ട്രീയകൊലകൾ. അഞ്ചുവർഷത്തിനിടെ 14 ജീവനുകളാണ് പൊലിഞ്ഞത്. കൊല്ലപ്പെട്ടതിലേറെയും യുവാക്കൾ. രണ്ട് ഇരട്ടക്കൊലകളുമുണ്ടായി. പെരിയ ഇരട്ടക്കൊലയ്ക്ക് പുറമെ മലബാറിലെ രാഷ്ട്രീയ ബന്ധമുള്ള ഏഴ് കൊലക്കേസുകൾ സി.ബി.ഐ അന്വേഷണത്തിലാണ്. എട്ട് രാഷ്ട്രീയകൊലപാതകങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് ആവശ്യമുയരുന്നുമുണ്ട്. സി.ബി.ഐയെ ഒഴിവാക്കാൻ സുപ്രീംകോടതിയിൽ വരെ സർക്കാർ നിയമപോരാട്ടം നടത്തിയിട്ടുണ്ട്. നിയമസഭാ രേഖകൾ പ്രകാരം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 28 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. ഇതിൽ 15 ഉം സി.പി.എമ്മോ ഇടതുപ്രവർത്തകരോ ആണ്.

അഞ്ച് വർഷം

37 രാഷ്ട്രീയ കൊല

2016 മുതൽ 2021വരെയുള്ള അഞ്ചുവർഷക്കാലം 37രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെന്നാണ് കണക്ക്. 2016ൽ 15, 2017ൽ അഞ്ച് , 2018ൽ നാല് , 2019ൽ നാല് , 2020ൽ നാല് , 2021ൽ അഞ്ച് ഇങ്ങനെയാണ് കണക്ക്. ആലപ്പുഴയിലെ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകത്തിന് പുറമെ ചേർത്തലയിൽ ആർ.എസ്.എസുകാരനും കണ്ണൂരിൽ മുസ്ലിം ലീഗുകാരനും പാലക്കാട് ബിജെപി പ്രവർത്തകനും ഇക്കൊല്ലം കൊലചെയ്യപ്പെട്ടു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്‌.ഐ പ്രവർത്തകരും കണ്ണൂരിൽ എസ്.ഡി.പി.ഐക്കാരനും, കാസർകോട് സി.പി.എമ്മുകാരനുമാണ് 2020ൽ കൊല്ലപ്പെട്ടത്. തൃശൂരിൽ കോൺഗ്രസ് പ്രവർത്തകനും മലപ്പുറത്ത് ലീഗ് പ്രവർത്തകനും കാസർകോട് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ് 2019ൽ കൊല്ലപ്പെട്ടത്. മഹാരാജാസ് കോളേജിലെ എസ്.എഫ്‌.ഐ പ്രവർത്തകൻ അഭിമന്യു ന്യൂ മാഹിയിൽ ബി.ജെ.പി പ്രവർത്തകൻ, മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ, പേരാവൂരിൽ ബിജെപി പ്രവർത്തകൻ എന്നിവരാണ് 2018 ൽ കൊല്ലപ്പെട്ടത്. തിരുവനന്തപുരം ശ്രീകാര്യത്ത് ബി.ജെ.പി പ്രവർത്തകൻ, കൊല്ലം കടയ്ക്കലിൽ ബി.ജെ.പി പ്രവർത്തകൻ, ഗുരുവായൂരിൽ ബി.ജെ.പി പ്രവർത്തകൻ, കണ്ണൂർ ധർമടത്ത് ബി.ജെ.പി പ്രവർത്തകൻ, പയ്യന്നൂരിൽ ബി.ജെ.പി പ്രവർത്തകൻ എന്നിവരാണ് 2017ൽ കൊലചെയ്യപ്പെട്ടത്. കണ്ണൂരിൽ ബി.ജെ.പി പ്രവർത്തകനും ആലപ്പുഴയിൽ കോൺഗ്രസ് പ്രവർത്തകനും, കണ്ണൂരിൽ സി.പി.എം പ്രവർത്തകനും, തൃശൂരിൽ ബി.ജെ.പി പ്രവർത്തകനും സി.പി.എം പ്രവർത്തകനും 2016ൽ കൊല്ലപ്പെട്ടു. പയ്യന്നൂരിൽ ഡി.വൈ.എഫ്‌.ഐ പ്രവർത്തകൻ, കണ്ണൂരിൽ ബി.ജെ.പി പ്രവർത്തകൻ, കോഴിക്കോട് റൂറലിൽ രണ്ട് ലീഗ് പ്രവർത്തകർ, കോട്ടയത്ത് മുൻ സി.പി.എം പ്രവർത്തകൻ, കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ, കണ്ണൂരിൽ സി.പി.എം പ്രവർത്തകൻ, കണ്ണൂരിൽ ബി.ജെ.പി പ്രവർത്തകൻ, പാലക്കാട് ബി.ജെ.പി പ്രവർത്തകൻ, മലപ്പുറത്ത് സി.പി.എം പ്രവർത്തകൻ എന്നിവരും 2016ൽ കൊല്ലപ്പെട്ടു.

കൊലപാതകങ്ങൾ

കേരളത്തിൽ


2014-367
2015-334
2016-305
2017-305
2018-292
2019-323
2020-306

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA POLICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.