SignIn
Kerala Kaumudi Online
Thursday, 25 April 2024 4.23 PM IST

എതിർപ്പിൽ മാറ്റേണ്ടതല്ല വികസന പദ്ധതികൾ

kk

വികസന പദ്ധതികളാണ് ഒരു നാടിനെ മുന്നോട്ട് നയിക്കുന്നത്.ഇത് ജനങ്ങൾക്ക് മൊത്തത്തിൽ

പല രീതിയിൽ പ്രയോജനപ്പെടുന്നതാണ്. വികസന പ്രവർത്തനങ്ങൾക്ക് ജാതിയും മതവും ഇല്ലാത്തിനാൽ അത് ഏവ‌ർക്കും ഒരുപോലെ ഗുണകരമാണ്.നിർഭാഗ്യവശാൽ കേരളത്തിൽ ഏതു വികസനപ്രവർത്തനത്തെയും

രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്ന ദുഷ്പ്രവണത നിലനിൽക്കുന്നു. വസ്തുനിഷ്ഠമായി വിലയിരുത്താതെ വികസനപ്രവർത്തനങ്ങളെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കാണുന്നത് ദോഷം ചെയ്യുന്നത് വരും തലമുറയ്ക്കാണ്.

വികസന പ്രവർത്തനങ്ങളെ തടയുന്നത് വരും തലമുറയോട് ചെയ്യുന്ന ദ്രോഹമാണെന്നും അവരുടെ ശാപം ഏറ്റുവാങ്ങാൻ ഇത് ഇടയാക്കുമെന്നും അതിനാൽ എതിർപ്പുകൾ ഭയന്ന് വികസന പദ്ധതികൾ മുടക്കുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കിയത് നാടിന്റെ വികസനം കാംക്ഷിക്കുന്ന എല്ലാവർക്കും സ്വാഗതാർഹമാകാതെ

തരമില്ല. കെ - റെയിൽ പദ്ധതിയെ പ്രതിപക്ഷകക്ഷികൾ ശക്തിയുക്തം എതിർക്കുകയാണ്. ഇവിടെ നമ്മൾ കാണേണ്ട വസ്തുത ഇൗ പദ്ധതിയെ എതിർക്കുന്നത് നാട്ടുകാർ ഒന്നടങ്കമല്ല എന്നതാണ്.സംസ്ഥാനത്തെ പിറകോട്ടടിക്കുന്ന ഒരു പദ്ധതി ആയിരുന്നു

അതെങ്കിൽ നാട്ടുകാർ രാഷ്ട്രീയഭേദമില്ലാതെ അതിനെതിരെ അണിനിരക്കുമായിയിരുന്നു.കർഷക സമരം വിജയിച്ചതു തന്നെ

അതിൽ രാഷ്ട്രീയം കലരാൻ സമരക്കാർ അനുവദിക്കാതിരുന്നതുകൊണ്ടാണ്. ഇവിടെ എൽ ഡി എഫ് ഭരിക്കുമ്പോൾ അവർ കൊണ്ടുവരുന്ന പദ്ധതി വിജയിച്ചാൽ അതിന്റെ രാഷ്ട്രീയ നേട്ടം അവർ കൊയ്തെടുക്കുമെന്ന ഭയമാണ് പദ്ധതിയെ എതിർക്കാനിടയാക്കുന്നതെന്ന് നിഷ്പക്ഷമായി വിലയിരുത്തിയാൽ മനസ്സിലാക്കാനാവും.ഭാവിയിലെ ആശങ്കകൾ പറഞ്ഞാണ് പ്രതിപക്ഷം എതിർപ്പുയർത്തുന്നത്. സംസ്ഥാനത്തിന്റെ കടം ഭാവിയിൽ കൂടുമെന്ന് ഇപ്പോൾ പറയുന്നവർ മുൻ കാലങ്ങളിൽ കടം കുറയ്ക്കാൻ എന്താണ് ചെയ്തിട്ടുള്ളത് എന്ന് ചിന്തിക്കാൻ കൂടി ഇതൊരവസരമാണ്. അങ്ങനെ നോക്കുമ്പോൾ അവർ മുന്നോട്ട് വയ്ക്കുന്ന ന്യായങ്ങളിൽ എത്രമാത്രം ആത്മാർത്ഥതയുണ്ടെന്നതിൽ സംശയം തോന്നാം. ഇൗ പശ്ചാത്തലത്തിലാവണം എതിർപ്പുകളുണ്ടെന്നു കരുതി വികസന പദ്ധതികൾ സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. കെ-റെയിൽ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ഇപ്പോൾ

വേണ്ടെന്നാണ് പ്രതിപക്ഷം പറയുന്നതെന്നും ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണെന്നതാണ് ചോദ്യമെന്നും മുഖ്യമന്ത്രി പറഞ്ഞത് വളരെ പ്രസക്തമാണ്.മാറ്റി വയ്ക്കപ്പെടുന്ന പദ്ധതികളാണ് നാടിന് ഏറ്റവും വലിയ ബാദ്ധ്യതകൾ വലിച്ച് വയ്ക്കുന്നത്. മാറ്റി വച്ചതിനുശേഷം പിന്നീട് പദ്ധതി നടപ്പാക്കുമ്പോൾ നേരത്തെ നിശ്ചയിച്ചതിന്റെ നാലും അഞ്ചും ഇരട്ടി ചെലവ് വേണ്ടിവരും. പലപ്പോഴും പദ്ധതികൾക്ക് കല്ലിടുന്നതിൽ കാണിക്കുന്ന ഉത്സാഹം പദ്ധതി പൂർത്തിയാക്കാൻ ഭരണാധികാരികൾ കാണിക്കാറില്ല. ഇത് ചെറുതും വലുതുമായ എല്ലാ പദ്ധതികളുടെ കാര്യത്തിലും നടക്കാറുള്ളതാണ്. ഇതാണ് യഥാർത്ഥത്തിൽ നമ്മുടെ കടം കൂടിവരാൻ ഇടയാക്കുന്നത്.ഇതാണ് മാറേണ്ടത്. അതിന് പകരം വികസന പദ്ധതികൾ ഉപേക്ഷിക്കുകയല്ല വേണ്ടത്.

കേരളത്തിന്റെ ഭാവി മുന്നിൽ കണ്ടാണ് അ‌ർദ്ധ അതിവേഗ റെയിൽ പാത വിഭാവനം ചെയ്തിട്ടുള്ളതെന്നത് ആർക്കും മനസ്സിലാവുന്ന കാര്യമാണ്. അതിനെ വെറുംവാദങ്ങളുയർത്തി തടയുന്നത് കേരളത്തിന്റെ വികസനത്തെ പിറകോട്ടടിക്കുന്നതിന് തുല്യമാണ്. കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത ഉടനെ പൂർത്തിയാകും.തുടർന്ന് തീരദേശ പാതയും മലയോര ഹെെവേയും യാഥാർത്ഥ്യമാകുമ്പോൾ കേരളത്തിന്റെ വികസനത്തിലെ വഴിത്തിരിവാകും സംഭവിക്കുക. ജനങ്ങൾ അതാണ് തിരിച്ചറിയേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.