SignIn
Kerala Kaumudi Online
Thursday, 25 April 2024 3.38 AM IST

ഇന്ത്യയ്ക്ക് കുതിക്കാൻ സ്വന്തം 5ജി സംവിധാനം

5g

കൊച്ചി: ഇന്ത്യയിൽ 13 നഗരങ്ങളിൽ 2022ൽ 5ജി സേവനത്തിന് തുടക്കമിടാൻ കേന്ദ്രം തീരുമാനിച്ചുകഴിഞ്ഞു. സ്വന്തമായി വികസിപ്പിച്ച 5ജിയിലായിരിക്കും ഇന്ത്യയുടെ കുതിപ്പെന്നതാണ് സവിശേഷത. മെയ്ഡ് ഇൻ ഇന്ത്യ 5ജി അഥവാ '5ജിഐ" ടെക്‌നോളജിക്ക് ടെലികോം സാങ്കേതികമികവുകളുടെ അന്താരാഷ്‌ട്ര സ്‌റ്റാൻഡേർഡ് നിർണയിക്കുന്ന 3ജി.പി.പിയുടെ (തേർഡ് ജനറേഷൻ പാർട്‌ണർഷിപ്പ് പ്രൊജക്‌ട്) അംഗീകാരവും ലഭിച്ചു.

ടെലികോം ഉപകരണ നിർമ്മാതാക്കൾക്ക് ഇനി ഇന്ത്യയുടെ '5ജിഐ"യും ഉപയോഗിക്കാമെന്നതാണ് നേട്ടം. 5ജി സേവനങ്ങൾക്കായുള്ള നെറ്റ്‌വർക്ക് ഗിയറുകൾ സജ്ജമാക്കാൻ ഇത് സഹായിക്കും.

5ജിയുടെ തുടക്കം
വൊഡാഫോൺ ഐഡിയ (വീ), ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവ 5ജിയുടെ പരീക്ഷണങ്ങൾക്ക് ഈവർഷം തുടക്കമിട്ടിരുന്നു. എറിക്‌സൺ, നോക്കിയ തുടങ്ങിയ 5ജി സാങ്കേതിക ഉപകരണ നിർമ്മാതാക്കളുമായി ചേർന്നാണിത്. രാജ്യത്തെ ഐ.ഐ.ടികൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളെയും പരീക്ഷണത്തിൽ കേന്ദ്രം പങ്കെടുപ്പിച്ചിട്ടുണ്ട്. നവംബർ 26ന് പരീക്ഷണം അവസാനിക്കേണ്ടതായിരുന്നു. കമ്പനികളുടെ ആവശ്യപ്രകാരം 2022 മേയ് വരെ സമയം നീട്ടി.

സ്‌പെക്‌ട്രം ലേലം

2022 ഏപ്രിൽ-മേയോടെ 5ജി സ്‌പെക്‌ട്രം ലേലം നടക്കുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ലേലത്തിന്റെ ഘടന ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) രൂപീകരിക്കും. ഫെബ്രുവരി മദ്ധ്യത്തോടെയോ മാർച്ചിലോ ട്രായിയുടെ റിപ്പോർട്ട് ലഭിക്കും.

നിലവിൽ 5ജി പരീക്ഷണം നടക്കുന്ന ഡൽഹി, ഗുരുഗ്രാം, മുംബയ്, പൂനെ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ചണ്ഡീഗഡ്, ലക്‌നൗ, അഹമ്മദാബാദ്, ഗാന്ധിനഗർ, ജാംനഗർ നഗരങ്ങളെയാണ് ആദ്യഘട്ട 5ജി സേവനങ്ങൾക്കായി തിരഞ്ഞെടുത്തത്.

5ജി സാങ്കേതികവിദ്യ

എൽ.ടി.ഇ അഥവ ലോംഗ്ടേം എവോല്യൂഷൻ സ്‌റ്റാൻഡേർഡിലാണ് മൊബൈൽ ഇന്റർനെറ്റ് സേവനം ലഭ്യമാകുന്നത്. എൽ.ടി.ഇയുടെ അഞ്ചാംതലമുറ പതിപ്പാണ് 5ജി.

 ലോ, മിഡ്, ഹൈ ഫ്രീക്വൻസി ബാൻഡുകളാണ് 5ജിക്കുള്ളത്. സാധാരണ മൊബൈൽഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതാണ് ലോ-ബാൻഡ്. 100 എം.ബി.പി.എസ് വരെ വേഗം ഈ ബാൻഡിൽ ലഭിക്കും.

 ലോ-ബാൻഡിനേക്കാൾ മെച്ചപ്പെട്ട വേഗതയിലുള്ള മിഡ്-ബാൻഡ് ഉദ്ദേശിക്കുന്നത് പ്രത്യേക മേഖലയ്ക്കുള്ളിൽ മാത്രം സേവനം ലഭ്യമാക്കുകയാണ്; ഉദാഹരണത്തിന് വ്യാവസായിക മേഖലകൾ, വൻ ഫാക്‌ടറികൾ, വൻകിട ഓഫീസുകൾ.

 സെക്കൻഡിൽ 20 ജിബിവരെ വേഗത്തിലാകും ഹൈ-ബാൻഡ് സേവനം. നിയന്ത്രിത മേഖലയ്ക്കുള്ളിൽ മാത്രം നൽകുന്ന സേവനമായിരിക്കും ഇത്.

 4ജിയിൽ റെക്കാഡ് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും ഉയർന്ന വേഗം സെക്കൻഡിൽ ഒരു ജിബിയാണ്.

വേഗമാണ് താരം

നിലവിലെ 4ജിയേക്കാൾ പത്തുമടങ്ങിലധികം വേഗത്തിൽ 5ജി പ്രവർത്തിക്കും. സിനിമകളും മറ്റും അതിവേഗം ഡൗൺലോഡ് ചെയ്യാം. ലൈവ് സ്‌ട്രീമിംഗ് സുഗമമായി നടക്കും. ഓപ്പറേഷൻ തിയേറ്ററുകളിലെ ലൈവ് സ്‌ട്രീമിംഗിനൊക്കെ ഇത് ഏറെ പ്രയോജനപ്പെടും.

 വിർച്വൽ റിയാലിറ്റി (വി.ആർ) ഹെഡ്‌സെറ്റ് ഉപയോഗിച്ചുള്ള ഗെയിമിംഗ് കൂടുതൽ ആസ്വാദ്യമാകും.

ഇന്റർനെറ്റ് ഒഫ് തിംഗ്സ്: മൊബൈൽഫോൺ മുഖേന വോയിസ് കൺട്രോളിലൂടെ അകലെനിന്ന് തന്നെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ നിയന്ത്രിക്കാനുള്ള സൗകര്യം നിലവിലുണ്ട്. ഇന്റർനെറ്റ് ഒഫ് തിംഗ്‌സ് (ഐ.ഒ.ടി) അധിഷ്‌ഠിതമായ ഈ സൗകര്യം ഏറെ എളുപ്പവും കാര്യക്ഷമമായും നടക്കും.

ഉപഭോക്താക്കൾ

5ജി നെറ്റ്‌വർക്ക് ഇനിയും വന്നിട്ടില്ലെങ്കിലും ഇന്ത്യയിൽ വിറ്റഴിയുന്ന പുത്തൻ സ്മാർട്ട്‌ഫോണുകളിൽ 22 ശതമാനവും 5ജി സൗകര്യമുള്ളതാണ്.

 79 കോടി 4ജി ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്.

 2027ഓടെ 5ജി ഉപഭോക്താക്കൾ 50 കോടിപ്പേരുണ്ടാകുമെന്ന് കരുതുന്നു.

 മൊത്തം മൊബൈൽ ഉപഭോക്താക്കളുടെ 39 ശതമാനമായിരിക്കും ഇത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, 5G, 5GI, INDIA 5G, TELECOM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.