SignIn
Kerala Kaumudi Online
Friday, 29 March 2024 4.32 AM IST

ട്രാൻസ്‌പോർട്ടിലെ മാറ്റങ്ങൾ

ksrtc-season-ticket

കെ.എസ്.ആർ.ടി.സി മാറുന്നു എന്ന സൂചന നല്‌കുന്ന നിരവധി പരിഷ്‌കാരങ്ങൾ അടുത്തകാലത്തായി നടപ്പിലാക്കിവരുന്നത് തികച്ചും സ്വാഗതാർഹമാണ്. സംസ്ഥാനത്തെ റോഡ് ഗതാഗതം അടിമുടി പരിഷ്‌കരിച്ച് യാത്രാസൗഹൃദമാക്കാനുള്ള ഗതാഗതവകുപ്പിന്റെ പദ്ധതി പ്രകാരം ട്രാൻസ്‌പോർട്ട് ബസിൽ സീസൺ ടിക്കറ്റ് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. ഇതുപ്രകാരം സൂപ്പർ ക്ളാസ് ബസുകളിൽ ഉൾപ്പെടെ സീസൺ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. രണ്ടും മൂന്നും ജില്ലകൾ കടന്ന് സ്ഥിരമായി തിരുവനന്തപുരത്തേക്കും മറ്റും പ്രവൃത്തി ദിവസങ്ങളിൽ യാത്രചെയ്യുന്ന നിരവധി സർക്കാർ ഉദ്യോഗസ്ഥരുണ്ട്. ഇവർക്ക് സീസൺ ടിക്കറ്റ് വളരെ ഗുണമാകും. 20 ശതമാനം ടിക്കറ്റ് നിരക്ക് കുറയുന്നത് ഇതുപോലുള്ള യാത്രക്കാർക്ക് പ്രയോജനകരമാകും. അവധി ദിവസങ്ങളിലൊഴികെ ട്രാൻസ്‌പോർട്ട് ബസുകളെ ആശ്രയിക്കുന്നവരിൽ 60 ശതമാനവും സ്ഥിരം യാത്രക്കാരാണെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്ക്. സ്ഥിരം യാത്രക്കാർക്കെല്ലാം സീസൺ ടിക്കറ്റ് സൗകര്യം നല്‌കാവുന്നതാണ്. ഇതിന് പുറമെ മൊബൈൽ ആപ്പുകൾ വഴി പണം സ്വീകരിക്കുന്ന രീതിയും ഏർപ്പെടുത്തേണ്ടതാണ്. മാറിയ കാലത്ത് ചായക്കടക്കാർ വരെ ഡിജിറ്റൽ പണം സ്വീകരിക്കാൻ സൗകര്യം ഏർപ്പെടുത്തുമ്പോൾ കെ.എസ്.ആർ.ടി.സിയും മാറി നില്‌ക്കേണ്ടതില്ല. കെ.എസ്.ആർ.ടി.സി തുടങ്ങിയ കാലമല്ലിത്. യാത്രയ്ക്ക് മാത്രമായി ഉദ്ദേശിച്ചാണ് ബസ് സർവീസ് തുടങ്ങിയത്. ഗ്രാമപ്രദേശങ്ങളിലുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പട്ടണങ്ങളിലുള്ള കോളേജുകളിലും മറ്റും പോയി പഠനം നടത്താൻ കെ.എസ്.ആർ.ടി.സി നൽകിയ സേവനം മറക്കാൻ ആർക്കും കഴിയില്ല. പ്രത്യേകിച്ചും ഇന്നത്തെപ്പോലെ ഇരുചക്ര വാഹനങ്ങളും മറ്റും കുറവായിരുന്ന കാലത്ത്. ടൂറിസ്റ്റ് സ്ഥലങ്ങളിൽ സ്റ്റേ ചെയ്യാൻ ബസ് നൽകുന്ന രീതിയും ചെറിയ തോതിൽ തുടങ്ങിയതും വലിയ ഒരു മാറ്റമാണ്.

ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസുകൾ അവധിദിവസങ്ങളിൽ വരുമാനം കൂട്ടാൻ ഉപകരിക്കും. പുതിയ പദ്ധതികൾ തുടങ്ങിയ ഉടനെ ലാഭം പ്രതീക്ഷിച്ചാൽ ശരിയാവില്ല. ഏത് നവീന ആശയവും നടപ്പിലാക്കുമ്പോൾ വിജയകരമായി മാറാൻ കുറച്ച് സമയം വേണ്ടിവരും. അതിനാൽ ലാഭനഷ്ടങ്ങൾ മാത്രം നോക്കി തുടങ്ങുന്ന നല്ല പദ്ധതികൾ അവസാനിപ്പിക്കരുത്. സിറ്റി സർക്കുലർ ബസ് സർവീസ് തിരുവനന്തപുരത്ത് തുടങ്ങിയത് ബസ് ഇല്ലാത്ത പോയിന്റുകളിലേക്ക് സഞ്ചരിക്കാൻ വളരെ സഹായകരമാണ്. തുടക്കത്തിൽ തന്നെ ഇത് ലാഭകരമായി മാറണമെന്നില്ല. ആളുകൾ ഇത്തരം സർവീസുകൾ സ്ഥിരമായി ഉപയോഗിച്ച് തുടങ്ങാൻ സമയം എടുക്കും. അതിന് മുമ്പ് നിറുത്തിക്കളയരുത്. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെയും എം.ഡി ബിജു പ്രഭാകറിന്റെയും നേതൃത്വത്തിൽ നടക്കുന്ന പുതിയ മാറ്റങ്ങൾ സംസ്ഥാന ഗതാഗത വകുപ്പ് മാറാൻ തുടങ്ങുന്നു എന്ന വ്യക്തമായ സൂചന നല്‌കുന്നതാണ്. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും കെ.എസ്.ആർ.ടി.സിയോടുള്ള സമീപനത്തിൽ ഇത് മാറ്റം വരുത്താതിരിക്കില്ല. ഇതോടൊപ്പം ശമ്പളവും പെൻഷനും മറ്റും കൃത്യമായി നല്‌കാനുള്ള സ്ഥിരം സംവിധാനം കൂടി ഉണ്ടായാൽ നല്ല നാളുകളിലേക്ക് തന്നെ സംസ്ഥാന ഗതാഗതവകുപ്പ് നീങ്ങുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC SEASON TICKET
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.