SignIn
Kerala Kaumudi Online
Thursday, 28 March 2024 11.47 PM IST

ചെമ്പകം പൂക്കുന്ന കാലം

sreedharan

കടന്നുപോകുന്ന വർഷം നമുക്കെന്താണ് തന്നത്?​ കൊവിഡും പ്രളയമഴയും മലയിടിച്ചിലുമൊക്കെയാണ് മനസിൽ. ജീവിതത്തെ ദുരിതപൂർണമാക്കിയ അനുഭവങ്ങളുടെ ഭാരവും വ്യസനവും ഹൃദയത്തിലുണ്ട്. കൊവിഡ് എത്രയോ ജീവിതങ്ങളെ മരണത്തിലേക്ക് കൊണ്ടുപോയി. പ്രിയപ്പെട്ടവരുടെ മരണം വെറുമൊരു മരണമല്ല, നമ്മുടെ ജീവിതത്തിൽ നിന്ന് സ്നേഹത്തിന്റെ ഒരു വൻകര നഷ്ടപ്പെടുകയാണ്.

പി.ടി തോമസിന്റെ മരണം അങ്ങനെയൊരു വിങ്ങലാണ് എനിക്കുണ്ടാക്കിയത്. നിലപാടുകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതിരുന്ന ജീവിതം നീളെ കലാപകാരിയായി നിന്ന പി.ടിയുടെ വിയോഗം ദുസ്സഹമായ ഒരു നഷ്ടമായിരുന്നു. പുരോഗമനപരമായ ആശയങ്ങൾകൊണ്ട് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കടുംപിടിത്തങ്ങളെ പി.ടി തോമസ് ധൈര്യപൂർവം നേരിട്ടു. പാവപ്പെട്ട കർഷകരുടെ പക്ഷം ചേർന്നതിന് ജന്മിമാരുടെ എതിർപ്പ് പി.ടിയെ നാടുകടത്തിക്കളയുമെന്ന മട്ടിലായിരുന്നു.

ജനിച്ചുവളർന്ന മതത്തിന്റെ വിശ്വാസങ്ങൾ ഉപേക്ഷിച്ച് ഒരു ബ്രാഹ്മണസ്ത്രീയെ സ്നേഹിച്ചു വിവാഹം കഴിച്ചതിന് ഇടവകക്കാർ പി.ടിയുടെ ശവമടക്കു നടത്തി രോഷം തീർത്തു. രാഷ്ട്രീയത്തിന്റെ ലാഭക്കച്ചവടങ്ങളിൽ ഏർപ്പെടാതെ ആദർശശുദ്ധിയോടെ അദ്ദേഹം മരണംവരെ നിലകൊണ്ടു. ആദർശത്തിന്റെ ആൾരൂപമെന്നു വിളിക്കാൻ പി.ടി. തോമസിനെപ്പോലൊരാൾ വേറെയില്ലല്ലോ.

ആത്മാവിന്റെ വിശുദ്ധി കാത്തുകൊണ്ട് മലയാളസിനിമയിൽ നിലനിന്നിരുന്ന ഡയറക്ടർ കെ.എസ്. സേതുമാധവന്റെ വേർപാട് മലയാളത്തിനുണ്ടാക്കിയ നഷ്ടം പെട്ടെന്ന് നികത്തിയെടുക്കാവുന്നതല്ല. വഴിമാറി സഞ്ചരിച്ചിരുന്നെങ്കിൽ ഒരു യോഗിയായിത്തീരേണ്ട ആളായിരുന്നു അദ്ദേഹമെന്ന് നമുക്കൊക്കെ തോന്നിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് കുലീനമായൊരു പാരമ്പര്യം സൃഷ്ടിച്ച കലാകാരനായിരുന്നു അദ്ദേഹം. കച്ചവടസിനിമകളുടെ ഒഴുക്കിന് അദ്ദേഹം തടയിട്ടു.

ഏകാകിത കൊണ്ട് നിറച്ചുവച്ച എന്റെ ജീവിതത്തിൽ കഴിഞ്ഞവർഷം എന്താണ് ഓർക്കാനുള്ളത്? കുറേനാൾ മുമ്പ് എഴുതിവച്ചിരുന്ന 'അവനിവാഴ്‌വ് കിനാവ്' മിനുക്കിയെഴുതി. പോരെന്നു തോന്നി കുറെനാൾ അതിൽ നിന്നകന്നു നിന്നിട്ട് വീണ്ടും എഴുതാൻ തുടങ്ങുമ്പോൾ ആഴങ്ങളിലേക്കുള്ള പുതിയ വഴികൾ കണ്ടെത്തുന്നു. നിഗൂഢമായ ഒരാനന്ദം കൊണ്ട് ഞാൻ തുളുമ്പിപ്പോകുന്നു.

എന്റെ ഗ്രാമത്തിൽ, വീടിനുതാഴെയുണ്ടായിരുന്ന ഒരു ചെമ്പകം ഓർമ്മയിൽ വരുന്നു. അനേകം ചില്ലകൾ കൊമ്പുകളായി വളർന്നു പന്തലിച്ചുനിൽക്കുന്ന ചെമ്പകം ഒരു നല്ല കാഴ്ചയായിരുന്നു. കൊടിയ വേനലിൽ ഇലകളും പൂക്കളും കൊഴിഞ്ഞ് ചെമ്പകം അതിന്റെ നഗ്നമായ കൊമ്പുകൾ ആകാശത്തിനു നേർക്ക് ഉയർത്തി നിൽക്കും. ഒരിലപോലുമില്ലാത്ത ചെമ്പകം കണ്ടാൽ തോന്നും,​ അത് ഉണങ്ങിപ്പോയെന്ന്. കുറേനാൾ കഴിഞ്ഞുനോക്കുമ്പോൾ ചെമ്പകം അതാ തളിർത്തും പൂത്തും നിൽക്കുന്നു. ചെമ്പകപ്പൂക്കളുടെ സുഗന്ധം കൊണ്ട് ഗ്രാമം മുഴുവൻ നിറഞ്ഞിരിക്കുന്നു. ഇറുങ്ങെ പൂത്തുനിൽക്കുന്ന ചെമ്പകം ഒരു നല്ല കാഴ്ചയാണ്.

പണ്ടൊക്കെയാണെങ്കിൽ വേലിപ്പടർപ്പുകളിന്മേൽ കാട്ടുവള്ളികൾ പൂത്തു പടർന്നുകിടക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു. പറമ്പുകൾ നീളെ മുക്കുറ്റി, തിരുതാളി, തുമ്പ, പടയിഞ്ച തുടങ്ങിയ പൂക്കൾ. ആധുനിക കൃഷി സമ്പ്രദായങ്ങളും കൃത്രിമവളങ്ങളും ചേർന്ന് ഭൂമിയിൽ ആ ചെടികളെയും പൂക്കളെയും ഇല്ലാതെയാക്കി. പറമ്പിലിപ്പോൾ കുറുന്തോട്ടി പോലും കാണാനില്ല. എവിടെപ്പോയി നമ്മുടെ കീഴാർനെല്ലി?

കൈയിലിരിക്കുമ്പോൾ ആ വസ്തുവിന്റെ വിലയെക്കുറിച്ച് ബോദ്ധ്യമുണ്ടാവില്ല. നഷ്ടപ്പെട്ടുകഴിയുമ്പോൾ നാമതിന്റെ വില അറിയുന്നു. കഴിഞ്ഞുപോയ കാലത്തിലേക്ക് തിരികെച്ചെല്ലാനൊക്കുകയില്ല. ആ കാലത്തിന്റെ ഓർമ്മകൾ മനസിൽ സൂക്ഷിച്ചുകൊണ്ട് ഭാവിയിലേക്കു നടക്കുക. ഏതു ജനതയും ജീവിക്കുന്നത് അങ്ങനെയാണ്. കഴിഞ്ഞകാലം ബാക്കിവച്ചുപോയ നന്മകളെക്കുറിച്ചുള്ള ഓർമ്മകൾ വരുംകാലം കാത്തുസൂക്ഷിക്കും. അങ്ങനെയല്ലേ ഒരു നാടിന്റെ സംസ്കാരം നിലനില്ക്കുന്നത്?​

വ്യക്തികൾക്ക് വീണ്ടുവിചാരമുണ്ടാവും. അപ്പോഴായിരിക്കും പറ്റിപ്പോയ തെറ്റുകളെക്കുറിച്ചോർക്കുന്നത്. സ്വയം തിരുത്താനുള്ള പ്രേരണയുണ്ടാകുന്നത് അത്തരം സന്ദർഭങ്ങളിലാണ്. വ്യക്തികൾക്ക് അതിനു കഴിയും. പക്ഷേ, പ്രസ്ഥാനങ്ങൾക്ക് അത്രയെളുപ്പം അത്തരം വീണ്ടെടുപ്പ് സാദ്ധ്യമാണോ? ഇത് പണ്ടത്തെ കാലമാണോ, എല്ലാം കീഴ്മേൽ മറിഞ്ഞുപോയില്ലേ എന്ന് വ്യാകുലപ്പെടുന്നവരെ ഇടയ്ക്കു നാം കണ്ടുമുട്ടുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് വരിഞ്ഞുകെട്ടിയ പഴയ കാലത്തെക്കുറിച്ച് വലിയ നഷ്ടബോധത്തോടെ ഓർക്കുന്നവരെ ചിലപ്പോൾ കണ്ടുമുട്ടുന്നു.

മാറ്റങ്ങൾക്ക് വിധേയരാവാൻ കൂട്ടാക്കാത്ത അത്തരക്കാർക്ക് സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മാത്രമാണ് പ്രമാണം. ചെറിയ വരമ്പിലൂടെ,​ തന്റെ നേർക്ക് നടന്നുവന്ന അധഃകൃതനെ ഒറ്റത്തൊഴിക്കു കൊന്ന അപ്പൂപ്പനെക്കുറിച്ച് അഭിമാനത്തോടെ പറയുന്നൊരാളെ ഞാൻ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിച്ചിരുന്ന ആ കാലം. കൂടുതൽ ശുദ്ധീകരിക്കപ്പെട്ട ഒരു കാലം തൊട്ടപ്പുറത്തുണ്ട്. ആ വിശ്വാസത്തോടുകൂടി കാത്തിരിക്കുകയാണ് മനുഷ്യന്റെ വിധി. കാലപ്പകർച്ചകൾ ലോകത്തെ നവീകരിച്ചുകൊണ്ടിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PERUMBADAVAM SREEDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.