Kerala Kaumudi Online
Wednesday, 22 May 2019 11.05 AM IST

സമ്മതിദാനാവകാശം ഒരു കടമകൂടിയാണ്

editorial-

കർണാടകയിലെ ആദ്യഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗളൂരു നഗരത്തിലെ വിവിധ മണ്ഡലങ്ങളിൽ വോട്ട് രേഖപ്പെടുത്തിയത് അമ്പത് ശതമാനം പേർ മാത്രമാണെന്നത് രാജ്യത്തെ രാഷ്ട്രീയപാർട്ടികളെയെല്ലാം ഇരുത്തിചിന്തിപ്പിക്കേണ്ട വിഷയമാണ്.

ഗ്രാമീണ മേഖലകളിൽ 68 ശതമാനംപേർ വോട്ട് ചെയ്തപ്പോൾ, വിദ്യാസമ്പന്നരും ടെക്കികളും ഏറെയുള്ള നഗരം വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിക്കാതെ ജനാധിപത്യവ്യവസ്ഥയോട് മുഖംതിരിഞ്ഞ് നിൽക്കാൻ കാരണമെന്തായിരിക്കും?. ബംഗളൂരു സെൻട്രലിൽ 45.34 ഉം, നോർത്തിൽ 48.19 ഉം, സൗത്തിൽ 49.36 ഉം ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.സൗത്ത് ബംഗളൂരിൽ പാവങ്ങൾ താമസിക്കുന്ന ഗാവിപ്പുര കോളനിയിലാകട്ടെ 20 കുടുംബങ്ങൾ വോട്ടിംഗ് മെഷീൻ വീട്ടിൽ കൊണ്ടുവരുമെന്ന കപടവാഗ്ദാനത്തിൽ വിശ്വസിച്ചതിനാൽ പോളിംഗ് ബൂത്തിൽപ്പോയില്ല.അവരുടെയെല്ലാം വോട്ട് പാഴാവുകയായിരുന്നു.വീട്ടുവേലയ്ക്കും മറ്റും പോകുന്ന തൊഴിലാളികൾ പാർക്കുന്ന ഈ മേഖലയിൽ പ്രചാരണത്തിനുവന്ന പ്രാദേശിക നേതാക്കൾ വോട്ടിംഗ് മെഷീൻ വീട്ടിലെത്തിക്കുമെന്നും ഓരോ വോട്ടിനും ആയിരം രൂപാവീതം നൽകുമെന്നും പറഞ്ഞിരുന്നു.രാത്രി ഏഴുമണിവരെ കാത്തിരുന്ന പാവങ്ങൾ തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് അറിയാൻ വൈകി.സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ച ഈ കാലഘട്ടത്തിൽ ജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് താത്ക്കാലിക നേട്ടങ്ങൾക്ക് ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരും കുറവല്ലെന്നാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്.‌

എന്തിന് വോട്ട് ചെയ്യണം?ആർക്ക് വോട്ട് ചെയ്താലെന്ത്? തുടങ്ങിയ അരാഷ്ട്രീയ വാദങ്ങൾ തിരഞ്ഞെടുപ്പ് കാലയളവിൽ കേൾക്കാറുണ്ട്.ഇതിന്റെ കാരണം ചികയുമ്പോൾ ഇത്തരമൊരു നിസംഗതയിലേക്ക് കുറേയെങ്കിലും ജനങ്ങളെ മാറ്റിയതിൽ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾക്ക് വലിയൊരു പങ്കുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല.വിവിധ ഭാഷകൾ സംസാരിക്കുന്ന,വിവിധ മതങ്ങളിലും ആചാരങ്ങളിലും വിശ്വസിക്കുന്ന ബഹുസ്വരരാഷ്ട്രമായ ഇന്ത്യയിൽ ജനങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയെ ഉത്സവംപോലെയാണ് കൊണ്ടാടിയിരുന്നത്.ജനങ്ങൾ കുടുംബത്തോടെ ആവേശപൂർവ്വം വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്ന ആ കാലഘട്ടത്തിൽ ഇന്നത്തെപ്പോലെ പണക്കൊഴുപ്പിലും ധാരാളിത്തത്തിലും മുങ്ങിയ പ്രചാരണ കോലാഹലങ്ങളുമുണ്ടായിരുന്നില്ല.കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലാണ് വോട്ടർമാരുടെ ചിന്തയിൽ ഈ രീതിയിലൊരു ദിശാമാറ്റം സംഭവിച്ചത്.ഓരോ തിരഞ്ഞെടുപ്പിലും വാഗ്ദാനങ്ങൾ വാരിക്കോരി നൽകുകയും, അവയിലൊന്നുപോലും നടപ്പിൽവരുത്താതെ ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നതിൽ പാർട്ടികൾ പരസ്പരം മത്സരിച്ചപ്പോൾ ,ആ കാപട്യം തിരിച്ചറിഞ്ഞവർക്ക് രാഷ്ട്രീയത്തോടുതന്നെ മടുപ്പ് തോന്നിയത് സ്വാഭാവികം. പരിപാവനമായ നമ്മുടെ ജനാധിപത്യത്തെ പണാധിപത്യവും അതിലൂടെ അഴിമതിയും വിഴുങ്ങാൻ തുടങ്ങിയപ്പോഴാണ് വോട്ട് കച്ചവടം വ്യാപകമായി തുടങ്ങിയത്.ഗാവിപ്പുരയിൽ വോട്ട് ചെയ്യിക്കാതിരുന്നതും ഈ കച്ചവടതന്ത്രത്തിന്റെ ഭാഗംതന്നെയാണ്.

