കൊൽക്കത്ത: ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സിക്ക് ലീഗിൽ തകർപ്പൻ തുടക്കം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കരുത്തരായ ചർച്ചിൽ ബ്രദേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം പരാജയപ്പെടുത്തിയത്. കൊൽക്കത്തയിലെ കല്ല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 15ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടിയിലൂടെയാണ് ഗോകുലം വിജയം സ്വന്തമാക്കിയത്.
ചർച്ചിൽ താരങ്ങളിലൊരാൾ ഗോകുലത്തിന്റെ റൊണാൾഡ് സിംഗിനെ ചവിട്ടി വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ക്യാപ്ടൻ ഷരീഫ് മുഹമ്മദ് ആണ് വലയിൽ എത്തിക്കുന്നത്. എമിൽ ബെന്നിയും സൽമാനും ഗോകുലത്തിന്റെ ലീഡ് ഉയർത്താൻ രണ്ട് തവണ ശ്രമിച്ചെങ്കിലും വിജയം കാണാൻ സാധിച്ചില്ല. ഗോൾപോസ്റ്റിന് കീഴിൽ ഗോകുലം ഗോൾകീപ്പർ രക്ഷിത് ദാഗറും മികച്ച ഫോമിൽ ആയിരുന്നു. ഗോൾ എന്നുറപ്പിച്ച ചർച്ചിൽ ബ്രദേഴ്സിന്റെ രണ്ട് ഷോട്ടുകളാണ് രക്ഷിത് തട്ടിയകറ്റിയത്.
68ാം മിനിട്ടിൽ ഗോകുലത്തിന്റെ സൽമാന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ ഷിൽട്ടൺ പോൾ മികച്ച ഒരു സേവിലൂടെ പന്ത് പുറത്തേക്ക് തട്ടിയകറ്റി. വ്യാഴാഴ്ച നെരോക്ക എഫ് സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |