SignIn
Kerala Kaumudi Online
Friday, 29 March 2024 8.30 PM IST

അച്ഛനിലേക്ക് മടങ്ങി ഇന്ദിരക്കുട്ടി ടീച്ചർ

indira

മയ്യനാട് എന്ന ഗ്രാമത്തിനു സുപരിചിതയാണ് ഇന്ദിരക്കുട്ടി ടീച്ചർ. ഇവിടെ വളരെക്കാലം സ്‌കൂളിൽ പഠിപ്പിച്ചു. ടീച്ചറിന്റെ മുമ്പിലിരുന്ന ഒരു കുട്ടിയും ടീച്ചറിനെ മറക്കുമെന്നു തോന്നുന്നില്ല. ക്ലാസിൽ ഉയർന്ന ടീച്ചറിന്റെ വാക്കുകളും നിർദ്ദേശങ്ങളും ധാരാളം പേർക്കു നേർവഴി കാണിച്ചുകൊടുത്തിട്ടുണ്ട്.

ജോലിയിൽനിന്നു വിരമിച്ചശേഷം എല്ലാവരെയും പൊലെ പെൻഷനും വാങ്ങി വീട്ടിൽ സുഖമായി ഒതുങ്ങിനിന്നില്ല. നാട്ടിലെ പൊതുജീവിതത്തിൽ ഇടപെടാൻ തുടങ്ങി. നാട്ടിൽ ഇടതുപക്ഷ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വമായി മാറാൻ കൂടുതൽ സമയമെടുത്തില്ല. ആദ്യത്തെ ജില്ലാ കൗൺസിൽ മെമ്പറായും പിന്നീട് മയ്യനാട് പഞ്ചായത്ത് മെമ്പറായും പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിക്കാൻ ഇന്ദിരക്കുട്ടി ടീച്ചർക്കു കഴിഞ്ഞു. കാര്യങ്ങൾ വേഗത്തിൽ മനസിലാക്കാനുള്ള കഴിവും ചടുലമായ പ്രവർത്തനരീതിയും ഭരണകാര്യങ്ങളിൽ മികവു പുലർത്താൻ സഹായിച്ചു.
ഭാഗ്യങ്ങളും നിർഭാഗ്യങ്ങളും നിറഞ്ഞ ജീവിതമായിരുന്നു ഇന്ദിരക്കുട്ടി ടീച്ചറിന്റേത്. കുട്ടിക്കാലം ജീവിതത്തിലെ സുന്ദര സുരഭില കാലമായിരുന്നു. പ്രശസ്തമായ ഒരു കുടുംബത്തിലാണ് ജനിച്ചത്. തിരുവിതാംകൂറിലെ പ്രസിദ്ധനായ രാഷ്ട്രീയ നേതാവും തിരുക്കൊച്ചി മുൻ മുഖ്യമന്ത്രിയുമായ സി. കേശവന്റെ മകൾ. സി.വി കുഞ്ഞുരാമന്റെ പേരക്കുട്ടി. എഴുത്തുകാരനായ കെ. ദാമോദരന്റെയും പത്രാധിപർ കെ. സുകുമാരന്റെയും അനന്തരവൾ. കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണന്റെ സഹോദരി. രാഷ്ട്രീയമായും സാംസ്‌കാരികമായും ഏറ്റവും തിളങ്ങിനിന്ന കുടുംബത്തിലാണ് ഇന്ദിരക്കുട്ടി ജനിച്ചത്. തീരെ കുട്ടിക്കാലത്ത് അച്ഛൻ പൊതുപ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ട് ജീവിച്ച ഘട്ടത്തിൽ അമ്മയുടെ അച്ഛൻ സി.വി. കുഞ്ഞുരാമൻ വീട്ടിലുണ്ടാകും. അദ്ദേഹമാണ് ഇന്ദിരക്കുട്ടിക്കും അനുജത്തി ഐഷയ്ക്കും കൂട്ടായി ഉണ്ടായിരുന്നത്. കഥകൾ പറഞ്ഞും പാട്ടുകൾ പാടിക്കൊടുത്തും രണ്ടുപേരെയും രസിപ്പിച്ചത് സി.വിയായിരുന്നു. അന്ന് സി.വി മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനും പത്രാധിപരും സാമുദായിക നേതാവുമൊക്കെയാണ്. അച്ചാച്ഛന്റെയും അമ്മാവന്മാരുടെയും ജ്യേഷ്ഠന്മാരുടെയയും അഗാധമായ സ്‌നേഹവാത്സല്യങ്ങൾ നുകർന്നാണ് ഇന്ദിരയും അനുജത്തി ഐഷയും വളർന്നത്. നല്ല കുട്ടിക്കാലമായിരുന്നു തന്റേതെന്ന് ഇന്ദിരക്കുട്ടി എന്നും പറയുമായിരുന്നു.
വലിയൊരു കാലഘട്ടത്തിന്റെ മധുരിക്കുന്നതും കയ്ക്കുന്നതുമായ ഓർമ്മകൾ ടീച്ചറിന്റെ മനസിലുണ്ടായിരുന്നു. കെ. ബാലകൃഷ്ണന്റ ജീവചരിത്രം എഴുതുന്ന നാളുകളിൽ മയ്യനാട്ടെ തോപ്പിൽ വീട്ടിൽ ഞാൻ നിരന്തരം പോകുമായിരുന്നു. ടീച്ചർ എന്റെ മുമ്പിൽ ഓർമ്മകളുടെ ചെപ്പ് തുറന്നുവയ്ക്കും. എത്രയെത്ര കഥകളാണ് രസകരമായി സ്വയം രസിച്ച് ചിരിച്ച് പറഞ്ഞിട്ടുള്ളത്! കെ. ബാലകൃഷ്ണന്റ കുട്ടിക്കാലത്തെകുറിച്ചും വിദ്യാഭ്യാസ കാലത്തെക്കുറിച്ചും ധാരാളം കാര്യങ്ങൾ പറഞ്ഞു. തോളിലേറ്റിയും ഹിന്ദി സിനിമാ പാട്ടുകൾ പാടിയും രസിപ്പിക്കുന്ന ജ്യേഷ്ഠനെക്കുറിച്ചും ജ്യേഷ്ഠന്റെ സ്‌നേഹത്തെക്കുറിച്ചും എത്ര പറഞ്ഞാലും മതിവരില്ല. ബാലകൃഷ്ണനും അച്ഛനുമായുള്ള സംഘർഷത്തെപ്പറ്റിയും പറഞ്ഞു. അച്ഛനെതിരെ മകൻ പ്രസംഗിച്ചപ്പോൾ വീട്ടിലുണ്ടായ കോലാഹലങ്ങളെയും അവർ തമ്മിലുള്ള അഗാധമായ സ്‌നേഹബന്ധത്തെയും കുറിച്ചെല്ലാം സൂക്ഷ്മമായി ടീച്ചർ സംസാരിച്ചു.

നാല്പതുകൾ മുതലുള്ള തിരുവിതാംകൂർ രാഷ്ട്രീയ ചരിത്രം ടീച്ചറിന്റെ മനസിലുണ്ടായിരുന്നു. 'രാഷ്ട്രീയസത്ര'മായിരുന്ന തന്റെ വീട്ടിൽ അന്ന് മിക്ക രാഷ്ട്രീയ സാമുദായിക നേതാക്കന്മാരും വരുമായിരുന്നു എന്ന് ടീച്ചർ പറഞ്ഞു. അച്ഛനുമായി സംസാരിക്കാനും ആശയ സംവാദങ്ങൾ നടത്താനുമാണ് എല്ലാവരും വരുന്നത്. പത്രക്കാർ ആവശ്യപ്പെടുമ്പോൾ സി. കേശവനെ പറ്റിയും സി.വി. കുഞ്ഞുരാമനെ പറ്റിയും ചിലത് ടീച്ചർ എഴുതിയിട്ടുണ്ട്. തിരുനല്ലൂർ കരുണാകരൻ ജനയുഗം പത്രാധിപരായിരുന്ന അവസരത്തിൽ സിവിയെ കുറിച്ചുള്ള ഓർമ്മകൾ എഴുതാൻ ആവശ്യപ്പെട്ടിരുന്നു. അതൊന്നും രേഖപ്പെടുത്തി വയ്ക്ക്ക്കാൻ ടീച്ചറിന് സാവകാശം കിട്ടിയില്ല.

 ഓർമ്മയിലെപ്പോഴും അച്ഛൻ

അച്ഛനെപ്പറ്റി ടീച്ചർ പറഞ്ഞത് ഓർമ്മ വരുന്നു. തീരെ ചെറിയ പ്രായത്തിൽ അച്ഛൻ വീട്ടിലുണ്ടാവില്ല. മിക്കവാറും പുറത്തായിരിക്കും. അല്ലെങ്കിൽ ജയിലിലായിരിക്കും. 1937 മുതൽ1947 വരെയുള്ള കാലം അച്ഛൻ ഇടയ്ക്കിടയ്ക്ക് ജയിലിലാകും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച നാളിലും അച്ഛൻ ജയിലിൽ തന്നെ. ജയിലിലായ അച്ഛനെ പറ്റി എട്ടോ പത്തോ വയസുള്ള ഒരു പെൺകുട്ടി എന്തായാരിക്കും ചിന്തിക്കുക? ഇന്ദിരയും ഐഷയും അപ്പോൾ എന്താകും വിചാരിക്കുക? ഞാൻ ടീച്ചറോട് ചോദിച്ചിട്ടുണ്ട്. അച്ഛൻ ജയിലിലായതു കൊണ്ട് സി. കേശവന്റെ മക്കളെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ വീട്ടിൽ എപ്പോഴുമുണ്ടാകും. അച്ഛന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും കൂടക്കൂടെ വരും. രണ്ട് അമ്മാവന്മാരും അടുത്തുണ്ട്. രണ്ടു പേർക്കും ഏക സഹോദരിയുടെ മക്കളോട് സ്‌നേഹമാണ്, വാത്സല്യമാണ്. ഇതെല്ലാം ശരി തന്നെ. പക്ഷേ, അപ്പോഴും, കുട്ടികളാണെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങലുണ്ട്. ആരും കാണാത്ത ഒരു തരം വിങ്ങൽ. ഇത് ഇന്ദിരയും അനുജത്തി ഐഷയും സ്വകാര്യമായി അനുഭവിച്ചിട്ടുണ്ട്. കുട്ടിക്കാലത്തു അനുഭവിച്ച വേദനകളിൽ ഒന്നാണിത്. സ്വാതന്ത്ര്യാനന്തരം ജീവിതം തിളക്കമുള്ളതായി. തിരുവിതാംകൂറിലെ ആദ്യ മന്ത്രിസഭയിൽ അച്ഛൻ മന്ത്രിയായി. പിന്നീട് മുഖ്യമന്ത്രിയായി. മന്ത്രി മന്ദിരത്തിൽ താമസവുമായി. അതൊക്കെ കുട്ടികൾ എന്ന നിലയിൽ സന്തോഷമുള്ള നാളുകളായിരുന്നു. ഇന്ദിരയും ഐഷയും കോളേജിൽ പഠിക്കുന്ന കാലമായിരുന്നു അത്.

 തീരാദുഃഖമായ ദുരന്തം

മന്ത്രി മന്ദിരത്തിലെ താമസവും മറ്റു കാര്യങ്ങളുമൊക്കെ വലിയൊരു ദുഃഖത്തിനു മുമ്പുള്ള ആനന്ദമായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യമായി. ജ്യേഷ്ഠസഹോദരനായ ഭദ്രൻ നീലഗിരിയിൽ വിമാനാപകടത്തിൽ മരിച്ചു. ബംഗളൂരുവിൽ പഠിക്കുകയായിരുന്ന ഭദ്രൻ ജ്യേഷ്ഠന്മാരായ കെ. രവീന്ദ്രനാഥൻ, കെ. ബാലകൃഷ്ണൻ എന്നിവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ വരികയായിരുന്നു. അത് ആ കുടംബത്തെ വലിയ വേദനയിൽ വീഴ്ത്തി. നാടിനെ മുഴുവൻ നടുക്കിയ സംഭവമായിരുന്നു അത്. ജീവിതത്തിൽ ഏറ്റവും വലിയ വേദന തോന്നിയ കാലമായിരുന്നു അതെന്ന് ഇന്ദിരക്കുട്ടി ടീച്ചർ പറയാറുണ്ട്.
സി. കേശവൻ രാഷ്ട്രീയ ജീവിതം മടുത്ത് നാട്ടിലേക്കു മടങ്ങിയപ്പോൾ ഇന്ദിരയും ഐഷയും അച്ഛനമ്മമാരോടൊപ്പം മയ്യനാട്ട് വന്നു. ടീച്ചർ വിവാഹം കഴിച്ചത് ദാമോദരൻ അമ്മാവന്റെ മകനെയാണ്. കുറച്ചുനാൾ കഴിഞ്ഞ് മയ്യനാട് ഹൈസ്‌കൂളിൽ അദ്ധ്യാപികയായി. അച്ഛനും അമ്മയും ഭർത്താവും ഒത്തുള്ള ജീവിതമായിരുന്നു പിന്നീട്. സി. കേശവൻ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ പല തരത്തിലുള്ള രോഗങ്ങളുടെ പിടിയിലായിരുന്നു. അമ്മയോടൊപ്പം അച്ഛനെ ശുശ്രൂഷിക്കാൻ ഇന്ദിര തയ്യാറായി. ജീവിതം അതിനായി മാറ്റിവച്ചു എന്നു തന്നെ പറയാം. ടീച്ചറിന്റെ പ്രസരിപ്പും എല്ലാം വെട്ടിത്തുറന്നു പറഞ്ഞുള്ള സംഭാഷണവും മറ്റുള്ളവരോടു കാണിക്കുന്ന പരിഗണനയും പരിചയപ്പെട്ട ആർക്കും മറക്കാൻ പറ്റുമെന്നു തോന്നുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIRAKUTTY TEACHER, C KESAVAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.