SignIn
Kerala Kaumudi Online
Thursday, 25 April 2024 5.44 AM IST

സേതുമാധവന്റെ പ്രശംസയെക്കുറിച്ച് ജയസൂര്യ വലിയ സന്തോഷം ,അവാർഡും അനുഗ്രഹവുമായി കാണുന്നു

jayasurya

അനശ്വര നടൻ സത്യന്റെ സിംഹാസനത്തിലേക്ക് കടന്നുവരാൻ ഏറ്റവും യോഗ്യനായ നടൻ ജയസൂര്യയാണെന്ന സംവിധായകൻ കെ.എസ്.സേതുമാധവന്റെ പ്രശംസാ വചനങ്ങൾ തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹവും അവാർഡും അംഗീകാരവുമായി കാണുന്നുവെന്ന് പ്രശസ്ത നടൻ ജയസൂര്യ കേരളകൗമുദിയോട് പറഞ്ഞു.

" സേതുമാധവൻ സാർ രണ്ട് ദിവസം മുമ്പ് എന്നെ വിളിച്ചിരുന്നു.ഈ പറഞ്ഞതുപോലെ ഒരുപാട് പ്രശംസിച്ച് സംസാരിച്ചു. നമ്മളെ പുകഴ്ത്തിപ്പറയുന്നത് മറ്റുള്ളവരോട് ഞാൻതന്നെ പറയാൻ വിമുഖതയുണ്ട്. മാത്രമല്ല മരണത്തിന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്ന പ്രകൃതവുമില്ല.അതാണ് അതെക്കുറിച്ച് പറയാതിരുന്നത് .സേതുമാധവൻ സാറിനെ കാണാൻ അവസരം ലഭിച്ചിരുന്നില്ല.. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ചെന്നൈയിൽ വരുമ്പോൾ വീട്ടിൽച്ചെന്ന് ഉറപ്പായും കാണുമെന്ന് ഞാൻ വാക്ക് പറഞ്ഞിരുന്നു.പക്ഷേ നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ വിയോഗവിവരമാണ് പിന്നീട് കേട്ടത്.ഇത്രയും സീനിയറായ ഡയറക്ടർ നമ്മളെ വിളിക്കുകയും നല്ല ആക്ടറാണെന്ന് പറയുകയും ഒക്കെ ചെയ്യുന്നത്.എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ലഭിക്കാവുന്ന വലിയ ഒരു അവാർഡാണ്.

മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് കേരളകൗമുദി ഫ്ളാഷ് മൂവീസ് ലേഖകൻ മനോജ് വിജയരാജിനോടാണ് സേതുമാധവൻ ജയസൂര്യയെക്കുറിച്ച് പറഞ്ഞത്.മനോജിൽ നിന്ന് ജയസൂര്യയുടെ ഫോൺ നമ്പർ വാങ്ങുകയും ചെയ്തിരുന്നു.

സത്യന്റെ ബയോപിക്ക് ചെയ്യാൻ ഒരുങ്ങുകയാണ് ജയസൂര്യ.

" അതൊരു വലിയ സിനിമയാണ്.അതിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ്.പക്ഷെ കൊവിഡ് സാഹചര്യത്തിൽ ചിത്രീകരണം എന്നു തുടങ്ങാനാകുമെന്ന് പറയാനാവില്ല.സത്യനുമായി ബന്ധപ്പെടുത്തിയുള്ള സേതുമാധവൻ സാറിന്റെ വാക്കുകളിൽ സന്തോഷമുണ്ട്.ഞാൻ ഒരിക്കൽപ്പോലും അങ്ങനെയൊന്നും ചിന്തിക്കുകയോ ആലോചിക്കുകയോ ചെയ്തിട്ടില്ല. ഓരോരുത്തർക്കും ഓരോ ചെയറുണ്ടെന്നാണ് എന്റെ വിശ്വാസം.

