SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.55 PM IST

മുഴങ്ങിത്തീരാത്ത കടലിരമ്പങ്ങൾ, രാഷ്ട്രീയകേരളം പിന്നിടുന്നത് സംഭവബഹുലമായ വർഷം

kerala

ഇടതു തുടർഭരണം,​ മുഖം മാറിയ പ്രതിപക്ഷം,​ മരംമുറിയുടെ മറിമായങ്ങൾ,​ മോൻസന്റെ പുരാവസ്തു തട്ടിപ്പ്,​ കെ- റെയിൽ വിവാദങ്ങൾ,​ സി.പി.എം- ലീഗ് പോര്,​ ദത്ത് വിവാദം,​ നൊമ്പരമുണർത്തിയ നഷ്ടങ്ങൾ... രാഷ്ട്രീയകേരളം പിന്നിടുന്നത് സംഭവബഹുലമായ വർഷം

.................................

രാഷ്ട്രീയത്തിരമാലകൾ ഇരമ്പിയാർത്ത വർഷമാണ് കേരളത്തിൽ കടന്നുപോകുന്നത്. ആ തിരയിളക്കത്തിൽ പല അട്ടിമറികളുമുണ്ടായി. നാലര പതിറ്റാണ്ടിനിപ്പുറം സംസ്ഥാനത്ത് വീണ്ടും തുടർഭരണമുണ്ടായി. ഇന്നത്തെ ഇടതു ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും നിലവിൽ വന്ന ശേഷമുണ്ടായ ആദ്യ തുടർഭരണം ഇടത് അക്കൗണ്ടിൽ രേഖപ്പെടുത്തപ്പെട്ടു. കോൺഗ്രസിൽ അന്തച്ഛിദ്രങ്ങൾ കനത്തു. പ്രതിപക്ഷനേതാവിനും കെ.പി.സി.സി അദ്ധ്യക്ഷനും മാറ്റമുണ്ടായി. 2016ൽ കേരള നിയമസഭയിൽ തുറക്കപ്പെട്ട ബി.ജെ.പിയുടെ അക്കൗണ്ടിന് താഴു വീണു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും ഇടവേളയിലാണ് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിലെ ബന്ധുനിയമന കേസിന്റെ പേരിൽ ലോകായുക്തയുടെ വിധിയെത്തിയതും മന്ത്രിയായിരുന്ന കെ.ടി. ജലീലിന് സ്ഥാനം തെറിക്കുന്നതും. രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് ഒന്നാം മന്ത്രിസഭയിലിരുന്ന പ്രഗത്ഭരെല്ലാം മാറ്റിനിറുത്തപ്പെട്ടത് കേരളം കൊണ്ടുപിടിച്ച് ചർച്ച ചെയ്തു. അമ്പരപ്പിച്ച മാറ്റമായി പൊതുസമൂഹം ചർച്ച ചെയ്തത് ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജയുയെ മാറ്റിനിറുത്തിയതായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു തവണ തുടർച്ചയായി മത്സരിച്ചവരെയെല്ലാം മാറ്റിനിറുത്താൻ സി.പി.എം തീരുമാനിച്ചപ്പോൾ സിറ്റിംഗ് എം.എൽ.എമാരായ 33 പേരാണ് ഒഴിവായത്. പുതിയ മന്ത്രിസഭയിലും പുതുമുഖങ്ങൾ മതിയെന്ന് പിന്നാലെ നിശ്ചയിച്ചപ്പോൾ അഞ്ച് മുൻ മന്ത്രിമാർ നിയമസഭയിൽ സാമാജികർ മാത്രമായി. കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ആർ.എം.പിയുടെ ലേബലിൽ നിയമസഭാംഗമായെത്തി. കുഴൽപ്പണക്കേസും മഞ്ചേശ്വരത്തെ കോഴയാരോപണവുമെല്ലാം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് നാണക്കേടായി.

ആരോഗ്യസ്ഥിതിയിലെ താളപ്പിഴകളും മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റും കാരണം 2020 നവംബറിൽ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് അവധിയെടുത്ത പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ ആരോഗ്യനില വീണ്ടെടുത്ത് കൃത്യം ഒരു വർഷത്തിനു ശേഷം പദവിയിലേക്ക് മടങ്ങിയെത്തി. തരംഗത്തിനിടയിലും രണ്ട് ഘടകകക്ഷി നേതാക്കളുടെ അട്ടിമറി തോൽവികൾ ഇടതിന് ക്ഷീണമായി- പാലായിൽ ജോസ് കെ.മാണിയും കല്പറ്റയിൽ എം.വി. ശ്രേയാംസ് കുമാറും.

ഐ.എൻ.എല്ലിലും ലോക് താന്ത്രിക് ജനതാദളിലും കേരള കോൺഗ്രസ്- ബിയിലുമുണ്ടായ അന്തച്ഛിദ്രങ്ങൾ ഇടതിന് തലവേദനയായി. രാഷ്ട്രീയവിവാദങ്ങൾക്ക് തുടർഭരണകാലത്തും ശമനമുണ്ടായിട്ടില്ല. മുട്ടിൽ മരംമുറിയും മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പും മുല്ലപ്പെരിയാർ ബേബിഡാമിനു സമീപത്തെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയുള്ള ഉത്തരവും അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ കേസും കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പും ഏറ്റവുമൊടുവിൽ വൈസ് ചാൻസലർ നിയമനങ്ങളെ ചൊല്ലി ഗവർണർ ഇടഞ്ഞുനിൽക്കുന്നതുമെല്ലാം രാഷ്ട്രീയ വിവാദങ്ങളായി നീറിനിന്നു. കാസർകോട്- തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിലിനെ ചൊല്ലിയുള്ള കോലാഹലങ്ങൾ കെട്ടടങ്ങിയിട്ടില്ല.

വഖഫ് ബോർഡിലേക്കുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിന്റെ പേരിൽ ഇടഞ്ഞുനിന്ന മുസ്ലിം സംഘടനകളെ തന്ത്രപരമായി സർക്കാരും മുഖ്യമന്ത്രിയും മെരുക്കിയെടുത്തപ്പോൾ രാഷ്ട്രീയാവസരമാക്കി സർക്കാരിനോട് കൊമ്പുകോർക്കാൻ മുസ്ലിംലീഗ് മുന്നിട്ടിറങ്ങി. സി.പി.എം- ലീഗ് പോര് എന്ന നിലയിലേക്ക് വളർന്നുകഴിഞ്ഞ പ്രശ്നത്തിന്റെ അനുരണനങ്ങൾ അന്തരീക്ഷത്തിൽ അലയടിക്കുന്നു. എം.എസ്.എഫിനു കീഴിൽ വിദ്യാർത്ഥിനീ വിഭാഗമായ ഹരിതയുടെ നേതൃനിരയിലെ ഒരു വിഭാഗം ആൺകോയ്മയ്ക്കെതിരെ കലാപമുയർത്തി രംഗത്തെത്തിയതും 2021ലെ രാഷ്ട്രീയവിവാദമായി. കത്തോലിക്കാസഭയുടെ പാലാ അതിരൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉയർത്തിവിട്ട നാർകോട്ടിക് ജിഹാദ് പരാമർശം സൃഷ്ടിച്ച ഭൂകമ്പം വലുതായിരുന്നു.

കൊവിഡ് കാലത്തെ ക്ഷേമ, സേവന നടപടികളിലൂടെ നേടിയെടുത്ത പ്രതിച്ഛായയും വിവിധ സാമുദായികവിഭാഗങ്ങളെ കൈയിലെടുക്കാനുള്ള സോഷ്യൽ എൻജിനിയറിംഗ് മികവുമാണ് ആരോപണവിവാദങ്ങളിൽ ആടിയുലഞ്ഞിട്ടും അതിനെയെല്ലാം വകഞ്ഞുമാറ്റിയുള്ള തുടർഭരണത്തിലേക്കെത്താൻ ഇടതു മുന്നണിയെ സഹായിച്ചത്. ഭക്ഷ്യകിറ്റ്, ക്ഷേമപെൻഷൻ, സോഷ്യൽ എൻജിനിയറിംഗ് ഫോർമുല വിജയിച്ചപ്പോഴാണ് രണ്ടാം പിണറായിസർക്കാർ യാഥാർത്ഥ്യമായത്. 2016ൽ 92 സീറ്റുകൾ നേടിയ ഇടതുമുന്നണി 2021ൽ 99ലേക്ക് നിലയുയർത്തി. യു.ഡി.എഫ് 47ൽ നിന്ന് 41ലേക്ക് താണു. നേമത്ത് ഒ. രാജഗോപാൽ തുറന്ന അക്കൗണ്ട് ബി.ജെ.പിക്ക് കുമ്മനം രാജശേഖരനെ കളത്തിലിറക്കിയിട്ടും നിലനിറുത്താനായില്ല.

അലകും പിടിയും മാറി

പ്രതിപക്ഷ റിപ്പയർ

സർക്കാരിനെതിരെ ആരോപണ ശരങ്ങളുയർത്തിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായതോടെ കോൺഗ്രസിലും യു.ഡി.എഫിലും അസ്വസ്ഥതകളുയർന്നു. നേതൃമാറ്റ മുറവിളികൾ ശക്തമായി. പ്രതിപക്ഷനേതാവിനെ നിശ്ചയിക്കുന്നതിനായി എം.എൽ.എമാരുടെ ഹിതമറിയാനെത്തിയ ഹൈക്കമാൻഡ് പ്രതിനിധികൾക്കു മുന്നിൽ എ, ഐ ഗ്രൂപ്പുകളുടെ തിട്ടൂരം മറികടന്നാണ് എം.എൽ.എമാരെല്ലാം അഭിപ്രായങ്ങൾ നിരത്തിയത്. ഒടുവിൽ രമേശ് ചെന്നിത്തലയ്ക്ക് സ്ഥാനം തെറിച്ചു. വി.ഡി. സതീശൻ പ്രതിപക്ഷ നേതൃപദവിയിലെത്തി.

മുറവിളികൾ ശക്തമായപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അദ്ധ്യക്ഷപദവിയിൽ നിന്ന് രാജി വയ്ക്കുന്നതായി ഹൈക്കമാൻഡിന് കത്തെഴുതി. മുല്ലപ്പള്ളിക്കു പകരം കെ. സുധാകരൻ പുതിയ അദ്ധ്യക്ഷനായി. സതീശൻ- സുധാകരൻ അച്ചുതണ്ട് ഹൈക്കമാൻഡ് പിന്തുണയോടെ നടത്തിയ പരിഷ്കാരങ്ങൾ, ഉമ്മൻ ചാണ്ടി- രമേശ് ചെന്നിത്തല യുഗത്തിന് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ അന്ത്യം കുറിക്കുകയാണ് എന്ന വിലയിരുത്തലുകളുണ്ടായി. വി.എം. സുധീരൻ രാഷ്ട്രീയകാര്യസമിതി അംഗത്വമൊഴിഞ്ഞു.

പുതിയ നേതൃത്വത്തിനെതിരെ പരസ്യകലാപമുയർത്തിയതിന് പലർക്കുമെതിരെ അച്ചടക്കവാൾ വീശപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായിരുന്ന കെ.പി. അനിൽകുമാർ, ജി. രതികുമാർ, നെടുമങ്ങാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന പി.എസ്. പ്രശാന്ത് തുടങ്ങി പലരും കോൺഗ്രസ് വിട്ട് സി.പി.എമ്മിനൊപ്പം കൂടി. ബി.ജെ.പിയിൽ നേതൃമാറ്റമുണ്ടായില്ലെങ്കിലും തീപ്പൊരി വനിതാ നേതാവായ ശോഭാ സുരേന്ദ്രന് നേതൃത്വത്തോടുള്ള അകൽച്ച കൂടി. കുഴൽപ്പണക്കേസും കോഴക്കേസുമൊക്കെ സംസ്ഥാന ബി.ജെ.പിയുടെ ശോഭ കുറച്ചെങ്കിലും വലിയ പരിക്കുകളില്ലാതെ സുരേന്ദ്രൻ നേതൃനിരയിൽ തന്നെ തുടരുകയാണ്.

മോൻസന്റെ കൺകെട്ടും

മരംമുറിയിലെ തട്ടിപ്പും

ഇടതു സർക്കാർ അധികാരമേറ്റയുടൻ കടന്നുവന്ന വിവാദമായിരുന്നു വയനാട് മേപ്പാടി മുട്ടിലിലുണ്ടായ മരംമുറിക്കേസ്. കർഷകർ പട്ടയഭൂമിയിൽ നട്ടുപിടിപ്പിച്ച മരങ്ങൾ മുറിക്കാനനുവദിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റവന്യുവകുപ്പ് ഇറക്കിയ ഉത്തരവിനെ മറയാക്കി വ്യാപകമായി ഈട്ടിത്തടി മുറിച്ചുകടത്തിയെന്നാണ് കേസ്. റവന്യുവകുപ്പിനെ പ്രതിക്കൂട്ടിൽ നിറുത്തിയ ആരോപണശരങ്ങൾ പ്രതിപക്ഷമെയ്തു. ക്രൈംബ്രാഞ്ചും ഇ.ഡിയും അന്വേഷണത്തിനെത്തി. റവന്യുവകുപ്പ് കൈകാര്യം ചെയ്യുന്നത് സി.പി.ഐ ആയതിനാൽ മുട്ടിൽ വിവാദത്തിൽ ക്ഷീണം തട്ടിയത് ഏറെയും സി.പി.ഐക്കായിരുന്നു. നാളുകളായി അലയടിച്ചുനിന്ന വിവാദം ഒരുവിധം കെട്ടടങ്ങി.

മുല്ലപ്പെരിയാർ ബേബിഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി അതിനു സമീപത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ തമിഴ്നാടിന് അനുമതി നൽകി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയ ഉത്തരവാണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മറ്റൊരു മരംമുറി വിവാദം. അനുമതി നൽകിയതിന് നന്ദിയറിയിച്ച് തമിഴ്നാട് സർക്കാർ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്തുവന്നപ്പോഴാണ് കാര്യങ്ങൾ പുറംലോകമറിയുന്നത്. മുഖ്യമന്ത്രിയുടെ മൗനത്തിൽ ദുരൂഹതയാരോപിച്ചാണ് പ്രതിപക്ഷം ആക്രമണം കനപ്പിച്ചത്. സസ്പെൻഷനിലായ മുഖ്യ വന്യജീവി വാർഡൻ ബെന്നിച്ചൻ തോമസിനെ തിരിച്ചെടുത്തെങ്കിലും വിവാദം അവസാനിച്ചുവെന്ന് പറയാറായിട്ടില്ല.

കൊച്ചിയിലെ പുരാവസ്തുതട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന് സംസ്ഥാന പൊലീസിലെ ഉന്നതർ ഒത്താശ ചെയ്തത് പൊലീസ് സേനയ്ക്കുണ്ടാക്കിയ നാണക്കേട് ചെറുതായിരുന്നില്ല. അടിക്കടിയുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും കൈകാര്യം ചെയ്യുന്നതിലെ പൊലീസ് വീഴ്ചയും വ്യാപകചർച്ചയായി. തന്റെ അനുമതിയില്ലാതെ കുഞ്ഞിനെ അന്യസംസ്ഥാന ദമ്പതികൾക്ക് ദത്ത് നൽകിയെന്നാരോപിച്ച് തിരുവനന്തപുരത്തെ പ്രാദേശിക സി.പി.എം നേതാവിന്റെ മകൾ അനുപമ എസ്.ചന്ദ്രൻ നടത്തിയ ഒറ്റയാൾസമരം രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. സ്ത്രീസ്വാതന്ത്ര്യം, ലിംഗസമത്വം എന്നിങ്ങനെ പല മാനങ്ങളിലേക്ക് ചർച്ച വഴിമാറി. സി.പി.എം നേതൃത്വത്തിലുള്ള കരുവന്നൂർ സർവീസ് സഹകരണബാങ്ക് ഭരണസമിതിക്കെതിരെയുയർന്ന അഴിമതിയാരോപണങ്ങൾ പാർട്ടിനേതൃത്വത്തിന് തലവേദനയായി. കൂട്ടനടപടിയുണ്ടായിട്ടും വിവാദമിപ്പോഴും പുകയുന്നുണ്ട്.

ഇടഞ്ഞ് ഗവർണർ

ഇടറാതെ കെ റെയിൽ

കണ്ണൂർ, കാലടി സർവകലാശാലകളിലെ വൈസ്ചാൻസലർമാരുടെ നിയമനത്തെ ചൊല്ലി സർക്കാരിനോട് ഇടഞ്ഞുനിൽക്കുന്ന ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ എങ്ങുമെത്തിയിട്ടില്ല. ചാൻസലർ പദവിയൊഴിയുമെന്ന നിലപാട് ഗവർണർ ആവർത്തിക്കുന്നു. പ്രതിപക്ഷം ഇതേറ്റെടുത്ത് സർക്കാരിനെതിരെ രംഗത്തുണ്ട്. കാസർകോട്- തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിലിനെതിരെ സി.പി.എം സഹയാത്രികരായ ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കം സംശയം പ്രകടിപ്പിച്ചു നിൽക്കുന്നതാണ് സി.പി.എമ്മിനും സർക്കാരിനും മറ്റൊരു തലവേദന.

പദ്ധതി പാരിസ്ഥിതികമായും സാമൂഹ്യമായും വൻ പ്രത്യാഘാതമുയർത്തുന്നതാണെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായി സമരമുഖത്താണ്. മെട്രോമാൻ ഇ. ശ്രീധരനടക്കം പദ്ധതിക്കെതിരെ വലിയ ആശങ്കകളുയർത്തിയതും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനെ ചൊല്ലിയടക്കം ഉയർന്നുവരുന്ന ആശങ്കകൾ ദുരീകരിക്കാനും പുകമറകൾ നീക്കാനുമായി മുഖ്യമന്ത്രിയും സി.പി.എമ്മും രംഗത്തുണ്ട്. അതിന്റെ ഫലശ്രുതി അറിയുക 2022ലാകും.

നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് അപ്രതീക്ഷിതമായി ഉയർന്ന പരസ്യപ്രതിഷേധങ്ങളും തിരഞ്ഞെടുപ്പിൽ കാര്യമായി പ്രവർത്തിച്ചില്ലെന്ന ആക്ഷേപവും മറ്റും സി.പി.എമ്മിൽ കൂട്ടനടപടിക്ക് വഴിവച്ച വർഷം കൂടിയായി ഇത്. എറണാകുളം ജില്ലയിൽ വലിയ വിഭാഗം നേതാക്കളെ കൂട്ടത്തോടെ തരംതാഴ്ത്തി. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിലും നടപടികളുണ്ടായി. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ സംസ്ഥാനകമ്മിറ്റി ശാസിച്ചത് അമ്പലപ്പുഴ തിരഞ്ഞെടുപ്പിലെ പ്രവർത്തനവീഴ്ചയ്ക്കായിരുന്നു.

കനലായിരുന്നു,​

ഭാഗ്യം! കത്തിയില്ല

കത്തോലിക്കർക്കിടയിൽ ഉടലെടുത്തുപോന്ന മുസ്ലിം വിരോധം പല തലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം പ്രതിഫലിച്ചെന്ന വിലയിരുത്തലുകളെ അരക്കിട്ടുറപ്പിക്കുന്നതായി സമീപകാലത്ത് പാലാ ബിഷപ്പ് നടത്തിയ നാർകോട്ടിക് ജിഹാദ് പരാമർശം. ഇതര മതസ്ഥരായ യുവതികൾ ഐസിസ് ക്യാമ്പിൽ എങ്ങനെയെത്തിയെന്ന് പരിശോധിക്കണമെന്നും ലൗ ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നുമാണ് കുറുവിലങ്ങാട് പള്ളിയിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസംഗിച്ചത്. ഇത് വൻവിവാദമുണ്ടാക്കി. കേസായി. ബിഷപ്പിനെ പിന്തുണച്ച് ബി.ജെ.പിയെത്തി. വർഗീയ ധ്രുവീകരണത്തിന്റെ പ്രതീതി സംസ്ഥാനത്തുളവായി. പിന്നീട് ഹലാൽ ഭക്ഷണത്തെച്ചൊല്ലി ഉടലെടുത്ത വിവാദവും ഇതിന്റെയൊക്കെ തുടർച്ചയായാണ് ചർച്ച ചെയ്യപ്പെട്ടത്. കേരളീയ പൊതുബോധം ഇതിനെ വകവച്ച് കൊടുക്കാത്തതിനാൽ മാത്രം വലിയ വിവാദമായി ഇത് കത്തിപ്പടരുന്നില്ല.

ചരിത്രത്തിലേക്കു

മാഞ്ഞ മുഖങ്ങൾ

കേരള രാഷ്ട്രീയ ചരിത്രത്തോടൊപ്പം നടന്ന രണ്ടു നേതാക്കളുടെ വേർപാട് 2021ലെ വലിയ നഷ്ടങ്ങളാണ്. വിപ്ലവനായിക എന്ന പേരിന് എല്ലാം വിധത്തിലും അർഹയായ ഗൗരി അമ്മയും കേരള കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളും മുൻമന്ത്രിയുമെല്ലാമായ ആർ. ബാലകൃഷ്ണപിള്ളയും വിട വാങ്ങിയത് മേയ് മാസത്തിൽ ദിവസങ്ങളുടെ വ്യത്യാസത്തിലാണ്. കേരളം രൂപീകൃതമാകും മുമ്പേ നിയമസഭാംഗമായ ഗൗരി അമ്മ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നയിച്ച ആദ്യ കേരള മന്ത്രിസഭയിൽ അംഗമായി ഭൂപരിഷ്കരണ നിയമത്തിന് ബീജാവാപമേകുന്നതിൽ നിർണായക പങ്കു വഹിച്ചു. പിന്നീട് സി.പി.എമ്മിന്റെയും പാർട്ടി വിട്ട ശേഷം യു.ഡി.എഫിൽ ജെ.എസ്.എസിന്റെയും പ്രതിനിധിയായി അവർ മന്ത്രിയായി. കെ.എം. ജോർജിനൊപ്പം കേരളാ കോൺഗ്രസ് കെട്ടിപ്പടുത്ത് ചരിത്രത്തിന്റെ ഭാഗമായ ബാലകൃഷ്ണപിള്ളയും ഒന്നിലേറെ തവണ മന്ത്രിപദത്തിലെത്തി.

പരിസ്ഥിതി, സ്ത്രീസുരക്ഷ എന്നിവയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി വേറിട്ടുനിന്ന കോൺഗ്രസ് നേതാവ് പി.ടി. തോമസ് എം.എൽ.എയുടെ വേർപാടാണ് 2021ന്റെ വലിയ നഷ്ടങ്ങളിലൊന്ന്. വർഷാവസാനം കൊഴിഞ്ഞുപോയ അദ്ദേഹത്തിന്റെ ഒഴിവിലേക്ക്, തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഒരു ഉപതിരഞ്ഞെടുപ്പിന്റെ ആരവം മുഴങ്ങാനിരിക്കുന്നു. പുതിയ വർഷത്തിൽ രാഷ്ട്രീയകേരളം ശ്രദ്ധയോടെ കാൽവയ്ക്കുന്നത് തൃക്കാക്കരയുടെ തിരഞ്ഞെടുപ്പ് ഗോദയിലേക്കാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLITICS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.