Kerala Kaumudi Online
Wednesday, 22 May 2019 11.05 AM IST

അജൻഡ ശബരിമല കയറി: കേരളത്തിൽ നാളെ കൊട്ടിക്കലാശം

road

തിരുവനന്തപുരം : ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയ ചർച്ചകൾക്കുശേഷം കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് നീങ്ങുമ്പോൾ അജൻഡ ശബരിമലയിൽ കേന്ദ്രീകരിക്കുന്നു. സംസ്ഥാനത്തെ പരസ്യപ്രചാരണത്തിന് നാളെ കൊട്ടിക്കലാശമാകും. തിരുവനന്തപുരത്ത് എൻ.ഡി.എയുടെ പ്രചാരണയോഗത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശബരിമലയെ പ്രചാരണത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചത്. കേരളത്തിൽ ദൈവത്തിന്റെ പേര് പറഞ്ഞാൽ കേസെടുക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വെടി. വിശ്വാസസംരക്ഷണത്തിന് കോടതി മുതൽ പാർലമെന്റ് വരെ പോരാടുമെന്ന് പറഞ്ഞ മോദി, വിശ്വാസിവികാരം പരമാവധി ഇളക്കിയെടുക്കാനാണ് ശ്രമിച്ചത്.

ഇതിന് രൂക്ഷമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. മതത്തിന്റെ പേരിൽ അക്രമം നടത്തുമ്പോൾ അക്രമികൾക്ക് സംരക്ഷണം നൽകുന്ന രീതി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടെങ്കിലും കേരളത്തിൽ നടപ്പില്ലെന്നുമാണ് പിണറായി പറഞ്ഞത്. ദൈവനാമം ഉച്ചരിച്ചതിന് ഒരു കേസെങ്കിലും എടുത്തതിന്റെ ഉദാഹരണം കാട്ടാമോയെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ശബരിമലയെ സുവർണാവസരമാക്കി വർഗീയത ഇളക്കിവിട്ടുള്ള മുതലെടുപ്പിന് ബി.ജെ.പി ശ്രമിച്ചപ്പോൾ ഇടതുപക്ഷം അതിന് അവസരമൊരുക്കിയെന്നാണ് യു.ഡി.എഫിന്റെ ആരോപണം.

ശബരിമല വോട്ടാക്കാമെന്ന കണക്കുകൂട്ടലിൽ യു.ഡി.എഫും എൻ.ഡി.എയും മത്സരിക്കുമ്പോൾ, വിധി നടപ്പാക്കുന്നതിലേക്ക് നയിച്ച കാര്യങ്ങൾ വിശദീകരിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയുള്ള ബദൽ പ്രചാരണമാണ് ഇടതിന്റേത്. വിധി നടപ്പാക്കുന്നതിന് കർശന സുരക്ഷാനടപടി സ്വീകരിക്കണമെന്ന കേന്ദ്രനിർദ്ദേശം പാലിക്കുകയേ സംസ്ഥാനം ചെയ്‌തുള്ളൂവെന്ന് പല യോഗങ്ങളിലും മുഖ്യമന്ത്രിയും വിശദീകരിച്ചു.

വിശ്വാസസംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് പറയുന്ന പ്രധാനമന്ത്രി മുതലക്കണ്ണീരൊഴുക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. റിവ്യൂ ഹർജിക്ക് മുതിരാതിരുന്നതും നിയമനിർമ്മാണം സാധിക്കുമായിരുന്നിട്ടും ചെയ്യാതിരുന്നതുമെല്ലാം ബി.ജെ.പിയുടെ കള്ളക്കളിയാണെന്നാണ് വാദം. ശബരിമലയിൽ യഥാർത്ഥ വിശ്വാസസംരക്ഷകർ യു.ഡി.എഫാണെന്നാണ് അവരുടെ നിലപാട്.

സെപ്തംബർ 28നുള്ള സുപ്രീംകോടതി വിധിക്ക് ശേഷം യുവതീപ്രവേശനം നടപ്പാക്കാൻ

സർക്കാർ തീരുമാനിച്ചതോടെയാണ് ശബരിമല കർമ്മസമിതിയും ബി.ജെ.പിയും പ്രത്യക്ഷസമരത്തിനിറങ്ങിയത്. തുടർന്നുണ്ടായ നാമജപസമരവും ശബരിമലയിലടക്കം അരങ്ങേറിയ അക്രമസംഭവങ്ങളും വിഷയത്തെ ദേശീയതലത്തിലടക്കം പ്രധാന ചർച്ചാവിഷയമാക്കി. വിശ്വാസ സംരക്ഷണമെന്ന വാദമുയർത്തി നിന്ന കോൺഗ്രസ്, സംഘപരിവാർ പ്രത്യക്ഷസമരത്തിനിറങ്ങിയപ്പോൾ കാഴ്ചക്കാരായി. കൊടി പിടിക്കാതെ സമരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് പിന്നീട് നിലപാട് മയപ്പെടുത്തി. വിധി നടപ്പാക്കുന്നതിനുള്ള സാഹചര്യങ്ങളും പ്രാധാന്യവും പറഞ്ഞുള്ള പ്രചാരണത്തിലാണ് ഇടതുപക്ഷം കേന്ദ്രീകരിച്ചത്. എൻ.എസ്.എസ് ശക്തമായി എതിർത്തപ്പോൾ പിന്നാക്ക, ദളിത് വിഭാഗങ്ങളെ ഉറപ്പിച്ചുനിറുത്താനുള്ള ഇടപെടലാണ് സർക്കാർ സ്വീകരിച്ചത്. തുടർന്ന് നവോത്ഥാനമൂല്യ സംരക്ഷണവും വനിതാമതിലുമൊക്കെ വന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയതോടെ ദേശീയ രാഷ്ട്രീയത്തിൽ അജൻഡ ഊന്നിയായിരുന്നു മുഖ്യപ്രചാരണം. എന്നാൽ ബി.ജെ.പി ശബരിമലയെ ഒളിഞ്ഞും തെളിഞ്ഞും ആയുധമാക്കി. അവസാനമെത്തിയപ്പോൾ അതുതന്നെ മുഖ്യ അജൻഡയുമായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ELECTION 2019
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA