ആലപ്പുഴ: ബി ജെ പി നേതാവ് രൺജീത് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാളെ കൂടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. വെള്ളക്കിണർ സ്വദേശിയും എസ് ഡി പി ഐയുടെ ആലപ്പുഴ ഏരിയ സെക്രട്ടറിയുമായ സിനുവിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിക്ക് ഗൂഢാലോചനയിൽ പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം രൺജിത്ത് വധക്കേസിൽ എഡിജിപിയുടെ വാക്കുകൾ പൊലീസിന്റെ കുറ്റസമ്മതമാണെന്നും പൊലീസിന്റെ നിസഹായത എഡിജിപി തന്നെ തുറന്നു പറഞ്ഞുവെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അന്വേഷണം എൻഐഎയ്ക്ക് വിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കൊലയാളികളെ അറസ്റ്റ് ചെയ്യാനോ വെളിച്ചത്തു കൊണ്ടുവരാനോ കേസിലെ ഭീകരവാദം തെളിയിക്കാനോ കേരള പൊലീസിന് കഴിയില്ലെന്നുള്ള കുറ്റസമ്മതമായിട്ടേ എ ഡി ജി പിയുടെ വാക്കുകളെ കാണാൻ കഴിയൂ. ഇത് പൊലീസിന്റെ നിസാഹായവസ്ഥ പരസ്യമായി സമ്മതിക്കലാണെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.