ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ 272/3
കെ.എൽ രാഹുലിന് സെഞ്ച്വറി(122)
മായാങ്ക് അഗർവാളിന് അർദ്ധസെഞ്ച്വറി(60)
സെഞ്ചൂറിയൻ:ഓപ്പണർ കെ.എൽ രാഹുലിന്റെ അപരാജിത സെഞ്ച്വറിയുടെ (122*)മികവിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ബോക്സിംഗ് ഡേയിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സ്റ്റംപെടുക്കുമ്പോൾ 272/3 എന്ന സ്കോറിലെത്തി. അർദ്ധസെഞ്ച്വറി നേടിയ മായാങ്ക് അഗർവാൾ(60),35 റൺസെടുത്ത നായകൻ വിരാട് കൊഹ്ലി, 40 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്ന അജിങ്ക്യ രഹാനെ എന്നിവരാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. പേസർ ലുംഗി എൻഗിഡിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.
പേസർമാർക്ക് അനുകൂലമായിരുന്ന സെഞ്ചൂറിയനിലെ പിച്ചിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി ഓപ്പണർമാരായ കെ.എൽ.രാഹുലും മായാങ്ക് അഗർവാളും കാട്ടിയ ക്ഷമയാണ് ഇന്നലെ ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറയായത്. അപകടകരമായ പന്തുകൾ പ്രതിരോധിച്ചും ഒഴിവാക്കിയും ക്ഷമയോടെ ഇന്നിംഗ്സ് കെട്ടിപ്പെടുത്ത ഇന്ത്യൻ ഓപ്പണർമാർ ലഞ്ച് സമയം വരെ 83 റൺസാണ് കൂട്ടിച്ചേർത്തത്. ലഞ്ചിന് ശേഷം ആദ്യം മായാങ്ക് അർദ്ധസെഞ്ച്വറി തികച്ചു.
41-ാം ഓവറിലെ അടുത്തടുത്ത രണ്ട് പന്തുകളിലായാണ് ലുംഗി എൻഗിഡി മായാങ്കിനെയും ചേതേശ്വർ പുജാരയെയും പുറത്താക്കിയത്.123 പന്തുകളിൽ ഒൻപത് ബൗണ്ടറികൾ പായിച്ച മായാങ്കിനെ എൻഗിഡി എൽ.ബിയിൽ കുരുക്കിയപ്പോൾ പീറ്റേഴ്സണിന് ക്യാച്ച് നൽകിയാണ് ചേതേശ്വർ പുജാര ഗോൾഡൻ ഡക്കായത്. ഇതോടെ ഇന്ത്യ 117/2 എന്ന നിലയിലായി. തുടർന്നിറങ്ങിയ നായകൻ വിരാട് കൊഹ്ലിക്കൊപ്പം രാഹുൽ അർദ്ധസെഞ്ച്വറി തികച്ച് പോരാട്ടം തുടർന്നു. 157/2 എന്ന സ്കോറിലാണ ചായയ്ക്ക് പിരിഞ്ഞത്. ടീം സ്കോർ 199ലെത്തിയപ്പോഴാണ് വിരാട് മടങ്ങിയത്. 94 പന്തുകൾ നേരിട്ട് നാലുഫോറുകൾ പായിച്ച ഇന്ത്യൻ നായകനും മടക്ക ടിക്കറ്റ് നൽകിയത് എൻഗിഡിയാണ്.മുൾഡർക്കായിരുന്നു ക്യാച്ച്. തുടർന്ന് രഹാനെയെ കൂട്ടുനിറുത്തി രാഹുൽ സെഞ്ച്വറിയിലേക്ക് കുതിച്ചു.നേരിട്ട 228-ാമത്തെ പന്തിലാണ് രാഹുൽ തന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറി തികച്ചത്. കളിനിറുത്തുമ്പോൾ 248 പന്തുകളിൽ 17 ബൗണ്ടറികളും ഒരു സിക്സും രാഹുൽ പറത്തിയിട്ടുണ്ട്.
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സെഞ്ച്വറിയുമായി അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യരെയുംആൾറൗണ്ടർ ഹനുമ വിഹാരിയെയും പുറത്തിരുത്തിയാണ് ഇന്നലെ ഇന്ത്യ കളിക്കാനിറങ്ങിയത്.
117 റൺസാണ് ഓപ്പണിംഗിൽ രാഹുലും മായാങ്കും കൂട്ടിച്ചേർത്തത്.ദക്ഷിണാഫ്രിക്കൻ മണ്ണിൽ സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ഓപ്പണിംഗ് സഖ്യമാണ് രാഹുലും മായാങ്കും.
7
തന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണ് രാഹുൽ ഇന്നലെ തികച്ചത്.
6
വിദേശമണ്ണിലെ രാഹുലിന്റെ ആറാം സെഞ്ച്വറിയാണിത്. ഇംഗ്ളണ്ട്,ആസ്ട്രേലിയ,വെസ്റ്റ് ഇൻഡീസ്,ശ്രീലങ്ക,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കെതിരെ അവരുടെ മണ്ണിൽ സെഞ്ച്വറി നേടിയ താരമാണ് രാഹുൽ.
5
ഏഷ്യയ്ക്ക് പുറത്ത് ഓപ്പണറായി രാഹുൽ നേടിയ സെഞ്ച്വറികളുടെ എണ്ണം.15 സെഞ്ച്വറികളുമായി സുനിൽ ഗാവസ്കർ മാത്രമാണ് ഇക്കാര്യത്തിൽ രാഹുലിന് മുന്നിൽ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |