തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പ്രവർത്തന ഫണ്ട് ശേഖരിക്കാനൊരുങ്ങി കെ.പി.സി.സി നേതൃത്വം. ഓരോ അംഗവും കുറഞ്ഞത് 137 രൂപ കെ.പി.സി.സി നൽകുന്ന ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം. ഇതിലൂടെ പത്ത് മുതൽ 20 കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം.
താഴേത്തട്ടിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ച് സംഘടനാശാക്തീകരണനടപടികൾക്ക് തുടക്കം കുറിച്ചതിന് പിന്നാലെയാണ് വരുംകാല തിരഞ്ഞെടുപ്പുകളിലേക്കടക്കം പ്രവർത്തന ഫണ്ട് ശേഖരിക്കുന്നത്.
സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നിർവഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും സംബന്ധിക്കും. 137 രൂപ ചലഞ്ചിന്റെ വിശദാംശങ്ങൾ കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിക്കും. അക്കൗണ്ട് നമ്പരിന്റെ വിശദാംശവും ഇന്നാണ് ഔദ്യോഗികമായി പുറത്തുവിടുക.
137 രൂപ ചലഞ്ചിലെ തുക നേരിട്ട് കെ.പി.സി.സിയുടെ അക്കൗണ്ടിലെത്തും. നേരത്തേ മണ്ഡലം, ബ്ലോക്ക്, ഡി.സി.സി, കെ.പി.സി.സി എന്നിങ്ങനെ വീതം വച്ചായിരുന്നു ഫണ്ട് സമാഹരണം. പുതിയ ചലഞ്ചിലൂടെ സമാഹരിക്കുന്ന തുകയിൽ നിശ്ചിത വിഹിതം ജില്ലാ കോൺഗ്രസ് കമ്മിറ്റികൾക്ക് താഴെത്തട്ടിലടക്കം പ്രവർത്തനച്ചെലവിനായി വിനിയോഗിക്കാവുന്ന വിധത്തിൽ കൈമാറും.
ഒരു കോടി
അംഗങ്ങൾ
അംഗത്വ കാമ്പെയ്ൻ അവസാനം നടന്ന 2017ലെ കണക്കനുസരിച്ച് എൺപത് ലക്ഷത്തിന് മുകളിലാണ് സംസ്ഥാനത്തെ കോൺഗ്രസ് പ്രാഥമികാംഗങ്ങളുടെ എണ്ണം. ഇതിപ്പോൾ ഒരു കോടിയെങ്കിലും വരും
ഒരാൾക്ക് 137 രൂപ എന്നത് മിനിമം തുകയാണ്. 137 രൂപ ഉൾക്കൊള്ളുന്ന എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. 1137 രൂപയോ 10,137 രൂപയോ നിക്ഷേപിക്കാമെന്ന് കെ.പി.സി.സി നേതൃത്വം വ്യക്തമാക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |