SignIn
Kerala Kaumudi Online
Friday, 19 April 2024 7.25 PM IST

ഡോക്ടർമാരെ ഇനിയും തെരുവിൽ നിറുത്തരുത്

doctors-strike

ശമ്പളപരിഷ്‌കരണത്തിലെ അപാകതകളെച്ചൊല്ലി ആരോഗ്യവകുപ്പിലെ ഡോക്ടർമാർ ദീർഘനാളായി സമരപാതയിലാണ്. സമാധാനകാംക്ഷികളായതിനാൽ സഹന സമരത്തിന്റെ പാതയാണ് അവർ സ്വീകരിച്ചിട്ടുള്ളത്. ഇന്നത്തെ കാലത്ത് അധികാരസ്ഥാനങ്ങളെ ഉണർത്താൻ ഇത്തരം സമരമുറകൾകൊണ്ടു സാദ്ധ്യമല്ലെന്ന് അറിയാഞ്ഞിട്ടല്ല. എന്നാൽ രോഗികളെ കഷ്ടത്തിലാക്കുന്ന രണ്ടുംകെട്ട സമരത്തിലേക്കു നീങ്ങാൻ ഭാഗ്യവശാൽ അവർ തയ്യാറല്ല. അതുകൊണ്ടാണ് സെക്രട്ടേറിയറ്റ് നടയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഡോക്ടർമാർ നില്പുസമരം നടത്തുന്നത്. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിൻ തുമ്പത്താണ് ഡോക്ടർമാർ പകലന്തിയോളം ഇങ്ങനെ ഒരേ നില്പ് നിൽക്കുന്നത്. എന്നാൽ അവരുടെ പ്രതിനിധികളെ സെക്രട്ടേറിയറ്റിലേക്കു വിളിച്ചുവരുത്തി പ്രശ്നം ചർച്ചചെയ്ത് ഒത്തുതീർപ്പുണ്ടാക്കാൻ ഇതുവരെ ആരോഗ്യവകുപ്പുമന്ത്രിക്കോ സർക്കാരിനോ കഴിയാത്തത് നിർഭാഗ്യകരമാണ്. ഡോക്ടർമാരല്ലേ നിന്നുനിന്നു കാൽ കുഴയുമ്പോൾ താനേ മടങ്ങിക്കൊള്ളും എന്നാവുമോ മന്ത്രിയുടെ ഉള്ളിലിരുപ്പെന്ന് നിശ്ചയമില്ല. പൊതുജനാരോഗ്യത്തിന്റെ കാവൽഭടന്മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന സർക്കാർ ഡോക്ടർമാരുടെ വിലയേറിയ സമയവും ഉൗർജ്ജവും ഇതുപോലെ തെരുവിൽ പാഴാക്കേണ്ടതല്ലെന്ന് എന്നാണ് സർക്കാർ മനസിലാക്കുന്നത്.

ഏതു സംഘടിത വിഭാഗത്തിനും സേവന - വേതന വിഷയത്തിൽ പരാതികളുണ്ടാവുക സ്വാഭാവികമാണ്. അതു പരിഹരിക്കാൻ വൈകുമ്പോൾ സമരമല്ലാതെ വേറെ വഴിയില്ല. ഡോക്ടർമാരും അതേ മാർഗമാണ് സ്വീകരിച്ചത്. ശമ്പള പരിഷ്കാരം നടന്നപ്പോൾ തങ്ങളുടെ അടിസ്ഥാന ശമ്പളവും അലവൻസുകളും ഫലത്തിൽ കുറയുകയാണുണ്ടായതെന്ന ഡോക്ടർമാരുടെ ആക്ഷേപം പരിശോധിക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ശമ്പളപരിഷ്കരണത്തിൽ ഡോക്ടർമാർക്ക് തിരിച്ചടിയാണ് സംഭവിച്ചിട്ടുള്ളതെങ്കിൽ അതു തിരുത്തണം. ഡോക്ടർമാരുടെ പ്രതിനിധികളെ വിളിച്ച് സൗഹൃദാന്തരീക്ഷത്തിൽ ചർച്ച നടത്തി തീർക്കാവുന്നതേയുള്ളൂ. എന്നാൽ സമരത്തിനിറങ്ങിയതിന്റെ പേരിൽ അവരോടു മുഖം തിരിഞ്ഞാണ് സർക്കാർ നിൽക്കുന്നത്. ഇതു ശരിയായ സമീപനമല്ല. നില്പുസമരം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാൻ നടപടി ഉണ്ടാകാത്തതിൽ ഡോക്ടർമാർ അതൃപ്തരാണ്. ആശുപത്രികളിൽ രോഗികൾക്കു ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിലാണ് അവർ സമരം നടത്തുന്നത്. ഈ മട്ടിലുള്ള സഹന സമരം കൊണ്ട് സർക്കാർ കണ്ണുതുറക്കുകയില്ലെന്നു ബോദ്ധ്യമായതുകൊണ്ടാകാം പ്രക്ഷോഭം തീവ്രമാക്കാൻ അവർ ഒരുങ്ങുകയാണ്. കൂട്ട അവധി ഉൾപ്പെടെയുള്ള സമരമുറകൾ പ്രഖ്യാപിച്ചുകഴിഞ്ഞു.

ശമ്പളപരിഷ്കരണത്തിലെ അപാകതകൾ സംബന്ധിച്ച് ഡോക്ടർമാരുടെ സംഘടന ഉന്നയിച്ച പരാതികൾ ധനവകുപ്പിന്റെ പരിഗണനയിലാണത്രേ. തീരുമാനം വൈകില്ലെന്നു ഇടയ്ക്കിടെ പറയുന്നുമുണ്ട്. എന്നാൽ തീരുമാനം അനിശ്ചിതമായി നീണ്ടുപോകുന്നതാണ് ഡോക്ടർമാരെ സമരത്തിനിറങ്ങാൻ പ്രേരിപ്പിച്ചതെന്നതാണ് യാഥാർത്ഥ്യം.

ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കും വിധം ഡോക്ടർമാർ പ്രത്യക്ഷ സമരത്തിലേക്കു നീങ്ങുന്ന അവസ്ഥയുണ്ടായാൽ അതു സൃഷ്ടിക്കാവുന്ന അപകടത്തെക്കുറിച്ച് സർക്കാർ മുൻകൂട്ടി അറിഞ്ഞിരിക്കണം. ഉദാസീന സമീപനം വെടിഞ്ഞ് പ്രശ്നം ഒത്തുതീർപ്പിലെത്തിക്കാൻ ആരോഗ്യവകുപ്പ് രംഗത്തിറങ്ങണം. ജനുവരി 18ന് കൂട്ട അവധി എടുക്കുമെന്ന് കാണിച്ചാണ് സംഘടന നോട്ടീസ് നൽകിയിരിക്കുന്നത്. ഡോക്ടർമാർ ഒരു ദിവസമല്ല ഒരു മണിക്കൂർ പണിമുടക്കിയാൽത്തന്നെ കെടുതി എത്രയാണെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആശ്രയമാണ് സർക്കാർ ആശുപത്രികൾ എന്ന വസ്തുത മറക്കരുത്. ഡോക്ടർമാരെ തെരുവിലിറക്കാതെ തന്നെ അവരുടെ പ്രശ്നത്തിന് പരിഹാരം കാണേണ്ടതായിരുന്നു. അവരുടെ ആവശ്യങ്ങളിൽ ന്യായമായവ അംഗീകരിക്കുന്നതുകൊണ്ട് സംസ്ഥാനം അറബിക്കടലിൽ താഴ്‌ന്നുപോകില്ല. ഡോക്ടർമാരുടെ സേവനത്തെ അംഗീകരിക്കാനുള്ള ഹൃദയവിശാലത സർക്കാർ കാണിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOCTORS STRIKE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.