നടനെ ഓർക്കുക

കഥാപാത്രങ്ങളിലൂടെ മാത്രം

മമ്മൂക്കയാകട്ടെ ,ലാലേട്ടനാകട്ടെ നടനെ ഓർക്കുന്നത് കഥാപാത്രങ്ങളിലൂടെ മാത്രമാണ്.ചില കഥാപാത്രങ്ങളിലൂടെയാണ് എന്നെയും പ്രേക്ഷകർ ഓർക്കുന്നത്.ചില സ്ഥലത്ത് പോകുമ്പോൾ ജയസൂര്യ എന്നു വിളിക്കാറില്ല.ഷാജിപ്പാപ്പ എന്നായിരിക്കും കുട്ടികളടക്കം വിളിക്കുന്നത്.ചില സ്ഥലത്ത് ചെല്ലുമ്പോൾ മേരിക്കുട്ടി എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടുന്നവരായിരിക്കും അല്ലെങ്കിൽ സൂ സൂ സുധി വാത്മീകമായിരിക്കും.ആടെന്ന കഥാപാത്രം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് ശ്യാമപ്രസാദ് സാർ പറഞ്ഞിരുന്നു.ആ കഥാപാത്രം ഒരേസമയം മാസുമാണ് മണ്ടനുമാണ്.കുറേപ്പേരെ വെള്ളം ഇൻസ്പയർ ചെയ്തിട്ടുണ്ട്.പുണ്യാളൻ എന്ന സിനിമ കണ്ടിട്ട് തങ്ങൾ ചെയ്യേണ്ട ജോലി ഇതല്ലെന്ന് മനസിലാക്കി ഇഷ്ടപ്പെട്ട ഫീൽഡിലേക്ക് വന്നവരുണ്ട്.ഓരോ വ്യക്തികൾക്കും ഓരോ നിയോഗമായിരിക്കും.എന്റെ നിയോഗം ഇതുപോലെ ചില കഥാപാത്രങ്ങൾ ചെയ്യാനായിരിക്കും.

ദൈവാനുഗ്രഹം

എന്റെയടുത്ത് മാസ് സിനിമചെയ്യാൻ ഒരുപാട് പേർ പറയാറുണ്ട്.മാസ് സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്.പക്ഷേ അതിലും ഒരു കാരക്ടർ വേണം.കാരക്ടറില്ലാതെ അത് നന്നാവില്ല.ജീവിതത്തിൽത്തന്നെ കാരക്ടറുള്ളവരെയല്ലേ നമ്മൾ ഇഷ്ടപ്പെടുക.വ്യക്തിത്വം ഇല്ലാത്തവരെ ഇഷ്ടപ്പെടുകയില്ല.എന്നുപറയുന്നതുപോലെ വ്യക്തിത്വമുള്ള കഥാപാത്രങ്ങളേ എനിക്കു ചെയ്യാൻ കഴിയുകയുള്ളു.ഒരു കാരക്ടർ കിട്ടുമ്പോൾ അതെങ്ങനെയാണ് ചെയ്യുന്നതെന്ന് അറിയില്ല.പ്ളാൻ ചെയ്ത് ചെയ്യാൻ പറ്റുന്ന ഒന്നല്ല അഭിനയം.അതങ്ങനെയാണ്.ആക്ഷനും കട്ടിനുമിടയിൽ ജയസൂര്യ എന്ന നടന് സ്ഥാനമില്ല.ജയസൂര്യ ഒഴിഞ്ഞുകൊടുക്കുകയാണ് വേണ്ടത് ആ കഥാപാത്രം വന്നുനിറയാൻ.ആ നിറയൽ എവിടെനിന്നാണ് വരുന്നതെന്ന് അറിയില്ല. പരിചയസമ്പത്തിനും അവിടെ റോളില്ല. വരുന്ന പുതിയൊരു കഥാപാത്രമായി മുമ്പ് അഭിനയിച്ചിട്ടില്ലാത്തതിനാൽ എക്സ്പീരിയൻസിന് എന്തുറോളാണ്.റോളില്ല.ജയസൂര്യയുടെ എകസ്പീരിയൻസിന് അവിടെ റോളില്ല.ഇത് എന്റെ വീക്ഷണമാണ്. ഓരോ കഥാപാത്രം ചെയ്യുമ്പോഴും പേടിയും ഉത്ക്കണ്ഠയുമൊക്കെ എനിക്കുണ്ട്.എന്താണ് ശരിയെന്ന് അറിയില്ലല്ലോ.എന്താണ് അളവുകോൽ അറിയില്ല.പൂർണ്ണമായും ദൈവാനുഗ്രഹം കൊണ്ട് ചെയ്യുന്ന പ്രക്രിയയാണ് എന്നെ സംബന്ധിച്ചിടത്തോളം അഭിനയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAYASURYA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.