തമിഴ്നാട്ടിൽ തൂത്തുക്കുടി ജില്ലയിലെ സാത്താൻകുളത്ത് 2003 ലെ ഉപതിരഞ്ഞെടുപ്പ് വിജയിക്കാൻ ഗ്രാമീണമേഖലയിൽ വോട്ടർമാർക്ക് പണവും ഗൃഹോപകരണങ്ങളും സാരിയും നൽകി എ.ഐ.എ.ഡി.എം.കെയാണ് വോട്ട് വിലയ്ക്ക് വാങ്ങി ജയിച്ചുകാണിച്ചതെങ്കിൽ ,കുപ്രസിദ്ധമായ തിരുമംഗലം ഫോർമുല പ്രാവർത്തികമാക്കിയത് ഡി.എം.കെയായിരുന്നു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുമംഗലം നിയോജക മണ്ഡലത്തിൽ ഡി.എം.കെ. സ്ഥാനാർത്ഥിയായ അഴഗിരി വോട്ടർമാർക്ക് പണം നൽകാൻ സ്വീകരിച്ച ഉപായം അന്നുവരെ ആരും പരീക്ഷിക്കാത്തതായിരുന്നു.രാവിലെ ദിനപത്രത്തിനുള്ളിൽ പണവും വോട്ടിംഗ് സ്ളിപ്പും, ഒപ്പം ആർക്ക് വോട്ട് ചെയ്യണമെന്ന അഭ്യർത്ഥനയും വച്ചാണ് വിതരണം ചെയ്തത്.തിരഞ്ഞെടുപ്പിൽ വിജയിച്ച അഴഗിരി കേന്ദ്ര കാബിനറ്റ് മന്ത്രിയാവുകയും ചെയ്തു.വീക്കിലിക്സ് രേഖകളിൽപ്പോലും ഈ സംഭവം തിരുമംഗലം ഫോർമുലയെന്ന പേരിൽ രേഖപ്പെടുത്തുകയുണ്ടായി.

ആശയപരമായ പോരാട്ടങ്ങളിലൊതുങ്ങി നിൽക്കുകയും,പരസ്പരം വ്യക്തിഹത്യയ്ക്കു മുതിരാതെ ബഹുമാനത്തോടെ എതിർ സ്ഥാനാർത്ഥികളെ നേരിടുകയും ചെയ്തിരുന്ന സംശുദ്ധമായ രാഷ്ട്രീയത്തിന്റെ കാലം ഏറെക്കുറെ അവസാനിച്ചുവെന്നുതന്നെ പറയാം.ഒരു പരിധിവരെ ,അധികാരത്തിന്റേയും പണത്തിന്റെയും കായികശക്തിയുടേയും പിൻബലമുള്ളവർക്ക് വഴങ്ങുന്നതായി രാഷ്ട്രീയം വ്യതിചലിച്ചു.വ്യക്ത്യാധിഷ്ഠിതമായ ഗ്രൂപ്പുകളും അവയെ നിയന്ത്രിക്കുന്ന കോർപ്പറേറ്റ് ശക്തികളും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിർണായകസ്വാധീനം ചെലുത്തുകകൂടി ചെയ്തപ്പോൾ ഒറ്റപ്പെട്ടുപോയത് അന്നന്നുള്ള അന്നത്തിനു വേണ്ടി പോരാടുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ വോട്ടർമാരാണ്.പാർട്ടിയുടെ പ്രത്യയശാസ്ത്രമോ ,കൊടിയുടെ നിറമോ നോക്കാതെ രായ്ക്കുരാമാനം കൂറുമാറുന്ന നേതാക്കൻമാർക്ക് ആരോടാണ് ഉത്തരവാദിത്ത്വം എന്ന് അവർ സ്വാഭാവികമായും സംശയിച്ചുപോകുന്നു.രാഷ്ട്രീയത്തിൽ സംഭവിച്ച ഈ മൂല്യച്യുതി യുവതലമുറയിൽ നല്ലൊരു പങ്കിനെ രാഷ്ട്രീയത്തിൽ നിന്ന് അകലാനും പ്രേരിപ്പിച്ചു .സ്വാതന്ത്ര്യാനന്തരമുള്ള ഏത് പ്രകടനപത്രികകൾ പരിശോധിച്ചാലും ജനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അത് സംബന്ധിച്ച പൊള്ളയായ വാഗ്ദാനങ്ങൾ തുടരുകയാണെന്നും വ്യക്തമാകും.വോട്ടിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്കപ്പെടുന്നവർ ഇതേക്കുറിച്ചൊക്കെ പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു.എങ്ങനേയും തിരഞ്ഞെടുപ്പ് ജയിക്കാനിറങ്ങിത്തിരിച്ചവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം.

ഇതൊക്കെയാണെങ്കിലും നമ്മളും ഈ ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാകുന്നത് മഹത്തായ ആ പ്രക്രിയയുടെ സൂചകമായി കരുതാവുന്ന സമ്മതിദാനാവകാശം നിർവഹിക്കുമ്പോഴാണ് .അതുകൊണ്ട് സമ്മതിദാനാവകാശത്തെ ഒരു കടമയായിക്കണ്ട് വോട്ടെടുപ്പിൽ തങ്ങളുടേതായ കർത്തവ്യം നിർവഹിക്കാൻ ജനാധിപത്യ വിശ്വാസികളായ സർവ്വരും മുന്നോട്ടു വരണം. ലോകത്തിന് തന്നെ മാതൃകയായ നമ്മുടെ ജനാധിപത്യ മൂല്യങ്ങൾ വീണ്ടെടുക്കുന്നതിൽ ഓരോ പൗരനും ഉത്തരവാദിത്ത്വമുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY