ആലപ്പുഴ: പുതുവത്സരത്തിൽ യാത്രക്കാർക്ക് ഓൺലൈൻ റിസർവേഷന് കെ.എസ്.ആർ.ടി.സി കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. കൂടാതെ 72 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് കാൻസൽ ചെയ്യുന്നതിന് കാൻസലേഷൻ ചാർജ് ഈടാക്കില്ല.
72 മണിക്കൂറിനും, 48 മണിക്കൂറിനും ഇടയിൽ കാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും, 48 മണിക്കൂറിനും, 24 മണിക്കൂറിനും ഇടയിൽ 25%, 24 മണിക്കൂറിനും, 12 മണിക്കൂറിനും ഇടയിൽ 40 %, 12 മണിക്കൂറിനും, 2 മണിക്കൂറിനും ഇടയിൽ കാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 50% വും കാൻസലേഷൻ നിരക്ക് നൽകിയിൽ മതിയാകും.
ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ കാൻസലേഷൻ അനുവദിക്കില്ല. കെ.എസ്.ആർ.ടി.സിയുടെ ഫ്രാഞ്ചൈസി/ കൗണ്ടർ വഴി റിസർവ് ചെയ്യുന്ന ടിക്കറ്റുകൾ യാത്രക്കാർക്ക് യാത്രാ തീയതി ചില നിബന്ധനകൾക്ക് വിധേയമായി മുന്നോട്ടോ, പിന്നോട്ടോ മാറ്റി നൽകും. ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീർഘ ദൂര യാത്രക്കാരന് തന്റെ യാത്ര അപ്പോൾ നിലവിലുള്ള രണ്ട് ബസുകളിലായി ഷെഡ്യൂൾ ചെയ്യാനും സാധിക്കും.
നാലുപേരിൽ കൂടുതൽ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന്റെ റിസർവേഷൻ നിരക്ക് മാത്രമേ ഈടാക്കൂ. കൂടാതെ മടക്ക യാത്ര ടിക്കറ്റ് ഉൾപ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10% ഇളവും അനുവദിക്കും. അന്തർസംസ്ഥാന സർവീസിൽ റിസർവ് ചെയ്ത യാത്രക്കാർക്ക് ബുക്ക് ചെയ്ത ഡെസ്റ്റിനേഷൻ പോയന്റിൽ എത്തിച്ചേരുന്നതിന് കെ.എസ്.ആർ.ടി.സിയുടെ ലഭ്യമായ എല്ലാ സർവീസുകളിലും സൗജന്യ യാത്രയും അനുവദിക്കും. ഇതിന് വേണ്ടി യാത്രാരേഖയും ഐ.ഡി കാർഡും കണ്ടക്ടറെ ബോദ്ധ്യപ്പെടുത്തണം. ബസ് പുറപ്പെടുന്നതിന് രണ്ട് മണിയ്ക്കൂറിനുള്ളിൽ 30 കിലോ മീറ്റർ വരെയാണ് ഈ സൗജന്യം ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |